﴿ مَانَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا ۗ أَلَمْ تَعْلَمْ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴾ (106)
ബഖറഃ 106-ാം സൂക്തത്തിൻെറ വ്യാഖ്യാനത്തിൽ നസ്ഖിനെ കുറിച്ച് ഒരു വിവരണം നൽകേണ്ടതായിരുന്നു. നിലവിലുള്ള മറ്റു പരിഭാഷകളിലും വിവരണങ്ങളിലും പ്രസക്തമായ ഒരു വിശദീകരണവും കാണാൻ കഴിയുന്നില്ല.
അല്ലാഹു ഒരു സൂക്തം ഭേദഗതി വരുത്തുകയോ വിസ്‌മൃതിയിലേക്ക് തള്ളിവിടുകയോ ചെയ്യുന്ന പക്ഷം അതിനെക്കാൾ ഉത്തമമോ സമാനമോ ആയ മറ്റൊന്ന് പകരം നൽകുന്നു എന്നതാണല്ലോ മേൽ സൂക്തത്തിൻെറ ആകത്തുക.
മാഇദഃ 48-ാം സൂക്തമനുസരിച്ച് പലഘട്ടങ്ങളിലായി ഭൂമുഖത്ത് അധിവസിച്ച ജനവിഭാഗങ്ങൾക്കെല്ലാം അനുയോജ്യമായ നിയമ വ്യവസ്ഥകളും ജീവിതരീതികളും അല്ലാഹു നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. ജീവിത സാഹചര്യങ്ങളിലുള്ള മാറ്റങ്ങൾക്കനുസരിച്ച് നിയമ വ്യവസ്ഥകളിലും ജീവിത ക്രമങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുക എന്നത് അല്ലാഹു തൻെറ സൃഷ്ടികൾക്ക് ചെയ്തുകൊടുക്കുന്ന ഒരു അനുഗ്രഹമാണ്.
അവസാനത്തെ നബിയും റസൂലുമാണ് മുഹമ്മദ് ﷺ. അവിടുത്തെ നിയോഗമനത്തിലൂടെ ഇസ്‌ലാമിൻെറ പൂർത്തീകരണം കൂടി നടക്കുന്നു. മാത്രമല്ല, നബി ﷺ ക്ക് നിയമ വ്യവസ്ഥ നൽകിയത് ഒറ്റയടിക്കായിരുന്നില്ല, ക്രമപ്രവൃദ്ധമായിട്ടായിരുന്നു താനും. ഈ സാഹചര്യങ്ങളെല്ലാം തന്നെ നസ്ഖ് (نسخ) എന്ന പ്രക്രിയയെ അനിവാര്യമാക്കിത്തീർക്കുന്നു.
ഇസ്‌ലാമിക നിയമ വ്യവസ്ഥയെയും കർമ്മാനുഷ്ഠാനങ്ങളെയും സംബന്ധിച്ചുള്ള ചർച്ചകളിൽ പലപ്പോഴും കടന്നുവരുന്ന ഒരു സാങ്കേതിക സംജ്ഞയാണ് നസ്ഖ്. അതിനാൽ തന്നെ അതിൻെറ വിവക്ഷയെ കുറിച്ച് ലളിതമായ ഒരു വിവരണം ആവശ്യമായി വരുന്നു.
നസ്ഖ് എന്നാൽ ദുർബ്ബലപ്പെടുത്തൽ, റദ്ദു ചെയ്യൽ എന്നൊക്കെയാണ് പൊതുവെ പറഞ്ഞുവരാറുള്ള അർത്ഥം. ഭാഷാപരമായി അത് ശരിയാണു താനും. എന്നാൽ അത് നസ്ഖിൻെറ സാങ്കേതികമായ പല അർത്ഥ തലങ്ങളെയും സ്പർശിക്കുന്നില്ലെന്നതാണു കാര്യം.
പൂർവ്വീക സമുദായങ്ങളിൽ പ്രാബല്യത്തിലുണ്ടായിരുന്ന ചില വസ്തുതകളും നിയമങ്ങളും ഇസ്‌ലാമിൻെറ ആവിർഭാവത്തോടെ തന്നെ തീർത്തും ദുർബ്ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത്തരം ദുർബ്ബലപ്പെടുത്തലുകൾ നസ്ഖിൻെറ വിവക്ഷയിൽ ഉൾപ്പെടുന്നു.
ഇസ്‌ലാമിൻെറ ആദ്യകാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന ചില നിയമങ്ങളും വ്യവസ്ഥകളും പിന്നീട് പൂർണ്ണമായി റദ്ദു ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം റദ്ദു ചെയ്യലുകളും നസ്ഖിൻെറ വിവക്ഷയിൽപെട്ട കാര്യങ്ങളാണ്. നസ്ഖ് എന്നു പറയുമ്പോൾ അധിക പേരും മനസ്സിലാക്കുന്നത് ഈ രണ്ടിനങ്ങൾ മാത്രമാണ്.
ഇസ്‌ലാമിക ശരീഅത്തിലെ നിയമ വ്യവസ്ഥകൾ ക്രമപ്രവൃദ്ധമായിട്ടാണ് അല്ലാഹു അവതരിപ്പിച്ചതെന്ന കാര്യം നടേ സൂചിപ്പിച്ചുവല്ലോ. ഇത് നിയമ വ്യവസ്ഥയെ നിരവധി ഭേദഗതികളിലൂടെ കടന്നുപോകാൻ നിർബ്ബന്ധിക്കുന്നു. ഉദാഹരണമായി, ആദ്യം സാമാന്യമായ ഒരു നിയമം (عام) അവതരിപ്പിക്കുന്നു. അതുമായി ജനങ്ങൾ ഇണങ്ങിക്കഴിയുമ്പോൾ അതിനെ സവിശേഷവൽക്കരിക്കുന്നു. ആദ്യം അവതരിച്ച സാമാന്യ നിയമം നിലനിൽക്കുമ്പോൾ തന്നെ, അതിൽപ്പെട്ട ചില കാര്യങ്ങൾക്ക് സവിശേഷമായ (خاص) ചില നിയമങ്ങൾ വരുന്നു. സാങ്കേതികമായി പറഞ്ഞാൽ ഇത് ഒരു നിയമ ഭേദഗതിയാണ്. ഇതും നസ്ഖിൻെറ വിവക്ഷയിൽപ്പെടുന്നു. അതേപോലെ, പ്രാഥമിക ഘട്ടത്തിൽ അല്ലാഹു ജനങ്ങൾക്കു പ്രയാസമാവാതിരിക്കാൻ വേണ്ടി നിരുപാധികമായ (مطلق) ഒരു നിയമം അവതരിപ്പിക്കുന്നു. അതുമായി അവർ ഇണങ്ങിക്കഴിയുമ്പോൾ അതിൽ അവൻ ഭേദഗതി വരുത്തുകയും ഉപാധികൾ നിശ്ചയിക്കുകയും (مقيد) ചെയ്യുന്നു. ഇതും നസ്ഖിൻെറ വിവക്ഷയിലുൾപ്പെടുന്നു. മറ്റു ചിലപ്പോൾ നിലവിലുള്ള നിയമങ്ങളിൽ ചില കൂട്ടിച്ചേർക്കലുകളുണ്ടാവുന്നു. മറ്റു ചിലപ്പോൾ നിലവിലുള്ള നിയമങ്ങളിൽപെട്ട ചില ഇനങ്ങളെ ഒഴിവാക്കുന്നു. ഇവയെല്ലാം തന്നെ സാങ്കേതികമായി പറഞ്ഞാൽ നസ്ഖിൻെറ പരിധിയിൽ വരുന്ന കാര്യങ്ങളാണ്.
ഖുർആൻ വ്യാഖ്യാതക്കൾ, ഹദീസു പണ്ഡിതന്മാർ, ഫുഖഹാക്കൾ തുടങ്ങിയവർ പലപ്പോഴും ഒരു പ്രമാണ വാക്യത്തെ കുറിച്ച് അത് നസ്ഖ് ചെയ്യപ്പെട്ടതാണെന്നു പറയുന്നത് കാണാം. എല്ലായിപ്പോഴും അതിൻെറ വിവക്ഷ ആ വാക്യം ആദ്യന്തം റദ്ദ് ചെയ്യപ്പെട്ടു എന്നോ, അത് പൂർണ്ണമായും ദുർബ്ബലപ്പെടുത്തപ്പെടുകയും കാലഹരണപ്പെട്ടു പോവുകയും ചെയ്തു എന്നോ ആയിക്കൊള്ളണമെന്നില്ല. അപൂർവ്വം ചില സന്ദർഭങ്ങളിൽ മാത്രം അങ്ങനെ ആവുകയും ചെയ്യാം. നസ്ഖ് ചെയ്യപ്പെട്ടത് (منسوخ) എന്നതു കൊണ്ട് മിക്കപ്പോഴും അവർ അർത്ഥമാക്കുന്നത് ആ വാക്യം പ്രാബല്യത്തിലുള്ള അടിസ്ഥാന നിയമമാണെന്നും എന്നാൽ അതിനു ചില ഭേദഗതികൾ പിന്നീട് വന്നിട്ടുണ്ടെന്നുമാണ്. അത്തരം ഭേദഗതികളുടെ സ്വഭാവം നടേ സൂചിപ്പിച്ചിട്ടുണ്ട്.
ഇസ്‌ലാമിൽ, പൂർണ്ണമായും ദുർബ്ബലപ്പെടുത്തപ്പെടുകയും റദ്ദാക്കപ്പെടുകയും ചെയ്ത വിധികളും വാക്യങ്ങളും നമുക്ക് കാണാം. അതിന് (منسوخ) എന്നും, അതിനെ ദുർബ്ബലപ്പെടുത്തുന്നതായി അറിയിക്കുന്ന വാക്യത്തിന് (ناسخ) എന്നും പറയുന്നു. നാസിഖ് എപ്പോഴും മൻസൂഖിനു ശേഷം മാത്രമേ വരികയുള്ളു. അവയുടെ കാലഗണന മനസ്സിലാക്കൽ വളരെ പ്രാധാന്യമുള്ള വിഷയമാണ്.
എന്നാൽ പ്രാബല്യത്തിലിരിക്കുന്ന ചില അടിസ്ഥാന വിധികൾക്കോ വാക്യങ്ങൾക്കോ പിന്നീട് ഭേദഗതികൾ വരാം. അത്തരം വിധികൾക്കും വാക്യങ്ങൾക്കും (منسوخ) എന്നു തന്നെയാണ് പറയുക. അതിനു ഭേദഗതി നിർദ്ദേശിക്കുന്ന വാക്യത്തിന് (ناسخ) എന്നും പറയുന്നു. പലപ്പോഴും പണ്ഡിതന്മാരുടെ ഇത്തരം പരാമർശങ്ങൾ നസ്ഖിനെ പൂർണ്ണാർത്ഥത്തിൽ മനസ്സിലാക്കത്ത അനുവാചകരിൽ അജീർണ്ണമുളവാക്കുന്നു. അതിനാൽ, നസ്ഖിന് ദുർബ്ബലപ്പെടുത്തൽ, റദ്ദുചെയ്യൽ പോലുള്ള പരിഭാഷകൾക്കു പകരം, പൂർണ്ണമായ റദ്ദു ചെയ്യലിനെയും മറ്റു നിയമ ഭേദഗതികളെയും ഒരു പോലെ ഉൾക്കൊള്ളാവുന്ന മറ്റൊരു സംജ്ഞ കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം മതിയായ വിശദീകരണം നൽകി തെറ്റിദ്ധാരണകൾ ദൂരീകരിക്കുകയെങ്കിലും വേണം.
പരാമൃഷ്ട സൂക്തത്തിൻെറ വ്യാഖ്യാനത്തിൽ നസ്ഖിനെ കുറിച്ച് വിശുദ്ധ ഖുർആൻ വിവരണത്തിൽ കൊടുത്ത കാര്യങ്ങൾ അപൂർണ്ണമാണെന്നും പൗരാണിക പണ്ഡിതന്മാർ നസ്ഖ് എന്നു പറയുമ്പോൾ യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്നും മാന്യ വായനക്കാരെ ഉണർത്താനാണ് ഇത്രയും പറഞ്ഞത്.