ഖുർആൻ പഠനവും പാരായണവും


ഖുർആൻ പഠനവും പാരായണവും സംബന്ധിച്ച് സമൂഹത്തിൽ ഗുരുതരമായ ചില തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഖാരിഅ് (قَارِئ), ഹാഫിള് (حَافِظ) പോലുള്ള ശബ്ദാവലികൾ പൂർണ്ണാർത്ഥത്തിലും ശരിയായ വിധത്തിലുമല്ല പ്രയോഗിക്കുന്നതും  മനസ്സിലാക്കുന്നതും. ഖുർആൻ പഠനത്തിനു വേണ്ടി ഇസ്‌ലാമിക സമൂഹങ്ങൾ ചെലവഴിക്കുന്ന സമയവും സമ്പത്തും വളരെ വലുതാണ്. പക്ഷെ, വലിയൊരളവോളം അവയെല്ലാം നിഷ്‌ഫലമായിപ്പോകുന്നു എന്നത് ഒരു ദുഃഖ സത്യമാണ്. വിശുദ്ധ ഖുർആൻ വിവരണത്തിൽ പോലും ഇവ്വിഷയകമായി സമൂഹത്തിൽ നിലനിൽക്കുന്ന ധാരണകൾ പരിശോധനാ വിധേയമാക്കുകയോ ശരിയായ നിലപാടുകൾ വ്യക്തമാക്കപ്പെടുകയോ ചെയ്തിട്ടില്ല. നിലവിലുള്ള അപക്വമായ ധാരണകൾ അംഗീകരിക്കുന്ന വിധമാണ് കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്. ഉദാഹരണമായി നബി ﷺ യുടെ കാലത്തുണ്ടായിരുന്ന ഖാരിഉകൾ തികഞ്ഞ ഖുർആൻ പണ്ഡിതന്മാരായിരുന്നു. ഈണത്തിൽ പാടാൻ കഴിയുന്ന വെറും പാരായണ വിദഗ്‌ധരായിരുന്നില്ല അവർ. ഖുർആൻ പാരായണം ചെയ്യുവാനുള്ള കഴിവ് എന്നത് കൊണ്ട് ഇന്ന് അർത്ഥമാക്കുന്നത് സ്വരമാധുര്യത്തോടെ വായിക്കുക എന്നതു മാത്രമാണ്. ഇന്നത്തെ സങ്കൽപം അനുസരിച്ച് ഖാരിഅ് ആവാൻ ഖുർആനിൻെറ അർത്ഥമോ ഉള്ളടക്കമോ അറിയണമെന്നില്ല. ഈ തെറ്റായ ധാരണ അംഗീകരിക്കുന്ന വിധത്തിലുള്ള ചില പരാമർശങ്ങൾ വിശുദ്ധ ഖുർആൻ വിവരണത്തിൽ കടന്നുകൂടിയിട്ടുണ്ട്. ഒരു ഉദാഹരണം കാണുക:

“ഒരിക്കൽ ഒരു കൂട്ടം ആളുകളെ ഒരു ഭാഗത്തേക്ക് നിയോഗിച്ചപ്പോൾ അവരിൽ ഓരോരുത്തർക്കും ഖുർആൻ പാരായണം ചെയ്യുവാനുള്ള കഴിവ് നബി (സ) പരിശോധിക്കുകയുണ്ടായി.” (വിശുദ്ധ ഖുർആൻ വിവരണം, 2-സൂറത്തുൽ ബഖറഃ, പുറം 1/120)

വിഷയത്തിൻെറ പ്രാധാന്യവും ഗൗരവവും പരിഗണിച്ച് ഇക്കാര്യം ഒരു അടിക്കുറിപ്പിൽ ഒതുക്കാതെ സ്വതന്ത്ര ലേഖനമാക്കി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

അല്ലാഹുവിൻെറ വചനമാണ് ഖുർആൻ. മനുഷ്യ വംശത്തിൻെറ ഇഹപര സൗഭാഗ്യത്തിനായി ഉപരിയിൽനിന്ന് ഭൂലോകത്തേക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം. അത് സൃഷ്ടിയല്ല, വചനമാണ്; വചനം അല്ലാഹുവിൻെറ ഗുണവിശേഷവും. അത് അവനിൽനിന്നുള്ളതും അവനിലേക്ക് തന്നെ മടങ്ങാനുള്ളതുമാണ്.

അല്ലാഹുവിൻെറ വചനം കേൾക്കാനുള്ള അവകാശം മൗലികമാണ്. യാതൊരു പരിതഃസ്ഥിതിയിലും അത് നിഷേധിക്കപ്പെടാവതല്ല. യുദ്ധമെന്നോ സമാധാനമെന്നോ വ്യത്യാസമില്ലാത്തെ അല്ലാഹുവിൻെറ വചനം കേൾക്കാൻ ഒരാൾ താൽപര്യപ്പെട്ടാൽ അതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നത് അല്ലാഹുവിൻെറ കണിശമായ കൽപനയാണ്. അല്ലാഹു പറയുന്നു.

﴿وَإِنْ أَحَدٌ مِّنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَامَ اللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ﴾ (التوبة: 6)

[മുശ്‌രിക്കുകളിൽപെട്ട ഒരാൾ നിൻെറ അടുക്കൽ അഭയം തേടി വന്നാൽ അല്ലാഹുവിൻെറ വചനം കേൾക്കുന്നതിനായി അവനു നീ അഭയം നല്‍കുക. പിന്നീട് അവന്ന് സുരക്ഷിതത്വം കിട്ടാവുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്‌.] (തൗബഃ 6)

മുഹമ്മദ് നബി ﷺ ക്ക് നൽകപ്പെട്ട ഗ്രന്ഥമാണ് ഖുർആൻ. നബിമാർക്ക് നൽകപ്പെട്ടതിൽ ഇന്ന് ഭൂലോകത്ത് അവശേഷിക്കുന്ന ഏകമായ മുഅ്ജിസത്തും ഖുർആൻ മാത്രം. തന്നെ അല്ലാഹു നിയോഗിച്ചതാണെന്നും താൻ പ്രബോധനം ചെയ്യുന്ന സന്ദേശം അല്ലാഹു മാനവകുലത്തിന് നൽകിയതാണെന്നും അവരെ ബോധ്യപ്പെടുത്താനുള്ള ദൃഷ്ടാന്തം. ഇതു പോലെ ഒരു ഗ്രന്ഥം കൊണ്ടു വരാൻ മനുഷ്യരാശിക്ക് സാധ്യമല്ല. ജിന്നു വർഗ്ഗത്തിനും കഴിയില്ല. രണ്ടു വർഗ്ഗങ്ങളും സംയുക്തമായി ശ്രമിച്ചാലും നടക്കില്ല. കാരണം ഖുർആൻ അല്ലാഹുവിൻെറ വചനമാണ്. വചനം അല്ലാഹുവിൻെറ صَفَة  അഥവാ ഗുണവിശേഷവും. ഖുർആൻ അല്ലാഹുവിൻേറതാണ്. അന്യൂനതയും പരിപൂർണ്ണതയുമാണ് അതിൻെറ മുഖമുദ്ര. അതു പോലെ ഒന്ന് കൊണ്ടുവരാൻ സൃഷ്ടികൾക്കാവില്ല. ഇതൊരും സമാന്യമായ പ്രസ്താവനയല്ല; ഒരു വെല്ലുവിളി തന്നെയാണ്. ഖുർആനിനെ മുൻനിർത്തിയുള്ള ഈ വെല്ലുവിളി യുഗാന്തരങ്ങളായി നിലനിൽക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നത് കാണുക:

﴿قُل لَّئِنِ اجْتَمَعَتِ الْإِنسُ وَالْجِنُّ عَلَىٰ أَن يَأْتُوا بِمِثْلِ هَٰذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا﴾ (الإسراء: 88)

[നബിയേ, പറയുക: ഈ ഖുര്‍ആൻ പോലെ മറ്റൊന്ന് കൊണ്ട് വരുന്നതിനായി മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചാലും അതുപോലെ ഒന്ന്  കൊണ്ടുവരാൻ അവർക്കു കഴിയില്ല, തീർച്ച. അവർ പരസ്പരം പിന്തുണ നല്‍കുന്നതായാൽ പോലും.] (ഇസ്‌റാഅ് 88)

അല്ലാഹുവിൻെറ വചനവും മുഹമ്മദ് നബി ﷺ ക്ക് നൽകപ്പെട്ട മുഅ്ജിസത്തുമായ ഖുർആനിൽനിന്ന് എന്താണ് മനുഷ്യരാശി പ്രതീക്ഷിക്കേണ്ടത്? സത്യാന്വേഷിയായ ഒരു മനുഷ്യൻ അതിനെ സമീപിക്കേണ്ടത് എങ്ങനെയാണ്? ഖുർആൻ പഠന വിധേയമാക്കുന്നതിനു മുമ്പ് നടത്തിയിരിക്കേണ്ട മുന്നൊരുക്കം എന്തൊക്കെയാണ്? ഖുർആനിലെ ഒരു പരാമർശമോ ഉപമയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉള്ളടക്കമോ അനുവാചകരെ എങ്ങനെയൊക്കെ സ്വാധീനിക്കാം? വളരെ ഗൗരവമേറിയ പ്രശ്നങ്ങളാണിവ. അല്ലാഹു പറയുന്നത് കാണുക:

﴿يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ﴾ (البقرة: 26)

[അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു; ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവൻ വഴികേടിലാക്കുകയില്ല.] (ബഖറഃ 26)

ഖുർആനിൽ നിന്ന് പ്രതീക്ഷിക്കേണ്ടത് വെളിച്ചവും സന്മാർഗ്ഗദർശനവുമാണ്.  ഇരു ലോകത്തും നമ്മെ നയിക്കുന്ന വെളിച്ചം. മാനവരാശിക്ക് വഴികാട്ടുന്ന സന്മാർഗ്ഗ ദർശനം. അല്ലാഹു പറയുന്നു:

﴿َالم ۞ ذَلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِّلْمُتَّقِينَ ۞ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ﴾ (البقرة: 2)

[അലിഫ്-ലാം-മീം. അതാണ് ഗ്രന്ഥം! സംശയം വേണ്ട; അതിൽ സൂക്ഷ്മത പുലർത്തുന്നവർക്ക് മാർഗ്ഗദർശനമുണ്ട്. അവർ ഗൈബിൽ വിശ്വസിക്കുന്നവരും നമസ്കാരം യഥാവിധം നിർവ്വഹിക്കുന്നവരുമാണ്. നാം അവർക്ക് നൽകിയതിൽനിന്ന് ചെലവഴിക്കുന്നവരുമാണവർ.] (ബഖറഃ 2-3)

ഖുർആനിൽ വാഗ്‌ദാനം ചെയ്യപ്പെട്ട സന്മാർഗ്ഗദർശനം ലഭിക്കണമെങ്കിൽ ശരിയായ വിധത്തിൽ അതിനെ സമീപിക്കുക തന്നെ വേണം. മുൻവിധികളും പക്ഷപാതങ്ങളുമില്ലാതെ, തെളിഞ്ഞ സത്യാന്വേഷണ ബുദ്ധിയോടെ മാത്രമേ ഖുർആനിനെ സമീപിക്കാവൂ. സ്വന്തമായി രൂപപ്പെടുത്തിയ മനുഷ്യ യുക്തിയുടെ ഭൂമികയിൽ നിന്നുകൊണ്ട് അഭീഷ്ടങ്ങളുടെ കണ്ണാടിയിലൂടെ ഖുർആനിനെ വായിക്കാൻ ശ്രമിക്കുന്നവർക്ക് അതിൻെറ തനതായ വെളിച്ചം കാണുക സാധ്യമല്ലെന്നു പറയേണ്ടതില്ലല്ലോ. വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങളെയും കുടംബ-ഗോത്ര പാരമ്പര്യങ്ങളെയും സാമൂഹികാചാരങ്ങളെയും പ്രത്യയശാസ്ത്രപമായ പക്ഷപാതങ്ങളെയും വഴികേടിൽ വിഹരിക്കുന്ന ജനപദങ്ങളുടെ പൊതുബോധങ്ങളെയും സാധൂകരിക്കാനായി ഖുർആനിൽ തെളിവ് അന്വേഷിക്കുന്നവർക്ക് ലഭിക്കുക അവർ അകപ്പെട്ട ഇരുട്ടിൻെറ കാളിമയല്ലാതെ മറ്റൊന്നുമായിരിക്കില്ല. സന്മാർഗ്ഗത്തെ കുറിച്ചുള്ള സമീക്ഷയിൽ ഏറ്റവും നിർണ്ണായകം ഒരാൾ ജീവിതത്തിൽ പുലർത്തുന്ന സത്യസന്ധതയും ഗൗരവ ബുദ്ധിയും തന്നെയാണ്.

ഖുർആനികമായ ആശയങ്ങളും സന്മാർഗ്ഗിക ദർശനങ്ങളും ശരിയായ വിധത്തിൽ ഗ്രഹിക്കണമെങ്കിൽ അതിലെ സൂക്തങ്ങളും വചനങ്ങളും വിശ്വാസത്തിൻെറയും വിനയത്തിൻെറയും ചട്ടക്കൂടിൽ വെച്ചുകൊണ്ടു തന്നെ വായിക്കപ്പെടണം. അദൃശ്യ കാര്യങ്ങളെ കുറിച്ച് യാതൊരുവിധ ധാരണയുമില്ലാതെ, കേവല ഭൗതികതയിൽ ആറാടിനിൽക്കുന്ന ഹൃദയങ്ങൾക്ക് ഖുർആനിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന മഹിതമായ ആശയങ്ങളോ സാന്മാർഗ്ഗിക ദർശനങ്ങളോ പരിഗ്രഹിക്കാൻ സാധിക്കുകയില്ല. അതുകൊണ്ടു തന്നെ ഗൗരവതരമരായ ഖുർആൻ പഠനത്തിൻെറ മുന്നുപാധിയാണ് ഈമാൻ. ഈ വസ്തുത അടിവരയിടുന്ന ഒരു സംഭവം താഴെ ഉദ്ധരിക്കാം.

عَنْ جُنْدُبِ بْنِ عَبْدِ اللَّهِ، قَالَ: كُنَّا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَنَحْنُ فِتْيَانٌ حَزَاوِرَةٌ، فَتَعَلَّمْنَا الْإِيمَانَ قَبْلَ أَنْ نَتَعَلَّمَ الْقُرْآنَ، ثُمَّ تَعَلَّمْنَا الْقُرْآنَ فَازْدَدْنَا بِهِ إِيمَانًا. [ابن ماجه  في سننه وصححه الألباني]

[ജുന്‌ദുബ് ബിൻ അബ്‌ദില്ലാ رَضِيَ اللهُ عَنْه നിവേദനം. അദ്ദേഹം പറയുന്നു. ഞങ്ങൾ (ദീൻ പഠിക്കാൻ) നബി ﷺ യോടൊപ്പം സഹവസിക്കുകയുണ്ടായി. അന്ന് ഞങ്ങൾ സമപ്രായക്കാരായ യുവാക്കളായിരുന്നു. അങ്ങനെ ഖുർആൻ പഠിക്കുന്നതിനു മുമ്പേ ഞങ്ങൾ ഈമാനിനെ കുറിച്ച് പഠിച്ചു. പിന്നെയാണ് ഞങ്ങൾ ഖുർആൻ പഠിച്ചത്. അപ്പോൾ അതു മുഖേന ഞങ്ങളുടെ ഈമാൻ വർദ്ധിക്കുകയും ചെയ്തു.] (ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)

ഖുർആൻ പഠിക്കുകയും അഭ്യസിക്കുകയും ചെയ്യുന്നവർ പിന്തുടരേണ്ട ചുവടുകൾ ലളിതമായി വിവരിക്കാം.

1. ശ്രദ്ധാപൂർവ്വം കേൾക്കുക
വിശ്വാസവും വിനയവുമുള്ള തുറന്ന മനസ്സിൻെറ ഉടമകൾ, മുൻവിധിയും പക്ഷപാതവുമില്ലാതെ, തെളിഞ്ഞ സത്യാന്വേഷണ ബുദ്ധിയോടെ ആയിരിക്കണം ഖുർആൻ പഠിനത്തിനു മുതിരേണ്ടത്. ഖുർആൻ പഠനമെന്നത് മഹത്തായ ഒരു പ്രക്രിയയാണ്. അതിൻെറ പടവുകൾ ക്രമപ്രവൃദ്ധമായും മതിയായ സാവകാശത്തോടുകൂടിയുമായിരിക്കണം കേറിപ്പോകേണ്ടത്. അതിലേക്കുള്ള ആദ്യപടി അല്ലാഹുവിൻെറ വചനം സാകൂതം ശ്രവിക്കലാണ്. ഗുരുമുഖത്തുനിന്ന് നേരിട്ടാണ് ഖുർആൻ ശ്രദ്ധാപൂർവ്വം കേൾക്കേണ്ടത്. ഗുരുനാഥന്മാർ യോഗ്യരും നല്ലവരുമായിരിക്കണം. ശ്രദ്ധിക്കുക! ഗുരുനാഥന്മാരെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം അവരുടെ സ്വരമാധുര്യവും സംഗീതാത്മകതയുമല്ല. മറിച്ച്, അല്ലാഹുവിൻെറ വചനത്തെ നേരായ രൂപത്തിൽ സമീപിക്കുകയും, നബി ﷺ കാണിച്ച മാർഗ്ഗമനുസരിച്ച് പഠിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാണോ അവർ എന്നതാണ് പ്രധാനം. അല്ലാഹുവിൻെറ വചനത്തിന് അർഹമായ ആദരവ് കൽപിക്കാത്ത, ഖുർആനിനെ ജീവിതോപാധിയായും സമ്പാദന മാർഗ്ഗമായും കാണുന്നവരുടെ സംഗീത സാന്ദ്രമായ ആലാപനങ്ങളല്ല ഖുർആൻ പാരായണം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നത് കാണുക.

﴿َوَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُون﴾ (الأعراف: 204)

[ഖുര്‍ആൻപാരായണം ചെയ്യപ്പെട്ടാൽ നിങ്ങളൾ അത് ശ്രദ്ധാപൂർവ്വം കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.] (അഅ്റാഫ് 204)

ഖുർആൻ അവതരണ സമയത്ത് നബി ﷺ യോട് അതിൻെറ പാരായണം ശ്രാദ്ധാപൂർവ്വം കേൾക്കാനും പിന്തുടരാനുമാണ് അല്ലാഹു കൽപിച്ചത്. അല്ലാഹു പറയുന്നു:

﴿لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ ۞ إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ ۞ فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ ۞ ثُمَّ إِنَّ عَلَيْنَا بَيَانَهُ﴾ (القيامة: 16-19)

[നീ അതുമായി നിന്‍റെ നാവ് ധിറുതിയിൽ ചലിപ്പിക്കേണ്ടതില്ല. തീര്‍ച്ചയായും അത് ഹൃദയത്തിൽ സ്വരൂപിച്ച് തരലും പാരായണം ചെയ്തു തരലും നാം തന്നെ ഏറ്റെടുത്തിരിക്കുന്നു. അതിനാൽ നാം അത് ഓതിത്തരുമ്പോൾ ആ പാരായണം നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നാം തന്നെ ഏറ്റെടുത്തിട്ടുള്ളതാകുന്നു.] (ഖിയാമഃ 16-19)

2. അവധാനതയോടെ പാരായണം ചെയ്യുക
യോഗ്യരായ ഗുരുനാഥന്മാരിൽനിന്ന് നേരിട്ട് ഖുർആൻ വേണ്ട പോലെ കേട്ടു കഴിഞ്ഞാൽ, പിന്നീട് ആ ഭാഗം അവധാനപൂർവ്വം പാരായണം ചെയ്യാൻ ശീലിക്കുകയാണ് വേണ്ടത്. ഖുർആൻ പഠിക്കാനും തുടർന്ന് അത് നിലനിർത്താനും വേണ്ടി പാരായണം ചെയ്തുകൊണ്ടേയിരിക്കണം. അതു കൊണ്ടു തന്നെ ഖുർആൻ പാരായണത്തിന് കൽപിക്കപ്പെട്ടിരിക്കുന്ന പ്രാധാന്യം വളരെ വലുതും അതിനു വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലം അതിമഹത്തരവുമാണ്. നബി ﷺ പറയുന്നത് കാണുക:

عن عَبْدِ اللَّهِ بْنَ مَسْعُودٍ، يَقُولُ: قَالَ رَسُولُ اللَّهِ ﷺ: مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ [الترمذي في سننه وصححه الألباني]

[അബ്‌ദുല്ലാ ബിൻ മസ്ഊദ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: അല്ലാഹുവിൻെറ ഗ്രന്ഥത്തിൽ നിന്ന് ഒരാൾ ഒരക്ഷരം പാരായണം ചെയ്താൽ അത് അവന്നുള്ള ഒരു നന്മയാണ്. നന്മ പത്തിരട്ടിയായിട്ടാണ് നൽകപ്പെടുക. അലിഫ്-ലാം-മീ എന്നത് ഒരക്ഷരമാണെന്ന് ഞാൻ പറയുന്നില്ല. മറിച്ച്, അലിഫ് ഒരക്ഷരമാണ്. ലാം മറ്റൊരക്ഷരവും. മീം വേറെ ഒരക്ഷരവും.] (തിർമുദി സുനനിൽ ഉദ്ധരിച്ചത്)

ശരിയായ വിധത്തിലും പൂർണ്ണാർത്ഥത്തിലും ഖുർആൻ പാരായണം ചെയ്തിരുന്ന ഒരു വ്യക്തിക്ക് പരലോകത്ത് വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലം എത്ര മഹത്തരമാണ്! എത്ര മനോഹരമാണ്!! നബി ﷺ പറയുന്നത് കാണുക:

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ: قَالَ رَسُولُ اللَّهِ ﷺ: يُقَالُ لِصَاحِبِ الْقُرْآنِ: اقْرَأْ، وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا [أبو داود في سننه وصححه الألباني]

[അബ്‌ദുല്ലാ ബിൻ അംറ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു. ഖുർആനിൻെറ അവകാശിയോട് പറയപ്പെടും. നീ പാരായണം ചെയ്യൂ. അങ്ങനെ നീ ഉന്നതങ്ങളിലേക്ക് കേറിപ്പോകൂ. ഇഹലോകത്ത് എങ്ങനെയായിരുന്നുവോ നീ പാരായണം ചെയ്തിരുന്നത് അതേ പ്രകാരം തന്നെ നീ പാരായണം ചെയ്തു കൊള്ളുക. നിൻെറ സ്ഥാനം നീ ഓതിയെത്തുന്ന അവസാനത്തെ സൂക്തത്തിനടുത്തായിരിക്കും.] (അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്)

മേൽ ഹദീസിൽ പറഞ്ഞിരിക്കുന്ന പാരായണം കേവലമായ പാരായണമല്ലെന്നുറപ്പാണ്. ഖുർആനിൻെറ ശബ്ദം പരിപാലിക്കുകയും ആശയം പാഴാക്കുകയും ചെയ്യുന്നവരെയല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. മറിച്ച്, ശരിയായ പ്രാകരത്തിലും പൂർണ്ണാർത്ഥത്തിലും പാരായണം ചെയ്യുന്നവർക്കുള്ള പ്രതിഫലമാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്.  ഏതു തരത്തിലുള്ള പാരായണമാണ് സ്വീകാര്യയോഗ്യമെന്ന് നബി ﷺ തന്നെ വ്യക്തമാക്കിയിട്ടുള്ളത് കാണുക:

عن جابر رضي الله عنه عن النبي ﷺ قال: إن من أحسن الناس صوتا بالقرآن الذي إذا سمعته يقرأ رأيت أنه يخشى الله. [صحيح الترغيب والترهيب]

[ജാബിർ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: ഏതൊരാൾ ഖുർആൻ പാരായണം ചെയ്യുമ്പോൾ അദ്ദേഹം അല്ലാഹുവിനെ അറിഞ്ഞു കൊണ്ട് ഭയപ്പെടുന്നതായി നിനക്ക് കാണാൻ കഴിയുന്നുവോ അവനാണ് ഖുർആനിന് ഏറ്റവും ഉദാത്തമായ സ്വരം നൽകുന്നവൻ.] (സ്വഹീഹുൽ ത്തർഗീബി വത്തർഹീബ്)

ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിൽ മനസ്സിരുത്തുകയും ഖുർആനികാശയങ്ങളെ കുറിച്ച് പര്യാലോചന നടത്തുകയും വേണം. അതിൽ പറയപ്പെട്ട വൃത്താന്തങ്ങൾ സത്യപ്പെടുത്തുകയും അവയിൽ വിശ്വസിക്കുകയും വേണം. അതിലുള്ള വിധിവിലക്കുകൾ മാനിക്കുകയും അവ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും വേണം.

عَنْ عَائِشَةَ عَنِ النَّبِيِّ ﷺ قَالَ: مَثَلُ الَّذِي يَقْرَأُ القُرْآنَ، وَهُوَ حَافِظٌ لَهُ مَعَ السَّفَرَةِ الكِرَامِ البَرَرَةِ، وَمَثَلُ الَّذِي يَقْرَأُ، وَهُوَ يَتَعَاهَدُهُ، وَهُوَ عَلَيْهِ شَدِيدٌ فَلَهُ أَجْرَانِ. [البخاري في صحيحه]

[ആയിശ رَضِيَ اللهُ عَنْهَا നിവേദനം. നബി ﷺ പറഞ്ഞു: ഖുർആൻ ഹൃദിസ്ഥമാക്കി പാരായണം ചെയ്യുന്നവനെ കുറിച്ചുള്ള ദൃഷ്ടാന്തം, അവൻ മാന്യരും പുണ്യവാന്മാരുമായ മലക്കുകളായ ദൂതന്മാരോടൊപ്പമായിരിക്കും. തനിക്ക് പ്രയാസകരമായിട്ടും വളരെയേറെ ശ്രദ്ധിച്ചുകൊണ്ട് പാരായണം ചെയ്യുന്നവൻെറ ദൃഷ്ടാന്തം, അവന് രണ്ടു പ്രതിഫലമുണ്ടായിരിക്കും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

3. പര്യാലോചന നടത്തുക
സത്യാന്വേഷിയായ ഒരു പഠിതാവ് ഖുർആൻ സൂക്തങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും അവധാനതയോടെ പാരായണം നടത്തുകയും ചെയ്യുന്നതോടൊപ്പം അവയുടെ ഉള്ളടക്കത്തെയും ആശയങ്ങളെയും കുറിച്ച് പര്യാലോചന നടത്തേണ്ടതുണ്ട്. പര്യാലോചന കൂടാതെ ഉരുവിടാൻ മാത്രമായിട്ടല്ല അല്ലാഹു തൻെറ വചനം അവതരിപ്പിച്ചിട്ടുള്ളത്. പര്യാലോചനയാണ് ഖുർആനികാശയങ്ങളുടെ സ്വാംശീകരണത്തിൻെറ ആദ്യപടി. അതു കൊണ്ടു തന്നെയാണ് ഖുർആനിനെ കുറിച്ച് ഗാഢമായി വിചിന്തനം നടത്താൻ അല്ലാഹു ആവർത്തിച്ച് ആവശ്യപ്പെട്ടിരിക്കുന്നതും.

﴿كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ﴾ (ص: 29)

[നിനക്ക് നാം അവതരിപ്പിച്ചുതന്നിരിക്കുന്ന അനുഗൃഹീതമായ ഗ്രന്ഥം! അതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടിയാണത്.] (സ്വാദ് 29)

﴿أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَى قُلُوبٍ أَقْفَالُهَا﴾  (محمد: 24)

[ആയതിനാൽ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങൾക്കു മീതെ പൂട്ടുകളിട്ടിരിക്കുകയാണോ?] (മുഹമ്മദ് 24)

﴿أَفَلَا يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِنْدِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا ﴾ (النساء: 82)

[അവര്‍ ഖുര്‍ആൻ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.] (നിസാഅ് 82)

4. പ്രാവർത്തികമാക്കുക
ജീവിത ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള മാർഗ്ഗമാണ് ഖുർആൻ പഠനം. സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ചും മനുഷ്യൻെറ ഇഹപര സൗഭാഗ്യത്തിനായി അവൻ അവതരിപ്പിച്ച മതത്തെ കുറിച്ചും മനുഷ്യ വംശത്തിലേക്ക് നിയുക്തരായ ദൂതന്മാരെ കുറിച്ചുമാണ് അതിൽ പ്രതിപാദിക്കുന്നത്. കേവലമായ അക്കാദമിക താൽപര്യത്തിനു വേണ്ടിയോ ബൗദ്ധികമായ ഒരു വ്യായാമമെന്ന നിലക്കോ പഠിക്കേണ്ടതല്ല ഖുർആൻ. മറിച്ച് അതിലുള്ളതെല്ലാം മനുഷ്യ ജീവിതത്തിൽ പ്രയോഗിക്കാനുള്ള കാര്യങ്ങളാണ്. പ്രയുക്തമല്ലാത്ത സൈദ്ധാന്തിക വിഷയങ്ങൾ ഖുർആനിലെ ചർച്ചാ വിഷയങ്ങളിൽ കാണുക സാധ്യമല്ല. മനുഷ്യ ജീവിതത്തെ ആമൂലാഗ്രം പരിവർത്തിപ്പിക്കാനുതകുന്ന വിശ്വാസ സംഹിതകളും നിയമ നിർദ്ദേശങ്ങളുമാണ് അതിലടങ്ങിയിരിക്കുന്നത്. അവ ജീവിതത്തിൽ അഭ്യസിക്കുകയും പരിശീലിക്കുകയും ചെയ്യണം. അവ മനുഷ്യൻെറ വാഗ്‌വിചാരകർമ്മങ്ങളെ നിയന്ത്രിക്കണം. അങ്ങനെ അവൻ ഖുർആനിൻെറ ഒരു ജീവിക്കുന്ന പ്രതിയായി മാറണം. ഘട്ടം ഘട്ടമായുള്ള ഖുർആനിൻെറ അവതരണം പോലും അഭ്യസിക്കാനും ദൃഢീകരിക്കാനും ഉദ്ദേശിച്ചു കൊണ്ടായിരുന്നു.  അല്ലാഹു പറയുന്നു:

﴿وَقَالَ الَّذِينَ كَفَرُوا لَوْلَا نُزِّلَ عَلَيْهِ الْقُرْآنُ جُمْلَةً وَاحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِ فُؤَادَكَ وَرَتَّلْنَاهُ تَرْتِيلًا﴾ (الفرقان: 32)

[സത്യനിഷേധികള്‍ പറഞ്ഞു, ഇദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കി കൊടുക്കാത്തതെന്ത്? അത് അപ്രകാരം (ഘട്ടം ഘട്ടമായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്‌. അതു മുഖേന നിന്‍റെ ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ടി തന്നെയാണ്. മതിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു.] (ഫുർഖാൻ 32)

ഖുർആനിക മൂല്യങ്ങൾ നബി ﷺ യുടെ ഹൃദയത്തിൽ രൂഢമൂലമായിത്തീരുക, അതു മുഖേന ദൃഢബോധ്യവും വിശ്വാസവും കൈവരിക, ജീവതത്തെ ഏറ്റവും അർത്ഥപൂർണ്ണമായ നിലയിൽ അഭിമുഖീകരിക്കാൻ പ്രാപ്തനാക്കുക ഇങ്ങനെയുള്ള ലക്ഷ്യങ്ങളാണ് ഘട്ടം ഘട്ടമായുള്ള ഖുർആനികാവതരണത്തിനു പിന്നിലുള്ളതെന്നു സാരം. അല്ലാഹു പറയുന്നു:

﴿وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَىٰ مُكْثٍ وَنَزَّلْنَاهُ تَنزِيلًا﴾ (الإسراء: 106)

[നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതികൊടുക്കേണ്ടതിനായി ഖുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു.] (ഇസ്‌റാഅ് 106)

ഖുർആനിക മൂല്യങ്ങൾ അഭിസംബോധിതരായ ജനങ്ങളുടെ മനസ്സുകളിലും രൂഢമൂലമായിത്തീരേണ്ടതുണ്ട്. അവ ജീവിതത്തിൽ അഭ്യസിക്കാനുള്ള സാവകാശം അവർക്കും നൽകേണ്ടതുണ്ട്. ഈ യാഥാർത്ഥ്യമാണ് മേൽ സൂക്തം അനാവരണം ചെയ്യുന്നത്. അല്ലാഹു പറയുന്നു:

﴿وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِرٍ﴾ (القمر: 17)

[തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടി ഖുര്‍ആനിനെ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?] (ഖമർ 17)

മേൽ സൂക്തത്തിലെ ذِكْر എന്ന പരാമർശം സവിശേഷ ശ്രദ്ധയർഹിക്കുന്നു. ഏതൊരു ആശയം സ്വാംശീകരിക്കപ്പെടുകയും അത് ബോധ-കർമ്മ മണ്ഡലങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നുവോ അതാണ് ശരിയായ ദിക്ർ. ഖുർആനിനെ അല്ലാഹു ക്രമീകരിച്ചിരിക്കുന്നത് ദിക്റിന് ഉതകുന്ന വിധത്തിലാണ്. ഖുർആനിനെക്കാൾ ദിക്റിന് ഉപയുക്തമായ മറ്റൊരു കീർത്തനവും ഇല്ല തന്നെ. അതിനെ ദിക്ർ ആക്കി മാറ്റാൻ കഴിഞ്ഞാൽ ആ ജീവിതം ദീപ്തമായിത്തീരും. അദ്ദേഹത്തിന് തഖ്‌വയോടെ ജീവിക്കാൻ സാധിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:

﴿قُرْآنًا عَرَبِيًّا غَيْرَ ذِي عِوَجٍ لَّعَلَّهُمْ يَتَّقُونَ﴾ (الزمر: 28)

[അതെ, ഒട്ടും വക്രതയില്ലാത്ത, അറബിഭാഷയിലുള്ള ഖുര്‍ആന്‍! അവര്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി.] (സുമർ 28)

അല്ലാഹു അവൻെറ വചനം അവതരിപ്പിച്ചിരിക്കുന്നത് മനുഷ്യർ അവനു വഴിപ്പെടാനും ഋജുമാനസരായി സൂക്ഷ്മതയോടെ ജീവിതം നയിക്കാനും വേണ്ടിയാണ്. ആരാണ് അതിനു സന്നദ്ധരെന്ന് അവൻ പരീക്ഷിച്ച് തെളിയിക്കും. അത്തരക്കാരെ സ്വന്തക്കാരായി തെരഞ്ഞെടുക്കും. ഖുർആൻ യഥാവിധം ഉൾക്കൊള്ളുകയം അതിലെ മൂല്യങ്ങൾ സ്വാംശീകരിക്കുകയും ചെയ്യാതെ അല്ലാഹുവിൻെറ ഇഷ്ടഭാജനങ്ങളാവുക സാധ്യമല്ല.

عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ ﷺ: إِنَّ لِلَّهِ أَهْلِينَ مِنْ النَّاسِ، قَالُوا: يَا رَسُولَ اللَّهِ، مَنْ هُمْ؟ قَالَ: هُمْ أَهْلُ الْقُرْآنِ، أَهْلُ اللَّهِ وَخَاصَّتُهُ. [ابن ماجة في سننه وصححه الألباني]

[അനസ് ബിൻ മാലിക് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു. നിശ്ചയമായും മനുഷ്യരുടെ കൂട്ടത്തിൽ അല്ലാഹുവിന് ചില സ്വന്തക്കാരുണ്ട്. അവർ ചോദിച്ചു. അല്ലാഹുവിൻെറ ദൂതരേ, ആരാണ് അവർ? അവിടുന്ന് പറഞ്ഞു. ഖുർആനിൻെറ അവകാശികളാരോ അവരാണവർ, അല്ലാഹുവിൻെറ ആളുകൾ, അവൻെറ സ്വന്തക്കാർ.] (ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)

ഖുർആനിൻെറ അവകാശികളായിത്തീരാൻ എന്തു ചെയ്യണമെന്ന് ഉമർ رَضِيَ اللهُ عَنْه നിർദ്ദേശിക്കുന്നത് കാണുക:

عَنِ ابْنِ شِهَابٍ، قَالَ: قَالَ عُمَرُ: تَعَلَّمُوا كِتَابَ اللَّهِ تُعْرَفُوا بِهِ، وَاعْمَلُوا بِهِ تَكُونُوا مِنْ أَهْلِهِ. [ابن أبي شيبة في مصنفه]

[ഇബ്‌നു ശിഹാബ് നിവേദനം. ഉമർ رَضِيَ اللهُ عَنْهُ പറയുകയുണ്ടായി. നിങ്ങൾ അല്ലാഹുവിൻെറ ഗ്രന്ഥം പഠിക്കുക, എങ്കിൽ അതുകൊണ്ട് നിങ്ങൾ അറിയപ്പെടും. നിങ്ങൾ അത് പ്രാവർത്തികമാക്കുക. എങ്കിൽ നിങ്ങൾ അതിൻെറ അവകാശികളായിത്തീരും.] (ഇബ്‌നു അബീശൈബഃ മുസ്വന്നഫിൽ ഉദ്ധരിച്ചത്)

ഖുർആൻ സംഗീതാത്മകായി പാരായണം ചെയ്യുകയോ, അക്കാദമിക താൽപര്യത്തിനു വേണ്ടി ഖുർആനിക വിജ്ഞാനീയങ്ങളിൽ പഠനവും ഗവേഷണവും നടത്തുകയോ ചെയ്തതു കൊണ്ടൊന്നും ഒരാൾ അല്ലാഹുവിൻെറ സ്വന്തക്കാരിൽ ഉൾപ്പെടാൻ പോകുന്നില്ല. ഒരാൾ അറിയപ്പെടാനും തൻെറ പ്രശസ്തി വർദ്ധിക്കാനും ഒരു പക്ഷെ അത് കാരണമായിത്തീർന്നേക്കാം. ഖുർആനിൻെറ യഥാർത്ഥ അവകാശിയാകണമെങ്കിൽ, അല്ലാഹുവിൻെറ സ്വന്തക്കാരിൽ ഉൾപ്പെടണമെങ്കിൽ ഖുർആനിക മൂല്യങ്ങൾ വക്രതയില്ലാതെ  ഉൾക്കൊള്ളുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുക തന്നെ വേണം. ഇക്കാര്യമാണ് മേൽ വചനം സുതരാം വ്യക്തമാക്കുന്നത്. സാന്ദർഭികമായി ഇബ്‌നു മസ്ഊദ് رَضِيَ اللهُ عَنْهُ ൻെറ ഒരു വചനം കൂടി ഉദ്ധരിക്കട്ടെ.

وَقَالَ عَبْدُ اللَّهِ: قُولُوا خَيْرًا تُعْرَفُوا بِهِ، وَاعْمَلُوا بِهِ تَكُونُوا مِنْ أَهْلِهِ، وَلَا تَكُونُوا عُجَّلًا مَذَايِيعَ بُذُرًا. [الزهد والرقائق لابن المبارك والزهد لنعيم بن حماد]

[അബ്‌ദുല്ലാ ബിൻ മസ്ഊദ് رَضِيَ اللهُ عَنْهُ പറഞ്ഞു. നിങ്ങൾ നല്ലത് പറയുക. എങ്കിൽ അതു കൊണ്ട് നിങ്ങൾ അറിയപ്പെടും. നിങ്ങൾ അത് പ്രാവർത്തികമാക്കുക. എങ്കിൽ നിങ്ങൾ അതിൻെറ അവകാശികളായിത്തീരും. നിങ്ങൾ ധിറുതിക്കാരായ പരസ്യക്കാരും പ്രചാരകരും  ആവാതിരിക്കുക.] (ഇബ്‌നുൽ മുബാറകും നുഐം ബിൻ ഹമ്മാദും സുഹ്‌ദിൽ ഉദ്ധരിച്ചത്)

5.  പ്രായോഗത്തിലൂടെ പഠിച്ചു മുന്നേറുക
ഖുർആൻ ജീവിത്തിലേക്ക് പകർത്താനുള്ളതാണ്. അല്ലാതെ അക്കാദമിക താൽപര്യം മുൻനിർത്തി ഗവേഷണ പഠനങ്ങൾ നടത്താൻ വേണ്ടി അവതരിപ്പിച്ച ഗ്രന്ഥമല്ല അത്. ശരിയായ ഖുർആൻ പഠനം പ്രയോഗാത്മക പഠനമാണ്. മതിയായ സമയമെടുത്ത് ജീവിതത്തിലേക്ക് ഖുർആൻ പകർത്തിക്കൊണ്ട് പഠിക്കുക എന്നതായിരുന്നു മാതൃകാ യോഗ്യരായ സ്വഹാബിമാരുടെ രീതി. പ്രയോഗത്തിൽനിന്ന് വേർപ്പെടുത്തി, കേവലമായ അക്കാദമിക പഠനം അവർക്ക് അന്യമായിരുന്നു.

عَنْ أَبِي عَبْدِ الرَّحْمَنِ قَالَ: حَدَّثَنَا مَنْ كَانَ يُقْرِئُنَا مِنْ أَصْحَابِ النَّبِيِّ ﷺ، أَنَّهُمْ كَانُوا يَقْتَرِئُونَ مِنْ رَسُولِ اللَّهِ ﷺ عَشْرَ آيَاتٍ، فَلَا يَأْخُذُونَ فِي الْعَشْرِ الْأُخْرَى حَتَّى يَعْلَمُوا مَا فِي هَذِهِ مِنَ الْعِلْمِ وَالْعَمَلِ، قَالُوا: فَعَلِمْنَا الْعِلْمَ وَالْعَمَلَ [أحمد في مسنده]

[അബൂ അബ്‌ദിറഹ്‌മാൻ അസ്സുലമി നിവേദനം. നബി ﷺ യുടെ അനുചരന്മാരിൽനിന്നും നമുക്ക് ഖുർആൻ പഠിപ്പിച്ചു തന്നിരുന്നവർ നമുക്ക് ഉദ്ധരിച്ചു തന്നത് ഇപ്രകാരമാണ്: അവർ നബി യിൽനിന്ന് പഠിച്ചിരുന്നത് പത്ത് സൂക്തങ്ങളായിരുന്നു. അതിലടങ്ങിയിരിക്കുന്ന അറിവും അതിൻെറ പ്രയോഗവും സ്വായത്തമാക്കുന്നതുവരെ അടുത്ത പത്തു സൂക്തങ്ങൾ അവർ സ്വീകരിക്കുമായിരുന്നില്ല. അവർ പറയുന്നു: അങ്ങനെ ഞങ്ങൾ അറിവും പ്രയോഗവും സ്വായത്തമാക്കി.] (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

عن أبي عبد الرحمن، قال: حدثنا الذين كانوا يُقرِئوننا: أنهم كانوا يستقرِئون من النبي ﷺ، فكانوا إذا تعلَّموا عَشْر آيات لم يخلِّفوها حتى يعملوا بما فيها من العمل، فتعلَّمنا القرآن والعمل جميعًا. [أبو جعفر الطبري في تفسيره جامع البيان]

[അബൂ അബ്‌ദിറഹ്‌മാൻ അസ്സുലമി നിവേദനം. ഞങ്ങൾക്ക് ഖുർആൻ പഠിപ്പിച്ചു തന്നിരുന്നവർ ഞങ്ങളോട് പറഞ്ഞു തന്നിട്ടുള്ളത് അവർ നബി ﷺ യിൽനിന്നാണ് ഖുർആൻ പഠിച്ചിരുന്നത് എന്നാണ്. അവർ പത്ത് സൂക്തങ്ങൾ പഠിക്കുകയാണെങ്കിൽ അതിലടങ്ങിയിരിക്കുന്ന അറിവും പ്രയോഗവും സ്വായത്തമാക്കുന്നതുവരെ അത് വിട്ടേക്കുമായിരുന്നില്ല. അങ്ങനെ ഞങ്ങൾ ഖുർആനും അതിൻെറ പ്രയോഗവും ഒരുമിച്ച് സ്വായത്തമാക്കുകയാണ് ചെയ്തിരുന്നത്.] (ഇബ്‌നു ജരീർ തഫ്‌സീറിൽ ഉദ്ധരിച്ചത്)

6.  അറബി മാധ്യമത്തിലൂടെ ഖുർആൻ പഠിക്കുക
മേൽ പറഞ്ഞതു പോലുള്ള പ്രയോഗാത്മക പഠനം സുസാധ്യമാക്കുന്നതിൽ അറബി ഭാഷക്ക് നിർണ്ണായകമായ സ്വാധീനമുണ്ട്. ഖുർആൻ പഠനത്തിനുള്ള മാധ്യമം അറബി ഭാഷയായിരിക്കണം. പരിഭാഷകൾ അവലംബിച്ചുള്ള പഠനം അപൂർണ്ണവും ആശയ വ്യക്തത നൽകാൻ കഴിയാത്തതുമാണ്. ഇവ്വിഷയകമായി ഉമർ رَضِيَ اللهُ عَنْهُ നൽകിയ സാരവത്തായ ഒരു ഉപദേശം കാണുക:

عن عمر بن زيد قال: كتب عمر إلى أبي موسى الأشعري رضي الله عنه: أما بعد: فتفقهوا في السنة وتفقهوا في العربية وأعربوا القرآن، فإنه عربي. [ابن تيمية في اقتضاء الصراط المستقيم لمخالفة أصحاب الجحيم]

[ഉമർ ബിൻ സൈദ് നിവേദനം. ഉമർ رَضِيَ اللهُ عَنْهُ അബൂ മൂസാ അൽഅശ്അരി رَضِيَ اللهُ عَنْهُ ന് ഇപ്രകാരം എഴുതി: നിങ്ങൾ നബിചര്യയിൽ അവഗാഹം നേടുക. നിങ്ങൾ അറബി ഭാഷയിലും വ്യുൽപത്തി നേടുക. ഖുർആൻ അറബി മാധ്യമത്തിലൂടെ നിങ്ങൾ മനസ്സിലാക്കുക. കാരണം അത് അറബി ഭാഷയിലുള്ളതാണ്.] (ഇബ്‌നു തൈമിയ്യ ഇഖ്‌തിളാഇൽ ഉദ്ധരിച്ചത്)

7.  പ്രായം ഒരു തടസ്സമല്ല
നടേ സൂചിപ്പിച്ച പോലെ, അക്കാദമിക ലക്ഷ്യം മുൻനിർത്തി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല ഖുർആൻ. അത് തനതു രൂപത്തിൽ മനുഷ്യ ജീവിതത്തിലേക്ക് പകർത്താനുള്ളതാണ്. മനുഷ്യനു തൻെറ ജീവിത ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള മാർഗ്ഗമാണത്. ആയതിനാൽ പ്രായം ഖുർആൻ പഠനത്തിന് തടസ്സമല്ല. പാരായണം ചെയ്യാനും ഹൃദിസ്ഥമാക്കാനും പരിചിന്തനം നടത്താനും സ്വാംശീകരിക്കാനും പ്രയോഗവത്ക്കരിക്കാനും പ്രായം ഒരു തടസ്സമായിക്കൂടാ. സച്ചരിതരായ മുൻഗാമികൾ ഖുർആനിനെ സ്വജീവിതത്തിലേക്ക് വിവർത്തനം നടത്തുകയും ഖുർആനിനെ ജീവിതമാക്കി പരിവർത്തിപ്പിക്കുകയുമാണ് ചെയ്തത്. ഖുർആൻ പഠനത്തിന് പ്രായത്തിൻെറ പരിമിതി നിശ്ചയിക്കുന്നവർ കാര്യങ്ങൾ നോക്കിക്കാണുന്നത് നേർദിശയിലല്ലെന്നു വേണം പറയാൻ.

وَقَالَ عُمَرُ: تَفَقَّهُوا قَبْلَ أَنْ تُسَوَّدُوا، قَالَ أَبُو عَبْدِ اللَّهِ: وَبَعْدَ أَنْ تُسَوَّدُوا وَقَدْ تَعَلَّمَ أَصْحَابُ النَّبِيِّ ﷺ فِي كِبَرِ سِنِّهِمْ. [البخاري في صحيحه معلقا]

[ഉമർ رَضِيَ اللهُ عَنْهُ പറഞ്ഞു: നിങ്ങൾ ചുമതലകൾ ഏൽപിക്കപ്പെടുന്നതിനു മുമ്പ് മതപരമായ അറിവ് നേടുക. ബുഖാരി പറയുന്നു: ചുമതലകൾ ഏൽപിക്കപ്പെട്ടതിനു ശേഷവും. നബി ﷺ യുടെ അനുചരന്മാർ വയസ്സായതിനു ശേഷവും അറിവ് നേടിയത്.] (ബുഖാരി സ്വഹീഹീൽ നിവേദന പരമ്പരയില്ലാതെ (مًعَلَّق) ഉദ്ധരിച്ചത്)

അധികാരവും ചുമതലകളും വഹിക്കുന്നവർ അതിനു മുമ്പ് മതിയായ അറിവ് നേടിയിട്ടുള്ളവരായിരിക്കണം. എങ്കിൽ മാത്രമേ അല്ലാഹുവിൻെറ ഇഛാനുസാരം കൃത്യങ്ങൾ നിർവ്വഹിക്കാൻ കഴിയൂ. ഇക്കാര്യമാണ് ഉമർ رَضِيَ اللهُ عَنْهُ ഇവിടെ സൂചിപ്പിക്കുന്നത്. അതേ സമയം പ്രായവും ചുമതലകളും തുടർ പഠനത്തിന് തടസ്സമായിക്കൂടെന്നും, നബി ﷺ യുടെ അനുചരന്മാരിൽ പലരും ഖുർആൻ പഠിച്ചത് വയസ്സായതിനു ശേഷമാണെന്ന യാഥാർത്ഥ്യം വിസ്മരിച്ചു കൂടെന്നുമാണ് അതിന് ഇമാം ബുഖാരി നൽകുന്ന അടിക്കുറിപ്പ്.

8.  പഠിപ്പിക്കൽ, പ്രബോധനം ചെയ്യൽ
അന്ത്യനാൾ വരെ ഭൂലോകത്ത് വരാനിരിക്കുന്ന മുഴുവൻ തലമുറകൾക്കുമുള്ള സന്മാർഗ്ഗ ദർശനമാണ് ഖുർആനിലുള്ളത്. മുൻഗാമികൾ പിൻഗാമികൾക്ക് പൂർണ്ണമായും സത്യസന്ധമായും കൈമാറപ്പെടേണ്ടതായ സന്ദേശം. അതു കൊണ്ടു തന്നെ ഖുർആൻ പഠനത്തെ പോലെ പ്രധാനമാണ് ബോധനവും. നബി ﷺ പറയുന്നത് കാണുക:

عَنْ عُثْمَانَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ ﷺ قَالَ: خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ. [البخاري في صحيحه]

[ഉസ്‌മാൻ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: നിങ്ങളിൽ ഏറ്റവും ഉത്തൻ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

عن أبي هريرة رضي الله عنه عن النبي ﷺ، قال: يجيء القرآن يوم القيامة كالرجل الشاحب يقول لصاحبه: هل تعرفني؟ أنا الذي كنت أسهر ليلك وأظمئ هواجرك، وإن كل تاجر من وراء تجارته، وأنا لك اليوم من وراء كل تاجر، فيعطى الملك بيمينه والخلد بشماله ويوضع على رأسه تاج الوقار ويكسى والداه حلتين لا تقوم لهم الدنيا وما فيها، فيقولان: يا رب! أنى لنا هذا؟ فيقال: بتعليم ولدكما القرآن. وإن صاحب القرآن يقال له يوم القيامة: اقرأ وارق في الدرجات ورتل كما كنت ترتل في الدنيا، فإن منزلك عند آخر آية معك. [الطبراني في الأوسط وأحمد في مسنده، وحسنه الألباني]

[അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു. ഖുർആൻ അന്ത്യനാളിൽ വിവർണ്ണനായ ഒരു മനുഷ്യനെ പോലെ വരും. എന്നിട്ട് തൻെറ അവകാശിയോട് ചോദിക്കും. നിനക്ക് എന്നെ അറിയാമോ? ഞാനായിരുന്നു രാവുകളിൽ നിന്നെ നിദ്രാവിഹീനനാക്കിയിരുന്നത്. നട്ടുച്ചകളിൽ നിന്നെ ദാഹാർത്തനാക്കിയിരുന്നത്. എല്ലാ വാണിഭരും അവരുടെ വാണിഭത്തിൻെറ മറക്കു പിന്നിൽ നിലക്കൊള്ളുകയാണ്. എന്നാൽ ഇന്ന് ഞാൻ നിനക്ക് എല്ലാ വാണിഭക്കാരെയും മറികടന്ന് മറനിൽക്കുന്നതാണ്.  അങ്ങനെ അദ്ദേഹത്തിന് വലതു കൈയിൽ ആധിപത്യവും ഇടതു കൈയിൽ ശാശ്വതികത്വവും നൽകപ്പെടും. അദ്ദേഹത്തിൻെറ ശിരസ്സിൽ ഗാംഭീര്യത്തിൻെറ കിരീടം അണിയിക്കപ്പെടും. അദ്ദേഹത്തിൻെറ മാതാപിതാക്കൾക്ക് രണ്ടു മേലാടയണിയിക്കപ്പെടും. ദുനിയാവിനും അതിലുള്ളതിനും അതിനോളം മൂല്യം വരികയില്ല. അവർ രണ്ടു പേരും ചോദിക്കും. റബ്ബേ! ഞങ്ങൾക്ക് എങ്ങനെ ഇത് കൈവന്നു. അപ്പോൾ പറയപ്പെടും. നിങ്ങൾ രണ്ടു പേരും നിങ്ങളുടെ കുട്ടിയെ ഖുർആൻ പഠിപ്പിച്ചതിലൂടെ. ഖുർആനിൻെറ അവകാശിയോട് അന്ത്യനാളിൽ പറയപ്പെടും നീ പാരായണം ചെയ്യൂ. അങ്ങനെ നീ ഉന്നതങ്ങളിലേക്ക് കേറിക്കൊള്ളൂ. ഇഹലോകത്ത് എങ്ങനെയായിരുന്നുവോ നീ പാരായണം ചെയ്തിരുന്നത് അതേ പ്രകാരം തന്നെ നീ പാരായണം ചെയ്തു കൊള്ളുക. നിൻെറ സ്ഥാനം നിൻെറ കൂടെയുള്ള അവസാനത്തെ സൂക്തത്തിനടുത്തായിരിക്കും.] (ത്വബ്റാനി ഔസത്വിലും അഹ്‌മദ് മുസ്‌നദിലും ഉദ്ധരിച്ചത്)

9.  കേവല മനഃപാഠം
ഖുർആനികാശയങ്ങൾ പഠിക്കാതെ, ഖുർആനിക മൂല്യങ്ങൾ ജീവിതത്തിൽ പകർത്താതെ, ഖുർആൻ സൂക്തങ്ങൾ കേവലമായി പാരായണം ചെയ്യുകയും മനഃപാഠമാക്കുകയും ചെയ്യുക എന്നത് സച്ചരിതരായ മുൻഗാമികളുടെ കാലത്ത് അനുവർത്തിക്കപ്പെട്ടിരുന്ന രീതിയല്ല. അത്തരമൊരു രീതി ഖുർആൻ അവതരിപ്പിക്കപ്പെട്ട അടിസ്ഥാന ലക്ഷ്യത്തോട് യോജിക്കുന്നതുമല്ല. നബി ﷺയുടെ അനുചരന്മാരിൽനിന്ന് നേരിട്ട് ഖുർആൻ അഭ്യസിക്കുകയും നാൽപതു വർഷം ഖുർആൻ പഠിപ്പിക്കുകയും ചെയ്ത അബൂ അബ്ദുറഹ്‌മാൻ അസ്സുലമി ഇക്കാര്യം അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതു സംബന്ധിച്ച് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رحمه الله നൽകുന്ന വിശദീകരണം കാണുക.

فَإِنَّ أَصْحَابَ رَسُولِ اللَّهِ ﷺ تَلَقَّوْا عَنْهُ مَا أَمَرَهُ اللَّهُ بِتَبْلِيغِهِ إلَيْهِمْ مِنْ الْقُرْآنِ لَفْظَهُ وَمَعْنَاهُ جَمِيعًا كَمَا قَالَ أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ، وَهُوَ الَّذِي رَوَى عَنْ عُثْمَانَ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ ﷺ أَنَّهُ قَالَ: خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ. كَمَا رَوَاهُ الْبُخَارِيُّ فِي صَحِيحِهِ. وَكَانَ يُقْرِئُ الْقُرْآنَ أَرْبَعِينَ سَنَةً، قَالَ: حَدَّثَنَا الَّذِينَ كَانُوا يُقْرِئُونَنَا عُثْمَانُ بْنُ عَفَّانَ، وَعَبْدُ اللَّهِ بْنُ مَسْعُودٍ، وَغَيْرُهُمَا أَنَّهُمْ كَانُوا إذَا تَعَلَّمُوا مِنْ النَّبِيِّ ﷺ عَشْرَ آيَاتٍ لَمْ يُجَاوِزُوهَا حَتَّى يَتَعَلَّمُوا مَا فِيهَا مِنْ الْعِلْمِ وَالْعَمَلِ، قَالُوا فَتَعَلَّمْنَا الْقُرْآنَ وَالْعِلْمَ وَالْعَمَلَ جَمِيعًا. [ابن تيمية في الفتاوى الكبرى]

[അബൂ അബ്‌ദിറഹ്‌മാൻ അസ്സുലമി നിവേദനം ചെയ്ത പോലെ, നബി ﷺ യുടെ അനുചരന്മാർ അല്ലാഹു അവർക്ക് എത്തിച്ചു കൊടുക്കാൻ കൽപിച്ച ഖുർആനിൻെറ വാക്കുകളും ആശയങ്ങളും നബി ﷺ യിൽനിന്ന് സ്വീകരിച്ചു. ബുഖാരി സ്വഹീഹിൽ ചേർത്തിരിക്കുന്ന റിപ്പോർട്ട് പ്രകാരം അബു അബ്‌ദിറഹ്‌മാൻ അസ്സുലമിയാണ് ഉസ്മാൻ رَضِيَ اللهُ عَنْهُ നബി ﷺയിൽനിന്ന് ഉദ്ധരിക്കുന്ന ഹദീസ് നിവേദനം ചെയ്തിട്ടുള്ളത്. അവിടുന്ന് പറഞ്ഞു: നിങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. അദ്ദേഹം നാൽപത് വർഷം ഖുർആൻ പഠിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹം പറയുന്നു: ഞങ്ങൾക്ക് ഖുർആൻ പഠിപ്പിച്ചു തന്നിരുന്ന ഉസ്മാൻ ബിൻ അഫ്ഫാൻ, അബ്‌ദുല്ലാ ബിൻ മസ്ഊദ് رَضِيَ اللهُ عَنْهم പോലുള്ളവർ നമ്മോട് പറഞ്ഞിട്ടുള്ളത് അവർ നബി ﷺ യിൽനിന്ന് പത്ത് സൂക്തങ്ങൾ പഠിച്ചാൽ അതിലടങ്ങിയിരിക്കുന്ന അറിവും പ്രയോഗവും സ്വായത്തമാക്കുന്നതു വരെ മറ്റുള്ളതിലേക്ക് നീങ്ങുമായിരുന്നില്ല. അവർ പറയുന്നു, അങ്ങനെയാണ് ഞങ്ങൾ ഖുർആൻ അഥവാ അതിലെ അറിവും പ്രയോഗവും ഒരുമിച്ച് അഭ്യസിച്ചത്.] (ഇബ്‌നു തൈമിയ്യ ഫതാവൽ കുബ്റായിൽ രേഖപ്പെടുത്തിയത്)

മതത്തിൽ അവഗാഹം നേടിയ പണ്ഡിതന്മാരാണോ അതോ ഖുർആൻ പാരായണം ചെയ്യുന്ന ഖാരിഉം ഖുർആൻ മനഃപാഠമാക്കിയ ഹാഫിളുമാണോ കൂടുതൽ ശ്രേഷ്ഠരായിട്ടുള്ളത്? ചിലർ ഉന്നയിക്കുന്ന ഈ സംശയം തീർത്തും അസ്ഥാനത്താണ്. നാം മാതൃകയാക്കേണ്ട സച്ചരിതരായ സലഫുകൾ എങ്ങനെയാണ് ഖുർആൻ പഠിച്ചിരുന്നതെന്ന് നടേ വിവരിച്ചുവല്ലോ. അക്കാര്യം അറിയാത്തതു കൊണ്ടോ, ശരിയായ വിധത്തിൽ അത് ഗ്രഹിക്കാത്തതു കൊണ്ടോ ഉടലെടുക്കുന്ന അപ്രസക്തമായ ഒരു സംശയമാണിത്. ഇതു സംബന്ധമായി ഇബ്‌നു ഹജറുൽ അസ്ഖലാനി رَحِمَهُ الله നൽകിയ ഒരു വിവരണം വായിക്കുക:

فَإِنْ قِيلَ فَيَلْزَمُ عَلَى هَذَا أَنْ يَكُونَ الْمُقْرِئُ أَفْضَلَ مِنَ الْفَقِيهِ قُلْنَا لَا لِأَنَّ الْمُخَاطَبِينَ بِذَلِكَ كَانُوا فُقَهَاءَ النُّفُوسِ لِأَنَّهُمْ كَانُوا أَهْلَ اللِّسَانِ فَكَانُوا يَدْرُونَ مَعَانِيَ الْقُرْآنِ بِالسَّلِيقَةِ أَكْثَرَ مِمَّا يَدْرِيهَا مَنْ بَعْدَهُمْ بِالِاكْتِسَابِ فَكَانَ الْفِقْهُ لَهُمْ سَجِيَّةً. [ابن حجر في فتحه]

[എങ്കിൽ ഖുർആൻ പാരായണം ചെയ്യുന്ന ഖാരിഅ് മത പണ്ഡിതനെക്കാൾ ശ്രേഷ്ഠനാണെന്ന് വരുമല്ലോ എന്ന് വാദിക്കുകയാണെങ്കിൽ നാം പറയും, അല്ല, കാരണം, അതു കൊണ്ട് അഭിസംബോധന ചെയ്യപ്പെട്ടവർ സ്വതവേ പണ്ഡിതന്മാരായിരുന്നു. കാരണം അവർ ആ ഭാഷക്കാരണ്. അവരുടെ പിൻഗാമികൾ ആർജ്ജിത സിദ്ധികൾ കൊണ്ട് ഗ്രഹിച്ചിരുന്നതിനെക്കാൾ കൂടുതൽ അവർ സഹജമായി തന്നെ ഖുർആനികാശയങ്ങൾ മനസ്സിലാക്കുന്നവരായിരുന്നു. അവഗാഹം നേടുക എന്നത് അവർക്ക് ജന്മസിദ്ധമായ കഴിവായിരുന്നു.] (ഇബ്‌നു ഹജർ ഫത്ഹിൽ രേഖപ്പെടുത്തിയത്)

ഇബ്‌നു ഹജർ رَحِمَهُ الله യുടെ വിശദീകരണം സ്വതസ്പഷ്ടമാണ്. മുൻഗാമികളിലെ ഖുർആൻ പാരായണം ചെയ്തിരുന്ന ഖാരിഉകളും മനഃപാഠമാക്കിയിരുന്ന ഹാഫിളുകളും യഥാർത്ഥത്തിൽ ഖുർആൻ പണ്ഡിതന്മാരായിരുന്നു. അവരെ കുറിച്ച് പറയപ്പെട്ട ശ്രേഷ്ഠതകളെല്ലാം അവർ ഖുർആനിൽ അവഗാഹമുള്ള പണ്ഡിതന്മാർ എന്ന നിലയിലാണ്. ഖുർആനികാശയങ്ങളെ കുറിച്ച് പര്യാലോചന നടത്താതെയും അവയെ കുറിച്ച് അവഗാഹം നേടാതെയും അവ ജീവിതത്തിൽ പ്രാവർത്തികമാക്കാതെയും കേവലം പാരായണം നടത്തുകയോ മനഃപാഠമാക്കുകയോ ചെയ്യുന്നവർ എന്ന നിലയിലുള്ളതല്ല അവയൊന്നും. ഖുർആനിൽ അവഗാഹം നേടാതെ, ഖുർആനിക മൂല്യങ്ങൾ ജീവിതത്തിൽ പകർത്താതെ കേവലം പാരായണത്തിലും മനഃപാഠത്തിലും ഊന്നൽ കൊടുക്കുന്നത് എത്രത്തോളം അപകടകരമായിട്ടാണ് അവർ കണ്ടിരുന്നതെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സംഭവം കൂടി താഴെ കൊടുക്കാം.

عَنِ ابْنِ عَبَّاسٍ، قَالَ: قَدِمَ عَلَى عُمَرَ رَجُلٌ، فَجَعَلَ عُمَرُ يَسْأَلُهُ عَنِ النَّاسِ، فَقَالَ: يَا أَمِيرَ الْمُؤْمِنِينَ، قَدْ قَرَأَ مِنْهُمُ الْقُرْآنَ كَذَا وَكَذَا، فَقَالَ ابْنُ عَبَّاسٍ: فَقُلْتُ: وَاللَّهِ مَا أُحِبُّ أَنْ يَتَسَارَعُوا يَوْمَهُمْ هَذَا فِي الْقُرْآنِ هَذِهِ الْمُسَارَعَةِ، قَالَ: فَزَبَرَنِي عُمَرُ ثُمَّ قَالَ: مَهْ، قَالَ: فَانْطَلَقْتُ إِلَى أَهْلِي مُكْتَئِبًا حَزِينًا، فَقُلْتُ: قَدْ كُنْتُ نَزَلْتُ مِنْ هَذَا الرَّجُلِ مَنْزِلَةً، فَلَا أُرَانِي إِلَّا قَدْ سَقَطْتُ مِنْ نَفْسِهِ، قَالَ: فَرَجَعْتُ إِلَى مَنْزِلِي، فَاضْطَجَعْتُ عَلَى فِرَاشِي حَتَّى عَادَنِي نِسْوَةُ أَهْلِي وَمَا بِي وَجَعٌ، وَمَا هُوَ إِلَّا الَّذِي تَقَبَّلَنِي بِهِ عُمَرُ، قَالَ: فَبَيْنَا أَنَا عَلَى ذَلِكَ أَتَانِي رَجُلٌ فَقَالَ: أَجِبْ أَمِيرَ الْمُؤْمِنِينَ، قَالَ: خَرَجْتُ فَإِذَا هُوَ قَائِمٌ يَنْتَظِرُنِي، قَالَ: فَأَخَذَ بِيَدِي ثُمَّ خَلَا بِي، فَقَالَ: مَا الَّذِي كَرِهْتَ مِمَّا قَالَ الرَّجُلُ آنِفًا؟ قَالَ: فَقُلْتُ: يَا أَمِيرَ الْمُؤْمِنِينَ، إِنْ كُنْتُ أَسَأْتُ، فَإِنِّي أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ، وَأَنْزِلُ حَيْثُ أَحْبَبْتَ، قَالَ: لَتُحَدِّثَنِّي بِالَّذِي كَرِهْتَ مِمَّا قَالَ الرَّجُلُ، فَقُلْتُ: يَا أَمِيرَ الْمُؤْمِنِينَ مَتَى مَا تَسَارَعُوا هَذِهِ الْمُسَارَعَةَ يَحِيفُوا، وَمَتَى مَا يَحِيفُوا يَخْتَصِمُوا، وَمَتَى مَا يَخْتَصِمُوا يَخْتَلِفُوا، وَمَتَى مَا يَخْتَلِفُوا يَقْتَتِلُوا، فَقَالَ عُمَرُ: لِلَّهِ أَبُوكَ، لَقَدْ كُنْتُ أُكَاتِمُهَا النَّاسَ حَتَّى جِئْتَ بِهَا. [معمر بن راشد في جامعه] 

[ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: ഒരാൾ ഉമർ رَضِيَ اللهُ عَنْهُ ൻെറ അടുക്കൽ വരികയുണ്ടായി. അപ്പോൾ  ജനങ്ങളുടെ സ്ഥിതിവിവരങ്ങളെ കുറിച്ച് ഉമർ رَضِيَ اللهُ عَنْهُ അദ്ദേഹത്തോട് ആരാഞ്ഞു. അദ്ദേഹം പറഞ്ഞു. അമീറുൽ മുഅ്മിനീൻ, അവരിൽ ചിലർ ഖുർആൻ ഇത്ര ഇത്ര പഠിച്ചു. ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ ‌പറയുന്നു. അപ്പോൾ ഞാൻ പറഞ്ഞു. അല്ലാഹു തന്നെ സത്യം! ഖുർആനിൻെറ കാര്യത്തിൽ അവർ ഇപ്പോൾ കാണിക്കുന്ന ഈ ധിറുതി ഞാൻ ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം പറയുന്നു. അപ്പോൾ ഉമർ رَضِيَ اللهُ عَنْهُ എന്നെ ഭത്സിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു. മിണ്ടാതിരിക്ക്. അദ്ദേഹം പറയുന്നു. അങ്ങനെ വളരെ വിഷണ്ണനും ദുഃഖിതനുമായി ഞാൻ എൻെറ വീട്ടുകാരുടെ അടുത്തേക്ക് പോയി. ഞാൻ പറഞ്ഞു. അദ്ദേഹത്തിൻെറ അടുത്ത് എനിക്ക് നല്ല ഒരു സ്ഥാനമുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹത്തിൻെറ മനസ്സിൽനിന്ന് താഴേക്ക് വീണുപോയതായിട്ടാണ് ഞാൻ എന്നെ കാണുന്നത്. അദ്ദേഹം പറയുന്നു. അങ്ങനെ ഞാൻ എൻെറ വീട്ടിലേക്ക് മടങ്ങി. ഞാൻ എൻെറ വിരിപ്പിൽ കിടപ്പായി. എൻെറ വീട്ടുകാരായ സ്ത്രീകൾ രോഗിയെന്ന നിലയിൽ എന്നെ സന്ദർശിക്കാൻ തുടങ്ങി. യഥാർത്ഥത്തിൽ എനിക്ക് ഒരു രോഗവുമില്ലായിരുന്നു. അപ്രകാരം ഉമർ رَضِيَ اللهُ عَنْهُ എന്നെ നേരിട്ടതു കൊണ്ടുള്ളതല്ലാതെ മറ്റൊന്നുമായിരുന്നില്ല അത്. അങ്ങനെയിരിക്കെ, ഒരാൾ എൻെറ അടുത്തുവന്ന് പറഞ്ഞു. അമീറുൽ മുഅ്മിനീന് ഉത്തരം ചെയ്യൂ. അദ്ദേഹം പറയുന്നു. അങ്ങനെ ഞാൻ പുറത്തിറങ്ങി. അപ്പോഴതാ അദ്ദേഹം എന്നെ കാത്ത് പുറത്ത് നിൽക്കുന്നു. അദ്ദേഹം പറയുന്നു. ഉമർ എൻെറ കൈപിടിച്ച് എന്നെയും കൂട്ടി തനിച്ചിരുന്നു. എന്നിട്ട് പറഞ്ഞു. ആ മനുഷ്യൻ പറഞ്ഞതിൽ താങ്കൾക്ക് തെറ്റായി തോന്നിയ കാര്യമെന്താണ്. ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ പറയുന്നു. ഞാൻ പറഞ്ഞു. അമീറുൽ മുഅ്മിനീൻ, ഞാൻ ചെയ്തതു തെറ്റാണെങ്കിൽ ഞാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നു, അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു. താങ്കൾ ഇഷ്ടപ്പെടുന്ന നിലയിൽ ഞാൻ നിലക്കൊള്ളുകയും ചെയ്യാം. അദ്ദേഹം പറഞ്ഞു. ആ മനുഷ്യൻ പറഞ്ഞ കാര്യത്തിൽ താങ്കൾ തെറ്റായി കണ്ടത് എന്താണെന്ന് എന്നോട് പറയുക തന്നെ വേണം. അപ്പോൾ ഞാൻ പറഞ്ഞു. അമീറുൽ മുഅ്മിനീൻ. ഖുർആൻ പഠനത്തിൽ ഈ തരത്തിലുള്ള ധിറുതി എപ്പോൾ അവർ കൈക്കൊള്ളുന്നുവോ അപ്പോഴത് ക്രമവിരുദ്ധമായ നടപടിയായിത്തീരും. എപ്പോഴവർ ക്രമവിരുദ്ധമായ നടപടി കൊക്കൊള്ളുന്നുവോ അപ്പോഴവർ വിവാദത്തിലകപ്പെടും. എപ്പോഴവർ വിവാദത്തിലകപ്പെടുന്നുവോ അപ്പോഴവർ പരസ്പരം ഭിന്നിക്കും. എപ്പോഴവർ ഭിന്നിക്കുന്നുവോ അപ്പോഴവർ പരസ്പരം പോരടിക്കും. അപ്പോൾ ഉമർ رَضِيَ اللهُ عَنْهُ പറഞ്ഞു. താങ്കളുടെ മുഴു നന്മകളും സംഭാവനകളും അല്ലാഹുവിൽനിന്നുള്ളതാണ്. ഈ വസ്തുത താങ്കൾ മുന്നോട്ടു വെക്കുന്നതു വരെ ഞാൻ അത് ജനങ്ങളിൽനിന്ന് മറച്ചുവെക്കുകയായിരുന്നു.] (മഅ്മർ ബിൻ റാശിദ് ജാമിഇൽ ഉദ്ധരിച്ചത്)

ഖുർആൻ പഠിക്കേണ്ടത് അതിലടങ്ങിയ ആശയങ്ങളിൽ അവഗാഹം നോടാനും അവ ജീവിതത്തിൽ പ്രാവർത്തികമാക്കാനും ആവശ്യമായ സാവകാശം എടുത്തു കൊണ്ടായിരിക്കണം. മറിച്ച്, പച്ചവെള്ളം കുടിക്കുന്ന രീതിയിൽ എവിടെയും തൊടാതെ ധിറുതിയിൽ മോന്തിക്കുടിക്കാനുള്ളതല്ല ഖുർആൻ. ഇസ്‌ലാമിൻെറ മുഖ്യധാരയിൽനിന്ന് പിഴച്ചുപോയ ഖവാരിജുകളുടെ സ്വഭാവമായിട്ടാണ് അതിനെ വർണ്ണിച്ചിരിക്കുന്നത്.

عَنْ أَبِي عَبْدِ الرَّحْمَنِ السُّلَمِيِّ، عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنْ رَسُولِ اللَّهِ ﷺ قَالَ: يُوشِكُ أَنْ يَقْرَأَ الْقُرْآنَ قَوْمٌ يَشْرَبُونَهُ كَشُرْبِهِمُ الْمَاءَ، لَا يُجَاوِزُ تَرَاقِيَهُمْ، ثُمَّ وَضَعَ يَدَهُ عَلَى حَلْقِهِ، فَقَالَ: لَا يُجَاوِزُ هَاهُنَا. [الطبراني في الأوسط]

[അബൂ അബ്‌ദിറഹ്‌മാൻ അസ്സുലമി നിവേദനം. ഇബ്‌നു മസ്ഊദ് رَضِيَ اللهُ عَنْهُ നബി ﷺ യെ ഉദ്ധരിക്കുന്നു. അവിടുന്ന് പറഞ്ഞു. ഒരു കൂട്ടർ ഖുർആൻ പഠിക്കുന്ന കാലം അടുത്തിരിക്കുന്നു. അവർ അത് വെള്ളം കുടിക്കുന്ന പോലെയായിരിക്കും കുടിക്കുക. അത് അവരുടെ കണ്ഠം വിട്ടുപോവില്ല. പിന്നിട് അവിടുന്ന് തൻെറ കൈ കണ്ഠത്തിൽ വെച്ചു കൊണ്ട് പറഞ്ഞു. അത് ഇതാ ഇവിടം വിട്ടുപോവില്ല.] (ത്വബ്‌റാനി ഔസത്വിൽ ഉദ്ധരിച്ചത്)

ഖുർആൻ പാരായണവും മനഃപാഠവും ഇന്ന് ഒരു ജാടയായി മാറിയിരിക്കുന്നു എന്ന് പറയേണ്ടി വന്നതിൽ സങ്കടമുണ്ട്. ഇന്നത്തെ ഒട്ടുമിക്ക ഖാരിഉകളും ഹാഫിളുകളും ഖുർആനികാശയങ്ങൾ പഠിക്കാത്തവരും അവ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനെ കുറിച്ച് ചിന്തിക്കാത്തവരുമാണ്. ഖുർആൻ പഠനം മറ്റെന്തിനെക്കാളും ശ്രേഷ്ഠകരമാണ്. പക്ഷെ, അത് ശരിയായ വിധത്തിലല്ലെങ്കിൽ ഒട്ടും വൈകാതെ അത് വലിയ പ്രത്യാഘാതങ്ങളിലേക്ക് വഴിമാറുക തന്നെ ചെയ്യും. താഴെ കൊടുക്കുന്ന നബിവചനം ശ്രദ്ധാപൂർവ്വം വായിക്കുക.

عَنْ جُنْدُبٍ، أَنَّ حُذَيْفَةَ حَدَّثَهُ قَالَ: قَالَ رَسُولُ اللَّهِ ﷺ: إِنَّ مَا أَتَخَوَّفُ عَلَيْكُمْ رَجُلٌ قَرَأَ الْقُرْآنَ حَتَّى إِذَا رُئِيَتْ بَهْجَتُهُ عَلَيْهِ، وَكَانَ رِدْئًا لِلْإِسْلَامِ، غَيَّرَهُ إِلَى مَا شَاءَ اللَّهُ، فَانْسَلَخَ مِنْهُ وَنَبَذَهُ وَرَاءَ ظَهْرِهِ، وَسَعَى عَلَى جَارِهِ بِالسَّيْفِ، وَرَمَاهُ بِالشِّرْكِ، قَالَ: قُلْتُ: يَا نَبِيَّ اللَّهِ، أَيُّهُمَا أَوْلَى بِالشِّرْكِ، الْمَرْمِيُّ أَمِ الرَّامِي؟ قَالَ: بَلِ الرَّامِي. [أخرجه ابن حبان في صحيحه، وحسنه الألباني]

[ഹുദൈഫഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: നിങ്ങളുടെ മേൽ ഞാൻ ഏറെ ഭയപ്പെടുന്നത് ഖുർആൻ പാരായണം ചെയ്യുന്ന ഒരു വ്യക്തിയെയാണ്. അവനിൽ അതിൻെറ ഓജസ്സ് പ്രകടമാവുകയും അവൻ ഇസ്‌ലാമിന് പിന്തുണയായിത്തീരുകയും ചെയ്തു കഴിയുമ്പോൾ, അല്ലാഹുവിൻെറ മുൻനിർണ്ണയത്തിലേക്ക് അവൻ മാറ്റപ്പെടുകയായി. അവനതാ അതിൽ നിന്ന് ഊരിപ്പോവുകയും അതിനെ പിറകോട്ട് വലിച്ചെറിയുകയും ചെയ്യുന്നു. തൻെറ അയൽവാസിക്കെതിരിൽ വാളുമായി ഓടിവരുന്നു. അവനിൽ ശിർക്ക് ആരോപിക്കുന്നു. അദ്ദേഹം പറയുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിൻെറ നബിയേ, അവർ രണ്ടു പേരിൽ ആരാണ് ശിർക്കിൻെറ വിശേഷണം ചാർത്താൻ തരപ്പെട്ടവൻ? ആരോപിതനോ അതോ ആരോപകനോ? അവിടുന്ന് പറഞ്ഞു: അല്ല, ആരോപകൻ തന്നെ.] (ഇബ്‌നു ഹിബ്ബാൻ സ്വഹീഹിൽ ഉദ്ധരിച്ചത്)

[ജുന്‌ദുബ് رَضِيَ اللهُ عَنْهُ നിവേദനം. ഹുദൈഫഃ رَضِيَ اللهُ عَنْهُ അദ്ദേഹത്തോട് പറയുകയുണ്ടായി. നബി ﷺ ഇപ്രകാരം പറഞ്ഞിരിക്കുന്നു. നിങ്ങളുടെ കാര്യത്തിൽ ഞാൻ ഏറ്റവും ഭയപ്പെടുന്നത് ഖുർആൻ പാരായണം ചെയ്യുന്ന ഒരു മനുഷ്യനെയാണ്. അതിൻെറ ഓജസ്സ് അയാളിൽ കാണപ്പെടുകയും അയാൾ ഇസ്‌ലാമിന് ഒരു താങ്ങായി വർത്തിക്കുകയും ചെയ്തതിനു ശേഷം അയാളെ അല്ലാഹു അവൻ ഉദ്ദേശിച്ചതിലേക്ക് വഴിമാറ്റുന്നു. അങ്ങനെ അയാൾ അതിൽനിന്ന് (ഖുർആനിൽനിന്ന്) വഴുതിമാറുന്നു. അത് പിറകോട്ട് വലിച്ചെറിയുന്നു. തൻെറ അയൽവാസിക്കെതിരെ ഖഡ്‌ഗവുമായി പാഞ്ഞടുക്കുന്നു. അദ്ദേഹത്തിനെതിരെ ശിർക്ക് ആരോപിക്കുന്നു. ഹുദൈഫഃ പറയുന്നു: ഞാൻ ചോദിച്ചു, അല്ലാഹുവിൻെറ പ്രവാചകരേ, അവർ രണ്ടു പേരിൽ ആരാണ് ശിർക്കിൽ അകപ്പെടാൻ കൂടതൽ തരപ്പെട്ടവൻ. അവിടുന്ന് പറഞ്ഞു. മറിച്ച്, ആരോപിച്ചവൻ തന്നെ.] (ഇബ്‌നു ഹിബ്ബാൻ സ്വഹീഹിൽ ഉദ്ധരിച്ചത്)

മുൻവിധികളും പക്ഷപാതങ്ങളുമില്ലാതെ സത്യാന്വേഷണ ബുദ്ധിയോടെ വേണം ഖുർആനിനെ സമീപിക്കാൻ. അഹന്തയും അഹംഭാവവുമില്ലാതെ വിനയത്തോടും താഴ്മയോടും കൂടി പ്രാർത്ഥിച്ചു കൊണ്ടു വേണം ഖുർആൻ പഠിക്കാൻ. ജാടകളും പ്രകടനപരതയുമില്ലാതെ സ്വജീവിതത്തെ ദീപ്തമാക്കുക എന്നതായിരിക്കണം തൻെറ ലക്ഷ്യം. മറിച്ചാണെങ്കിൽ, ഏതു നിമിഷവും താൻ വഴിതെറ്റിപ്പോകുമെന്ന ഭയമുണ്ടായിരിക്കണം. സത്യം നിഷേധിക്കാനും അപരരെ അവമതിക്കാനും അവരിൽ കുഫ്റ് ആരോപിക്കാനും അവർക്കെതിരിൽ വാളെടുക്കാനും അങ്ങനെ സ്വയം കുഫ്റിലകപ്പെടാനുമുള്ള സാധ്യതയെ കുറിച്ചാണ് ഈ വചനത്തിലൂടെ ഗൗരവപൂർവ്വം നബി ﷺ നമ്മെ ഉണർത്തുന്നത്.

ഖുർആൻ പഠനം ജാട കാണിക്കാനും പ്രശസ്തി നേടാനും ജീവിതമാർഗ്ഗമാക്കാനും തുനിയുന്ന ആളുകൾക്ക് വലിയ താക്കീതാണ് നൽകപ്പെട്ടിരിക്കുന്നത്. പരലോകത്ത് അവരെ കാത്തിരിക്കുന്നത്… അത്തരം പ്രവണതകളിൽനിന്ന് മുക്തി നേടാനാണ് നബി ﷺ നമ്മോട് ആജ്ഞാപിച്ചിരിക്കുന്നത്.

عَنْ أبي سعيد الخدري عن النبي ﷺ، قال: تعلموا القرآن، وسلوا الله به الجنة، قبل أن يتعلمه قوم، يسألون به الدنيا، فإن القرآن يتعلمه ثلاثة: رجل يباهي به، ورجل يستأكل به، ورجل يقرأه لله. [البيهقي في الشعب، وحسنه الألباني في الصحيحة]

[അബൂ സഈദ് അൽഖുദ്‌രി رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞിരിക്കുന്നു. നിങ്ങൾ ഖുർആൻ പഠിക്കുക. അത് മുൻനിർത്തി അല്ലാഹുവിനോട് നിങ്ങൾ സ്വർഗ്ഗം തേടുക. ഒരു കൂട്ടർ അത് പഠിക്കുകയും അതു കൊണ്ട് ദുനിയാവ് തേടുകയും ചെയ്യുന്നതിനു മുമ്പ്. നിശ്ചയമായും ഖുർആന പഠിക്കുക മൂന്നു തരക്കാരാണ്. ഒരാൾ അത് കൊണ്ട് മേനി നടിക്കും, ഒരാൾ അത് കൊണ്ട് ചെലവ് കഴിക്കും. ഒരാൾ അത് അല്ലാഹുവിന് വേണ്ടി പാരായണം ചെയ്യും.] (ബൈഹഖി ശുഅബിൽ ഉദ്ധരിച്ചത്)

ചുരുക്കത്തിൽ, ഖുർആൻ പഠിക്കേണ്ടത് പരലോകത്ത് സ്വർഗ്ഗം നേടാനാണ്. ജീവിതം കൊടുത്തു കൊണ്ട് മാത്രമേ സ്വർഗ്ഗം വിലക്കു വാങ്ങാനാവുകയുള്ളു. ഖുർആൻ മതിയായ സാവകാശമെടുത്ത് കേൾക്കുകയും പാരായണം നടത്തുകയും അതിലടങ്ങിയ ആശയങ്ങളെ കുറിച്ച് പര്യാലോചന നടത്തുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തുകൊണ്ട് മാത്രമേ ഖുർആനിൻെറ അവകാശി ആയിത്തീരാൻ സാധിക്കുകയുള്ളു. ഭൗതിക താൽപര്യങ്ങളേതുമില്ലാതെ ഖുർആനിൽ അവഗാഹം നേടുന്ന അല്ലാഹുവിൻെറ സ്വന്തക്കാരിൽ ഉൾപ്പെടാനുള്ള തൗഫീഖ് അവൻ നമുക്ക് പ്രദാനം ചെയ്യട്ടെ. ആമീൻ.