അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങൾ


ആത്മാവും ശരീരവും ചേർന്നതാണ് മനുഷ്യാസ്തിത്വമെന്ന മഹാവിസ്മയം. മനുഷ്യൻെറ മനസ്സും മനസ്സിൻെറ വ്യത്യസ്ത ഭാവങ്ങളുമാണ് അവൻെറ നന്മ തിന്മകൾ നിർണ്ണയിക്കുന്ന ഘടകം. ഓരോ മനുഷ്യനും ഉൾക്കൊള്ളുന്ന വിശ്വാസമാണ് അവനവൻെറ അസ്തിത്വത്തെ ദീപ്തമാക്കുന്നത്. വിശ്വാസ കാര്യങ്ങളിൽ പ്രഥമവും പ്രമുഖവുമായത്, തന്നെയും തനിക്ക് ചുറ്റുമുള്ള മുഴുവൻ പ്രപഞ്ചങ്ങളെയും സൃഷ്ടിച്ച അല്ലാഹുവിലുള്ള വിശ്വാസമാണ്. നാലു കാര്യങ്ങളിൽ വിശ്വസിക്കുമ്പോൾ മാത്രമേ അല്ലാഹുവിലുള്ള വിശ്വാസം രൂപപ്പെടുകയുള്ളു. (1) അല്ലാഹുവിൻെറ ആസ്തിക്യത്തിൽ വിശ്വസിക്കുക (2) അവൻെറ രക്ഷാകർത്തൃത്വത്തിലുള്ള ഏകത്വത്തിൽ വിശ്വസിക്കുക (3) അവൻെറ ആരാധ്യതയിലുള്ള ഏകത്വത്തിൽ വിശ്വസിക്കുക (4) അവൻെറ നാമ ഗുണവിശേഷങ്ങളിലുള്ള ഏകത്വത്തിലും അദ്വിതീയതയിലും വിശ്വസിക്കുക.

വിശ്വാസം രൂപപ്പെടണമെങ്കിൽ അല്ലാഹുവിനെ യഥാവിധം അറിയണം. അറിവാണ് വിശ്വാസമായി പരിണമിക്കുന്നത്. അല്ലാഹുവിനെ അറിയാനുള്ള മാർഗ്ഗം അവനെ കുറിച്ച് അവൻ തന്നെ നൽകിയ വിവരണങ്ങൾ മാത്രമാണ്. ആ വിവരണങ്ങൾ അവൻെറ നാമങ്ങളായും വിശേഷണങ്ങളായും ഖുർആനിലും സുന്നത്തിലുമുള്ള പരാമർശങ്ങളാണ്. അവയിലുള്ള വിശ്വാസമാണ് നാമ ഗുണവിശേഷങ്ങളിലുള്ള വിശ്വാസം (توحيد الأسماء والصفات) എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. തൗഹീദിൻെറ ഈ വശം വേണ്ടതുപോലെ അറിയാതെയും വിശ്വസിക്കാതെയും ഒരാൾക്കും അല്ലാഹുവിനെ യഥാവിധം ആരാധിക്കുവാനോ, അവനെ അറിഞ്ഞും സ്നേഹിച്ചും അടിമപ്പെടുവാനോ സാധ്യമല്ല. അല്ലാഹു പറയുന്നു:

﴿وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ﴾ (الأعراف: 180)

[അല്ലാഹുവിന് ഉൽകൃഷ്ടമായ നാമങ്ങളുണ്ട്. അവകൊണ്ട് നിങ്ങൾ അല്ലാഹുവിനെ ദുആ ചെയ്യുക.] (അഅ്റാഫ് 180)

ദുആ രണ്ടു വിധമുണ്ട്. (ഒന്ന്): അല്ലാഹുവിനോടുള്ള യാചന. അതിൻെറ രൂപം, അവനോട് എന്തു കാര്യമാണോ ചോദിക്കുന്നത് അതിന് അനുയോജ്യമായ അവൻെറ നാമം തെരഞ്ഞെടുത്ത് ആ പേര് ചൊല്ലി അവനെ വിളിച്ചുതേടുക എന്നതാണ്. ഉദാഹരണമായി, ഒരാൾ പാപമാചോനത്തിനു വേണ്ടിയണ് യാചിക്കുന്നതെങ്കിൽ يا غفور اغفر لي ഗഫൂറേ! (പാപങ്ങൾ ഏറെ പൊറുക്കുന്നവൻ) നീ എന്നോട് പൊറുക്കേണമേ, എന്നിങ്ങനെ ഗഫൂർ എന്ന പേര് വിളിച്ചുകൊണ്ട് യാചിക്കുക. കാരുണ്യമാണ് ചോദിക്കുന്നതെങ്കിൽ يا رحيم ارحمني റഹീമേ! (കാരുണ്യം ചൊരിയുന്നവൻ) എനിക്ക് നീ കരുണ ചെയ്യേണമേ, എന്നിങ്ങനെ റഹീം എന്ന പേരിൽ അല്ലാഹുവിനെ വിളിച്ച് യാചിക്കുക.

(രണ്ട്): അല്ലാഹുവിനുള്ള ഇബാദത്ത്. എല്ലാ ആരാധനകളും ദുആയാണ്. ദുആയാണ് ആരാധനയുടെ മജ്ജ. ഏതൊരു ആരാധനാ കർമ്മം നാം വിശകലനം ചെയ്താലും അതിനെ ഇബാദത്താക്കിയത് അതിൽ ഉൾച്ചേർന്നിരിക്കുന്ന ദുആയാണെന്നു കാണാം. ഉദാഹരണമായി തൻെറ വരുമാനത്തിൻെറ നിശ്ചിത വിഹിതം സകാത്ത് കൊടുക്കുന്ന ഒരു വിശ്വാസി സകാത്ത് നൽകുമ്പോൾ ആ കർമ്മം സ്വീകരിക്കണമെന്നും അർഹമായ പ്രതിഫലം നൽകണമെന്നും അല്ലാഹുവിനോട് യാചിക്കുന്നു. അതിനാൽ അത് സകാത്തും ഇബാദത്തുമായിത്തീരുന്നു. ഇതേ പ്രവർത്തി മറ്റൊരാൾ ചെയ്യുന്നു. പക്ഷെ, അല്ലാഹുവിനോടുള്ള തേട്ടം മാത്രം അതിൽനിന്ന് ചോർന്നു പോയിരിക്കുന്നു. ആയതിനാൽ അത് ഇബാദത്താകുന്നില്ല. വെറുമൊരു ജീവകാരുണ്യ പ്രവർത്തനമായി ചുരുങ്ങുന്നു. അതിനാൽ ഒരാൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നത് അവൻെറ നാമങ്ങളുടെ വിധിയും താൽപര്യവുമനുസരിച്ചായിരിക്കണം. ഉദാഹരണായി. അല്ലാഹു تواب (പശ്ചാത്താപം സ്വീകരിക്കുന്നവൻ) ആണ്. അതിനാൽ ഒരു വിശ്വാസി അവൻെറ തെറ്റുകളിൽനിന്ന് അല്ലോഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങണം. അല്ലാഹു سميع (എല്ലാം കേൾക്കുന്നവൻ) ആണ്. അതിനാൽ ഒരു വിശ്വാസി നാവു കൊണ്ട് അവനെ സദാ സ്മരിക്കണം. അല്ലാഹു بصير (എല്ലാം കാണുന്നവൻ) ആണ്. അതിനാൽ ഒരു വിശ്വാസി ശരീരാവയവങ്ങൾ കൊണ്ട് ഇബാദത്തുകൾ അനുഷ്ഠിക്കണം. അല്ലാഹു لطيف خبير (സൂക്ഷ്മജ്ഞാനിയും അഭിജ്ഞനും) ആണ്. അതിനാൽ ഒരു വിശ്വാസി രഹസ്യമായി തൻെറ സ്വകാര്യതകളിലെല്ലാം അല്ലാഹുവിനെ സൂക്ഷിക്കണം. ഇപ്രകാരം അല്ലാഹുവിൻെറ ഉൽകൃഷ്ടമായ നാമങ്ങളുടെ വിധിയും താൽപര്യവുമനുസരിച്ച് നാം അവനു ഇബാദത്ത് ചെയ്യണം.

അല്ലാഹു ഖുർആനിൽ പറഞ്ഞിരിക്കുന്ന നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കൽ അല്ലാഹുവിലുള്ള വിശ്വാസത്തിൻെറ അവിഭാജ്യഘടകമാണ്. നബി ﷺ തൻെറ സുന്നത്തിൽ അല്ലാഹുവിനെ കുറിച്ച് പറഞ്ഞു തന്നിട്ടുള്ള നാമങ്ങളിലും ഗുണ വിശേഷങ്ങളിലും വിശ്വസിക്കലും അതേപോലെ തന്നെ അല്ലാഹുവിലുള്ള വിശ്വാസത്തിൻെറ അവിഭാജ്യഘടകമാണ്. ഖുർആനിലും സുന്നത്തിലും അല്ലാഹുവിനെ കുറിച്ച് നൽകപ്പെട്ടിരിക്കുന്ന വിവരണങ്ങളിലും പരാമർശങ്ങളിലും അല്ലാഹുവിൻെറ ഉൽകൃഷ്ടമായ നാമങ്ങളും ഉന്നതമായ വിശേഷണങ്ങളുമുണ്ട്. അവൻെറ നാമങ്ങൾ അത്യുൽകൃഷ്ടങ്ങളാണ്. അവ അദ്വിതീയവും അതുല്യവുമാണ്. ആ നാമങ്ങളും അവ ഉൾക്കൊള്ളുന്ന പൊരുളുകളും ഒരു സൃഷ്ടിക്കും നൽകാവതല്ല. അവ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടവയാണ്. ചില വാക്കുകൾ ആ പൊരുളിലല്ലാതെ മറ്റുള്ളവരെ കുറിച്ച് പറയാൻ ഉപയോഗിക്കാറുണ്ടെങ്കിലും. ചുരുക്കത്തിൽ അല്ലാഹുവിൻെറ നാമങ്ങൾ പരിപൂർണ്ണവും അത്യുൽകൃഷ്ടവും അതിമനോഹരവുമാണ്. ആ നാമങ്ങൾ കൊണ്ട് അവയുടെ യഥാർത്ഥ പൊരുളോടുകൂടി അല്ലാഹുവിനെ മാത്രമേ വിളിക്കാൻ പാടുള്ളു. സൃഷ്ടികളെ വിളിക്കാൻ പാടില്ല. സൃഷ്ടികളുടെ നാമങ്ങൾ അല്ലാഹുവിന് ചേരുകയില്ല. അവ ഉപയോഗിച്ച് അല്ലാഹുവിനെ വിളിക്കാനും പാടില്ല.

അല്ലാഹുവിൻെറ നാമങ്ങൾ കേവല സംജ്ഞാനാമങ്ങളല്ല. മറിച്ച്,അവയിൽ അവൻെറ സത്തയെ കുറിക്കുന്ന ആശയങ്ങളും വിശേഷണങ്ങളുമടങ്ങിയിരിക്കുന്നു. അവ അവനെ വിളിക്കാനുള്ള നാമങ്ങളായിരിക്കെ തന്നെഅവനെ കുറിച്ച് വർണ്ണിക്കുന്ന വിശേഷണങ്ങൾ കൂടിയാണ്. ഉദാഹരണമായി റഹ്‌മാൻ എന്നുള്ളത് അല്ലാഹുവിൻെറ സത്തയെ കുറിക്കുന്ന സംജ്ഞാനാമമാണ്. അതേ സമയം ആ നാമത്തിൽ അല്ലാഹുവിൻെറ വിശാലവും സമൃദ്ധവുമായ കാരുണ്യം എന്ന വിശേഷണം കൂടി ഉൾക്കൊള്ളുന്നു. മുഴുവൻ കാരുണ്യങ്ങളുടെയും ഉടമ അവനാണ്. കാരുണ്യങ്ങളെല്ലാം അവനിൽനിന്നുള്ളതാണ്. അവൻെറ കാരുണ്യം സമൃദ്ധവും നിരുപമവുമാണ്. ഇത്തരം ഉന്നതമായ ഗുണവിശേഷങ്ങൾ കൂടി ആ നാമത്തിൽ ഉൾക്കൊണ്ടിരിക്കുന്നു എന്ന് സാരം.

അല്ലാഹുവിൻെറ നാമങ്ങളും ഗുണവിശേഷങ്ങളും തൗഖീഫിയ്യത്താണ്, അഥവാ വഹ്‌യിലൂടെ മാത്രം ലഭിച്ചവയാണ്. അവ അതേപടി സ്വീകരിക്കൽ നിർബന്ധവുമാണ്. അതിൽ യാതൊന്നും കൂട്ടുവാനോ കുറക്കുവാനോ പാടില്ല. ഏതെങ്കിലും തരത്തിൽ ഭേദഗതികൾ വരുത്താവതുമല്ല. ഇവ്വിഷയകമായി അല്ലാഹുവോ അവൻെറ റസൂലോ അറിയിച്ചു തന്നവതല്ലാതെ മറ്റൊന്നും സ്വീകരിക്കാൻ നിർവ്വാഹമില്ല. ബുദ്ധിയും യുക്തിയും ഉപയോഗിച്ച് പുതിയ നാമങ്ങളോ ഗുണവിശേഷങ്ങളോ കണ്ടെത്താനോ അവ ആരാധനയിലോ അല്ലാത്തതിലോ ഉപയോഗിക്കാനോ പാടില്ലാത്തതാണ്. ഓരോ ദേശക്കാരും ഭാഷക്കാരും അവർക്ക് ഇഷ്ടമുള്ള പേരുകൾ അല്ലാഹുവിന്ന് ചാർത്തുന്നത് പരിഭാഷയുടെ പേരിലാകട്ടെ അല്ലാതിരിക്കട്ടെ, ഗുരുതരമായ കുറ്റമാണ്. ഓരോരോ സ്ഥലത്തും കാലത്തുമുള്ള വ്യക്തികളും സമൂഹങ്ങളുമല്ല അല്ലാഹുവിൻെറ പേരുകളും ഗുണങ്ങളും നിശ്ചയിക്കുന്നത്. നാമങ്ങളിലും വിശേഷണങ്ങളിലും ഇങ്ങനെയുള്ള നീക്കുപോക്കുകളാവാം എന്നു തെളിയിക്കുന്ന ഒരു രേഖയും ഇസ്‌ലാമിക പ്രമാണങ്ങളിൽ ലഭ്യമല്ലതാനും.

അല്ലാഹുവിന് എത്ര പേരുകളുണ്ട്?
മുഴുൻ ചരാചരങ്ങളുടെയും സ്രഷ്ടാവും നിയന്താവും ഉടമസ്ഥനുമായ അവൻെറ ഉന്നതമായ സത്തയെ കുറിക്കാനുള്ള അടിസ്ഥാന സംജ്ഞാ നാമമാണ് അല്ലാഹ്. അവൻെറ ഈ മഹദ് നാമം أله എന്ന ധാതുവിൽനിന്നുള്ള വ്യുത്പന്ന ശബ്ദമാണ്. അതിൻെറ അർത്ഥം അന്ധാളിച്ചു നിൽക്കുക, അഭയത്തിനായി ഓടിച്ചെല്ലുക എന്നൊക്കെയാണ്. യാതൊരുവൻെറ മഹത്വവും പൂർണ്ണതയും മനോഹരിതയും മൂലം മനുഷ്യൻ പരിഭ്രമിച്ചുപോകുന്നുവോ അവനു ഭാഷയിൽ ഇലാഹ് എന്ന് പറയാം. അല്ലെങ്കിൽ ഭയപ്പാടുകളിൽ അഭയം തേടി ഓടിച്ചെല്ലാനുള്ളവനും ഇലാഹ് എന്നു പറയാം. ഇലാഹ് എന്നതിലേക്ക് വിവേചനഭേദകമായ ال എന്ന അവ്യയം ചേർത്തപ്പോൾ الإله ആയിത്തീർന്നു. പിന്നീട് അതിനെ ഉപയോഗ സൗകര്യത്തിനായി الله എന്നാക്കി മാറ്റി. ഇങ്ങനെയാണ് الله എന്ന പദം രൂപപ്പെട്ടതെന്ന് വ്യാകരണ പടുക്കൾ അഭിപ്രായപ്പെടുന്നു. ഈ മഹദ്നാമത്തിൻെറ അർത്ഥം ഇബ്നു അബ്ബാസ് വിവരിച്ചത് ഇപ്രകാരമാണ്:

عن عبدالله بن عباس رضي الله عنه قال: “الله” ذوالألوهية والمَعْبودية على خلقه أجمعين [الطبري في تفسيره]

അല്ലാഹു എന്ന് പറഞ്ഞാൽ മുഴു സൃഷ്ടികളുടെയും ആരാധ്യതയും ഉബൂദിയ്യത്തും അവകാശപ്പെട്ടവൻ എന്നാണ്. (ത്വബ്‌രി തഫ്‌സീറിൽ ഉദ്ധരിച്ചത്)

അല്ലാഹുവിൻെറ അതിബൃഹദ് നാമം (اسم الله الأعظم)
അല്ലാഹുവിന് ഏറ്റവും ബൃഹത്തായ ഒരു നാമമുണ്ട്. ആ പേര് ചൊല്ലി അവനോട് ഒരാൾ ദുആ ചെയ്താൽ അല്ലാഹു അവന് ഉത്തരം നൽകുക തന്നെ ചെയ്യും. ഈ നാമം ഏതാണ് എന്ന കാര്യത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ട്. അവയിൽ ഏറ്റവും പ്രബലവും സ്വീകാര്യ യോഗ്യവുമായിട്ടുള്ളത് الحي القيوم എന്നുള്ളതാണ്. ഈ നാമം ഖുർആനിൽ മൂന്നിടങ്ങളിൽ ആവർത്തിച്ചരിക്കുന്നു. അൽ ബഖറ 255. ആലു ഇംറാൻ 2, ത്വാഹാ 111 എന്നീ വചനങ്ങളിലാണ് ഈ ബൃഹദ് നാമം ആവർത്തിച്ചിരിക്കുന്നത്. ഇത് രണ്ടു നാമങ്ങളുടെ യൗഗികമാണ്. അവയിൽ ഒന്ന് الحي എന്നതാണ്. ജീവനുള്ളവൻ, അമരനായവൻ എന്നൊക്കെയാണ് അതിൻെറ സാരം. അല്ലാഹുവിൻെറ ജീവൻ സൃഷ്ടികളുടേതു പോലെയല്ല. ഇല്ലാതിരുന്ന ഒരു അവസ്ഥയിൽനിന്ന് പീന്നീട് ഉണ്ടായിത്തീർന്നതുമല്ല. അവൻ ആദിയിലേ ഉള്ളവനാണ്, ഉണ്ടായവനല്ല. അവൻെറ ജീവൻ സൃഷ്ടികളുടേതു പോലെ മറ്റൊന്നിനെ ആശ്രയിക്കുന്നതോ നശിക്കുന്നതോ അല്ല. അവൻ അമരനും അന്ത്യമില്ലാത്തവനുമാണ്. അവൻെറ ജീവനു പരിമിതികളില്ല. അപരിമേയവും നിരുപമവുമാണ്. അതിനാൽ ഏതെങ്കിലും ഒരു സൃഷ്ടിയെ കുറിച്ച് ഹയ്യ്് എന്നു വിശേഷിപ്പിച്ചാൽ അതു ഭാഷാപരം മാത്രമായിരിക്കും. പൊരുളിൽ രണ്ടും തമ്മിൽ യാതൊരു സാദൃശ്യവുമില്ല. അവ തമ്മിൽ താരതമ്യം പോലും സാധ്യവുമല്ല. ഈ വിശേഷണം അല്ലാഹുവിൻെറ സത്താപരമായ എല്ലാ ഗുണങ്ങളെയും ഉൾക്കൊള്ളുന്നതാണ്.

രണ്ടാമത്തേത് القيوم എന്നുള്ളതാണ്. അതിൻെറ അർത്ഥം മറ്റുള്ളവരെ നിലനിർത്തുന്നവൻ എന്നാണ്. അല്ലാഹുവണ് മുഴുവൻ ചരാചരങ്ങളെയും സൃഷ്ടിക്കുകയും നിലനിർത്തുകയും പരിപാലിക്കുകയും ചെയ്യുന്നവൻ. ഈ വിശേഷണം അല്ലാഹുവിൻെറ കർമ്മപരമായ മുഴുവൻ വിശേഷണങ്ങളെയും ഉൾക്കൊള്ളുന്നു. അവൻ സ്വയമേവ നിലക്കൊള്ളുകയും മറ്റുള്ളവയെ നിലനിർത്തുകയും ചെയ്യുന്നു. അവൻ ഒന്നിനെയും ആശ്രയിക്കുന്നില്ല. എല്ലാം അവനെ സദാ ആശ്രയിക്കുന്നു. ഈ രണ്ടു നാമങ്ങളും ഒരുമിച്ചു ചേർന്ന യൗഗികമാണ് الحي القيوم. ഇതിന് اسم الله الأعظم അല്ലാഹുവിൻെറ അതി ബൃഹദ് നാമമെന്ന് പറയുന്നു.

തൊണ്ണൂറ്റിയൊമ്പത് നാമങ്ങൾ
അടിസ്ഥാന നാമമായി അല്ലാഹു എന്ന മഹദ് നാമവും الحي القيوم എന്ന അതി ബൃഹദ്നാമവും ഉള്ളതിനു പുറമെ അവന് 99 നാമങ്ങളുള്ളതായി ഹദീസിൽ പരാമർശമുണ്ട്. അബൂ ഹുറെയ്റഃയിൽനിന്ന് ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ നബി ഇപ്രകാരം പറയുന്നു:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلَّا وَاحِدًا، مَنْ أَحْصَاهَا دَخَلَ الجَنَّةَ [البخاري في صحيحه]

നിശ്ചയമായും അല്ലാഹുവിന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങളുണ്ട്. നൂറിന് ഒന്ന് ഒഴികെ. ആരെങ്കിലും അത് ഇഹ്സ്വാഅ് ചെയ്താൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചതു തന്നെ. (ബുഖാരി 2736)
ഇഹ്സ്വാഅ് ചെയ്യുക എന്നാൽ ആ നാമങ്ങൾ കൃത്യമായി ഹൃദിസ്ഥമാക്കുകയും അവയിൽ ഉൾച്ചേർന്നിരിക്കുന്ന അർത്ഥങ്ങളും ആശയങ്ങളും സൂക്ഷ്മമായി ഗ്രഹിക്കുകയും അതിൻെറ വിധിയും താൽപര്യവുമനുസരിച്ച് അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുക എന്നുള്ളതാണ്.

عن أنس رضي الله عنه أنه كان مع رسول الله صلى الله عليه وسلم جالسا، ورجل يصلي، ثم دعا: اللهم إني أسألك بأن لك الحمد، لا إله إلا أنت، المنان، بديع السموات والأرض، يا ذا الجلال والإكرام، يا حي يا قيوم، فقال النبي صلى الله عليه وسلم: لقد دعا الله باسمه العظيم الذي إذا دعي به أجاب، وإذا سئل به أعطى. [الترمذي وأبو داود والنسائي وابن ماجة، وصححه الألباني]

അനസിൽനിന്ന് നിവേദനം. അദ്ദേഹം നബി യുടെ കൂടെയുള്ളപ്പോൾ മറ്റൊരാൾ നമസ്കരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അനന്തരം അദ്ദേഹം ദുആ ചെയ്തു: അല്ലാഹുവേ! ഞാൻ നിനനോട് യാചിക്കുന്നു, നിനക്കാണ് എല്ലാ സ്തോത്രവും. നീയല്ലാതെ ഒരു ആരാധ്നുമേയില്ല. മന്നാൻ! (അനുഗ്രഹ ദാതാവ്), ആകാശ ഭൂമികളെ ശുദ്ധ ശൂന്യതയിൽനിന്ന് സൃഷ്ടിച്ചവൻ! മഹത്വങ്ങളുടെയും ഒൗദാര്യങ്ങളുടെയും ഉടയവനേ…! ഹയ്യുൽ ഖയ്യൂം ആയവനേ…!!അപ്പോൾ നബി പറഞ്ഞു: നിശ്ചയമായും അദ്ദേഹം അല്ലാഹുവിൻെറ അതി ബൃഹത്തായ പേര് ചൊല്ലിക്കൊണ്ടാണ് അവനോട് ചോദിച്ചിരിക്കുന്നത്. ആ പേരു കൊണ്ട് അവനോട് ദുആ ചെയ്താൽ അവൻ ഉത്തരം ചെയ്യുകയും അതു കൊണ്ട് അവനോട് യാചിച്ചാൽ അവനത് നൽകുകയും ചെയ്യും. (തിർമുദി, അബുദാവൂദ്, നസാഈ, ഇബ്നു മാജഃ, അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തിയത്)

അല്ലാഹുവിൻെറ ഈ തൊണ്ണൂറ്റിയൊമ്പത് നാമങ്ങൾ ഖുർആനിൽ ഒരിടത്തായി ക്രമത്തിൽ എണ്ണിപ്പറഞ്ഞിട്ടില്ല. എന്നാൽ തിർമുദി ഉദ്ധരിച്ച ഒരു ഹദീസിൽ അപ്രകാരം പരാമർശിക്കപ്പെട്ടിട്ടുള്ളത് മുദ്റജ് (നിവേദക•ാരുടെ വാക്ക് ഹദീസിൻെറ വാക്കുകളിലേക്ക് കൂട്ടിച്ചേർത്തത്) ആണെന്ന് മുഹദ്ദിസുകൾ വിമർശിച്ചിട്ടുള്ളതുമാണ്.

അല്ലാഹുവിൻെറ പേരുകൾ തിട്ടപ്പെടുത്താനാവില്ല
അല്ലാഹുവിന് തൊണ്ണൂറ്റിയൊമ്പത് പേരുകളുണ്ട്. അവ ഇഹ്സ്വാഅ് ചെയ്താൽ സ്വർഗ്ഗത്തിൽ പ്രവേശിക്കാം എന്ന് പറയുമ്പോൾ അല്ലാഹുവിന് ആകെ തൊണ്ണൂറ്റിയൊമ്പത് പേരുകളേയുള്ളു എന്ന് അർത്ഥമില്ല. അവൻെറ നിരവധി പേരുകളിൽ 99 പേരുകൾക്ക് ഇങ്ങനെ ഒരു സവിശേഷതയുണ്ട് എന്നാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. അവന് അനവധി പേരുകളുണ്ടെന്നും അവ മുഴുവനും നമുക്ക് അറിയിച്ച് തന്നിട്ടില്ലെന്നും അതിനാൽ അവൻെറ പേരുകളെ നമുക്ക് തിട്ടപ്പെടുത്തുക സാധ്യമല്ലെന്നും താഴെ പറയുന്ന ഹദീസിൽനിന്ന് ഗ്രഹിക്കാം.

عن عبد الله بن مسعود رضي الله عنه عن النبي صلى الله عليه وسلم قال: ما أصاب عبدا هم ولا حزن فقال: اللهم إني عبدك وابن عبدك وابن أمتك ناصيتي بيدك ماض في حكمك عدل في قضاؤك أسألك بكل اسم هو لك سميت به نفسك أو أنزلته في كتابك أو علمته أحدا من خلقك أو استأثرت به في علم الغيب عندك أن تجعل القرآن ربيع قلبي ونور صدري وجلاء حزني وذهاب همي إلا أذهب الله همه وحزنه وأبدله مكانه فرجا [الألباني في صحيح كلم الطيب]

ഇബ്‌നു മസ്ഊദ്നി رضي الله عنه വേദനം. നബി ﷺ പറയുന്നു: വിഷമമോ ദുഃഖമോ ബാധിക്കുമ്പോൾ ഏതൊരു അടിമ ഇപ്രകാരം പറയുന്നു: അല്ലാഹുവേ! ഞാൻ നിൻെറ അടിയാനാണ്, നിൻെറ അടിയാൻെറ പുത്രനാണ്, നിൻെറ അടിയാത്തിയുടെ പുത്രനാണ്, എൻെറ മൂർദ്ദാവ് എൻെറ നിൻെറ കൈയിലാണ്. എന്നിൽ നടപ്പിലാകുന്നത് നിൻെറ തീർപ്പാണ്. എൻെറ കാര്യത്തിലുള്ള നിൻെറ വിധി നീതിപൂർവ്വകമാണ്. നിനക്കുള്ള എല്ലാ നാമങ്ങളും കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു – അവ നീ തന്നെ നിനക്കു നിശ്ചയിച്ച പേരുകളാണ്, അല്ലെങ്കിൽ നിൻെറ ഗ്രന്ഥത്തിൽ നീ അവതരിപ്പിച്ചവയാണ്, അല്ലെങ്കിൽ നിൻെറ സൃഷ്ടികളിൽപെട്ട ആർക്കെങ്കിലും നീ പഠിപ്പിച്ചു കൊടുത്തവയാണ്, അല്ലെങ്കിൽ അദൃശ്യമായ ജ്ഞാനത്തിൽ നിൻെറയുടക്കൽ നീ സ്വന്തമാക്കി വെച്ചവയാണ് -ഖുർആനിനെ നീ എൻെറ മനസ്സിൻെറ വസന്തമാക്കേണമേ, എൻെറ ഹൃദയത്തിൻെറ പ്രകാശമാക്കേണമേ, എൻെറ ദുഃഖത്തിൻെറ നിഷ്കാസനമാക്കേണമേ, എൻെറ മനോവിഷമം കളയുന്നതാക്കേണമേ. എങ്കിൽ, അല്ലാഹു അവൻെറ മനോവിഷമവും ദുഃഖവും നീക്കുകയും തൽസ്ഥാനത്ത് വിശാലത പകരം നൽകുകയും ചെയ്യാതിരിക്കില്ല. (ഉദ്ധരണം: അൽബാനി, സ്വഹീഹുൽ കലിമിത്ത്വയ്യിബ്)

അല്ലാഹുവിനോട് ദുആ ചെയ്യേണ്ടത്, ആ ദുആ യാചന എന്ന അർത്ഥത്തിലാവട്ടെ ആരാധന എന്ന അർത്ഥത്തിലാവട്ടെ, അല്ലാഹുവിനെ വിളിച്ചു കൊണ്ടാണ്. അവനെ വിളിക്കേണ്ടത് അവന് അവൻ നിശ്ചയിച്ച പേരിൽ മാത്രമാണ്. അവയിൽ നിന്ന് ഒന്നോ ഓന്നിലധികമോ പേര് ചൊല്ലി അവനെ വിളിക്കാവുന്നതാണ്. അവൻെറ പേരുകൾ മൊത്തമായോ അവയിൽ ചിലതു മാത്രമോ അവനെ വിളിക്കാൻ ഉപയോഗിക്കാവുന്നതാണ്. നമുക്ക് അറിയാവുന്ന പേരുകൾ അതേ പദങ്ങളിലും അല്ലാത്തവ മൊത്തമായും ഉപയോഗിക്കാവുന്നതാണ്.(മൊത്തമായും ഉപയോഗിക്കൽ വിശദീകരിക്കണം) മനുഷ്യൻെറ നിസ്സഹായവസ്ഥകളിൽ അവനു സമാധാനവും വിടുതിയും ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അവൻെറ പേരുകൾ ചൊല്ലി അവനോട് ദുആ ചെയ്യലാണ്. ഇക്കാര്യങ്ങളെല്ലാം മേൽ ഹദീസിൽനിന്ന് അനായാസം ഗ്രഹിക്കാവുന്നതാണ്.

അല്ലാഹുവിൻെറ സ്വിഫാതുകൾ ഖുർആനിലും സുന്നത്തിലും വന്ന അതേപടി സ്വീകരിക്കണം. അതിനെ റദ്ദു ചെയ്ത് അല്ലാഹുവിനെ നിർഗ്ഗുണനാക്കാൻ (تَعْطِيلُ) പാടില്ല. അതിൻെറ വാക്കുകളിലോ ആശയങ്ങളിലോ ഭേദഗതി വരുത്താനോ വളച്ചൊടിച്ച് ദുർവ്യാഖ്യാനിക്കാനോ (تَحْرِيفٌ) പാടില്ല. അല്ലാഹു അറിയിച്ചു തന്നിട്ടില്ലാത്ത നിലക്ക് അവയുടെ രൂപം എങ്ങനെയാണെന്ന് (كيفية) നിരൂപിക്കാനോ പറയാനോ പാടില്ല. സൃഷ്ടികളുമായി താരതമ്യപ്പെടുത്തി അവക്ക് തുല്യതയും സാദൃശ്യവും ആരോപിക്കാനോ (تَمْثِيلٌ) പാടില്ല. സ്വിഫാതുകളെ അവയുടെ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിൽ മനസ്സിലാക്കണം. അവയുടെ അർത്ഥം നമുക്ക് അറിയാം. എന്നാൽ അവയുടെ രൂപം നമുക്ക് അറിയിച്ച് തന്നിട്ടില്ലാത്ത നിലക്ക് അത് അല്ലാഹുവിലേക്ക് ഏൽപിക്കണം. അല്ലാഹു യാതൊരു കാര്യം സ്ഥിരീകരിച്ചുവോ അത് സ്ഥിരീകരിക്കുകയും, യാതൊന്ന് നിഷേധിച്ചുവോ അത് നിഷേധിക്കുകയും യാതൊന്നിനെ കുറിച്ച് മൌനം പാലിച്ചുവോ അതിനെ കുറിച്ച് മിണ്ടാതിരിക്കുകയും വേണം.

സ്വിഫാതുകളെ കുറിച്ച് അവ എങ്ങനെയാണ്, അവയുടെ രൂപമെന്താണ് എന്ന് സ്വഹാബികൾ ആരും ചോദിച്ചില്ല. അവർ അത് ചോദ്യം ചെയ്യാതെ സ്വീകരിക്കുകയും സത്യപ്പെടുത്തുകയും വിശ്വസിക്കുകയുമാണ് ചെയ്തത്. അതേ നിലപാട് പിൻഗാമികളും സ്വീകരിക്കണം. മറിച്ച് അവയുടെ രുപം എങ്ങനെയാണെന്ന് ആരായുന്ന രീതി മതത്തിലില്ലാത്ത നൂതന പ്രവണതയാണ്, ബിദ്അത്താണ്.

മേൽ സൂക്തത്തിൽ പരാമർശിച്ച خادع എന്ന സ്വിഫത് സംബന്ധിച്ച്  സവിശേഷമായ ഒരു ധാരണ ലഭിക്കാൻ ശൈഖ് ഇബ്‌നു ഉഥൈമീൻ നൽകിയ ഒരു വിവരണം താഴെ കൊടുക്കാം.

وإذا كانت الصفة كمالاً في حال، ونقصا في حال لم تكن جائزة في حق الله، ولا ممتنعة على سبيل الإطلاق، فلا تُثْبَت له إثباتا مطلقا، ولا تُنْفَى عنه نفيا مطلقا، بل لا بد من التفصيل، فتجوز في الحال التي تكون كمالاً، وتمتنع في الحال التي تكون نقصا، وذلك كالمكر والكيد والخداع ونحوها، فهذه الصفات تكون كمالاً إذا كانت في مقابلة من يعاملون الفاعل بمثلها، لأنها حينئذٍ تدل على أن فاعلها قادر على مقابلة عدوه بمثل فعله، أو أشد، وتكون نقصا في غير هذه الحال، ولهذا لم يذكرها الله تعالى من صفاته على سبيل الإطلاق، وإنما ذكرها في مقابلة من يعاملونه ورسله بمثلها، كقوله تعالى: ﴿وَمَكَرُوا وَمَكَرَ اللَّهُ وَاللَّهُ خَيْرُ الْمَاكِرِينَ﴾ وقوله: ﴿ إِنَّهُمْ يَكِيدُونَ كَيْداً وَأَكِيدُ كَيْداً ﴾ ، وقوله: ﴿وَالَّذِينَ كَذَّبُوا بِآياتِنَا سَنَسْتَدْرِجُهُمْ مِنْ حَيْثُ لا يَعْلَمُونَ ۞  وَأُمْلِي لَهُمْ إِنَّ كَيْدِي مَتِينٌ﴾ وقوله: ﴿ إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ﴾ وقوله: ﴿قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ ۞ اللَّهُ يَسْتَهْزِئُ بِهِم﴾.

ولهذا لم يذكر الله أنه خان من خانوه، فقال تعالى: ﴿وَإِنْ يُرِيدُوا خِيَانَتَكَ فَقَدْ خَانُوا اللَّهَ مِنْ قَبْلُ فَأَمْكَنَ مِنْهُمْ وَاللَّهُ عَلِيمٌ حَكِيمٌ﴾ فقال: فأمكن منهم، ولم يقل: فخانهم. لأن الخيانة خدعة في مقام الائتمان، وهى صفة ذم مطلقا. [ابن عثيمين في القواعد المثلى في صفات الله وأسمائه الحسنى]

ഒരു സ്ഥിതിയനുസരിച്ച് പൂർണ്ണതയും മറ്റൊരു സ്ഥിതിയനുസരിച്ച് ന്യൂനതയുമായിത്തീരാവുന്ന ഏതൊരു ഗുണവും അല്ലാഹുവിനെ നിരുപാധികം വിശേഷിപ്പിക്കാമെന്നോ വിശേഷിപ്പിക്കാൻ പാടില്ലെന്നോ പറയാവതല്ല. അത് അല്ലാഹുവിന് നിരുപാധികം സ്ഥിരീകരിക്കാനോ, നിരുപാധികം നിരാകരിക്കാനോ പാടില്ല. മറിച്ച്, അത്തരം ഗുണവിശേഷങ്ങളുടെ കാര്യം വിശദീകരിക്കപ്പടേണ്ടതാണ്. അത് പൂർണ്ണതയായിത്തീരുന്ന അവസ്ഥയിൽ അല്ലാഹുവിന്ന് ചാർത്തുന്നത് അനുവദനീയമായിരിക്കും. ന്യൂനതയായിത്തീരുന്ന സന്ദർഭത്തിൽ അത് പാടില്ലെന്നും വരും. അതിനുദാഹരണമാണ് مَكْرٌ (സൂത്രം), كَيْدٌ (തന്ത്രം), خِدَاعٌ (കബളിപ്പിക്കൽ) മുതലായവ. ഇവ പൂർണ്ണതയുടെ ഗുണവിശേഷമായിത്തീരുന്നത് സമാനമായത് ചെയ്യുന്നവനോട് തിരിച്ച് അനുവർത്തിക്കുമ്പോഴാണ്. അപ്പോൾ, അത് അനുവർത്തിക്കുന്നവന് തൻെറ ശത്രുവിനെ അതേ നാണയത്തിൽ തന്നെയോ അതിലും രൂക്ഷമായോ തിരിച്ചടിക്കാൻ സാധിക്കും എന്നാണല്ലോ വരിക. ഈ അവസ്ഥയല്ലാത്തപ്പോൾ അത് ന്യൂനതയായിരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ, അല്ലാഹു അവയെ നിരുപാധികം തൻെറ വിശേഷണമായി പറഞ്ഞിട്ടില്ല താനും. അല്ലാഹുവിനോടും അവൻെറ ദൂതരോടും സമാനമായത് ചെയ്യുന്നവർക്കെതിരിലാണ് അത് പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി അല്ലാഹു പറയുന്നത് നോക്കുക: “അവർ സൂത്രം പ്രയോഗിച്ചു; അല്ലാഹുവും സൂത്രം പ്രയോഗിച്ചു. അല്ലാഹു ഏറ്റവും നന്നായി സൂത്രം പ്രയോഗിക്കുന്നനാകുന്നു”. (ആലു ഇംറാൻ 54) “തീർച്ചയായും അവർ വലിയ തന്ത്രം പ്രയോഗിക്കുന്നു. ഞാനും വലിയ തന്ത്രം പ്രയോഗിക്കുന്നു”. (ത്വാരിഖ് 15, 16) “എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കുന്നവരാകട്ടെ, അവരറിയാത്ത വിധത്തില്‍ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്‌. അവര്‍ക്കു ഞാന്‍ കാലവിളംബം നൽകിയെന്നും വരും. തീര്‍ച്ചയായും എന്‍റെ തന്ത്രം സുശക്തമാണ്‌.” (അഅ്റാഫ് 182, 183) “തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവിനെ കബളിപ്പിക്കാൻ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് കബളിപ്പിക്കുന്നത്‌.” (നിസാഅ് 142) “അവർ പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാണ്. ഞങ്ങള്‍ വിശ്വാസികളെ പരിഹസിക്കുക മാത്രമായിരുന്നു. യഥാർത്ഥത്തിൽ അല്ലാഹു, അവരെ പരിഹസിക്കുകയാണ് ചെയ്യുന്നത്.” (ബഖറഃ 14, 15)

അതു കൊണ്ടാണ്, ‘അവനെ വഞ്ചിച്ചവനെ അവൻ വഞ്ചിച്ചിരിക്കുന്നു’ എന്ന് അല്ലാഹു പറയാതിരുന്നത്. അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: “ഇനി നിന്നെ വഞ്ചിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുമ്പ് അവര്‍ അല്ലാഹുവോടും വഞ്ചന കാണിച്ചിട്ടുണ്ട്‌. അത് കൊണ്ടാണ് അവന്‍ അവരെ നിങ്ങള്‍ക്കു കീഴ്പെടുത്തി തന്നത്‌. അല്ലാഹു എല്ലാം അറിയുന്നവനും ജ്ഞാനവും ആധിപത്യവും ഉള്ളവനുമാകുന്നു.” (അൻഫാൽ 71) ‘അവൻ അവരെയും വഞ്ചിച്ചിരിക്കുന്നു’ എന്നു പറഞ്ഞില്ല. കാരണം خيانة എന്നത് വിശ്വാസ വഞ്ചനയാണ്. അത് നിരുപാധികമായും അധിക്ഷേപാർഹമായ ഒരു ഗുണവിശേഷമാണ്.  (ഇബ്‌നു ഉഥൈമീൻ അൽ ഖവാഇദുൽ മുഥ്ലായിൽ രേഖപ്പെടുത്തിയത്)