﴿ وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ ۖ فَإِنِ انتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ ﴾ (193)
〈’ഫിത്‌ന’ (الفتنة) എന്ന വാക്ക് പല അർത്ഥങ്ങളും വരുന്ന ഒരു പദമത്രെ. (സ്വർണ്ണം മുതലായ ലോഹങ്ങൾ) തീയിൽ കാട്ടി ഉരുക്കുക, വഴിപിഴപ്പിക്കുക, ഭ്രാന്ത്, ആപത്ത്, പരീക്ഷണം, സ്വാഭിപ്രായത്തിൽ സംതൃപ്തി അടയുക, സമ്പത്തും സന്തതികളും, ആദർശത്തിലെ ഭിന്നിപ്പ്, പാപം, അവിശ്വാസം, അപമാനം, ശിക്ഷ, മർദ്ദനം’ എന്നീ അർത്ഥങ്ങളെല്ലാം സന്ദർഭമനുസരിച്ച് ആ പദത്തിന് വരും. ഈ അർത്ഥങ്ങളിൽ മിക്കതും ഉൾക്കൊള്ളുന്ന ഒരർത്ഥത്തിലാണ് അതിവിടെ നിലകൊള്ളുന്നത് എന്നു പറയാം.〉 [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/323]
ആധുനിക കാലത്ത് രൂപപ്പെട്ട രണ്ടു വ്യത്യസ്ത അഖ്‌ലാനീ ചിന്താധാരകളാണ് ഇസ്വ്‌ലാഹിയ്യത്തും ഇഖ്‌വാനിയ്യത്തും. റശീദ് രിളായുടെ تفسير المنار, സയ്യിദ് ഖുത്വ‌്‌ബിൻെറ في ظلال القرأن എന്നിവ മേൽ പറഞ്ഞ ചിന്താധാരകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ആധാര ഗ്രന്ഥങ്ങളാണ്. അവ വിശുദ്ധ ഖുർആൻ വിവരണത്തിൻെറ അവലംബങ്ങളിൽ ഉൾപ്പെടുത്തിയത് തെറ്റായിപ്പോയി എന്ന് പറയാതിരിക്കാൻ വയ്യ. മുകളിൽ പറഞ്ഞ രണ്ടു ചിന്താധാരകൾക്കും കൃതികൾക്കും വിശുദ്ധ ഖുർആൻ വിവരണത്തിൻെറ രചയിതാക്കളിലും പ്രസാധകരിലുമുള്ള ആഴമേറിയ സ്വാധീനമാണത് വ്യക്തമാക്കുന്നത്. കേരളത്തിലെ ഇസ്വ്‌ലാഹികൾ ഇപ്പോൾ ഇഖ്‌വാനീ ചിന്താധാരയുടെ ചില ശാഖകളോട് പുലർത്തുന്ന വിയോജിപ്പ് വിസ്മരിക്കുന്നില്ല. മതപരമായ വീക്ഷണത്തിൽ അത് ഒട്ടും മൗലികമല്ല എന്നേ പറയാൻ കഴിയൂ. മാത്രമല്ല, അത് ബാഹ്യസ്പർശിയായ കുറച്ച് കാര്യങ്ങളിൽ ഒതുങ്ങി നിൽക്കുന്നതും സംഘടനാപരമായ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളവയുമാണ്.
മുകളിൽ ചൂണ്ടിക്കാണിച്ച വസ്തുതകളുടെ വെളിച്ചത്തിൽ വേണം ബഖറഃ 193-ാം സൂക്തത്തിന് വിശുദ്ധ ഖുർആൻ വിവരണത്തിൽ നൽകിയിരിക്കുന്ന വ്യാഖ്യാനം വിശകലനം ചെയ്യാൻ. പ്രസ്തുത സൂക്തത്തിലെ الفتنة എന്നതിന് നൽകപ്പെട്ട വിശദീകരണം അഖ്‌ലാനീ ചിന്താധാരയുമായിട്ടാണ് ഒത്തുപോവുക. സലഫുകളുടെ വ്യാഖ്യാനവുമായി അതിന് യാതൊരു ബന്ധവുമില്ല.
ശിർക്ക് എന്നാണ് സ്വഹാബികളും അല്ലാത്തവരുമായ സലഫുകൾ ഫിത്നഃയെ വ്യാഖ്യാനിച്ചിരിക്കുന്നത്. ഇക്കാര്യം ഇമാം അഹ്‌മദ് رَحِمَهُ اللهُ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
وقال الإمام أحمد: عجبت لقوم عرفوا الإسناد وصحته، يذهبون إلى رأي سفيان، والله تعالى يقول: ﴿فليحذر الذين يخالفون عن أمره أن تصيبهم فتنة، أو يصيبهم عذاب أليم﴾ أتدري ما الفتنة؟ الفتنة: الشرك، لعله إذا رد بعض قوله أن يقع في قلبه شيء من الزيغ فيهلك. [محمد بن عبد الوهاب في كتاب التوحيد]
〈ഇമാം അഹ്‌മദ് പറയുകയുണ്ടായി: ഹദീസ് നിവേദക പരമ്പരയും അതിൻെറ സ്വീകാര്യതയും സംബന്ധിച്ച് വേണ്ടത്ര അറിവുള്ള ചിലർ തന്നെ സുഫ്‌യാൻെറ അഭിപ്രായത്തിലേക്ക് പോകുന്നത് കാണുമ്പോൾ എനിക്ക് അതിശയം തോന്നുന്നു. അല്ലാഹു പറയുന്നു: “റസൂലിൻെറ ശാസനകളിൽ മാറ്റംവരുത്തുന്നവർ തങ്ങള്‍ക്ക് വല്ല ഫിത്‌നയും വന്നുഭവിക്കുന്നതോ, വേദനയേറിയ ശിക്ഷ ബാധിക്കുന്നതോ സൂക്ഷിച്ചു കൊള്ളട്ടെ.” (നൂർ 63) ഫിത്‌നഃ എന്നാൽ എന്താണെന്ന് നിനക്കറിയുമോ? ഫിത്‌നയുടെ വിവക്ഷ ശിർക്ക് എന്നാണ്. അവിടുത്തെ ഏതെങ്കിലും നിർദ്ദേശങ്ങൾ ഒരാൾ നിരാകരിക്കുന്ന പക്ഷം അവൻെറ ഹൃദയത്തിൽ എന്തെങ്കിലും വ്യതിയാനം സംഭവിക്കുകയും അങ്ങനെ അവൻ നശിക്കുകയും ചെയ്തേക്കാം.〉 (മുഹമ്മദ് ബിൻ അബ്‌ദിൽ വഹാബ് കിതാബുത്തൗഹീദീൽ ഉദ്ധരിച്ചത്)
അല്ലാഹുവിൻെറ ശാസനകളാണ് നബി ﷺ മാനവരാശിക്ക് കൈമാറിയിട്ടുള്ളത്. അതിൽ വല്ല മാറ്റവും വരുത്താമെന്ന് കരുതുന്നവർ തത്വത്തിൽ അല്ലാഹുവിൻെറ അധികാരാവകാശങ്ങളിൽ കൈകടത്തുകയാണ് ചെയ്യുന്നത്. അത് അനിവാര്യമായും അവരെ കൊണ്ടെത്തിക്കുക അല്ലാഹുവിൽ പങ്കുചേർക്കുക എന്ന കൊടിയ ശിർക്കിലേക്കാണ്. ഈ വസ്തുതയാണ് ഇമാം അഹ്‌മദ് رَحِمَهُ اللهُ ഇവിടെ അടിവരയിടുന്നത്.
ജീവിക്കാനുള്ള അവകാശം വളരെ വലുതാണ്. പക്ഷെ, അത് അവസാനത്തേതല്ല. അതിലും വലിയ കാര്യങ്ങൾ വേറെയുണ്ട്. അഖിലാണ്ഡങ്ങളെയും അവയിലുള്ള സർവ്വചരാചരങ്ങളെയും സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിച്ചു പരിപാലിക്കുകയും ചെയ്യുന്ന ഒരുവനുണ്ട്. അവനാണ് അല്ലാഹു. അവൻ ഇണകളെയോ സന്താനങ്ങളെയോ പങ്കുകാരെയോ സഹായികളെയോ ശിപാർശകരെയോ സ്വീകരിച്ചിട്ടില്ല. മുഴുകാര്യങ്ങളിലും അവൻ ഏകനും അതുല്യനും അദ്വിതീയനുമാണ്. ഏതെങ്കിലും തരത്തിൽ അവനിൽ പങ്കുചേർക്കുന്നത് അവൻ പൊറുക്കാത്ത കൊടിയ പാതകമാണ്. അവൻെറ ഏകത്വം അംഗീകരിച്ച് അവനു മാത്രമായി ആരാധന ചെയ്യുക എന്നതു മാത്രമാണ് ഭൂലോകത്ത് ജീവിക്കുന്ന മനുഷ്യനെ അവൻ ഏൽപിച്ചിരിക്കുന്ന ദൗത്യം. എന്നിരിക്കെ അവനിൽ പങ്കുചേർക്കുക എന്നത് ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതിനെക്കാളും എത്രയോ വലിയ അപരാധമാണ്!
ജീവനും ജീവിതവും നൽകിയ തൻെറ റബ്ബിനോട് നന്ദികേട് കാണിക്കുന്നു. അവനെ ധിക്കരിക്കുന്നു. അവൻ ഒരിക്കലും പൊറുക്കില്ലെന്ന് പറഞ്ഞ ശിർക്ക് ചെയ്യുന്നു. സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള ബന്ധം കീഴ്‌മേൽ മറിക്കുന്നു. ഒരേ സമയം പ്രാപഞ്ചിക സത്യങ്ങൾ അട്ടിമറിക്കുകയും മതശാസനകൾക്ക് എതിര് പ്രവർത്തിക്കുകയും ചെയ്യുന്നു. ആരാധിക്കപ്പെടാനുള്ള അവകാശം അല്ലാഹുവിന് മാത്രമേയുള്ളു എന്നിരിക്കെ ആ അവകാശത്തെ തന്നെ അവൻ നിഷേധിക്കുന്നു. വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ ഇത് ഒരു മനുഷ്യജീവൻ ഹനിക്കുന്നതിനെക്കാൾ എത്രയോ ഭയാനകമാണെന്ന് കാണാം.
അല്ലാഹുവിൻെറ ഭൂമിയിൽ അല്ലാഹുവിൻെറ അവകാശത്തെ മാത്രമല്ല അവൻെറ നല്ലവരായ അടിമകളുടെ അവകാശത്തെയും അവർ ചോദ്യം ചെയ്യുന്നു. ആരാധന തനിക്കു മാത്രം സമർപ്പിക്കപ്പെടാനുള്ള അല്ലാഹുവിൻെറ അവകാശം നിഷേധിക്കുന്നതു പോലെ, അവൻെറ സൃഷ്ടികൾക്ക് അവനെ മാത്രം ആരാധിക്കാനുള്ള അവകാശവും അവർ നിഷേധിക്കുന്നു. ഏകനായ അല്ലാഹുവിനെ മാത്രമേ ഞങ്ങൾ ആരാധിക്കുകയുള്ളു എന്ന് പ്രഖ്യാപിച്ചതിൻെറ പേരിൽ ക്രൂരമായ പീഡനങ്ങളും അവസാനിക്കാത്ത രക്തച്ചൊരിച്ചിലുകളുമല്ലേ അരങ്ങേറിക്കൊണ്ടിരിക്കുന്നത്? മായ്ച്ചുകളയാനാവാത്ത വിധം ഗതകാല ചരിത്രത്തിൽ അതിൻെറ പാടുകൾ പതിഞ്ഞു കിടപ്പില്ലേ. സമകാലീന സമൂഹങ്ങളിൽ ഹൃദയഭേദകമായ ജീവിത യാഥാർത്ഥ്യങ്ങളായി അത് നിലനിൽക്കുന്നില്ലേ. അതെ, അവർ സൃഷ്ടിക്കുന്ന ഈ കുഴപ്പങ്ങൾ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതിനെക്കാളും എത്രയോ ഗുരുതരമാണ്. അത് പ്രതിരോധിക്കേണ്ടത് അനിവാര്യമാണ് എന്നതു തന്നെയാണ് അല്ലാഹു നമ്മെ ഓർമ്മിപ്പിക്കുന്നത്:
﴿وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ ۚ وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ ۚ وَلَا تُقَاتِلُوهُمْ عِندَ الْمَسْجِدِ الْحَرَامِ حَتَّىٰ يُقَاتِلُوكُمْ فِيهِ ۖ فَإِن قَاتَلُوكُمْ فَاقْتُلُوهُمْ ۗ كَذَٰلِكَ جَزَاءُ الْكَافِرِينَ﴾ (البقرة 191)
〈കണ്ടുകിട്ടുന്നിടത്ത് വെച്ച് അവരെ നിങ്ങൾ കൊന്നുകളയുക, അവര്‍ നിങ്ങളെ പുറത്താക്കിയേടത്തുനിന്ന് നിങ്ങള്‍ അവരെയും പുറത്താക്കുക, ഫിത്‌നഃ കൊലയെക്കാള്‍ കടുത്തതാണ്. മസ്‌ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കിൽ അവരെ നിങ്ങൾ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.〉 (ബഖറഃ 191)
ആരാധന തനിക്കു മാത്രം സമർപ്പിക്കപ്പെടാനുള്ള അല്ലാഹുവിൻെറ അവകാശം ഹനിക്കുക, സൃഷ്ടികൾക്ക് അവനെ മാത്രം ആരാധിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുക, അതിൻെറ പേരിൽ ക്രൂരമായ പിഡനങ്ങളും അവസാനിക്കാത്ത രക്തച്ചൊരിച്ചിലുകളും സൃഷ്ടിക്കുക, ഇതാണ് ഫിത്‌നഃ. ഇത് കൊലയെക്കാളും യുദ്ധത്തെക്കാളും കഠിനതരമാണ്. വ്യവസ്ഥാപിതമായ യുദ്ധത്തിലൂടെയെങ്കിലും അത് തുടച്ചുമാറ്റണം. അല്ലാഹുവിന് മാത്രമായി ആരാധന അർപ്പിക്കപ്പെടാനും, സൃഷ്ടികൾക്ക് നിർഭയം അല്ലാഹുവിനെ മാത്രം ആരാധിക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ ഫിത്‌നഃ അവസാനിച്ചു. സ്ഥിതി വിശേഷം മറിച്ചാണെങ്കിൽ അവിടെ ഫിത്‌നഃ നിലനിൽക്കുന്നു എന്ന് സാരം. താഴെ കൊടുത്തിരിക്കുന്ന സംഭവം ഇക്കാര്യം സുതരാം വ്യക്തമാക്കുന്നു:
عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، أَتَاهُ رَجُلاَنِ فِي فِتْنَةِ ابْنِ الزُّبَيْرِ فَقَالاَ: إِنَّ النَّاسَ صَنَعُوا وَأَنْتَ ابْنُ عُمَرَ، وَصَاحِبُ النَّبِيِّ ﷺ، فَمَا يَمْنَعُكَ أَنْ تَخْرُجَ؟ فَقَالَ: يَمْنَعُنِي أَنَّ اللَّهَ حَرَّمَ دَمَ أَخِي، فَقَالاَ: أَلَمْ يَقُلِ اللَّهُ: ﴿وَقَاتِلُوهُمْ حَتَّى لاَ تَكُونَ فِتْنَةٌ﴾ (الأنفال: 39)، فَقَالَ: قَاتَلْنَا حَتَّى لَمْ تَكُنْ فِتْنَةٌ، وَكَانَ الدِّينُ لِلَّهِ، وَأَنْتُمْ تُرِيدُونَ أَنْ تُقَاتِلُوا حَتَّى تَكُونَ فِتْنَةٌ، وَيَكُونَ الدِّينُ لِغَيْرِ اللَّهِ. [البخاري في صحيحه]
〈ഇബ്‌നു ഉമർ رَضِيَ اللهُ عَنْهُمَا നിവേദനം. ഇബ്‌നുസ്സുബൈർ മൂലം ഉണ്ടായ കുഴപ്പം നടന്നു കൊണ്ടിരിക്കെ രണ്ടു പേർ തന്നെ സമീപിച്ചു കൊണ്ട് പറഞ്ഞു: ജനങ്ങൾ പലതും ചെയ്തുകൊണ്ടിരിക്കുന്നു. ഉമറിൻെറ പുത്രനും റസൂലിൻെറ സഹചാരിയും ആണെന്നിരിക്കെ ഇറങ്ങിപ്പുറപ്പെടാൻ താങ്കൾക്ക് എന്താണു തടസ്സം? അദ്ദേഹം പ്രതിവചിച്ചു: എൻെറ സഹോദരൻെറ രക്തം അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു എന്നതാണ് എന്നെ തടയുന്നത്. അവർ രണ്ടു പേരും ചോദിച്ചു: അല്ലാഹു പറഞ്ഞിട്ടില്ലേ: “ഫിത്‌നഃ ഇല്ലാതാകുന്നതു വരെ നിങ്ങൾ അവരോട് യുദ്ധം ചെയ്യുക” (അൻഫാൽ 39) എന്ന്? അപ്പോൾ അദ്ദേഹം പറഞ്ഞു: ഫിത്‌നഃ ഇല്ലാതാകുന്നതു വരെ ഞങ്ങൾ യുദ്ധം ചെയ്തു. അങ്ങനെ ദീൻ അല്ലാഹുവിന്ന് ആയിത്തീരുകയും ചെയ്തു. ഫിത്‌നഃ ഉണ്ടാകുന്നതു വരെ യുദ്ധം ചെയ്യാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്; അങ്ങനെ ദീൻ അല്ലാഹു അല്ലാത്തവർക്ക് ആയിത്തീരുന്നതിനും.〉 [ബുഖാരി സ്വഹീഹിൽ രേഖപ്പെടുത്തിയത്]
അക്രമോത്സുകതയും യുദ്ധക്കൊതിയുമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത് എന്ന ഒരു തെറ്റായ വിവരണം (narrative) രചിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അത് അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് മുകളിൽ പറഞ്ഞ സൂക്തങ്ങളെ സൂക്ഷ്മവും നിഷ്പക്ഷവുമായി നിരീക്ഷിക്കുന്നവർക്ക് അനായാസം ഗ്രഹിക്കാവുന്നതാണ്. കൊലയെക്കാളും യുദ്ധത്തെക്കാളും ക്രൂരവും നിഷ്ഠൂരവുമായ സാഹചര്യങ്ങൾ ഇല്ലാതാക്കാൻ സദുദ്ദേശ്യപരമായും വ്യവസ്ഥാപിതമായും നടത്തുന്ന യുദ്ധം മാത്രമേ ഇസ്‌ലാം നിയമമാക്കിയിട്ടുള്ളു. ശ്രദ്ധിക്കുക!
1. നിയമാനുസാരം അധികാരത്തിലേറിയ ഒരു ഭരണാധികാരിയുടെ കീഴിൽ മത്രമേ ഇസ്‌ലാം യുദ്ധം അനുവദിക്കുന്നുള്ളു. ഭരണാധികാരിയുടെ നേതൃത്വത്തിലല്ലാതെ, അവ്യക്തമോ അറിയപ്പെടാത്തതോ ആയ ഒരു കൊടിക്കു കീഴിൽ യുദ്ധം ചെയ്യുന്നത് തെറ്റാണ്. അങ്ങനെയുള്ള യുദ്ധത്തിൽ ഒരാൾ നാശമടഞ്ഞാൽ അത് ജാഹിലീ മരണവുമാണ്.
2. ശത്രുക്കളെ നേരിടാനാവശ്യമായ ശക്തി മുസ്‌ലിംകൾക്കുണ്ടായിരിക്കണം. മതിയായ ശക്തിയില്ലാതെ ശത്രുക്കളുമായി യുദ്ധം നടത്താൻ പാടില്ല. യുദ്ധത്തിന് തീരുമാനമെടുക്കുകയും ആഹ്വാനം നടത്തുകയും ചെയ്യുന്ന ഭരണാധികാരി സ്ഥിതിഗതികൾ വിലയിരുത്തുകയും ഈ യാഥാർത്ഥ്യബോധം ഉൾക്കൊള്ളുകയും വേണം.
3. മുസ്‌ലിംകളുടെയും ശത്രുക്കളുടെയും നിരകൾ പരസ്പരം വേർതിരിയുകയും അന്തരീക്ഷം യുദ്ധസജ്ജമായിരിക്കുകയും വേണം. മുസ്‌ലിംകളും ശത്രുക്കളും ഇടകലർന്നു നിൽക്കുന്ന യുദ്ധസജ്ജമല്ലാത്ത സാഹചര്യത്തിൽ മുസ്‌ലിംകൾ മുസ്‌ലിംകളെ തന്നെ കൊന്നൊടുക്കാൻ ഇടവരരുത്.
യുദ്ധത്തിനു പുറപ്പെടുന്ന ഭടന്മാർക്ക് നബി ﷺ യും, ശേഷം അബൂബക്കർ رَضِيَ اللهُ عَنْهُ വും നൽകിയ സൈനിക നിർദ്ദേശങ്ങൾ ചരിത്ര രേഖകളിൽ സ്ഥിരപ്പെട്ടു കിടപ്പുണ്ട്. വിസ്താര ഭയത്താൽ ഉദ്ധരിക്കുന്നില്ല. അത് വായിക്കുന്ന ഒരാൾ നിസ്സംശയം പറയും: നല്ല യുദ്ധം എന്നൊരു വിഭാവനയുണ്ടെങ്കിൽ മറ്റൊന്നല്ല; ഇതു തന്നെയാണത്, തീർച്ച. ശൈഖ് അബ്ദുറഹ്‌മാൻ അസ്സഅ്ദി رَحِمَهُ اللهُ യുടെ വാക്കുകൾ കൂടി ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം:
وأنه ليس المقصود به، سفك دماء الكفار، وأخذ أموالهم، ولكن المقصود به أن ﴿يَكُونَ الدِّينُ لِلَّهِ﴾ تعالى، فيظهر دين الله تعالى، على سائر الأديان، ويدفع كل ما يعارضه، من الشرك وغيره، وهو المراد بالفتنة، فإذا حصل هذا المقصود، فلا قتل ولا قتال. [السعدي في تيسير الكريم الرحمن]
〈അതിൻെറ ലക്ഷ്യം അവിശ്വാസികളുടെ രക്തം ചൊരിയലോ അവരുടെ ധനം പിടിച്ചെടുക്കലോ അല്ല. മറിച്ച് അതുകൊണ്ട് ഉദ്ദേശിക്കുന്നത് ദീൻ അല്ലാഹുവിന്ന് ആയിത്തീരുകയും അല്ലാഹുവിൻെറ ദീൻ മറ്റു മതങ്ങളുടെ മീതെ വരികയും ചെയ്യുക എന്നതാണ്. അതിനു വിരുദ്ധമായി നിലക്കൊള്ളുന്ന ശിർക്കും അല്ലാത്തതുമായ കാര്യങ്ങളെ തടുക്കുക എന്നതുമാണ്. അതാണ് ഫിത്‌നഃയുടെ വിവക്ഷയും. ഈ ലക്ഷ്യം സാക്ഷാൽക്കരിച്ചാൽ പിന്നെ വധമോ യുദ്ധമോ പാടില്ല.〉 [സഅ്ദി തഫ്‌സീറിൽ രേഖപ്പെടുത്തിയത്]