മനുഷ്യരാശിയെ സന്മാർഗ്ഗത്തിലേക്ക് ക്ഷണിക്കാൻ എല്ലാ സമുദായങ്ങളിലേക്കും അല്ലാഹു ദൂതന്മാരെ നിയോഗിച്ചു. അവർക്ക് ഗ്രന്ഥങ്ങളും നൽകി. അങ്ങനെയുള്ള ഏതാനും നബിമാരെ കുറിച്ചും ഗ്രന്ഥങ്ങളെ കുറിച്ചും അല്ലാഹുതന്നെ നമുക്ക് വിവരിച്ചു തന്നിരിക്കുന്നു. ഇബ്റാഹീം, മൂസാ عَلَيْهِمَا السَلَامُ എന്നിവർക്ക് നൽപ്പെട്ട ഏടുകളെ കുറിച്ച് ഖുർആനിൽ സൂചനയുണ്ട്. മൂസാ നബി عَلَيْهِ السَلَامُ ക്ക് നൽകിയ തൗറാത്, ഈസാ നബി عَلَيْهِ السَلَامُ ക്ക് നൽകിയ ഇഞ്ചീൽ, ദാവൂദ് നബി عَلَيْهِ السَلَامُ ക്ക് നൽകിയ സബൂർ എന്നിവയെ കുറിച്ച് പ്രത്യേക പരാമർശം തന്നെയുണ്ട്. മുൻകാലത്ത് ഇറക്കപ്പെട്ട ഇത്തരം ഗ്രന്ഥങ്ങൾ ലഭിച്ചവരെ അഹ്ലുൽ കിതാബ് എന്നാണ് വിളിക്കുക. ഖുർആനിൽ പ്രത്യേക പരാമർശമുള്ള ഗ്രന്ഥങ്ങൾ ജൂതക്രൈസ്തവ വിഭാഗങ്ങൾക്കാണ് ലഭിച്ചിട്ടുള്ളത്. ഗ്രന്ഥാവകാശികൾ (أهل الكتاب) എന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നത് ഫലത്തിൽ ജൂതക്രൈസ്തവ വിഭാഗങ്ങളെയാണ്.
മുഹമ്മദ് നബി ﷺ യുടെ നിയോഗം സംഭവിച്ചത് ചരിത്രത്തിൻെറ വെള്ളിവെളിച്ചത്തിലാണ്. അതുകൊണ്ടു തന്നെ മുഹമ്മദ് നബി ﷺ ഒരു ചരിത്രപുരുഷനും ഖുർആൻ ഒരു ചരിത്രയാഥാർത്ഥ്യവുമാണെന്നതിൽ ബുദ്ധിയുടെയും ചരിത്രത്തിൻെറയും പേരിൽ വാദിക്കുന്ന യുക്തിവാദികൾക്കാർക്കും ഇന്നുവരെ ഒരു സംശയം പോലും ഉന്നയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, മുൻകാല നബിമാരുടെയും ഗ്രന്ഥങ്ങളുടെയും കാര്യം അങ്ങനെയല്ല. അവരൊക്കെ ചരിത്ര പുരുഷന്മാരായിരുന്നുവെന്നും, ആരുടെയോ ഭാവനാ വിലാസങ്ങളിൽ വിടർന്ന ഇതിഹാസ കഥാപാത്രങ്ങളല്ലെന്നും തെളിയിക്കാൻ അവരുടെ അനുയായികൾ പെടാപാടുപെടുകയാണ്. എന്നാൽ ഖുർആനിൽ പരാമർശിക്കപ്പെട്ട നബിമാരും ഗ്രന്ഥങ്ങളും ഖുർആനിക സാക്ഷ്യം കൊണ്ടു തന്നെ അനിഷേധ്യ യാഥാർത്ഥ്യങ്ങളായിത്തീരുന്നു. ഇമാം ബുഖാരി رَحِمَهُ اللهُ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസ് കാണുക:
عن أبي سعيد الخدري رضي الله عنه، قال: قال رسول الله ﷺ: يجاء بنوح يوم القيامة، فيقال له هل بلغت؟ فيقول: نعم يا رب، فتسأل أمته، هل بلغكم؟ فيقولون ما جاءنا من نذير، فيقول: من شهودك؟ فيقول: محمد وأمته، فيجاء بكم فتشهدون، ثم قرأ رسول الله ﷺ: وكذلك جعلناكم أمة وسطا، قال عدلا، لتكونوا شهداء على الناس ويكون الرسول عليكم شهيدا. [البخاري في صحيحه]
[അബൂ സഈദ് അൽ ഖുദ്‌രി رضِيَ الله عَنْهُ നിവേദനം. അല്ലാഹുവിൻെറ റസൂൽ ﷺ പറഞ്ഞു: അന്ത്യനാളിൽ നൂഹ് عَلَيْهِ السَلَامُ നെ ഹാജരാക്കും. അനന്തരം അദ്ദേഹത്തോട് ചോദിക്കും: നീ സന്ദേശം എത്തിച്ചു കൊടുത്തിരുന്നുവോ? അദ്ദേഹം പറയും: അതെ, റബ്ബേ! അപ്പോൾ അദ്ദേഹത്തിൻെറ സമുദായത്തോട് ചോദിക്കും: അദ്ദേഹം നിങ്ങൾക്ക് സന്ദേശം എത്തിച്ചു തന്നിരുന്നുവോ? അവർ പറയും: ഞങ്ങൾക്ക് ഒരു താക്കീതുകാരനും വന്നിരുന്നില്ല. അപ്പോൾ അല്ലാഹു ചോദിക്കും: ആരാണ് നിൻെറ സാക്ഷികൾ? അദ്ദേഹം പറയും: മുഹമ്മദും അദ്ദേഹത്തിൻെറ സമുദായവും. അങ്ങനെ നിങ്ങളെ ഹാജരാക്കുകയും നിങ്ങൾ സാക്ഷി പറയുകയും ചെയ്യും. തുടർന്ന് നബി പാരായണം ചെയ്തു. وكذلك جعلناكم أمة وسطا ”അപ്രകാരം നിങ്ങളെ നാം പ്രാമാണിക യോഗ്യരായ ഒരു സമൂഹമാക്കിയിരിക്കുന്നു”. അവിടുന്ന് പറഞ്ഞു: അഥവാ ആധികാരികതയുള്ള നീതിമാന്മാരാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്കു സാക്ഷികളായിരിക്കുന്നതിനു വേണ്ടി; റസൂൽ ﷺ നിങ്ങൾക്കു സാക്ഷിയാകുന്നതിനും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
എന്നാൽ പുരാണേതിഹാസങ്ങളെയും അവയിലെ കഥാപാത്രങ്ങളെയും സംബന്ധിച്ച് ഖുർആനിൽ പരാമർശങ്ങളോ സൂചനകളോ ഇല്ല. അവയുടെ ചരിത്രപരത തെളിയിക്കാനുതകുന്ന മറ്റു രേഖകളൊന്നും ലഭ്യവുമല്ല. അതിനാൽ അവയിലെ കഥാപാത്രങ്ങളെ അല്ലാഹു നിയോഗിച്ച നബിമാരാണെന്നോ, അവ അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങളാണെന്നോ വിശ്വസിക്കാനോ പറയാനോ പാടില്ല. അവയെ ‘വേദഗ്രന്ഥങ്ങളായും’ അവയിലെ കഥാപാത്രങ്ങളെ ‘പ്രവാചകന്മാരായും’ ഇന്ന് പലരും പരിചയപ്പെടുത്തുന്നത് ഇസ്‌ലാമികദൃഷ്ട്യാ കടുത്ത അജ്ഞതയും തെറ്റുമാകുന്നു. ഇസ്‌ലാമിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ എവിടെയും അവക്ക് യാതൊരു സ്ഥാനവുമില്ല. അവ അറിവും ദീനും നേടാനുളള ഒരു സ്രോതസ്സുമല്ല. മുൻഗാമികൾക്കു നൽകപ്പെട്ട ഗ്രന്ഥങ്ങളെ കുറിച്ചുള്ള ഈ ചർച്ചയിൽ അവ ഉൾപ്പെടുന്നില്ല. പൂർവ്വിക സമുദായങ്ങൾക്ക് അല്ലാഹു നൽകിയതെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തിയ ഗ്രന്ഥങ്ങൾ മാത്രമേ മുൻഗാമികളുടെ ഗ്രന്ഥങ്ങൾ എന്ന പരാമർശത്തിൽ ഉൾപ്പെടുന്നുള്ളു.
മുൻഗാമികൾക്കായി അല്ലാഹു നൽകിയതെന്ന് സാക്ഷ്യപ്പെടുത്തപ്പെട്ട ഏടുകളും ഗ്രന്ഥങ്ങളും എല്ലാം തന്നെ ഖുർആനിൻെറ അവതരണത്തോടെ അല്ലാഹു റദ്ദാക്കി. അവയിലുള്ള കാലാതിവർത്തിയായ മൂല്യങ്ങളെയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഖുർആൻ അവതരിപ്പിച്ചിട്ടുള്ളത്. ഇനിമേൽ പ്രാബല്യത്തിലുള്ള ഗ്രന്ഥം ഖുർആൻ മാത്രമാണ്. അതിനാൽ അറിവിൻെറയും ദീനിൻെറയും സ്രോതസ്സായി അവലംബിക്കേണ്ടത് പ്രാബല്യത്തിലുള്ള ഖുർആനിനെയാണ്; റദ്ദുചെയ്യപ്പെട്ട മുൻകാല ഗ്രന്ഥങ്ങളെയല്ല.
﴿وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ…﴾ (المائدة: 48)
[താങ്കൾക്ക് അല്ലാഹുവിൻെറ ഏകത്വത്തെ കുറിച്ചുള്ള പരമസത്യവുമായി നാം ഇതാ ഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു – അതിനു മുമ്പുള്ള ഗ്രന്ഥങ്ങളെ സത്യപ്പെടുത്തിയും അവയിലുള്ള ചിരന്തന മൂല്യങ്ങളെ നിലനിർ ത്തിയും. അതിനാൽ നാം അവതരിപ്പിച്ചതു കൊണ്ട് നീ അവർക്കിടയിൽ വിധികൽപിക്കുക. നിനക്കു വന്നെത്തിയ സത്യം വിട്ട് അവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റിപോകരുത്…] (മാഇദഃ 48)
﴿أَوَلَمْ يَكْفِهِمْ أَنَّا أَنزَلْنَا عَلَيْكَ الْكِتَابَ يُتْلَىٰ عَلَيْهِمْ إِنَّ فِي ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ﴾ (العنكبوت: 51)
[തീർച്ചയായും നാം നിനക്ക് ഗ്രന്ഥം ഇറക്കിത്തരികയും അത് അവർക്ക് ഓതിക്കേൾപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുതന്നെ പോരേ അവർക്ക്? തീർച്ചയായും വിശ്വാസികളായ ജനതക്ക് അതിൽ തന്നെ കാരുണ്യവും ഉൽബോധനവുമുണ്ട്.] (അൻകബൂത് 51)
മുകളിൽ ഉദ്ധരിച്ച രണ്ടു ഖുർആൻ സൂക്തങ്ങളും ശ്രദ്ധിക്കുക. വളരെ ഗൗരവതരവും അർത്ഥപൂർണ്ണവുമായ ചില സന്ദേശങ്ങൾ അവ നമുക്കു നൽകുന്നു:
പൂർവ്വിക സമുദായങ്ങൾക്ക് അല്ലാഹു നൽകിയതെന്ന് ഖൂർആൻ സാക്ഷ്യപ്പെടുത്തിയ ഒരു ഗ്രന്ഥവും ഇന്ന് അതിൻെറ ആദിമപരിശുദ്ധിയിൽ നിലനിൽക്കുന്നില്ല. അവയെല്ലാം തന്നെ അവയുടെ അവകാശികൾ പിൽ ക്കാലത്ത് മാറ്റത്തിരുത്തലുകൾ വരുത്തിയിട്ടുള്ളവയാണ്. അവയിലുള്ള പല കാര്യങ്ങളും അവർ ഒഴിവാക്കുകയും അവരുടെ തന്നിഷ്ടങ്ങൾ പലതും അതിലേക്ക് കൂട്ടിച്ചേർക്കുകയും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്തിട്ടുള്ള കാര്യം ഖുർആനിൽ ആവർത്തിക്കപ്പെട്ടിരിക്കുന്നു.
﴿فَبِمَا نَقْضِهِمْ مِيثَاقَهُمْ لَعَنَّاهُمْ وَجَعَلْنَا قُلُوبَهُمْ قَاسِيَةً يُحَرِّفُونَ الْكَلِمَ عَنْ مَوَاضِعِهِ وَنَسُوا حَظًّا مِمَّا ذُكِّرُوا بِهِ وَلَا تَزَالُ تَطَّلِعُ عَلَى خَائِنَةٍ مِنْهُمْ إِلَّا قَلِيلًا مِنْهُمْ فَاعْفُ عَنْهُمْ وَاصْفَحْ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ۞ وَمِنَ الَّذِينَ قَالُوا إِنَّا نَصَارَى أَخَذْنَا مِيثَاقَهُمْ فَنَسُوا حَظًّا مِمَّا ذُكِّرُوا بِهِ فَأَغْرَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَى يَوْمِ الْقِيَامَةِ وَسَوْفَ يُنَبِّئُهُمُ اللَّهُ بِمَا كَانُوا يَصْنَعُونَ﴾ (المائدة: 13-14)
[അവർ കരാർ ലംഘിച്ചതിനാൽ നാം അവരെ ശപിക്കുകയും, അവരുടെ മനസ്സുകളെ പരുഷമാക്കുകയും ചെയ്തു. അവർ വചനങ്ങളെ അവയുടെ യഥാസ്ഥാനങ്ങളിൽ നിന്ന് തെറ്റിക്കുന്നു. അവർക്ക് ഉൽബോധനം നൽകപ്പെട്ടതിൽ ഒരു ഭാഗം അവർ മറന്നുകളയുകയും ചെയ്തിരിക്കുന്നു. അവർ – അൽപം ചിലരൊഴികെ – നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന നീ കണ്ടുകൊണ്ടേയിരിക്കും. അവർക്ക് നീ മാപ്പുനൽകുക, വിട്ടുവീഴ്ച ചെയ്യുക. നിശ്ചയം, അല്ലാഹു ഇഷ്ടപ്പെടുന്നത് പൂർണ്ണത കൈവരിച്ചവരെയാണ്. ഞങ്ങൾ ക്രൈസ്തവരാണെന്ന് പറഞ്ഞവരിൽ നിന്നും നാം കരാർ വാങ്ങി. എന്നിട്ട് അവർക്ക് നൽകപ്പെട്ട ഉൽബോധനത്തിൽനിന്ന് ഒരു ഭാഗം അവരും മറന്നുകളഞ്ഞു. അതിനാൽ അവർക്കിടയിൽ അന്ത്യനാൾവരെക്കും ശത്രുതയും വിദ്വേഷ വും നാം ജ്വലിപ്പിച്ചു. അവർ ചെയ്തു കൊണ്ടിരിക്കുന്നതിനെ പറ്റി പിന്നീട് അല്ലാഹു അവരെ അറിയിക്കുക യും ചെയ്യും.] (മാഇദഃ 13-14)
ജൂതന്മാരെ കുറിച്ച് അല്ലാഹു പറയുന്നു:
﴿أَفَتَطْمَعُونَ أَنْ يُؤْمِنُوا لَكُمْ وَقَدْ كَانَ فَرِيقٌ مِنْهُمْ يَسْمَعُونَ كَلَامَ اللَّهِ ثُمَّ يُحَرِّفُونَهُ مِنْ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ﴾ (البقرة: 75)
[അവർ നിങ്ങളെ വിശ്വസിച്ചേക്കുമെന്ന് നിങ്ങൾ മോഹിക്കുകയാണോ? അവരിൽ ഒരു വിഭാഗം അല്ലാഹുവിൻെറ വചനങ്ങൾ കേൾക്കുകയും, അതു ഗ്രഹിച്ച ശേഷം അറിഞ്ഞു കൊണ്ടുതന്നെ അതിൽ കൃത്രിമം കാണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരാണ്!]. (ബഖറഃ 75)
﴿فَوَيْلٌ لِّلَّذِينَ يَكْتُبُونَ الْكِتَابَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَذَا مِنْ عِندِ اللَّهِ لِيَشْتَرُوا بِهِ ثَمَنًا قَلِيلًا فَوَيْلٌ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ﴾ (البقرة: 79)
[സ്വന്തം കൈപ്പടയിൽ ഏടുകൾ എഴുതിയുണ്ടാക്കുകയും, തുഛമായ വിലക്കു വിൽക്കുന്നതിനു വേണ്ടി അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന് പറയുകയും ചെയ്യുന്നവർക്ക് കഠോരമായ നരകമാണുണ്ടായിരിക്കുക. അങ്ങനെ സ്വന്തം കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാലും അതു മുഖേന സമ്പാദിക്കുന്നതിനാലും അവർക്ക് കഠിനമായ നരകം തന്നെയാണുള്ളത്.] (ബഖറഃ 79)
﴿وَإِنَّ مِنْهُمْ لَفَرِيقًا يَلْوُونَ أَلْسِنَتَهُم بِالْكِتَابِ لِتَحْسَبُوهُ مِنَ الْكِتَابِ وَمَا هُوَ مِنَ الْكِتَابِ وَيَقُولُونَ هُوَ مِنْ عِندِ اللَّهِ وَمَا هُوَ مِنْ عِندِ اللَّهِ وَيَقُولُونَ عَلَى اللَّهِ الْكَذِبَ وَهُمْ يَعْلَمُونَ﴾ (آل عمران: 78)
[അവരിൽ തന്നെ മറ്റൊരു സംഘമുണ്ട്. ഗ്രന്ഥവുമായി അവരുടെ നാവിനെ അവർ വക്രീകരിക്കും. അതു ഗ്രന്ഥത്തിൽപെട്ടതാണെന്ന് നിങ്ങൾ കരുതുന്നതിനു വേണ്ടിയാണത്. അതു ഗ്രന്ഥത്തിൽപെട്ടതല്ല. അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന് അവർ പറയും. അത് അല്ലാഹുവിങ്കൽനിന്നുള്ളതല്ല. അവർ അറിഞ്ഞുകൊണ്ടു തന്നെ അല്ലാഹുവിൻെറ പേരിൽ കളവു പറയുകയാണ്.] (ആലു ഇംറാൻ 78)
മുൻഗാമികൾക്ക് അല്ലാഹു ഇറക്കികൊടുത്ത ഗ്രന്ഥങ്ങൾ ഖുർആനിൻെറ അവതരണത്തോടെ അസാധുവാക്കപ്പെട്ടു എന്നതിനു പുറമെ അവയൊന്നും തന്നെ തനതു രൂപത്തിൽ ഇന്ന് നിലനിൽക്കുന്നില്ല എന്നതും മേൽ സൂക്തങ്ങളിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അവയൊക്കെ തന്നെ കാലാന്തരത്തിൽ നഷ്ടപ്പെട്ടു പോവുകയോ മുകളിൽ പറഞ്ഞ പ്രകാരം അതതിൻെറ അനുയായികൾ തന്നെ അവരുടെ കാര്യലാഭത്തിനായി മാറ്റത്തിരുത്തലുകൾ വരുത്തി നശിപ്പിക്കുകയോ ചെയ്തു കഴിഞ്ഞിട്ടുള്ളതാണ്.
ആയതിനാൽ, ഇന്ന് ലഭിക്കുന്ന ബൈബിൾ പഴയനിയമം അല്ലാഹു മൂസാ നബി عَلَيْهِ السَلَامُ ക്കു നൽകിയ തൗറാത്ത് അല്ല. പുതിയ നിയമം ഈസാ നബി عَلَيْهِ السَلَامُ ക്കു നൽകിയ ഇഞ്ചീലല്ല. സങ്കീർത്തനങ്ങൾ ദാവൂദ് നബി عَلَيْهِ السَلَامُ ക്ക് നൽകിയ സബൂറല്ല. തൗറാത്തിലെയും ഇഞ്ചീലിലെയും സബൂറിലെയും ചില അംശങ്ങൾ അവയിൽ ഉദ്ധരിച്ചിരിക്കാം എന്നു മാത്രം. പക്ഷെ, ചില മുസ്‌ലിം പ്രസംഗകരും എഴുത്തുകാരും അവയെ തൗറാത്തും ഇഞ്ചീലും സബൂറുമായി കണക്കാക്കുകയും അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇതു തെറ്റിദ്ധാരണാജനകവും വലിയ അബദ്ധവുമാണ്.
ഇവ്വിഷയകമായി വിശുദ്ധ ഖുർആൻ വിവരണത്തിലും കുറേ ആശയക്കുഴപ്പങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല.
മുൻകാല ഗ്രന്ഥങ്ങളുടെ അവകാശികൾ അവരുടെ കൈവശമുള്ളത് നമ്മുടെ മുന്നിൽ ഉദ്ധരിക്കാൻ ധാരാളം സാധ്യതകളുണ്ട്. അത്തരം സാഹചര്യങ്ങളിൽ മുസ്‌ലിംകളായ നമ്മൾ എന്തു നിലപാട് സ്വീകരിക്കണം? ഇക്കാര്യത്തിൽ നബി ﷺ വ്യക്തമായ മാർഗ്ഗനിർദ്ദേശം തന്നെ നൽകിയിട്ടുണ്ട്.
عن أبي هريرة رضي الله عنه قال: كان أهل الكتاب يقرأون التوراة بالعبرانية ويفسرونها بالعربية لأهل الإسلام فقال رسول الله ﷺ لا تصدقوا أهل الكتاب ولا تكذبوهم، وقولوا: ﴿آمنا باللهوما أنزل إلينا…﴾ (البقرة: 136) [البخاري في صحيحه]
[അബൂ ഹുറയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. ഗ്രന്ഥാവകാശികൾ അരമായ ഭാഷയിൽ തൗറാത്ത് വായിക്കുകയും മുസ്‌ലിംകൾക്കത് അറബിയിൽ വിവരിച്ചു കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: ”നിങ്ങ ൾ ഗ്രന്ഥാവകാശികളെ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്. മറിച്ച്, ഞങ്ങൾ അല്ലാഹുവിലും ഞങ്ങൾക്ക് ഇറക്കിയതിലും വിശ്വസിച്ചിരിക്കുന്നു” (ബഖറഃ 136) എന്ന് പ്രഖ്യാപിക്കുക മാത്രമേ ചെയ്യാവൂ.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
ഒരേ ഹദീസിൻെറ വ്യത്യസ്ത പദങ്ങളും പാഠഭേദങ്ങളും പരിശോധിക്കുന്നത് അതിലടങ്ങിയിരിക്കുന്ന അറിവുകളും തെളിവുകളും കൂടുതൽ ഗ്രഹിക്കാൻ സഹായകമായിരിക്കും. മേലുദ്ധരിച്ച ഹദീസ് മുന്നോട്ടുവെക്കുന്ന നയനിലപാടുകളുടെ മൗലികതയും പ്രായോഗികതയും കൂടുതൽ ബോധ്യപ്പെടാൻ വ്യത്യസ്തമായ പദങ്ങളിലുള്ള അതിൻെറ മറ്റു ഉദ്ധരണികൾ ശ്രദ്ധിച്ചാൽ മതിയാകും.
ما حدثكم أهل الكتاب فلا تصدقوهم ولا تكذبوهم، وقولوا: آمنا بالله وكتبه ورسله، فإن كان حقا لم تكذبوهم وإن كان باطلا لم تصدقوهم. [أبو داود في سننه وأحمد في مسنده، وصححه الألباني]
[ഗ്രന്ഥാവകാശികൾ നിങ്ങളോട് പറയുന്ന കാര്യങ്ങളിൽ അവരെ നിങ്ങൾ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്. ഞങ്ങൾ അല്ലാഹുവിലും അവൻെറ ഗ്രന്ഥങ്ങളിലും അവൻെറ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു എന്നുമാത്രം പ്രസ്താവിക്കുക. അത് സത്യമാണെങ്കിൽ നിങ്ങളവരെ കളവാക്കിയതുമില്ല, വ്യാജമാണെ ങ്കിൽ നിങ്ങളവരെ സത്യപ്പെടുത്തിയതുമില്ല.] (അബൂദാവൂദ് സുനനിലും അഹ്‌മദ് മുസ്നദിലും ഉദ്ധരിച്ചത്)
ഇക്കാര്യം വിശകലനം ചെയ്തുകൊണ്ട് ഹാഫിള് ഇബ്‌നു കഥീർ തൻെറ തഫ്‌സീറിൽ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്:
إنها على ثلاثة أقسام أحدها ما علمنا صحته مما بأيدنا مما يشهد له بالصدق فذاك صحيح، والثاني ما علمنا كذبه بما عندنا مما يخالفه، والثالث ما هو مسكوت عنه، لا من هذا القبيل ولا من هذا القبيل، فلا نؤمن به ولا نكذبه، وتجوز حكايته لما تقدم، وغالب ذلك مما لا فائدة فيه تعود إلى أمر ديني. [ابن كثير في تفسيره]
[ഗന്ഥാവകാശികൾ ഉദ്ധരിക്കുന്നവ മൂന്ന് വകുപ്പുകളിൽപെട്ടവയായിരിക്കും. (ഒന്ന്) നമ്മുടെ കൈകളിലുള്ളത് അതിൻെറ സത്യത സാക്ഷ്യപ്പെടുത്തിയിട്ടുള്ളതിനാൽ ശരിയാണെന്ന് നമുക്ക് ബോധ്യമുള്ളവ. അവ ശരിയായിട്ടുള്ളവ തന്നെയായിരിക്കും. (രണ്ട്) നമ്മുടെ കൈകളിലുള്ളതിനോട് വിയോജിക്കുന്നതിനാൽ അത് കളവാണെന്ന് നമുക്ക് ബോധ്യമുള്ളവ. (മൂന്ന്) മൗനമവലംബിച്ച കാര്യങ്ങൾ. അവ ആദ്യം പറഞ്ഞ രണ്ടു വകു പ്പിലും പെടാത്തവയാണ്. നാം അവ വിശ്വസിക്കുകയോ കളവാക്കുകയോ ചെയ്യരുത്. മുമ്പു പറഞ്ഞ കാര്യങ്ങളാൽ അവ ഉദ്ധരിക്കാവുന്നതാണ്. അതിലെ സിംഹഭാഗവും മതപരമായ വിഷയങ്ങൾക്ക് യാതൊരു പ്രയോജനവും നൽകാത്തവയാണ്.] (ഇബ്‌നു കഥീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)
അല്ലാഹു ഇറക്കിയതെന്ന് സ്ഥിരപ്പെട്ട മുൻകാല ഗ്രന്ഥങ്ങളുടെ സ്ഥിതി ഇങ്ങനെയാണ്. അവയിലുള്ള ഏതു കാര്യമാണോ നമ്മുടെ കൈവശമുള്ള വഹ്‌യ് സത്യപ്പെടുത്തിയിട്ടുള്ളത് അതു മാത്രമേ നാം സത്യപ്പെടുത്താൻ പാടുള്ളു. അത് നാം സത്യപ്പെടുത്തുന്നത് മുൻകാലഗ്രന്ഥത്തിൽ വന്നു എന്ന കാരണത്താലല്ല, നമ്മുടെ കൈവശമുള്ള വഹ്‌യിൽ സ്ഥിരീകരണമുണ്ട് എന്നതിനാലാണ്.
അതേ പോലെ, അവയിലുള്ള ഏതു കാര്യമാണോ നമ്മുടെ കൈവശമുള്ളതിനോട് വിയോജിക്കുന്നത് അതിനെ നിരാകരിക്കാനും നാം ബാധ്യസ്ഥരാണ്. മുൻകാല ഗ്രന്ഥത്തിൽ വന്നുപോയി എന്ന കാരണത്താലല്ല അതിനെ നിരാകരിക്കുന്നത്. മറിച്ച് നമ്മുടെ കൈവശമുള്ള വഹ്‌യ് അതിനെ അംഗീകരിക്കുന്നില്ല എന്നതിനാലാണ്.
നമ്മുടെ കൈവശമുള്ള വഹ്‌യിൽ പരാമർശമില്ലാത്ത കാര്യങ്ങളാണെങ്കിൽ നാം മൗനമവലംബിക്കണം. നമുക്കത് സത്യപ്പെടുത്താനോ കളവാക്കാനോ നിർവ്വാഹമില്ല. ചുരുക്കത്തിൽ, അറിവിൻെറയും ദീനിൻെറയും സ്രോതസ്സായി നമ്മുടെ കൈവശമുള്ള വഹ്‌യിനെയല്ലാതെ മുൻകാല ഗ്രന്ഥങ്ങളെ അവലംബിക്കാൻ പാടില്ല എന്നു സാരം. ‘ഖുർആൻ തന്നെ പോരേ അവർക്ക്? വിശ്വാസികൾക്ക് അതിൽ തന്നെ അനുഗ്രഹവും ഉൽ ബോധനവുമുണ്ട് ‘ എന്ന സൂക്തത്തിൻെറ (അൽ അൻകബൂത് 51) പൊരുളും അതു തന്നെ.
മുകളിൽ പറഞ്ഞ ഹദീസും സമാനമായ മറ്റു ഉദ്ധരണികളും ഗ്രന്ഥാവകാശികൾ അവരുടെ കൈവശമുള്ളതിൽനിന്ന് നമുക്ക് ഉദ്ധരിച്ചു തരുന്ന സാഹചര്യമുണ്ടായാൽ നാം എന്തു നിലപാട് സ്വീകരിക്കണം എന്ന കാര്യമാണ് വിവരിക്കുന്നത്. അല്ലാതെ, അവരുടെ കൈവശമുള്ളതിൽനിന്ന് നമുക്ക് ഉദ്ധരിക്കാമെന്ന് അതിന് അർത്ഥമില്ല. നാം അവരുടെ ഗ്രന്ഥങ്ങൾ വായിക്കുന്നതിനും ഉദ്ധരിക്കുന്നതിനും ഈ ഹദീസുകൾ തെളിവാകുന്നുമില്ല. ഈ വിഷയത്തിൻെറ അടിസ്ഥാനം നേരത്തെ ഉദ്ധരിച്ച സൂറത്തുൽ അൻകബൂത്തിലെ 51-ാം സൂക്തമാണ്. നമ്മുടെ കൈവശം ഖുർആനുണ്ട്. നമുക്ക് അതു തന്നെ മതി. റദ്ദുചെയ്യപ്പെട്ട മുൻകാല ഗ്രന്ഥങ്ങളിലേക്ക് മടങ്ങേണ്ട കാര്യമില്ല. അവയിലെ കാലാതിവർത്തിയായ മൂല്യങ്ങളും തത്വങ്ങളുമെല്ലാം ഖുർആനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനവരാശിക്കു വേണ്ട ഒന്നും ഖുർആൻ വിട്ടുകളഞ്ഞട്ടില്ല.
മുൻകാല ഗ്രന്ഥങ്ങളിലുള്ളത് കേൾക്കാനും രേഖപ്പെടുത്താനും മുതിരുന്നത് ഖലീഫഃ ഉമർ رَضِيَ اللهُ عَنْهُ തന്നെയാണെങ്കിലും അതിന് അനുവാദം നൽകപ്പെടുകയുണ്ടായിട്ടില്ല. മറിച്ച് ആ നടപടിയെ വിഭ്രാന്തിയെന്നു വിശേഷിപ്പിച്ചു കൊണ്ട് വിലക്കുകയാണ് നബി ﷺ ചെയ്തത്.
وعن جابر رضي الله عنه عن النبي ﷺ حين أتاه عمر فقال: إنا نسمع أحاديث من يهود تعجبنا أفترى أن نكتب بعضها؟ فقال: أمتهوكون أنتم كما تهوكت اليهود والنصارى؟ لقد جئتكم بها بيضاء نقية، ولو كان موسى حيا ما وسعه إلا اتباعي. [أحمد في مسنده والبيهقي في شعب الإيمان وحسنه الألباني في تخريج المشكاة]
[ജാബിർ رَضِيَ اللهُ عَنْهُ നബി ﷺ യെ ഉദ്ധരിക്കുന്നു: ഉമർ رَضِيَ اللهُ عَنْهُ നബി ﷺ യുടെ അരികിൽ വന്നപ്പോൾ ഇപ്രകാരം ചോദിക്കുകയുണ്ടായി: ജൂതന്മാരിൽ നിന്ന് കൗതുകകരമായ വൃത്താന്തങ്ങൾ ഞങ്ങൾ കേൾക്കാറുണ്ട്. അവയിൽ ചിലതെല്ലാം രേഖപ്പെടുത്തിവെക്കുന്നതിനെ കുറിച്ച് അവിടുന്ന് എന്തു പറയുന്നു? നബി ﷺ പറഞ്ഞു: ജൂതരും ക്രൈസ്തവരും വിഭ്രാന്തിയിലകപ്പെട്ടതു പോലെ നിങ്ങളും വിഭ്രാന്തി കാണിക്കുകയാണോ? സ്വഛവും ശുഭ്രവുമായ നിലയിൽ ഞാനത് നിങ്ങൾക്ക് കൊണ്ടുവന്നു തന്നിട്ടില്ലേ. മൂസാ നബി തന്നെ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ എന്നെ പിൻപറ്റുകയല്ലാതെ അദ്ദേഹത്തിനു മറ്റൊരു നിർവ്വാഹവും ഉണ്ടാകുമായിരുന്നില്ല.] (അഹ്‌മദ് മുസ്നദിലും ബൈഹഖി ശുഅബിലും ഉദ്ധരിച്ചത്)
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ ഇക്കാര്യം വിശകലനം ചെയ്യുന്നത് കാണുക:
ولما كان القرآن أحسن الكلام نُهوا عن اتباع ما سواه، قال تعالى: ﴿أَوَلَمْ يَكْفِهِمْ أَنَّا أَنزَلْنَا عَلَيْكَ الْكِتَابَ يُتْلَى عَلَيْهِمْ…﴾ (العنكبوت: 51) وروى النسائي وغيره عن النبي ﷺ أنه رأى بيد عمر بن الخطاب شيئا من التوراة، فقال: لو كان موسى حيًا ثم اتبعتموه وتركتموني لضللتم، وفي رواية: ما وسعه إلا اتباعي، وفي لفظ: فتغير وجه النبي ﷺ لما عرض عليه عمر ذلك، فقال له بعض الأنصار: يا ابن الخطاب! ألا ترى إلى وجه رسول اللّه ؟ فقال عمر: رضينا باللّه ربا وبالإسلام دينا وبمحمد نبيًا. ولهذا كان الصحابة ينهون عن اتباع كتاب غير القرآن… [ابن تيمية في مجموع فتاويه]
[ഏറ്റവും സമ്പൂർണ്ണമായ വചനം ഖുർആനാണ് എന്നതിനാൽ മറ്റുള്ളവയെ പിൻപറ്റുന്നത് അവരോട് വിലക്കി. അല്ലാഹു പറയുന്നു: ”തീർച്ചയായും നാം നിനക്ക് ഗ്രന്ഥം ഇറക്കിത്തരികയും അത് അവർക്ക് ഓതിക്കേൾപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുതന്നെ പോരേ അവർക്ക്?”(അൻകബൂത് 51) നസാഇയും മറ്റും നബി ﷺ യെ ഉദ്ധരിക്കുന്നു: അവിടുന്ന് ഉമറി رَضِيَ اللهُ عَنْهُ ൻെറ കൈയിൽ തൗറാത്തിൻെറ ചില ഭാഗങ്ങൾ കാണാനിടയായി. അപ്പോൾ പറഞ്ഞു: മൂസാ തന്നെ ജീവിച്ചിരിക്കുകയും എന്നിട്ട് നിങ്ങൾ അദ്ദേഹത്തെ പിൻപറ്റി എന്നെ ഉപേക്ഷിക്കുകയും ചെയ്താൽ നിങ്ങൾ പിഴച്ചതു തന്നെ. മറ്റൊരു നിവേദനത്തിലുള്ളത്: അദ്ദേഹത്തിനു തന്നെ എന്നെ പിൻപറ്റുകയല്ലാതെ മറ്റൊരു നിർവ്വാഹവും ഉണ്ടാകുമായിരുന്നില്ല. മറ്റൊരു പാഠഭേദം: ഉമർ അത് കാണിച്ചുകൊടുത്തപ്പോൾ നബി ﷺ യുടെ മുഖം വിവർണ്ണമായി. അപ്പോൾ ചില അൻസാരികൾ പറഞ്ഞു: ഖത്താബിൻെറ മകനേ! റസൂലുല്ലാൻെറ മുഖം നീ കാണുന്നില്ലേ?! അപ്പോൾ ഉമർ പറഞ്ഞു: അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ മതമായും മുഹമ്മദിനെ നബിയായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു. ഇതിനാലാണ് സ്വഹാബികൾ ഖുർആൻ അല്ലാത്ത ഏതൊരു ഗ്രന്ഥവും പിന്തുടരുന്നത് വിലക്കാറുണ്ടായിരുന്നത്.] (ഇബ്‌നു തൈമിയ്യഃ ഫതാവയിൽ രേഖപ്പെടുത്തിയത്)
ഈ സമുദായത്തിലെ അഗ്രേസരനായ പണ്ഡിതശ്രേഷ്ഠൻ (حَبْرُ الأُمَّةِ) അബ്ദുല്ലാഹ് ബിൻ അബ്ബാസ് رَضِيَ اللهُ عَنْهُ മുൻകാല ഗ്രന്ഥങ്ങൾ പരതുന്നതും അവലംബിക്കുന്നതും എത്ര ശക്തമായാണ് വിലക്കുന്നത്!
كان ابن عباس رضي الله عنه يقول: كَيْفَ تَسْأَلُونَ أَهْلَ الْكِتَابِ عَنْ شَىْءٍ وَكِتَابُكُمُ الَّذِي أُنْزِلَ عَلَى رَسُولِ اللَّهِ ﷺ أَحْدَثُ، تَقْرَءُونَهُ مَحْضًا لَمْ يُشَبْ، وَقَدْ حَدَّثَكُمْ أَنَّ أَهْلَ الْكِتَابِ بَدَّلُوا كِتَابَ اللَّهِ وَغَيَّرُوهُ، وَكَتَبُوا بِأَيْدِيهِمُ الْكِتَابَ، وَقَالُوا هُوَ مِنْ عِنْدِ اللَّهِ لِيَشْتَرُوا بِهِ ثَمَنًا قَلِيلاً، أَلاَ يَنْهَاكُمْ مَا جَاءَكُمْ مِنَ الْعِلْمِ عَنْ مَسْأَلَتِهِمْ، لاَ وَاللَّهِ مَا رَأَيْنَا مِنْهُمْ رَجُلاً يَسْأَلُكُمْ عَنِ الَّذِي أُنْزِلَ عَلَيْكُمْ. [البخاري في صحيحه]
[ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ പറയുമായിരുന്നു: ഗ്രന്ഥാവകാശികളോട് ഏതെങ്കിലുമൊരു കാര്യത്തെ കുറിച്ച് നിങ്ങൾ എങ്ങനെ ആരായും?! റസൂലുള്ളാക്ക് അവതരിപ്പിച്ച ഗ്രന്ഥമാണ് ഏറ്റവും പുതിയത്. കലവറയില്ലാതെ തനതു രൂപത്തിൽ നിങ്ങൾ അത് പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അവിടുന്ന് നിങ്ങളോട് പറഞ്ഞിട്ടുള്ളത്, ഗ്രന്ഥാവകാശികൾ അല്ലാഹുവിൻെറ ഗ്രന്ഥം തിരുത്തുകയും ഭേദഗതി വരുത്തുകയും ചെയ്തിരിക്കുന്നു എന്നാണ്. തുഛമായ വിലക്കു വിൽക്കാൻ വേണ്ടി അവർ സ്വന്തം കൈപ്പടയിൽ ഏടുകൾ എഴുതിയുണ്ടാക്കുകയും അത് അല്ലാഹുവിങ്കൽ നിന്നുളളതാണെന്ന് പറയുകയും ചെയ്യുന്നു. നിങ്ങൾക്കു ലഭിച്ച അറിവ് അവരോട് ചോദിച്ചറിയുന്നതിൽനിന്ന് നിങ്ങളെ തടയാത്തതെന്താണ്?! അതുമല്ല, അല്ലാഹുവാണ് സത്യം! നിങ്ങൾക്ക് അവതരിപ്പിച്ചതിനെ കുറിച്ച് അവരിലൊരാൾ പോലും നിങ്ങളോട് ചോദിക്കുന്നത് നാം കണ്ടിട്ടേയില്ലല്ലോ.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
ഗ്രന്ഥാവകാശികൾ നമ്മോട് വല്ലതും ഉദ്ധരിച്ചാൽ തന്നെ നമ്മുടെ കൈവശമുള്ളതിൻെറ അടിസ്ഥാനത്തിൽ മത്രമേ അത് അംഗീകരിക്കുകയോ നിരാകരിക്കുകയോ മൗനമവലംബിക്കുകയോ ചെയ്യാവതുള്ളു. നാം അവരോട് ഒന്നും അങ്ങോട്ട് ചോദിക്കാനോ അവരുടെ കൈവശമുള്ളത് പരതാനോ അവയിൽ നിന്ന് ഉദ്ധരിക്കാനോ പാടില്ല താനും. ഇക്കാര്യം ഖുർആനിക സൂക്തങ്ങൾ കൊണ്ടും നബിചര്യ കൊണ്ടും സ്വഹാബത്തിൻെറ നടപടിക്രമങ്ങൾ കൊണ്ടും സ്ഥിരപ്പെട്ടിട്ടുള്ളതും പ്രാമാണികരായ പണ്ഡിതന്മാർ യഥാവിധം വിശദീകരിച്ചിട്ടുള്ളതുമാണ്. വസ്തുതകൾ ഇതായിരിക്കെ ഇന്നു പലരും മതതാരതമ്യം, ആശയസംവാദം തുടങ്ങി നൂതനുവും കൽപിതവുമായ രീതികൾ പിന്തുടർന്ന് മുൻഗാമികളുടെ ഗ്രന്ഥങ്ങൾ പഠിക്കുകയും അവയോടുള്ള ഭ്രമം കാരണം അവയിൽനിന്ന് യഥേഷ്ടം ഉദ്ധരിക്കുകയും ചെയ്യുന്നത് ഒരു പരിഷ്കാരമായി കൊണ്ടു നടക്കുകയാണ്. ഖുർആനിലും സുന്നത്തിലും അൽപജ്ഞാനം പോലുമില്ലാത്തവർ മുൻഗാമികളുടെ ഗ്രന്ഥങ്ങളിൽ അവഗാഹം നേടാൻ ശ്രമിക്കുന്നത് പ്രബോധന രംഗത്തെ ഒരു അധിക യോഗ്യതയായിട്ടാണ് ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നത്. മുകളിൽ പറഞ്ഞ തെളിവുകൾ ഒന്നു മനസ്സിരുത്തി വായിച്ചാൽ ഇക്കാര്യങ്ങളെല്ലാം എത്രത്തോളം ഗുരുതരമായ പിഴവുകളാണെന്ന് ബോധ്യപ്പെടാതിരിക്കില്ല.
വിശുദ്ധ ഖുർആൻ വിവരണത്തിൽ അനാവശ്യമായി മുൻഗാമികളുടെ ഗ്രന്ഥങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. ചിലയിടങ്ങൾ വായിക്കുമ്പോൾ ഖുർആനിനെ ബൈബിൾ കൊണ്ട് എങ്ങനെ വ്യാഖ്യാനിക്കാം എന്നതിന് ഒരു മാതൃക രചിക്കുകയാണോ എന്നു പോലും തോന്നിപ്പോകും. عفى الله عنا وعنهم
മുൻഗാമികളുടെ ഗ്രന്ഥങ്ങൾ ഉദ്ധരിക്കുന്നത് തെറ്റല്ല, അതൊരു ആവശ്യവും അധികയോഗ്യതയുമാണ് എന്നു വാദിക്കുന്നവർ ഉന്നയിക്കാറുള്ള ന്യായങ്ങൾ കൂടി പരിശോധിക്കാം.
മുകളിൽ ഉദ്ധരിച്ച രേഖകളെല്ലാം ഊന്നിപ്പറയുന്ന കാര്യങ്ങൾ ഇവയാണ്: മുൻഗാമികളുടെ ഗ്രന്ഥങ്ങളെല്ലാം തന്നെ അവയുടെ അനുയായികളുടെ കൈകളാൽ തിരുത്തപ്പെട്ടു. അവ തനതുരൂപത്തിൽ ഇന്നു നിലനൽക്കുന്നില്ല. അവയെല്ലാം ചില പ്രത്യേക ജനവിഭാഗങ്ങളെയും കാലഘട്ടങ്ങളെയും ഉദ്ദേശിച്ച് അവതരിപ്പിക്കപ്പെട്ടവയായിരുന്നു. ഖുർആനിൻെറ അവതരണത്തോടെ അവയെല്ലാം റദ്ദുചെയ്യപ്പെട്ടിരിക്കുന്നു. ഇനിമേൽ അറിവിൻെറയും മതത്തിൻെറയും സ്രോതസ്സായി പ്രാബല്യത്തിലിരിക്കുന്ന ഖുർആനിനെയാണ് അവലംബിക്കേണ്ടത്. മനുഷ്യരാശിക്ക് ആവശ്യമായ എല്ലാ നന്മകളും മൂല്യങ്ങളും ഉൾക്കൊള്ളുന്ന ഏറ്റവും പുതിയ ഗ്രന്ഥമായ ഖുർആൻ തന്നെ മതി നമുക്ക്. കാലഹരണപ്പെട്ടതും തിരുത്തിക്കുറിച്ചതുമായ മുൻഗാമികളുടെ ഗ്രന്ഥങ്ങൾ ആവശ്യമില്ല. അവ വായിക്കുന്നതും അവയിൽ കാര്യങ്ങൾ പരതുന്നതും അവയിൽനിന്ന് ഉദ്ധരിക്കുന്നതും വിലക്കപ്പെട്ടതാണ്. ഉമർ رَضِيَ اللهُ عَنْهُ നെ പോലെ ഉന്നതനായ ഒരു വ്യക്തിക്കു പോലും അതു പാടുള്ളതല്ല. അവയോട് ഭ്രമം തോന്നുന്നത് അധിക്ഷേപാർഹമാണ്. മറ്റാരെങ്കിലും അവയിൽ നിന്ന് നമ്മുടെ മുമ്പാകെ വല്ലതും ഉദ്ധരിച്ചാൽ നമ്മുടെ കൈവശമുള്ളത് സാക്ഷ്യപ്പെടുത്തിയ കാര്യമാണെങ്കിൽ അക്കാരണത്താൽ അതിനെ സത്യപ്പെടുത്തണം. നമ്മുടെ കൈവശമുള്ളതിനോട് വിയോജിക്കുന്നുവെങ്കിൽ അക്കാരണത്താൽ അതിനെ നിരാകരിക്കണം. നമ്മുടെ കൈവശമുള്ളത് മൗനമവലംബിച്ച വിഷയമാണെങ്കിൽ സത്യപ്പെടുത്താനോ കളവാക്കാനോ മുതിരരുത്. മറിച്ച്, ഞങ്ങൾ അല്ലാഹുവിലും ഞങ്ങൾക്ക് ഇറക്കിത്തന്നതിലും വിശ്വസിച്ചിരിക്കുന്നു എന്ന ഒരു പൊതുപ്രസ്താവനയിൽ ഒതുക്കണം.
മുകളിൽ പറഞ്ഞ അനിഷേധ്യ വസ്തുതകളുടെ വെളിച്ചത്തിൽ വേണം മുൻഗാമികളുടെ ഗ്രന്ഥങ്ങൾ യഥേഷ്ടം ഉദ്ധരിക്കാമെന്നതിന് തെളിവായി ചിലർ ഉന്നയിക്കാറുള്ള താഴെ പറയുന്ന ഹദീസ് വായിക്കേണ്ടത്.
عن عبد الله بن عمرو رضي الله عنه، أن النبي ﷺ قال: بلغوا عني ولو آية، وحدثوا عن بني إسرائيل ولا حرج، ومن كذب علي متعمدا فليتبوأ مقعده من النار. [البخاري في صحيحه]
[അബ്ദുല്ലാഹ് ബിൻ അംറ് رَِضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: ഒരു വചനമെങ്കിലും നിങ്ങൾ എന്നിൽനിന്ന് എത്തിച്ചു കൊടുക്കുക. ഇസ്രാഈല്യരെ നിങ്ങൾക്ക് ഉദ്ധരിക്കാം, പ്രശ്നമില്ല. ആരെങ്കിലും എന്നെ കുറിച്ച് മനഃപൂർവ്വം കളവു പറഞ്ഞാൽ അവൻ തൻെറ സ്ഥാനം നരകത്തിലൊരുക്കട്ടെ.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
‘ഇസ്രാഈല്യരെ നിങ്ങൾക്ക് ഉദ്ധരിക്കാം, പ്രശ്നമില്ല’ എന്ന വചനത്തെ പണ്ഡിതന്മാർ പലവിധത്തിൽ വിശദീകരിച്ചിട്ടുണ്ട്. അവരെ കുറിച്ച് ഖുർആനിലും ഹദീസിലും വന്ന കൗതുകകരമായ പല കാര്യങ്ങളുമുണ്ട്. അവ നിങ്ങൾ ഉദ്ധരിക്കുന്നതിന് തെറ്റില്ല. ഇസ്റാഈല്യരുടെ ചരിത്രവും സ്ഥിതിവിവരണങ്ങളും സംബന്ധിച്ച് അവരെ ഉദ്ധരിക്കുന്നതിൽ കുഴപ്പമില്ല. ഇതൊക്കെയായിരിക്കാം മേൽ വചനത്തിൻെറ വിവക്ഷയെന്ന് പണ്ഡിതന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അതിൻെറ വിവക്ഷ, ഇസ്രാഈല്യരുടെ കൈവശമുള്ള ഗ്രന്ഥങ്ങൾ നിങ്ങൾക്കു വായിക്കുകയും ഉദ്ധരിക്കുകയും ചെയ്യാം എന്നു തന്നെയാണെന്ന് ഒരാൾ വാദിച്ചാൽ അത് രണ്ടു കാരണങ്ങളാൽ ഗുരുതരമായ പിഴവാണെന്നു പറയേണ്ടിവരും.
(ഒന്ന്) ഗ്രന്ഥാവകാശികളുടെ കൈവശമുള്ളതിൽനിന്ന് ഉദ്ധരിക്കുന്നതിനെ വിലക്കുന്ന പ്രബമലമായ ഒട്ടനവധി തെളിവുകളുണ്ട്. അവക്കു വിരുദ്ധമായിരിക്കും ഈ അർത്ഥകൽപന. നടേ പരാമർശിച്ച, ‘ഖുർആൻ തന്നെ പോരേ അവർക്ക്? വിശ്വാസികൾക്ക് അതിൽ തന്നെ അനുഗ്രഹവും ഉൽബോധനവുമുണ്ടല്ലോ’ എന്ന സൂറത്തുൽ അൻകബൂത് 51-ാം സൂക്തം, ‘ജൂതരും ക്രൈസ്തവരും വിഭ്രാന്തിയിലകപ്പെട്ടതു പോലെ നിങ്ങ ളും വിഭ്രാന്തി കാണിക്കുകയാണോ? സ്വഛവും ശുഭ്രവുമായ നിലയിൽ ഞാനത് നിങ്ങൾക്ക് കൊണ്ടുവന്നു തന്നിട്ടില്ലേ? ‘ എന്നു ഉമർ رَضِيَ اللهُ عَنْهُ നോട് ചോദിച്ച നബിവചനം, ‘റസൂലുള്ളാ ക്ക് അവതരിപ്പിച്ച ഗ്രന്ഥമാണ് ഏറ്റവും പുതിയത്. കലവറയില്ലാതെ തനതു രൂപത്തിൽ നിങ്ങൾ അത് പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അവിടുന്ന് നിങ്ങളോട് പറഞ്ഞിട്ടുള്ളത് ഗ്രന്ഥാവകാശികൾ അല്ലാഹുവിൻെറ ഗ്രന്ഥം തിരുത്തുകയും ഭേദഗതി വരുത്തുകയും ചെയ്തിരിക്കുന്നു എന്നാണ്. തുഛമായ വിലക്കു വിൽക്കാൻ വേണ്ടി അവർ സ്വന്തം കൈപ്പടയിൽ ഏടുകൾ എഴുതിയുണ്ടാക്കുകയും അത് അല്ലാഹുവിങ്കൽ നിന്നുളളതാണെന്ന് പറയുകയും ചെയ്യുന്നു. നിങ്ങൾക്കു ലഭിച്ച അറിവ് എന്തേ അവരോട് ചോദിച്ചറിയുന്നതിൽനിന്ന് നിങ്ങളെ തടയിടാത്തത്?! ‘എന്ന ഇബ്‌നു അബ്ബാസ് رَضِيَ اللهُ عنْهُ ൻെറ വചനം, ‘അതിനാൽ സ്വഹാബികൾ ഖുർആൻ അല്ലാത്ത ഏതൊരു ഗ്രന്ഥവും പിന്തുടരുന്നത് വിലക്കാറുണ്ടായിരുന്നു’ എന്ന ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ യുടെ വിശദീകരണം ഇവയൊക്കെ അവക്കുള്ള ഉദാഹരണങ്ങൾ മാത്രമാണ്.
(രണ്ട്) മുൻകാല ഗ്രന്ഥങ്ങൾ നമുക്ക് ഉദ്ധരിക്കാം എന്നു തന്നെയാണ് മേൽ ഹദീസിൻെറ അർത്ഥമെന്നു ശഠിച്ചാൽ, സ്വന്തം കൈപ്പടയിൽ തന്നിഷ്ടങ്ങൾ എഴുതിയുണ്ടാക്കുകയും അല്ലാഹു ഇറക്കികൊടുത്ത ഗ്രന്ഥങ്ങളിൽ അത് കൂട്ടിച്ചേർക്കുകയും, തുഛമായ ഭൗതിക നേട്ടത്തിനായി മനഃപൂർവ്വം അല്ലാഹുവിൻെറ പേരിൽ കള്ളംപറഞ്ഞ് അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന് പ്രചരിപ്പിക്കുയും ചെയ്യുന്ന ആ ഗ്രന്ഥങ്ങൾ നിങ്ങൾ ഉദ്ധരിച്ചോളൂ, അതിനൊരു പ്രശ്നവുമില്ല എന്നായിത്തീരും അപ്പോഴതിൻെറ വിവക്ഷ. അത് ഇസ്‌ലാമിൻെറ മൗലിക തത്വങ്ങളുടെ നിരാസവും ധാർമ്മികതക്ക് വിരുദ്ധവും ഒരു നിലക്കും നീതീകരിക്കാനാവത്ത ഗുരുതര പിഴവുമായിരിക്കും. അല്ലാഹു പറയുന്നു:
﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ﴾ [التوبة: 119]
[വിശ്വാസികളേ! നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. സത്യവാന്മാരുടെ കൂടെ നിലക്കൊള്ളുകയും ചെയ്യുക.] (തൗബഃ 119).
അല്ലാഹുവിൻെറ ഗ്രന്ഥങ്ങൾ തിരുത്തി, അതിൽ തന്നിഷ്ടങ്ങൾ കൂട്ടിച്ചേർത്ത്, അല്ലാഹുവിൻെറ പേരിൽ കള്ളം പറയുന്നവരുടെ കൈവശമുള്ളത് ഉദ്ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ എങ്ങനെ സൂക്ഷ്മതയുള്ളവരും സാത്വികരുമായിത്തീരും?!
പറയുന്നതും ഉദ്ധരിക്കുന്നതുമായ കാര്യങ്ങൾക്കുള്ള പൂർണ്ണ ഉത്തരവാദിത്തം അവനവനു തന്നെയാണ്. അതിനെ കുറിച്ച് അന്ത്യനാളിൽ കണക്കു പറയേണ്ടിവരികയും ചെയ്യും. മതപരമായ കാര്യങ്ങളാണെങ്കിൽ അതിൻെറ ഗൗരവം പതിന്മടങ്ങ് വർദ്ധിക്കുകയേ ഉള്ളു. ഗ്രന്ഥാവകാശികളെ ഉദ്ധരിച്ചതാണെന്നത് ഒരു ഒഴിവുകഴിവാകുകയില്ല. സത്യമാണെന്ന് തെളിയാത്ത ഒരു കാര്യവും ആരിൽനിന്നും ഉദ്ധരിക്കാവതല്ല. സത്യമാ ണെങ്കിൽ തന്നെയും ഗ്രന്ഥാവകാശികളെ ഉദ്ധരിക്കുന്നതിനോട് ഭ്രമം തോന്നാനും പാടില്ല.
عن أبي هريرة قال: قال رسول الله : كفى بالمرءِ كذبًا أن يُحَدِّثَ بكلِّ ما سمِع. [مسلم في صحيحه]
[അബൂ ഹുറയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: ഒരാൾ കേട്ടതെല്ലാം ഉദ്ധരിച്ചാൽ കള്ളത്തരമായി അയാൾക്ക് അതുതന്നെ മതിയാകും.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
അവരുടെ കൈവശമുള്ള ഗ്രന്ഥങ്ങൾ ദുർബ്ബലപ്പെടുത്തപ്പെട്ടവയാണ്. അവയിൽ മായം കലർത്തിയിട്ടുണ്ട്. അവയോടുള്ള ഭ്രമം അധിക്ഷേപാർഹമാണ്. അതിൽനിന്ന് ഉദ്ധരിക്കുന്നത് വിലക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാൽ ഇസ്രാഈല്യരിൽനിന്ന് അവരുടെ ഗതകാല സംഭവവികാസങ്ങളോ സ്ഥിതിവിവരങ്ങളോ മറ്റു വല്ല വിഷയങ്ങളോ ഉദ്ധരിക്കേണ്ട ആവശ്യം വരികയാണെങ്കിൽ അതിൻെറ സത്യത ഉറപ്പുവരുത്തിയ ശേഷം ആകാവുന്നതാണ്. പക്ഷെ, അവർ ഗ്രന്ഥാവകാശികളാണെന്നതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. അവരിൽനിന്ന് ഉദ്ധരിക്കുന്നത് മതത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനം ചെലുത്താനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തിന് അടിവരയിട്ടുകൊണ്ടാണ് നബി ﷺ തൻെറ വചനം അവസാനിപ്പിക്കുന്നത്. ‘ഇസ്രാഈല്യരെ നിങ്ങൾക്ക് ഉദ്ധരിക്കാം, പ്രശ്നമില്ല. ആരെങ്കിലും എന്നെ കുറിച്ച് മനഃപൂർവ്വം കളവുപറഞ്ഞാൽ അവൻ തൻെറ സ്ഥാനം നരകത്തിലൊരുക്കട്ടെ’. ഇക്കാര്യം ഇമാം ശാഫിഈ رَحِمَهُ اللهُ വ്യക്തമാക്കുന്നത് കാണുക.
من المعلوم أن النبي لا يجيز التحدث بالكذب فالمعنى حدثوا عن بني إسرائيل بما لا تعلمون كذبه [ابن حجر في فتح الباري]
[കളവ് പറയാൻ നബി ﷺ അനുവദിക്കുന്നില്ലെന്നത് തർക്കമറ്റതാണല്ലോ. അപ്പോൾ അതിൻെറ അർത്ഥം കളവല്ല എന്ന് നിങ്ങൾക്ക് ബോധ്യമുള്ളത് മാത്രം ഇസ്രാഈല്യരിൽനിന്ന് ഉദ്ധരിക്കാം എന്നായിരിക്കും.] (ഇബ്‌നു ഹജർ അൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തിയത്)
ഇവ്വിയഷയകമായി വന്നിട്ടുള്ള ഖുർആനിക സൂക്തങ്ങളും നബിവചനങ്ങളും മൊത്തം മനസ്സിൽ വെച്ചുകൊണ്ട് ചർച്ചയിലിരിക്കുന്ന ഹദീസിനെ പ്രായോഗികമായി ഒന്നു വിശകലനം ചെയ്തു നോക്കാം: ഗ്രന്ഥാവകാശികളെ നാം ഉദ്ധരിക്കാൻ മുതിരുന്നു. അത് അവരുടെ ഗ്രന്ഥങ്ങളിൽനിന്നാണെങ്കിൽ പാടില്ല, വിലക്കപ്പെട്ട കാര്യമാണ്. അതിൽനിന്ന് നാം പിൻമാറുക തന്നെ വേണം. അവരുടെ ഗ്രന്ഥങ്ങളിൽനിന്ന് അല്ലെങ്കിൽ ആവശ്യമുള്ളപ്പോൾ സത്യത ഉറപ്പുവരുത്തിയ ശേഷം ആകാവുന്നതാണ്. പക്ഷെ കൂടുതൽ ജാഗ്രത പുലർത്തണം. അവരെ ഉദ്ധരിക്കുന്നത് മതത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ആരെങ്കിലും മനഃപൂർവ്വം മതത്തിൽ മായം ചേർത്താൽ അവൻെറ സ്ഥാനം നരകത്തിൽ അവൻ അടയാളപ്പെടുത്തിക്കൊള്ളട്ടെ. ഈ താക്കീത് മനസ്സിൽ വെച്ചുകൊണ്ടു വേണം ഉദ്ധരിക്കാൻ.
നമ്മുടെ കൈവശമുള്ളത് സത്യപ്പെടുത്തിയ കാര്യമാണെങ്കിൽ അത് അംഗീകരിക്കാനും നമ്മുടെ കൈവശമുള്ളതിനോട് വിയോജിക്കുന്ന കാര്യമാണെങ്കിൽ അത് നിരാകരിക്കാനും രണ്ടുമല്ലെങ്കിൽ ഞങ്ങൾ അല്ലാഹുവിലും ഞങ്ങൾക്ക് ഇറക്കിയതിലും വിശ്വസിച്ചിരിക്കുന്നു എന്നു മാത്രം പറയാനും ഹദീസിൽ കൽപനയുണ്ടല്ലോ എന്നു ചിലർക്ക് തോന്നിയേക്കാം. ശ്രദ്ധിക്കുക! അത് നാം അവരുടെ ഗ്രന്ഥം ഉദ്ധരിക്കുന്നതിനെ കുറിച്ചല്ല, അവർ നമ്മോട് ഇങ്ങോട്ട് വന്ന് ഉദ്ധരിക്കുമ്പോൾ കൈക്കൊള്ളേണ്ട നിലപാടിനെ കുറിച്ചു പറഞ്ഞതാണ്. അവരുമായുള്ള സംസാരങ്ങളിലോ ഇടപാടുകളിലോ അവർ അവരുടെ ഗ്രന്ഥം ഉദ്ധരിക്കുകയോ പച്ചയായ ഒരു സത്യം നിഷേധിക്കുകയോ, ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്നു വാദിക്കുകയോ ചെയ്യുമ്പോൾ അവരുടെ ഗ്രന്ഥം പരിശോധിക്കേണ്ടി വരും. ഇത്തരം കാര്യങ്ങൾ മുമ്പുണ്ടിയിട്ടുള്ളതുമാണ്. ഉദാഹരണമായി ഒട്ടകപ്പാലും മാംസവും തൗറാത്തിൽ നിഷിദ്ധമാക്കിയിട്ടുണ്ടെന്ന് അവർ വാദിച്ചപ്പോൾ അത് കള്ളമാണെന്നും നിങ്ങൾ സത്യവാന്മാരാണെങ്കിൽ തൗറാത്ത് കൊണ്ടുവരൂ എന്നും നബി ﷺ അവരോട് പറയുകയുണ്ടായി.
﴿كُلُّ الطَّعَامِ كَانَ حِلًّا لِّبَنِي إِسْرَائِيلَ إِلَّا مَا حَرَّمَ إِسْرَائِيلُ عَلَىٰ نَفْسِهِ مِن قَبْلِ أَن تُنَزَّلَ التَّوْرَاةُ ۗ قُلْ فَأْتُوا بِالتَّوْرَاةِ فَاتْلُوهَا إِن كُنتُمْ صَادِقِينَ﴾ (آل عمران: 93)
[ഇസ്രാഈല്യർക്ക് എല്ലാ ആഹാരപദാർത്ഥങ്ങളും അനുവദനീയമായിരുന്നു; തൗറാത്ത് അവതരിപ്പിക്കുന്ന തിന് മുമ്പ് യഅ്ഖൂബ് തൻെറ കാര്യത്തിൽ നിഷിദ്ധമാക്കിയതൊഴികെ. പറയുക: സത്യവാന്മാരാണെങ്കിൽ നിങ്ങൾ തൗറാത്ത് കൊണ്ടുവരൂ. എന്നിട്ട് അതൊന്ന് വായിച്ചുകേൾപ്പിക്കൂ.] (അലു ഇംറാൻ 93)
അവരുടെ ഗ്രന്ഥം പരതുകയോ ഉദ്ധരിക്കുകയോ ചെയ്യാൻ അനുവാദമുള്ളത് ഇത്തരം സന്ദർഭങ്ങളിൽ മാത്രമാണ്. ഇക്കാര്യം ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ വിവരിക്കുന്നത് കാണുക.
فإذا احتج أحدهم على خلاف القرآن برواية عن الرسل المتقدمين، مثل الذي يروى عن موسى أنه قال: تمسكوا بالسبت ما دامت السموات والأرض، أمكننا أن نقول لهم: في أي كتاب هذا؟ أحضروه؛ وقد علمنا أن هذا ليس في كتبهم، وإنما هو مفترى مكذوب. [ابن تيمية في مجموع فتاويه]
[ആകാശഭൂമികൾ നിലനിൽക്കുന്നിടത്തോളം കാലം നിങ്ങൾ സബ്ബത്ത് മുറുകെ പിടിക്കുവീൻ എന്ന് മൂസാ നബി عَلَيْهِ السَلاَمُ പറഞ്ഞതായി ഉദ്ധരിക്കപ്പെടാറുള്ളതു പോലെ, അവരിൽ ആരെങ്കിലും ഖുർആനിനെതിരിൽ മുൻ കാല ദൂതന്മാരുടെ ഉദ്ധരണികൾ തെളിവായി ഉന്നയിച്ചാൽ നമുക്കവരോട് പറയാൻ സാധിക്കും: ഏതു ഗ്രന്ഥത്തിലാണ് അതുള്ളത്? നിങ്ങൾ അത് ഹാജരാക്കുവീൻ. അത് അവരുടെ ഗ്രന്ഥത്തിലുള്ളതല്ലെന്ന് നമുക്ക് ബോധ്യമുള്ളതാണ്. അത് ചമച്ചുണ്ടാക്കിയ കളവു മാത്രമാണ്.] (ഇബ്‌നു തൈമിയ്യഃ ഫാതാവായിൽ രേഖപ്പെടുത്തിയത്)
ചുരുക്കത്തിൽ, അവരുടെ ഗ്രന്ഥങ്ങൾ വായിക്കുകയും അതിൽനിന്ന് ഉദ്ധരിക്കുകയും ചെയ്യുന്നത് അനുവദനീയമാണെന്നതിന് ഒരു തെളിവുമില്ല. അവരുടെ ഗ്രന്ഥത്തിലേക്ക് മടങ്ങുന്നതും അതിൽനിന്ന് ഉദ്ധരിക്കുന്നതും തീർത്തും വിലക്കപ്പെട്ടിരിക്കുന്നു എന്നതിന് അനിഷേധ്യമായ തെളിവുകളുണ്ട് താനും. ഇസ്രാഈല്യരെ നിങ്ങൾക്ക് ഉദ്ധരിക്കാം, പ്രശ്നമില്ല എന്നത് അവരുടെ ഗ്രന്ഥത്തിൽനിന്ന് ഉദ്ധരിക്കുന്നതിനെ കുറിച്ചല്ല. അവരിൽനിന്ന് മറ്റു വിഷയങ്ങൾ ഉദ്ധരിക്കേണ്ട ആവശ്യമുണ്ടെങ്കിൽ സത്യമാണെന്ന് ഉറപ്പുള്ള കാര്യം ഉദ്ധരിക്കുന്നതിൽ പ്രശ്നമില്ല എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രന്ഥാവകാശികളിൽനിന്ന് ഉദ്ധരിക്കുന്നു എന്നതിനാൽ കൂടിയ ജാഗ്രത ആവശ്യമാണു താനും. നമ്മുടെ കൈവശമുള്ളതുമായി മാറ്റുരച്ച് സത്യപ്പെടുത്തുകയോ നിരാകരിക്കുകയോ മൗനം പാലിക്കുകയോ ചെയ്യാൻ പറഞ്ഞത് അവർ ഇങ്ങോട്ട് വന്ന് അവരുടെ കൈവശമുള്ളത് ഉദ്ധരിക്കുന്ന സന്ദർഭത്തിലാണ്. അല്ലാതെ അവരുടെ ഗ്രന്ഥം നാം ഉദ്ധരിക്കുന്നതിനെ കുറിച്ചല്ല. നബി ﷺ യോ സലഫുകളോ മഹാന്മാരായ പണ്ഡിതന്മാരോ അവരുടെ ഗ്രന്ഥം പരിശോധിക്കാൻ മുതിർന്നിട്ടുള്ളത് അവർ ഖുർആനിനെതിരെ അവരുടെ ഗ്രന്ഥത്തിലുണ്ടെന്ന് വ്യാജവാദം ഉന്നയിച്ചപ്പോൾ മാത്രമാണ്.
പൗരാണികരും ആധുനികരുമായ പണ്ഡിതന്മാർ മുൻകാല ഗ്രന്ഥങ്ങൾ ഉദ്ധരിക്കുകയും അവരുമായി സംവദിക്കുകയും ചെയ്തിട്ടുണ്ടല്ലോ, അതിനുള്ള ഉദാഹരണമാല്ലേ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ യുടെ ചില കൃതികൾ എന്നൊക്കെ ചിലർ സംശയം ഉന്നയിക്കാറുണ്ട്. അതെ, നാം മുകളിൽ പറഞ്ഞതാണ് വസ്തുത. നബി ﷺ യോ സലഫുകളോ മഹാന്മാരായ പണ്ഡിതന്മാരോ അവരുടെ ഗ്രന്ഥം പരിശോധിക്കാൻ മുതിർന്നിട്ടുള്ളത് അവർ ഖുർആനിനെതിരെ അവരുടെ ഗ്രന്ഥത്തിലുണ്ടെന്ന് വ്യാജവാദം ഉന്നയിച്ചപ്പോൾ മാത്രമാണ്.