ജീവിത പുരോഗതിയുടെയും ധൈഷണിക മുന്നേറ്റത്തിൻെറയും അളവുകോലായി ഇന്ന് കണക്കാക്കപ്പെടുന്നത് ശാസ്ത്രത്തെയാണല്ലോ. അതേപോലെ, ആധുനിക മനുഷ്യരിൽ പലരും തങ്ങളുടെ അവസാന സങ്കേതമെന്ന് കരുതുന്നതും ശാസ്ത്രത്തെയും ശാസ്ത്രീയ മാർഗ്ഗങ്ങളെയുമാണ്. ഈ സാഹചര്യത്തിൽ, വിവധങ്ങളായ മനുഷ്യാവസ്ഥകളിലും ജീവിത വ്യവഹാരങ്ങളിലും ശാസ്ത്രത്തിൻെറ സ്വാധീനവും അതിപ്രസരവും എത്രത്തോളമാണെന്ന് കാണിക്കാൻ സുദീർഘമായി ഉപന്യസിക്കേണ്ടതില്ല. എന്നാൽ മനുഷ്യൻ കടുന്നുവന്ന പുരാതന, ആധുനിക, ഉത്തരാധുനിക, സത്യാനന്തര കാലഘട്ടങ്ങളുടെ വിശാലമായ കാൻവാസിൽ എന്നും എവിടെയും കണ്ടു വന്ന ഒരു സ്ഥിരമൂല്യമല്ല ശാസ്ത്രം. ആധുനിക കാലത്താണ് ശാസ്ത്രവും ശാസ്ത്രീയ മാർഗ്ഗങ്ങളും രംഗപ്രവേശനം ചെയ്യുന്നതു തന്നെ. അതിനു ശേഷം ശാസ്ത്ര സങ്കൽപത്തിനു കാതലായ പല മാറ്റങ്ങളും വന്നു എന്നതും ശ്രദ്ധേയമാണ്. ഇതുകൊണ്ടു തന്നെ ശാസ്ത്രം, ശാസ്ത്രീയത എന്നൊക്കെ പറയുമ്പോൾ അതിൻെറ കൃത്യമായ നിർവ്വചനവും വിവക്ഷയും എന്താണെന്ന് പരിശോധിക്കേണ്ടി വരികയാണ്. ശാസ്ത്രം എന്നത് പരസ്പര പൂരകങ്ങളല്ലാത്ത, ഭിന്നവും വ്യത്യസ്തവുമായ ആശയങ്ങളെ കുറിക്കാൻ ഉപയോഗിച്ചിരുന്ന ഒരു സംജ്ഞയായിരുന്നു. ഇന്ന് അതിൻെറ അതിരുകൾ വിശാലമാക്കി എന്തിനെയും ഉൾക്കൊള്ളാനുതകുന്ന നിർവ്വചനങ്ങളാണ് നൽകപ്പെട്ടുകൊണ്ടിരിക്കുന്നത്. വിശ്വസനീയവും പഠിപ്പിക്കാവുന്നതുമായ ഏതറിവിനെയും ശാസ്ത്രത്തിൻെറ നിർവ്വചന പരിധിയിൽ ഉൾപ്പെടുത്തുന്നവർ പോലുമുണ്ട്.
Science is the pursuit and application of knowledge and understanding of the natural and social world following a systematic methodology based on evidence.
[തെളിവിനെ അടിസ്ഥാനപ്പെടുത്തി വ്യവസ്ഥാപിത മാർഗ്ഗത്തിൽ ഭൗതിക-സമൂഹ ലോകക്രമങ്ങളെ മനസ്സിലാക്കാനുള്ള അറിവിൻെറ അന്വേഷണവും പ്രയോഗവുമാണ് ശാസ്ത്രം].
ബൗദ്ധിക മണ്ഡലത്തിൽ സംഭവിക്കുന്നതെല്ലാം ശാസ്ത്രവും, നല്ലെതെന്നു കരുതാവുന്നതെന്തും ശാസ്ത്രീയ നേട്ടവും എന്ന് സ്ഥാപിക്കാനുതകുന്ന വിധത്തിലാണ് ശാസ്ത്രത്തെ ഏറ്റവും ഒടുവിൽ വിശദീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഭൗതിക ലോകത്ത് മനുഷ്യൻെറ പഞ്ചേന്ദ്രിയങ്ങൾക്ക് ഗോചരമാകുന്ന വസ്തുക്കളെയും പ്രതിഭാസങ്ങളെയും കുറിച്ച് അവനു പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനും, തെറ്റിയും തിരുത്തിയും മുന്നേറാനുമുള്ള ഒരു വേദിയാണ് ശാസ്ത്രം. ഭൗതിക വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും ഘടനയെയും പ്രവർത്തന രീതിയെയും സംബന്ധിച്ച് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ അവനു ലഭിക്കുന്ന ഏറ്റവും ഒടുവിലത്തെ നിഗമനം മാത്രമാണ് ശാസ്ത്രീയമായ കണ്ടെത്തലുകൾ. അല്ലാതെ അതൊരിക്കലും ആത്യന്തിക യാഥാർത്ഥ്യങ്ങളല്ല. (Present verification of structure and behavior of the physical world through observation and experiment without ultimate reality)
ശാസ്ത്രത്തിൻെറ പേരിൽ വിറ്റഴിക്കപ്പെടുന്നവയെല്ലാം ഒരു പോലെയുള്ള കാര്യങ്ങളല്ല. അവയിൽ പരികൽപനകളും സിദ്ധാന്തങ്ങളും നിയമങ്ങളുമുണ്ട്. തുടർന്നുള്ള പരീക്ഷണ നിരീക്ഷണങ്ങൾക്ക് നിർദ്ദേശിക്കപ്പെടുന്ന കേവല നിഗമനങ്ങളാണ് പരികൽപനകൾ (Hypothesis). കുറേയേറെ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ടെങ്കിലും തെറ്റാനുള്ള സാധ്യതകൾ തള്ളിക്കളയാനാവാത്തവയാണ് സിദ്ധാന്തങ്ങൾ (Theories). ആവർത്തിച്ചുള്ള പരീക്ഷണങ്ങളിലൂടെ തെളിയിച്ചെടുക്കപ്പെട്ടവയാണ് ശാസ്ത്ര നിയമങ്ങൾ (Laws).
ശാസ്ത്ര പരികൽപനകളുടെയും സിദ്ധാന്തങ്ങളുടെയും കാര്യം വിട്ടേക്കുക. നൂറ്റാണ്ടുകളോളം അലംഘനീയമെന്ന് വിശ്വസിച്ച് പിന്തുടർന്നുപോന്നിരുന്ന ശാസ്ത്രനിയമങ്ങൾ തന്നെ ഇടക്കിടെ ചോദ്യംചെയ്യപ്പെടുന്നതും തകർന്നടിയുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. ഇത് ശാസ്ത്രത്തിനും ശാസ്ത്രീയതക്കുമുള്ള കളങ്കമാണെന്ന് കരുതുന്നില്ല. മറിച്ച്, ശാസ്ത്രം മുന്നേറുന്നു എന്നതിൻെറ ലക്ഷണമാണത്. ശാസ്ത്രത്തിൻെറ അടിസ്ഥാന സ്വഭാവം തന്നെ തെറ്റിയും തിരുത്തിയും മുന്നേറുക എന്നുള്ളതാണ്.
ശാസ്ത്രീയമായ കണ്ടെത്തലുകൾ സാധ്യമാകുന്നത് നിരീക്ഷണ പരീക്ഷണങ്ങളിലൂടെയാണ്. അതിനാൽ മനുഷ്യ ബുദ്ധിയുടെയും അനുഭവങ്ങളുടെയും തലങ്ങൾക്കപ്പുറും ശാസ്ത്രത്തിന് കടന്നു ചെല്ലാനാവില്ല. സ്വാഭാവികമായും ബുദ്ധിയുടെ ഭാവങ്ങൾ, സാധ്യതകൾ, പരിമിതികൾ, കെടുതികൾ എന്നിവയൊന്നും മറികടക്കാനും ശാസ്ത്രത്തിനാവില്ല.
ശാസ്ത്രത്തിന് പരിമിതമായ ഭൗതിക മേഖലകളിലല്ലാതെ പ്രപഞ്ചത്തിൻെറ സമസ്ത മേഖലകളിലും കൈവെക്കാനാവില്ല. ശാസ്ത്ര നിരീക്ഷണങ്ങളെ കുറിച്ച് പരമസത്യങ്ങളെന്നോ ആത്യന്തിക യാഥാർത്ഥ്യങ്ങളെന്നോ പറയാനും കഴിയില്ല. യാഥാർത്ഥ്യബോധമുള്ള ശാസ്ത്ര ഗവേഷകന്മാർ അങ്ങനെ അവകാശപ്പെടാറുമില്ല. ഭൗതിക വസ്തുക്കളെയും പ്രതിഭാസങ്ങളെയും സംബന്ധിച്ച് എന്ത്, എങ്ങനെ എന്നു പരിശോധിക്കാനേ ശാസ്ത്രത്തിനു നിർവ്വാഹമുള്ളു. എന്തിനു വേണ്ടി എന്നൊരു അന്വേഷണം നടത്താനോ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താനോ ഭൗതിക ശാത്രത്തിൻെറ സങ്കേതങ്ങളും സമവാക്യങ്ങളും പര്യാപ്തമാവുകയുമില്ല.
എന്ത്, എങ്ങനെ എന്ന അന്വേഷണങ്ങളും ഉത്തരങ്ങളുമാണ് ശാസ്ത്രീയ നിരീക്ഷണങ്ങളെ പുഷ്ടിപ്പെടുത്തുന്നത്. എന്നാൽ എന്തിനു വേണ്ടി എന്ന ചോദ്യവും ഉത്തരവും അതിജീവനത്തിലേക്ക് വഴിതെളിയിക്കുന്ന കാര്യങ്ങളാണ്. അതിലാണ് കൂടുതൽ മൗലികവും ജീവിത സ്പർശിയുമായ ആശയമൂല്യങ്ങളുള്ളത്.
ഭൂലോകത്തേക്ക് അല്ലാഹു നിയോഗിച്ച ഖലീഫഃയാണ് മനുഷ്യൻ. ബൗദ്ധിക പൈതൃകങ്ങളെയും നാഗരിക വികാസങ്ങളയും സാംസ്കാരിക വിശേഷങ്ങളെയും അനന്തരമെടുക്കുകയും കൈമാറിപ്പോരുകയും ചെയ്യുന്ന വർഗ്ഗം എന്നാണ് ഖലീഫഃ എന്ന സംജ്ഞ കൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യനെ ഖലീഫയാക്കുന്നതിനു വേണ്ടി തൻെറ അറിവിനും അനുഭവത്തിനും കീഴിൽ വരുന്ന പ്രകൃതിയുടെ ഓരോ അംശത്തിൻെറയും പൊരുളറിയാനും ആ പൊരുളിനൊത്ത പേരു നൽകാനുമുള്ള കഴിവ് അല്ലാഹു അവനു നൽകി. അതു മുഖേന പ്രകൃതി വസ്തുക്കളെയും പ്രതിഭാസങ്ങളെയും മെരുക്കിയെടുത്ത് വരുതിയിൽ നിർത്താനും തൻെറ നന്മക്കായി പരമാവധി ചൂഷണം ചെയ്യാനും അവനു സാധിക്കുന്നു. ഈ വൈഭവത്തെ കുറിച്ച് വ്യവഹരിക്കാൻ പൊതുവെ ഉപയോഗിക്കാറുള്ളത് ധിഷണ, ബുദ്ധി മുതലായ ശബ്ദങ്ങളാണ്.
ഭൗതിക തലത്തിൽ ഒതുങ്ങി നിന്നുകൊണ്ടാണ് ബുദ്ധി പ്രവർത്തിക്കുന്നത്. സ്ഥലകാലങ്ങളുടെ ചട്ടക്കൂടുകൾ ഭേദിച്ച് പുറത്തു കടക്കാൻ ബുദ്ധിക്കു കഴിയില്ല. അല്ലാഹുവിൻെറ സൃഷ്ടിപ്രപഞ്ചത്തിലെ വളരെ ചെറിയ ഒരു മേഖലയിൽ മാത്രമേ അതിനു കടന്നു ചെല്ലാൻ കഴിയൂ. ബുദ്ധിയുടെ കാൻവാസിൽ തെളിയുന്നതും കൈപ്പിടിയിൽ ഒതുങ്ങുതുമായ കാര്യങ്ങൾ അദൃശ്യവും അഭൗതികവുമായ ലോകങ്ങളെ അപേക്ഷിച്ച് വളരെ തുച്ഛമാണ്. അഭൗതികമായ ആശയ പ്രപഞ്ചങ്ങളിലേക്ക് കടന്നാൽ ബുദ്ധി അന്ധാളിച്ചു പോകുന്നു. ഉദാഹരണമായി, മനുഷ്യബുദ്ധി പ്രാഥമികായി ആർജ്ജിക്കുന്ന കാര്യങ്ങളിൽപെട്ടതാണ് സംഖ്യാബോധം. പക്ഷെ, സംഖ്യയുടെ രണ്ടറ്റങ്ങളെ കുറിച്ച് വിഭാവനം ചെയ്യാൻ ഇന്നുവരെ ഉണ്ടായിട്ടുള്ള ഒരു ബുദ്ധിജീവിക്കും കഴിഞ്ഞിട്ടില്ല. അനന്തത, ധനാത്മകമോ ഋണാത്മകമോ ആവട്ടെ, മനുഷ്യ ബുദ്ധിക്ക് പരിഹരിക്കാനാവാത്ത പ്രഹേളികയും പ്രതിസന്ധിയുമാണ്. അപരാതകൾക്കു മുന്നിൽ പകച്ചുനിൽക്കാനേ അതിനു പറ്റൂ. കാലത്തിൻെറ കാൻവാസിലേക്ക് പ്രവേശിക്കുമ്പോൾ ബുദ്ധി വർത്തമാനത്തിൻെറ ഇരടിൽ ഉടക്കി നിൽക്കുന്നു. ഭാവിയുടെ വാതിലിനു മുന്നിൽ പരിഭ്രമിച്ചു പോകുന്നു. ഭൂതത്തിൻെറ കരിനിഴലിനു മുന്നിൽ ബുദ്ധി ഒരു യാചകൻ മാത്രമാണ്.
എന്നാൽ മതം, മനുഷ്യൻ, പ്രപഞ്ചം പോലുള്ള പ്രമേയങ്ങൾക്ക് ഭൗതികേരതമായ ധാരളം മാനങ്ങളുണ്ട്. ബുദ്ധിക്കും ശാസ്ത്രത്തിനും വഴങ്ങാത്ത വിശാലമായ തലങ്ങൾ. അനന്തമജ്ഞാതമവർണ്ണനീയം എന്നൊക്കെ വർണ്ണിക്കപ്പെട്ട മേഖലകൾ. മനുഷ്യൻെറ അറിവിലും അനുഭവങ്ങളിലും വരാത്ത ദൃശ്യാദൃശ്യ പ്രപഞ്ചങ്ങൾ. മൂർത്തവും അമൂർത്തവുമായ കാര്യങ്ങൾ. അവയിലേക്കെല്ലാം ബുദ്ധിക്കും ശാസ്ത്രത്തിനും കടന്നു ചെല്ലാനാവില്ല. ശാസ്ത്രത്തിന് സാധ്യതയുള്ളത് ഭൗതിക തലങ്ങളിൽ മാത്രമാണല്ലോ.
മനുഷ്യ ബുദ്ധിക്ക് നടേ സൂചിപ്പിച്ചതും അല്ലാത്തതുമായ നിരവധി പരിമിതികളുണ്ട്. പുറമെ ബുദ്ധിയുടെ നിശ്ചയങ്ങൾ ഏറെയും അനുമാനങ്ങളും ആത്മനിഷ്ഠാപരമായ കാര്യങ്ങളുമായിരിക്കും. ബുദ്ധിയുടെ കണ്ടെത്തലുകൾക്ക് മിക്കപ്പോഴും സ്ഥായീഭാവമുണ്ടായിരിക്കുകയുമില്ല. ഒരാൾക്കു സത്യമെന്നും ന്യായമെന്നും തോന്നുന്നത് അപരന് വ്യാജവും അന്യായവുമായി തോന്നും. ഒരാൾക്കു തന്നെ ഇന്ന് ശരിയെന്നു തോന്നുന്ന കാര്യം നാളെ അബദ്ധമായിരുന്നു എന്ന് ബോധ്യപ്പെടും. ബുദ്ധിയുടെ തീരുമാനങ്ങൾ ആപേക്ഷികവും സ്ഥിരതയില്ലാത്തവയുമാണ്. അവ ആത്യന്തികമല്ല. അവക്ക് അപ്രമാദിത്വം കൽപിക്കാനും കഴിയില്ല.
മനുഷ്യ ബുദ്ധിയുടെ പരിമിതികളെ കുറിച്ചും ക്രിയാത്മകവും നിഷേധാത്മകവുമായ ഭാവങ്ങളെ കുറിച്ചും ‘യുക്തി ഇസ്‌ലാമിൻെറ സ്രോതസ്സല്ല’ എന്ന പേരിൽ സ്വതന്ത്രമായ ഒരു ലേഖനം അന്യത്ര ചേർത്തിട്ടുണ്ട്. അഹങ്കാരം, യുക്തിചിന്തനം, അഭീഷ്ടം തുടങ്ങി ബുദ്ധിയെ ബാധിക്കുന്ന കെടുതികളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് അത് പരിശോധിക്കാവുന്നതാണ്.
ബുദ്ധിക്കും ബൗദ്ധിക വ്യാപാരത്തിൻെറ ഫലമായ ശാസ്ത്രത്തിനും ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. ബുദ്ധിയുടെയും ശാസ്ത്രത്തിൻെറയും നിരങ്കുശവും വിവേകശൂന്യവുമായ മുന്നേറ്റത്തെ വിശ്വാസം കൊണ്ടും വിനയം കൊണ്ടും കടിഞ്ഞാണിട്ട് നിയന്ത്രിച്ചില്ലെങ്കിൽ അന്യത്ര കുഴപ്പങ്ങളിലേക്കും സർവ്വനാശങ്ങളിലേക്കും അത് മാനവരാശിയെ തള്ളിവിടുക തന്നെ ചെയ്യും. ഈ യാഥാർത്ഥ്യം ശാസ്ത്ര ഗവേഷകന്മാർ പോലും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അതെ, അദൃശ്യനായ അല്ലാഹുവിൽ വിശ്വസിക്കണം; അവൻ അറിയി ച്ചുതരുന്ന അദൃശ്യകാര്യങ്ങളിലും. അവൻെറ ശാസനകൾക്ക് കീഴ്‌പ്പെടാനുള്ള വിനയം വേണം; അതേ പോലെ ജീവിതത്തിൽ സൂക്ഷ്മതയും ഗൗരവപൂർണ്ണമായ സമീപനവും വേണം. ഇക്കാര്യങ്ങളെ കുറിച്ച് വേണ്ടത്ര വ്യക്തതയോ വിശ്വാസമോ ഇല്ലാത്ത കേവല ഭൗതികന്മാർ അതിനെ മൊത്തമായി ധാർമ്മികത (Ethics) എന്ന പദത്തിൽ ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണ് പതിവ്. അതിൻെറ ന്യായാന്യായങ്ങൾ വിശകലനം ചെയ്യുന്നതിലും അതിനു തൃപ്തികരമായ വിശദീകരണം നൽകുന്നതിലും അവർ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു
അറിവ്, വിവേകം, വിശ്വാസം, വിനയം പോലുള്ള മൂല്യങ്ങൾ ഉൾക്കൊള്ളാത്ത മനുഷ്യർ വിവേകശൂന്യവും ക്രമരഹിതവുമായ മനോഭാവം വെച്ചു പുലർത്തുക എന്നത് സ്വാഭാവികമാണ്. അത് മനുഷ്യൻെറ സഹജ പ്രകൃതത്തിൽ തന്നെയുള്ളതാണ്. അതിനെ കുറിച്ച് അല്ലാഹു ഖുർആനിൽ സൂചിപ്പിക്കുന്നുണ്ട്.
بل الأصل في بني آدم الظلم والجهل، كما قال تعالى: ﴿وحملها الإنسان إنه كان ظلوماً جهولاً﴾ (الأحزاب: 72) [ابن تيمية في مجموع فتاويه]
[മനുഷ്യരുടെ അടിസ്ഥാന ഭാവം അക്രമവും അവിവേകവുമാണ്: അങ്ങനെയാണ് അല്ലാഹു പറഞ്ഞിട്ടുള്ളതും. ”മനുഷ്യൻ അത് (അമാനത്ത്) ഏറ്റെടുക്കുകയുണ്ടായി. തീർച്ചയായും അവൻ അക്രമിയും അവിവേകിയുമാണ്.” (അഹ് സാബ് 72).] (ഇബ്‌നു തൈമിയ്യ, ഫതാവായിൽ രേഖപ്പെടുത്തിയത്)
എന്നാൽ അറിവും വിവേകവുമുള്ള, വിശ്വാസവും വിനയവുമുള്ള മനുഷ്യൻ തൻെറ ബുദ്ധിയിലും യുക്തിബോധത്തിലും അഹങ്കരിക്കുകയില്ല. ഈ പ്രപഞ്ചഘടനയിൽ തൻെറ പങ്കും സ്ഥാനവും എന്താണെന്ന് ചിന്തിക്കും. നിസ്വനും നിസ്സാരനുമായ തൻെറ പരിമിതിയെ കുറിച്ച് ബോധവാനാകും. തൻെറ അറിവും കഴിവും എത്രമേൽ ചെറുതാണെന്ന് അവൻ മനസ്സിലാക്കും. അല്ലാഹു പറയുന്നു:
﴿وَيَسْأَلُونَكَ عَنِ الرُّوحِ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُمْ مِنَ الْعِلْمِ إِلَّا قَلِيلًا﴾ (الإسراء: 85)
[അവർ നിന്നോട് ആത്മാവിനെ കുറിച്ച് ചോദിക്കുന്നു. പറയുക: ആത്മാവ് എൻെറ റബ്ബിൻെറ കാര്യങ്ങളിൽപെട്ടതാണ്. അറിവിൽനിന്ന് അൽപമല്ലാതെ നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല.] (ഇസ്റാഅ് 85)
ശാസ്ത്രം എത്രമേൽ വികസിച്ചാലും അതിനു കടന്നുചെല്ലാനാവാത്ത എണ്ണമറ്റ വിശാലമായ പ്രപഞ്ചങ്ങൾ വേറെയുണ്ട്. മനുഷ്യൻ എത്ര പുരോഗമിച്ചാലും അവന് ആർജ്ജിക്കാവുന്ന അറിവ് എത്രയോ തുഛമാണ്. പക്ഷെ, ഭൗതിക ലോകത്തെ നശ്വരവും പരിമിതമിതവുമായ ചില കാര്യങ്ങൾ മുൻനിർത്തി അവൻ അഹങ്കരിക്കുന്നു. തിരശ്ശീലക്കു പിന്നിലുള്ള പ്രപഞ്ചങ്ങളെ കുറിച്ച് അവൻ ആലോചിക്കുന്നുമില്ല. അല്ലാഹു പറയുന്നു.
﴿يَعْلَمُونَ ظَاهِرًا مِنَ الْحَيَاةِ الدُّنْيَا وَهُمْ عَنِ الْآخِرَةِ هُمْ غَافِلُونَ﴾ (الروم: 7)
[ഐഹിക ജീവിതത്തിൻെറ ബാഹ്യതലമേ അവർ മനസ്സിലാക്കുന്നുള്ളു. പരലോകത്തെ കുറിച്ച് അവർ തീർത്തും അശ്രദ്ധാലുക്കൾ തന്നെയാണ്.] (റും 7)
മേൽ സൂക്തം ചില മൗലികയാഥാർത്ഥ്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധക്ഷണിക്കുന്നുണ്ട്. മനുഷ്യൻെറ ആർജ്ജിത വിജ്ഞാനം എത്ര തന്നെ വികസിച്ചാലും അത് ഭൗതിക തലത്തിന് അപ്പുറത്തേക്ക് പോകില്ല. ഭൗതിക ലോകമെന്നത് അല്ലാഹുവിൻെറ സൃഷ്ടിപ്രപഞ്ചത്തിൽ തുലോം ചെറുതും നശ്വരവും അപ്രധാനവുമാണ്. ഏറെ പ്രാധാന്യം കൽപിക്കേണ്ടത് ശാശ്വതമായ പരലോകത്തിനാണ്. പാരത്രിക ലോകത്തെ കുറിച്ച് മനസ്സിലാക്കാനും അവിടെ സൗഭാഗ്യം നേടാനും ആവശ്യമായ അറിവുകളാണ് ആത്യന്തിക യാഥാർത്ഥ്യങ്ങൾ. അത് മനുഷ്യന് സ്വയം ആർജ്ജിക്കാവുന്നതല്ല. അത് അല്ലാഹുവിൻെറ ദുതന്മാരാൽ പഠിപ്പിക്കപ്പെടേണ്ട വിജ്ഞാനമാണ്. അതിനാൽ ഭൗതിക ശാസ്ത്രമെന്നത് വഹ്‌യിലൂടെ നൽകപ്പെട്ട വിജ്ഞാനവുമായി കൂട്ടിക്കലർത്താൻ പാടില്ലാത്തതാണ്.
എന്നാൽ ആധുനിക കാലത്ത് ഉടലെടുത്ത ഒരു നൂതന പ്രവണതയാണ് മതപരമായ വിഷയങ്ങളെ ശാസ്ത്ര സങ്കേതങ്ങളുപയോഗിച്ച് വിശകലനം ചെയ്യുകയും പ്രമാണവാക്യങ്ങളെ ശാസ്ത്രത്തിനനുസൃതമായി വ്യാഖ്യാനിക്കുകയും ചെയ്യുക എന്നത്. ഈ രീതി പിന്തുടരുന്നവർ ശാസ്ത്ര നിഗമനങ്ങളോട് യോജിക്കാത്ത കാര്യങ്ങളെ നിഷേധിക്കുകയോ ശാസ്ത്രത്തിനനുസൃതമായി വ്യാഖ്യാനിക്കുകയോ ചെയ്യും. അതുപോലെ ശാസ്ത്രം ഇതുവരെ കണ്ടെത്താത്ത കാര്യങ്ങളെ ബോധപൂർവ്വം തമസ്കരിക്കുകയോ വിസ്മൃതിയുടെ അഗണ്യകോടിയിൽ തള്ളുകയോ ചെയ്യും. അവർ ശാത്രത്തെ ഇസ്‌ലാമിൻെറ ഒരു സ്രോതസ്സായും ഭൗതികേതര വിജ്ഞാനങ്ങൾ നേടാനുള്ള ഒരു മാർഗ്ഗമായും കണക്കാക്കുന്നു. ഇതിനെക്കാൾ വലിയ മൗഢ്യം വേറെയില്ലെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ.
ശാസ്ത്രത്തിൻെറ സങ്കൽപങ്ങളും സിദ്ധാന്തങ്ങളും സാമഗ്രികളും വെച്ച് അപഗ്രഥനം ചെയ്യാനും വ്യാഖ്യാനിക്കാനും കഴിയുന്നത് ഭൗതിക വസ്തുക്കളെയും പ്രതിഭാസങ്ങളെയും മാത്രമാണ്. എന്നാൽ അഭൗതിക വിഷയങ്ങളെ മനസ്സിലാക്കാനും വിശദീകരിക്കാനും അവ പര്യാപ്തമാവില്ല. അഭൗതികമായ മത വിജ്ഞാനങ്ങൾ ഗ്രഹിക്കണമെങ്കിൽ സ്രഷ്ടാവ്, സൃഷ്ടി, മതം, പരലോകം, നന്മതിന്മകൾ, പുണ്യപാപങ്ങൾ, ശിക്ഷാരക്ഷകൾ മുതലായ കാര്യങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിഭാവനകളുണ്ടായിരിക്കണം. മതപരമായ അറിവുകൾക്ക് ഘടനാപരമായ ഒരു ചട്ടക്കൂടുണ്ട്. ആ വ്യവവഹാരത്തിനകത്തു വെച്ചുകൊണ്ടു വേണം ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാനും വിലയിരുത്താനും. അല്ലാത്ത പക്ഷം മതപരമായ വിജ്ഞാനങ്ങൾ ശരിയാംവണ്ണം ഗ്രഹിക്കാൻ കഴിയില്ല. അല്ലാഹു പറയുന്നു:
﴿وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ وَمَا يَعْقِلُهَا إِلَّا الْعَالِمُون﴾ (العنكبوت: 43)
[ആ ഉപമകൾ നാം ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുന്നു. അറിവുള്ളവരല്ലാതെ അത് ഗ്രഹിക്കുകയില്ല.] (അൻകബൂത് 43)
അഭൗതികവും മതപരവുമായ വിഷയങ്ങൾ മനസ്സിലാക്കാനുള്ള മാർഗ്ഗമായി ശാസ്ത്രത്തെ കണ്ടുകൂടാ. മറിച്ച് അതിനുള്ള മാനദണ്ഡങ്ങളും ഉപാധികളും മറ്റു ചില കാര്യങ്ങളാണ്. അത്തരം വിജ്ഞാനീയങ്ങൾ കുറ്റമറ്റ രീതിയിൽ പുർണ്ണമായും ഗ്രഹിച്ചത് നബി ﷺ യുടെ അനുചരന്മാരായിരുന്നു. അവരെ കുറിച്ചുള്ള പ്രശസ്തമായ ഒരു നിരീക്ഷണം താഴെ കൊടുക്കാം.
قَالَ ابْنُ مَسْعُودٍ رَضِيَ اللهُ عَنْهُ مَنْ كَانَ مِنْكُمْ مُتَأَسِّيًا فَلْيَتَأَسَّ بِأَصْحَابِ مُحَمَّدٍ ﷺ فَإِنَّهُمْ كَانُوا أَبَرَّ هَذِهِ الْأُمَّةِ قُلُوبًا وَأَعْمَقَهَا عِلْمًا وَأَقَلَّهَا تَكَلُّفًا وَأَقْوَمَهَا هَدْيًا وَأَحْسَنَهَا حَالًا، قَوْمًا اخْتَارَهُمُ اللَّهُ تَعَالَى لِصُحْبَةِ نَبِيِّهِ فَاعْرِفُوا لَهُمْ فَضْلَهُمْ وَاتَّبِعُوهُمْ فِي آثَارِهِمْ؛ فَإِنَّهُمْ كَانُوا عَلَى الْهُدَى الْمُسْتَقِيم. [ابن عبد البر في جامع بيان العلم وفضله]
[ഇബ്‌നു മസ്ഊദ് رَضِيَ اللهُ عَنْهُ പറഞ്ഞു: നിങ്ങളിലൊരാൾ ആരെയെങ്കിലും മാതൃകയാക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ മുഹമ്മദ് ﷺ യുടെ സ്വഹാബത്തിനെ മാതൃകയാക്കട്ടെ. അവരാണ് ഈ സമുദായത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ ഹൃദയാലുക്കൾ. ഏറ്റവും ആഴത്തിൽ അറിവുള്ളവർ, ഒട്ടും കൃത്രിമത്വമില്ലാത്തവർ, ഏറ്റവും നല്ല സന്മാർഗ്ഗചാരികൾ, ഏറ്റവും മികച്ച സ്ഥിതിയിലുള്ളവർ. അഥവാ ഒരു സമൂഹത്തെ (മാതൃകയാക്കട്ടെ). അവരെയാണ് അല്ലാഹു തൻെറ നബിയുടെ സഹവാസത്തിനു വേണ്ടി തെരഞ്ഞെടുത്തത്. അതിനാൽ അവർക്കുള്ള മികവ് നിങ്ങൾ വകവെച്ചു കൊടുക്കുക. അവരുടെ കാൽപാടുകളിൽ അവരെ നിങ്ങൾ പിന്തുടരുക. കാരണം അവരാണ് ഏറ്റവും നേരായ മാർഗ്ഗത്തിലുള്ളവർ.] (ഇബ്‌നു അബ്ദിൽ ബർ, ജാമിഉ ബയാനിൽ ഇൽമി വ ഫള്‌ലിഹി)
ശാസ്ത്രം ഭൗതിക വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും ബാഹ്യതലത്തെ മത്രമേ സ്പർശിക്കുന്നുള്ളു; അതു തന്നെയും പരിമിതമായ മാർഗ്ഗങ്ങളും സങ്കേതങ്ങളും ഉപയോഗിച്ചു കൊണ്ട്. എന്നാൽ സ്രഷ്ടാവായ അല്ലാഹുവിനെയും അവൻ അവതരിപ്പിച്ച മതത്തെയും അവൻ നിയോഗിച്ച ദൂതന്മാരെയും പാരത്രിക ലോകത്തെ അവസ്ഥാ വിശേഷങ്ങളയും സംബന്ധിച്ച് ശരിയാംവണ്ണം കാര്യങ്ങൾ ഗ്രഹിക്കണമെങ്കിൽ നബി ﷺ യെയും സച്ചരിതരായ മുൻഗാമികളെയും പിന്തുടരുക തന്നെ വേണം. അവരോടുള്ള താദാത്മ്യം ആത്മീയമായ അറിവുകളിലേക്ക് ഒരു അകക്കണ്ണ് തുറന്നുതരിക തന്നെ ചെയ്യും.
ومشابهتهم تزيد العقل والدين والخلق. [ابن تيمية، اقتضاء الصراط المستقيم لمخالفة أصحاب الجحيم]
[സ്വഹാബത്തിനോടും താബിഉകളോടുമുള്ള താദാത്മ്യം ബുദ്ധി, മതം, ധാർമ്മിക മൂല്യങ്ങൾ എന്നിവ വർദ്ധിപ്പിക്കും.] (ഇബ്‌നു തൈമിയ്യ, ഇഖ്‌തിളാഉസ്സ്വിറാത്വിൽ മുസ്തഖീം)
മേൽ വിവരണം ശാസ്ത്രത്തിൻെറ പരിമിതി മനസ്സിലാക്കിത്തരാൻ ഉതകുമെന്ന് കരുതുന്നു. അത് മനുഷ്യൻെറ ബൗദ്ധിക വ്യവഹാരങ്ങളുടെ ഒരു ഫലം മാത്രമാണ്. ഭൗതിക വിഷയങ്ങളിൽ തെറ്റിയും തിരുത്തിയും മുന്നേറാനുള്ള ഒരു വേദി. പ്രമാദങ്ങൾക്ക് ഏറെ പഴുതുകളുള്ള മേഖല. അത് ആത്യന്തിക സത്യം പ്രദാനം ചെയ്യുന്നില്ല. എന്നിരുന്നാലും ഇക്കാലത്ത് ശാസ്ത്രത്തെ ദൈവസ്ഥാനത്ത് പ്രതിഷിഠിക്കുന്നവർ പോലുമുണ്ട്. ശാസ്ത്രത്തിൻെറ ഈ അതിപ്രസരം വിശുദ്ധ ഖുർആൻ വിവരണത്തിൻെറ ചില ഭാഗങ്ങളിലെങ്കിലും പ്രകടമാണ്. അപകടകരമായ ഈ പ്രവണതയെ കുറിച്ച് മാന്യ വായനക്കാർ സൂക്ഷ്മത പുലർത്തുമെന്ന് കരുതുന്നു.