﴿ وَأَنفِقُوا فِي سَبِيلِ اللَّهِ وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ۛ وَأَحْسِنُوا ۛ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ ﴾ (195)
〈في سبيل الله (അല്ലാഹുവിൻെറ മാർഗ്ഗത്തിൽ) എന്ന് പറഞ്ഞതിൽ, അല്ലാഹു ഇഷ്ടപ്പെടുന്ന എല്ലാ വിഷയങ്ങളും ഉൾപ്പെടും. ഇസ്‌ലാമിൻെറ നിലനിൽപിനും അഭിവൃദ്ധിക്കും വളർച്ചക്കും ആവശ്യമായ കാര്യങ്ങൾ, ശത്രുക്കളുമായുള്ള സമരങ്ങൾ ആദിയായവ അവയുടെ മുൻപന്തിയിൽ നിലകൊള്ളുന്നു. കഴിഞ്ഞ വചനങ്ങളിൽ ശത്രുക്കളുമായി യുദ്ധം നടത്തുന്നത് സംബന്ധിച്ച പലതും വിവരിച്ചതിനെ തുടർന്നാണ് ഈ വചനത്തിൽ ചെലവഴിക്കുവാൻ കൽപിക്കുന്നതെന്ന് ഓർക്കുമ്പോൾ ഈ അവസാനം പറഞ്ഞ കാര്യമാണ് ഇവിടെ മുഖ്യമായി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതാവുന്നതാണ്.〉 [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/326]
അല്ലാഹുവിൻെറ മാർഗ്ഗത്തിൽ (في سبيل الله) എന്നത് മത വിദ്യാഭ്യാസം നേടിയവർ പോലും വളരെയധികം തെറ്റിദ്ധരിച്ച ഒരു പ്രയോഗമാണ്. വിശുദ്ധ ഖുർആൻ വിവരണത്തിൽ പറഞ്ഞതു പോലെ അല്ലാഹു ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും അതിൽ ഉൾപ്പെടും എന്നാണ് അധികപേരും ധരിച്ചുവെച്ചിരിക്കുന്നത്. ഇത് ശരിയല്ല. ശത്രുക്കളുമായുള്ള യുദ്ധം എന്നതാണ് അതിൻെറ ശരിയായ വിവക്ഷ.
ജിഹാദുമായി ഇതിനെ കൂട്ടിക്കുഴക്കരുത്. ജിഹാദ് കൂടുതൽ അർത്ഥവ്യാപ്തിയുള്ള മറ്റൊരു പദമാണ്. അതിൻെറ വിവക്ഷയിൽ ശത്രുക്കളോടുള്ള യുദ്ധം മാത്രമല്ല മറ്റു പല കാര്യങ്ങളും ഉൾപ്പെടും. രണ്ടും തമ്മിൽ മാറിപ്പോകാതെ വേർതിരിച്ച് മനസ്സിലാക്കണമെന്ന് ഉണർത്തുന്നു.
ബഖറഃ 195-ാം സൂക്തത്തിൽ അല്ലാഹു അജ്ഞാപിക്കുന്നത് ഇസ്‌ലാമിൻെറ ശത്രുക്കളുമായുള്ള യുദ്ധത്തിനു വേണ്ടി സ്വത്ത് ചെലവഴിക്കാനാണ്. അതിനു വേണ്ടി സ്വത്ത് ചെലവഴിക്കാതിരിക്കുന്നത് നാശത്തിൽ കൈ ഇടലായിത്തീരും. കാരണം, സ്വത്ത് വിനിയോഗിക്കാത്ത പക്ഷം സത്യത്തിനു വേണ്ടിയുള്ള യുദ്ധം ഇല്ലാതാകും. അത് ശിർക്കിൻെറയും അനുബന്ധ കുഴപ്പങ്ങളുടെയും തേർവാഴ്ചക്ക് വഴിവെക്കും. തന്നിമിത്തം ഇഹത്തിലും പരത്തിലും നിങ്ങൾ നാശമടയേണ്ടിവരും. ഇതാണ് മേൽ സൂക്തത്തിൻെറ ശരിയായ വിവക്ഷ. ഇമാം ത്വബ്‌രി رحمه الله നൽകിയ വ്യാഖ്യാനം കാണുക:
وسبيل الله طريقه الذي أمر أن يسلك فيه إلى عدوه من المشركين لجهادهم وحربهم، ﴿ولا تلقوا بأيديكم إلى التهلكة﴾ يقول: ولا تتركوا النفقة في سبيل الله، فإن الله يعوضكم منها أجرا ويرزقكم عاجلا. [أبو جعفر الطبري في جامع البيان]
〈അല്ലാഹുവിൻെറ മാർഗ്ഗം (سبيل الله) എന്നത് മുശ്‌രിക്കുകളായ ശത്രുക്കളിലേക്ക്, അവരോട് യുദ്ധവും ജിഹാദും ചെയ്യുന്നതിനു വേണ്ടി, കടന്നുചെല്ലാൻ അല്ലാഹു കൽപിച്ച വഴിയാണ്. (നിങ്ങളുടെ കൈകൾ നിങ്ങൾ നാശത്തിലിടരുത്) എന്നതിലൂടെ അല്ലാഹു പറയുന്നത് യുദ്ധത്തിനു വേണ്ടിയുള്ള വ്യയം നിങ്ങൾ ഉപേക്ഷിക്കരുത് എന്നാണ്. നിശ്ചയമായും അല്ലാഹു അതിനു പകരമായി നിങ്ങൾക്ക് പ്രതിഫലം നൽകും; ഇഹത്തിൽ തന്നെ നിങ്ങൾക്ക് വേണ്ടത് അവൻ പ്രദാനം ചെയ്യും.〉 [ഇബ്‌നു ജരീർ, ജാമിഉൽ ബയാനിൽ രേഖപ്പെടുത്തിയത്]
മുകളിൽ പറഞ്ഞ വ്യാഖ്യാനത്തെ സാധൂകരിക്കുന്ന ഒരു സംഭവം കൂടി ഉദ്ധരിക്കാം.
عن أسلم أبي عمران التجيبي قال كنا بمدينة الروم فأخرجوا إلينا صفا عظيما من الروم فخرج إليهم من المسلمين مثلهم أو أكثر وعلى أهل مصر عقبة بن عامر وعلى الجماعة فضالة بن عبيد فحمل رجل من المسلمين على صف الروم حتى دخل فيهم فصاح الناس وقالوا سبحان الله يلقي بيديه إلى التهلكة فقام أبو أيوب الأنصاري فقال يا أيها الناس إنكم تتأولون هذه الآية هذا التأويل وإنما أنزلت هذه الآية فينا معشر الأنصار لما أعز الله الإسلام وكثر ناصروه فقال بعضنا لبعض سرا دون رسول الله صلى الله عليه وسلم إن أموالنا قد ضاعت وإن الله قد أعز الإسلام وكثر ناصروه فلو أقمنا في أموالنا فأصلحنا ما ضاع منها فأنزل الله على نبيه ﷺ يرد علينا ما قلنا ﴿وأنفقوا في سبيل الله ولا تلقوا بأيديكم إلى التهلكة﴾ فكانت التهلكة الإقامة على الأموال وإصلاحها وتركنا الغزو فما زال أبو أيوب شاخصا في سبيل الله حتى دفن بأرض الروم. [الترمذي في سننه وصححه الألباني]
〈അസ്‌ലം അത്തുജീബി നിവേദനം. അദ്ദേഹം പറയുന്നു: ഞങ്ങൾ റോം പട്ടണത്തിലായിരിക്കെ റോമക്കാരായ വലിയൊരു സൈനിക വ്യൂഹത്തെ അവർ പുറത്തിറക്കി. അപ്പോൾ അത്ര തന്നെ വരുന്ന, അല്ലെങ്കിൽ അതിലും കൂടിയ ഒരു ശക്തിയുമായി അവരെ നേരിടാൻ മുസ്‌ലിംകളും പുറപ്പെട്ടു. ഈജിപ്തുകാരെ നയിച്ചിരുന്നത് ഉഖ്ബതു ബിൻ ആമിറും, യുദ്ധത്തിന് ഇറങ്ങിയ വ്യൂഹത്തെ നയിച്ചിരുന്നത് ഫുളാലതു ബിൻ ഉബൈദുമായിരുന്നു. അങ്ങനെ മുസ്‌ലിംകളിൽപെട്ട ഒരാൾ റോമൻ സൈനികരുടെ സൈനിക നിര ഭേദിച്ച് അവരുടെ ഉള്ളിൽ പ്രവേശിച്ചു. അപ്പോൾ ജനങ്ങൾ ആർത്തുവിളിച്ചു കൊണ്ട് പറഞ്ഞു: സുബ്ഹാനല്ലാഹ്! അദ്ദേഹം തൻെറ ഇരുകൈകളും നാശത്തിൽ ഇടുകയാണല്ലോ. അപ്പോൾ അബൂ അയ്യൂബ് അൽ അൻസ്വാരി رَضِيَ اللهُ عَنْهُ രംഗത്ത് വന്നു. അദ്ദേഹം പറഞ്ഞു: അല്ലയോ ജനങ്ങളേ, നിങ്ങൾ ഈ സൂക്തത്തെ ഇപ്രകാരമാണോ വ്യാഖ്യാനിക്കുന്നത്?! ഈ സൂക്തം അൻസ്വാരികളായ ഞങ്ങളുടെ കാര്യത്തിലാണ് അവതരിക്കുകയുണ്ടായത്. അല്ലാഹു ഇസ്‌ലാമിന് പ്രതാപം നൽകുകയും സഹായികൾ അധികരിക്കുകയും ചെയ്തപ്പോൾ നബി ﷺ യെ കൂട്ടാതെ ഞങ്ങൾ പരസ്പരം സ്വകാര്യം പറഞ്ഞു: നമ്മുടെ സ്വത്തുക്കളെല്ലാം പാഴായിപ്പോയി. അല്ലാഹു ഇസ്‌ലാമിന് പ്രതാപമേകുകയും സഹായികൾ വർദ്ധിക്കുകയും ചെയ്തുവല്ലോ. ഇനി നാം നമ്മുടെ സ്വത്തുവഹകളിൽ നിലക്കൊള്ളുകയും പാഴായത് പരിഹരിക്കുകയും ചെയ്തിരുന്നുവെങ്കിൽ.. അപ്പോൾ ഞങ്ങൾ പറഞ്ഞതിനെ ഖണ്ഡിച്ചുകൊണ്ട് അല്ലാഹു നബി ﷺ ക്ക് വഹ്‌യിറക്കി: “അല്ലാഹുവിൻെറ മാർഗ്ഗത്തിൽ നിങ്ങൾ ചെലവഴിക്കുക. നിങ്ങളുടെ കൈകൾ നിങ്ങൾ നാശത്തിലിടരുത്”. നാശം എന്നത് സ്വത്തുവഹകൾ നോക്കി കേടുപാടുകൾ പരിഹരിക്കാൻ അവിടത്തന്നെ നിൽക്കലും യുദ്ധം ഉപേക്ഷിക്കലുമാണ്. അബൂ അയ്യൂബ് رَضِيَ اللهُ عَنْهُ അല്ലാഹുവിൻെറ മാർഗ്ഗത്തിൽ (ശത്രുക്കളുമായുള്ള യുദ്ധവുമായി) മുന്നോട്ടു പോയി. അങ്ങനെ റോമിലാണ് അദ്ദേഹം മറമാടപ്പെട്ടത്.〉 [തിർമുദി സുനനിൽ ഉദ്ധരിച്ചത്]
في سَبِيلِ اللهِ – അല്ലാഹുവിൻെറ മാർഗ്ഗത്തിൽ എന്നതു കൊണ്ട് വിവക്ഷിക്കുന്നത് സത്യത്തിൻെറ ശത്രുക്കളോടുള്ള യുദ്ധമാണ്. അതിനു പുറമെ ഹജ്ജിനെ കുറിച്ചും في سَبِيلِ اللهِ – അല്ലാഹുവിൻെറ മാർഗ്ഗത്തിൽ എന്ന് പറയാം. കാരണം നബി ﷺ ഹജ്ജിനെ കുറിച്ച് അങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഉമ്മു മഅ്ഖിൽ رَضِيَ اللهُ عَنْهَا ക്ക് നബി ﷺ യുടെ കൂടെ ഹജ്ജിന് പോകാൻ കഴിഞ്ഞില്ല. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അവിടുന്ന് അതിനെ കുറിച്ച് ആരാഞ്ഞപ്പോൾ അവർ പറഞ്ഞത് അബൂ മഅ്ഖിൽ رَضِيَ الله عَنْهُ മരണപ്പെടുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന ഒട്ടകത്തെ അല്ലാഹുവിൻെറ മാർഗ്ഗത്തിൽ വസ്വിയ്യത്ത് ചെയ്തു എന്നാണ്. അപ്പോൾ അവിടുന്ന് പറഞ്ഞു:
فَهَلا خرجت عليه؟ فإن الحج في سبيل الله. [أبو داود في سننه وصححه الألباني]
〈നിങ്ങൾക്ക് അതിന്മേൽ പുറപ്പെട്ടുകൂടായിരുന്നോ? നിശ്ചയം ഹജ്ജ് അല്ലാഹുവിൻെറ മാർഗ്ഗത്തിലാണ്.〉 (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്)
അല്ലാതെ അല്ലാഹു ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും في سَبِيلِ اللهِ – അല്ലാഹുവിൻെറ മാർഗ്ഗത്തിൽ എന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണ്. അതു മൂലം സകാത്തിൻെറ കാര്യത്തിലും മറ്റും വലിയ തെറ്റിദ്ധാരണകളും പാകപ്പിഴകളും സംഭവിക്കാൻ ഇടവരുന്നു. മാന്യവായനക്കാർ കാര്യങ്ങൾ വകതിരിച്ച് മനസ്സിലാക്കണമെന്ന് ഉണർത്തുകയാണ്.