﴿ وَلَا تَنكِحُوا الْمُشْرِكَاتِ حَتَّىٰ يُؤْمِنَّ ۚ وَلَأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ ۗ وَلَا تُنكِحُوا الْمُشْرِكِينَ حَتَّىٰ يُؤْمِنُوا ۚ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ ۗ أُولَٰئِكَ يَدْعُونَ إِلَى النَّارِ ۖ وَاللَّهُ يَدْعُو إِلَى الْجَنَّةِ وَالْمَغْفِرَةِ بِإِذْنِهِ ۖ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ ﴾  (221)

എന്നാൽ, മുശ്‌രിക്കുകളെ (ബഹുദൈവ വിശ്വാസികളെ) സംബന്ധിച്ച് മാത്രമാണല്ലോ അല്ലാഹു പറഞ്ഞത് – പൊതുവെ അവിശ്വാസി (കാഫിറു)കളെ കുറിച്ച് ഒന്നും പ്രസ്താവിച്ചിട്ടില്ലല്ലോ – ആ സ്ഥിതിക്ക് മുശ്‌രിക്കുകളല്ലാത്ത അവിശ്വാസികളുമായി വിവാഹബന്ധം നടത്തിക്കൂടേ എന്നു ചോദിക്കപ്പെട്ടേക്കാം. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/353]

മേൽ സൂക്തത്തിൻെറ വിവരണത്തിൽനിന്നും വായനക്കാർക്ക് ലഭിക്കേണ്ടത് മുഖ്യമായും രണ്ട് കാര്യങ്ങളാണ്:

1- ശിർക്കും കുഫ്റും സംബന്ധിച്ച് വ്യക്തമായ ഒരു വിശദീകരണം
2- വിവാഹവും, വൈവാഹികബന്ധം അനുവദിക്കപ്പെട്ട വിഭാഗങ്ങളും

ശിർക്കും കുഫ്റും

ശിർക്ക് എന്ന് പറയുമ്പോൾ പൊതുവെ മനസ്സിലാക്കുക അല്ലാഹുവിൽ പങ്കുചേർക്കൽ എന്നാണ്; കുഫ്ർ എന്നത് അല്ലാഹുവിലുള്ള അവിശ്വാസവും. സാമാന്യമായി ഇത് ശരിയാണ് താനും. എന്നാൽ ചിലരെങ്കിലും ഇതിൽനിന്ന് മറ്റൊരു നിഗമനത്തിൽ എത്തിപ്പെടുന്നു. എല്ലാ ശിർക്കും കുഫ്ർ ആണ്. എന്നാൽ എല്ലാ കുഫ്റും ശിർക്ക് ആയിക്കൊള്ളണമെന്നില്ല. ഈ നിഗമനത്തിലാണ് പിഴവ് സംഭവിക്കുന്നത്.

വസ്തുത ഇങ്ങനെയാണ്: എല്ലാ ശിർക്കും കുഫ്ർ ആണ്. അതേപെലെ, എല്ലാ കുഫ്റും ശിർക്കുമാണ്. അവ രണ്ടും ഇസ്‌ലാമിക വ്യവഹാരത്തിൽ ഒരേ അർത്ഥത്തിലാണ് പ്രയോഗിക്കുന്നത്; രണ്ടിൻെറയും ഊന്നലുകളിൽ വ്യത്യാസം ഉണ്ടെന്നു മാത്രം.

അപ്പോൾ സ്വാഭാവികമായും ഉണ്ടാകാവുന്ന ഒരു സംശയം ദൂരീകരിക്കേണ്ടതായി വരുന്നു. കുഫ്റിൻെറ ഭിന്നപ്രകാരങ്ങളിൽ പലതിലും ശിർക്കിൻെറ അംശം തെളിയുന്നില്ലല്ലോ. ഉദാഹരണമായി, അഹങ്കാരിയായ ഒരു മനുഷ്യൻ ആരെയും റബ്ബും ഇലാഹുമായി അംഗീകരിക്കാൻ തയ്യാറല്ല. അവൻ അല്ലാഹുവിനെയും ആരാധിക്കുന്നില്ല; മറ്റു വ്യാജദൈവങ്ങളെയും ആരാധിക്കുന്നില്ല. ഇത് കുഫ്റാണെന്നു മനസ്സിലാക്കാൻ പ്രയാസമില്ല. പക്ഷെ, അയാൾ ചെയ്യുന്ന ശിർക്ക് എന്താണ്?

സ്രഷ്ടാവും ഉടമസ്ഥനും നിയന്താവും പരിപാലകനും ആരാധ്യനുമായ ഒരുവനെ കുറിച്ചുള്ള സഹജാവബോധമില്ലാത്ത ആരുമില്ല. ഈ ബോധമാണ് നിസ്സഹായതകളിലും വിഹ്വലതകളിലും അദൃശ്യനായ ഒരുവനിൽ അഭയം തേടാൻ മനസ്സിനെ നിർബ്ബന്ധിക്കുന്നത്. മൂർത്തമോ അമൂർത്തമോ ആയ ഒരു അഭയസ്ഥാനം തെരഞ്ഞെടുക്കാത്ത ഒരു മനസ്സുമില്ലെന്നതാണ് യാഥാർത്ഥ്യം. നബിമാരെ കേൾക്കാത്ത, വഹ്‌യിൻെറ വിളികൾ ശ്രദ്ധിക്കാത്ത, അല്ലാഹുവിൻെറ വചനങ്ങൾ വായിക്കാത്ത, സംസ്കൃതി നേടാത്ത പ്രാകൃത മനസ്സിൻെറ മതാനുഭവം ഇപ്രകാരം അശിക്ഷിതമായിരിക്കും എന്നു മാത്രം. മനുഷ്യ പ്രകൃതിയിൽ അന്തർലീനമായി കിടക്കുന്ന ഈ ആരാധനാ ഭാവത്തെ പിഴുതെറിഞ്ഞ് അവിടെ ഒരു ശൂന്യത നിലനിർത്തിപ്പോരുക സാധ്യമല്ല. ഒന്നുകിൽ ന്യായമായും ആരാധിക്കപ്പെടേണ്ട അല്ലാഹു. അല്ലെങ്കിൽ, ഏതെങ്കിലും വ്യാജദൈവങ്ങൾ. വ്യാജദൈവങ്ങൾ വിഗ്രഹരൂപികളാവാം. അഹം പോലെ അമൂർത്തമായ കാര്യങ്ങളാവാം. ഏതെങ്കിലും തരത്തിലുള്ള ഒരു അഭയസ്ഥാനത്തെ അനിവാര്യമായും അവൻ ആരാധിക്കുന്നുണ്ടാകും. ആരാധനയാവാൻ ദീപം തെളിയിക്കുകയോ പാദനമസ്കാരം നടത്തുകയോ വേണ്ടതില്ല. നിസ്സഹായതകളിൽ, വിഹ്വലതകളിൽ തിരിഞ്ഞുനിൽക്കുന്ന മനസ്സിൻെറ അടിസ്ഥാനഭാവം ആരാധനയുടേതാണ്. ഒന്നിനെയും ആരാധിക്കുന്നില്ലെന്ന് അഹങ്കരിക്കുന്ന ഒരു അവിശ്വാസി അകമേ ചെയ്തുകൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള ശിർക്കു തന്നെയാണ്.

സ്വത്വവികാസം (personality development), വിമർശനാത്മക ആത്മീയത (critical spirituality), പ്രചോദനാത്മ പ്രഭാഷണങ്ങൾ (motivational speeches) പോലുള്ള സുന്ദരമായ പദാവലികളും സങ്കേതങ്ങളും യഥാർത്ഥത്തിൽ ശ്രമിക്കുന്നത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ട രക്ഷാകർത്തൃത്വവും (رُبُوبِيَّة) ആരാധ്യതയും (أُلُوهِيَّة) റദ്ദുചെയ്ത് തൽസ്ഥാനത്ത് അഹത്തെ പ്രതിഷ്‌ഠിക്കാനാണ്. എൻെറ കഴിവുകൾ, സിദ്ധികൾ, ശേഷികൾ, വൈദഗ്ധ്യങ്ങൾ, നേട്ടങ്ങൾ തുടങ്ങിയ പദാവലികൾ ഈ അഹം ബോധത്തെയല്ലാതെ മറ്റെന്തിനെയാണ് ത്വരിപ്പിക്കുന്നത്. എൻെറ ജീവിതം! എൻെറ നിയമം!! പോലെ അതിരുകളില്ലാത്ത സ്വാതന്ത്ര്യബോധത്തിൻെറയും സമാനതകളില്ലാത്ത അഹങ്കാരത്തിൻെറയും മുദ്രാവാക്യങ്ങളിലും സ്ഫുരിക്കുന്നത് അഹത്തോടുള്ള ആരാധനയല്ലാതെ മറ്റെന്താണ്?! അല്ലാഹു പറയുന്നത് കേൾക്കുക:

﴿ أَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا ﴾ [الفرقان 43]

〈തന്‍റെ ദൈവം തന്‍റെ തന്നിഷ്ടം എന്നാക്കി മാറ്റിയവനെ നീ കണ്ടുവോ? എന്നിരിക്കെ അവന്‍റെ കാര്യത്തിന് നീ ചുമതലപ്പെട്ടവനാകുമോ?〉 [ഫുർഖാൻ 43]

മേൽ സൂക്തത്തിന്, താൻ ആരെ ആരാധിക്കണമെന്നത് തൻെറ ഇഷ്ടമാണ്, തനിക്ക് തോന്നിയവരെ താൻ ആരാധിക്കും എന്ന് വ്യാഖ്യാനം നൽകിയവരുണ്ട്. അതേ പോലെ, തൻെറ ഇഛയെ താൻ ദൈവസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു എന്ന് വ്യാഖ്യാനിച്ചവരുമുണ്ട്. ഒന്നു കൂടി ആഴത്തിലേക്ക് ഇറങ്ങിയാൽ, രണ്ടവസ്ഥയിലും തൻെറ ഇഛ തന്നെയാണ് ആത്യന്തികമായി തൻെറ ആരാധ്യൻ എന്നു കാണാം. ഇഛക്കനുസരിച്ച് ആരാധ്യ വസ്തുക്കളെ മാറ്റിപ്പിടിക്കുന്നവർ ഇഛയെ ആരാധിക്കുകയും ബാഹ്യമൂർത്തികളായി മാത്രം പലതിനെയും നിശ്ചയിക്കുകയുമാണ് ചെയ്യുന്നത്.

പ്രത്യക്ഷത്തിൽ ശിർക്ക് തെളിഞ്ഞു കാണാത്ത കുഫ്റിൻെറ മിക്ക രൂപങ്ങളിലും ആത്മത്തെ അല്ലാഹുവിൽ പങ്കുചേർക്കുന്നതായി കാണാൻ സാധിക്കും. ഏകനായ അല്ലാഹുവിനെ മാത്രം റബ്ബും ഇലാഹുമായി അംഗീകരിക്കുന്ന ഒരാൾ അഞ്ചു നേരവും അല്ലാഹുവിനോട് ഉടമ്പടി പുതുക്കി, കേഴുന്നത് ﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴿ എന്നാണ്. ഈ സൂക്തത്തിൻെറ അവസാന ഭാഗം ﴾وَإِيَّاكَ نَسْتَعِينُ﴿ എന്നതിൻെറ താൽപര്യം ഞാൻ എൻെറ ആത്മത്തെ ആശ്രയിക്കുകയില്ല, സ്വന്തം കഴിവിൽ അഹങ്കരിച്ച്, സ്വയം പോരാടി ജയിക്കാൻ നോക്കുക എന്നതല്ല എൻെറ രീതി. മറിച്ച് എല്ലാ കാര്യങ്ങൾക്കും സദാ നിന്നെ ആശ്രയിക്കുകയും നിൻെറ മാത്രം സഹായം തേടി മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ്. അഹത്തെ പങ്കുചേർക്കില്ലെന്ന ഒരു ഉടമ്പടിയും അതിൻെറ നിദർശനമായി അല്ലാഹുവിനോടുള്ള ഒരു സഹായാർത്ഥനയുമാണ് അതിലുള്ളത്. അഥവാ, നിന്നെ മാത്രം ആരാധിക്കുക എന്ന ജീവിതദൗത്യം മുറപ്രകാരം നിവവേറ്റുന്നതിന് ഞാൻ നിന്നോട് മാത്രം സഹായം തേടുന്നു എന്നു സാരം. അല്ലാഹുവിനോട് സഹായം അർത്ഥിക്കേണ്ട കാര്യങ്ങളിൽ പ്രഥമവും പ്രമുഖവും അതു തന്നെയാണല്ലോ. 

ചുരുക്കത്തിൽ എല്ലാ ശിർക്കും കുഫ്ർ ആകുന്നതു പോലെ എല്ലാ കുഫ്റും ശിർക്കുമാണ്. ശിർക്കിൻെറ അംശമില്ലാത്ത ഒരു കുഫ്റില്ല എന്ന് ആത്യന്തിക വിശകലനത്തിൽ നമുക്ക് ബോധ്യപ്പെടും. ഇമാം അൽബാനി رَحِمَهُ اللهُ പറയുന്നത് കാണുക:

يعني الشرك وهو الكفر، ولا فرق بينهما شرعا، وكل كفر شرك، وكل شرك كفر، كما يدل عليه محاورة المؤمن للكافر صاحب الجنتين المذكورة في سورة الكهف، فتنبه لهذا فإنه به يزول عنك كثير من الإشكالات والحمد لله الذي بنعمته تتم الصالحات. [العقيدة الطحاوية: شرح وتعليق للألباني]

〈അത് അർത്ഥമാക്കുന്നത്, ശിർക്ക് അതു തന്നെയാണ് കുഫ്ർ എന്നാണ്. ശർഅ് പ്രകാരം അവയ്ക്കിടയിൽ യാതൊരു വ്യത്യാസവുമില്ല. എല്ലാ കുഫ്റും ശിർക്കാണ്; എല്ലാ ശിർക്കും കുഫ്റുമാണ്. ഒരു വിശ്വാസിയും രണ്ടു തോട്ടങ്ങളുടെ ഉടമയായ ഒരു അവിശ്വാസിയും തമ്മിൽ നടന്നതായി സൂറത്തുൽ കഹ്ഫിൽ പറയപ്പെട്ട സംവാദം അറിയിക്കുന്നത് അങ്ങനെയാണ്. ഇതിനെ കുറിച്ച് നീ ശരിക്കും ബോധവാനായിരിക്കുക. എങ്കിൽ ഒരു പാട് സംശയങ്ങൾ നിനക്ക് നീങ്ങിക്കിട്ടും. യാതൊരുവൻെറ അനുഗ്രഹം കൊണ്ട് എല്ലാ നല്ല കാര്യങ്ങളും പൂർത്തീകരിച്ചുകിട്ടുന്നുവോ അങ്ങനെയുള്ള അല്ലാഹുവിന് സർവ്വസ്തുതിയും.〉 [അൽബാനി അൽ അഖീദത്തു ത്വഹാവിയ്യഃക്ക് നൽകിയ അടിക്കുറിപ്പിൽനിന്ന്]

മുകളിൽ സൂചിപ്പിച്ച ദൃഷ്ടാന്തകഥയിലെ അവിശ്വാസിയായ തോട്ടം ഉടമയുടെ കാര്യം എടുക്കുക. അയാളുടെ കുഫ്ർ പുനരുത്ഥാനത്തിൽ സംശയം പ്രകടിപ്പിച്ചതും അന്ത്യനാളിൽ അവിശ്വസിച്ചതുമാണ്. വിശ്വാസിയായ കൂട്ടുകാരൻ അയാളോട് ചോദിക്കുന്നത് നോക്കൂ: ﴾أَكَفَرْتَ بِالَّذِي خَلَقَكَ مِن تُرَابٍ﴿ ‘മണ്ണിൽനിന്നും നിന്നെ സൃഷ്ടിച്ചവനിൽ നീ അവിശ്വസിക്കുകയാണോ’? ആ കുഫ്റിലേക്ക് താനില്ലെന്ന് പറയുന്നത്, ﴾لَّٰكِنَّا هُوَ اللَّهُ رَبِّي وَلَا أُشْرِكُ بِرَبِّي أَحَدًا﴿ ‘അവൻ, അല്ലാഹുവാണ് എൻെറ റബ്ബ്; ഞാൻ എൻെറ റബ്ബിൻെറ കൂടെ ആരെയും പങ്കുചേർക്കില്ല’ എന്നു പറഞ്ഞു കൊണ്ടാണ്. ഇവിടെ, തോട്ടം ഉടമയെ കുറിച്ചുള്ള അടിസ്ഥാനപരമായ പരാമർശം അയാൾ കുഫ്റിലാണ് എന്നാണ്. അതിനെ തുടർന്ന് വിശേഷിപ്പിക്കുന്നത് ശിർക്ക് എന്നുമാണ്. മാത്രമല്ല, കഥ പര്യവസാനിക്കുന്നത് തോട്ടം അപ്പാടെ നശിപ്പിക്കപ്പെടുകയും അതിൽ മനംനൊന്ത് ﴾يَا لَيْتَنِي لَمْ أُشْرِكْ بِرَبِّي أَحَدًا﴿ ‘തൻെറ റബ്ബിനോട് താൻ ആരെയും പങ്കുചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ’ എന്ന് വിലപിക്കുകയും ചെയ്തുകൊണ്ടാണ്. പരലോകത്തിലുള്ള തൻെറ അവിശ്വാസത്തെ കുറിച്ചാണ് താൻ ശിർക്ക് ചെയ്യാതിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് പറയുന്നത്.

തോട്ടക്കാരൻ അല്ലാഹുവിനെ നിഷേധിക്കുന്നില്ല. പക്ഷെ, അല്ലാഹുവിൻെറ ശാസനാധികാരത്തിൽ അഭീഷ്ടം കലർത്തുകയാണ് ചെയ്യുന്നത്. പുനരുത്ഥാനവും പരലോക ജീവിതവും അല്ലാഹു അവതരിപ്പിച്ച ഈമാൻ കാര്യങ്ങളിൽപെട്ടതാണ്. പക്ഷെ, അതിൽ വിശ്വസിക്കാൻ തൻെറ അഹന്ത സമ്മതിക്കുന്നില്ല. ശ്രദ്ധിക്കുക! കഥയുടെ ആഖ്യാന ശൈലിയിലൂടെ ഒരിക്കൽ കൂടി കടന്നുപോകുമ്പോൾ അക്കാര്യം വ്യക്തമാകും. ‘ഞാൻ നിന്നെക്കാൾ സമ്പത്തും സംഘ ബലവും ഉള്ളവനാണ്’, ‘ഞാൻ കരുതുന്നില്ല ഇതൊന്നും നശിക്കുമെന്ന്’, ‘ഞാൻ കരുതുന്നില്ല അന്ത്യനാൾ സംഭവിക്കുമെന്ന്’, ‘എനിക്ക് ഇതിലും ഭേദപ്പെട്ട പര്യവസാനം കണ്ടെത്താനാവും’… ഇങ്ങനെ കഥയുടെ ആദിമധ്യാന്ത ഭാഗങ്ങളിൽ ഞാൻ എന്ന ഭാവം (أَنَانِيّةٌ) എഴുന്നുനിൽക്കുന്നത് കാണാം. ഈ അഹത്തെ തന്നെയാണ് ഇവിടെ അയാൾ പങ്കുചേർക്കുന്നതും.

ചുരുക്കത്തിൽ, എല്ലാ ശിർക്കും കുഫ്റാണ്, എല്ലാ കുഫ്റും ശിർക്കുമാണ്. ത്വഹാവിയെ പോലുള്ള ചിലർക്ക് ഭിന്ന സ്വരമുണ്ടെന്നത് വിസ്മരിക്കുന്നില്ല. ഇതു സംബന്ധിച്ച സാമാന്യം ദീർഘവും ഗഹനവുമായ ഒരു ചർച്ച ഇമാം അൽബാനി رَحِمَهُ اللهُ തൻെറ سِلْسِلَةُ الْأَحَادِيثِ الضَعِيفَةِ  വാള്യം 13 പുറം 209, ഹദീസ് നമ്പർ 6092 ൽ കൊടുത്തിട്ടുണ്ട്. താൽപര്യമുള്ളവർക്ക് അത് വായിച്ചു നോക്കാവുന്നതാണ്.

വിവാഹം, വൈവാഹികബന്ധം

വിവാഹത്തിനു പല ലക്ഷ്യങ്ങളുണ്ടെങ്കിലും മുഖ്യമായത് സന്തത്യുൽപാദനം തന്നെയാണ്. നന്നായി സ്നേഹിക്കുന്ന, ധാരാളം പ്രസവിക്കുന്ന സ്ത്രീകളെ നോക്കി വിവാഹം ചെയ്യാനാണ് നബി ﷺ ഉപദേശിച്ചിരിക്കുന്നത്. അതിലൂടെ, സ്രഷ്ടാവായ അല്ലാഹുവിനോടും താൻ ജീവിക്കുന്ന പ്രകൃതിയോടും അവിടെ സഹവസിക്കുന്ന ജീവജാലങ്ങളോടുമുള്ള കടമ യഥാവിധം നിറവേറ്റുന്ന നല്ലവരായ സന്തതിപരമ്പരകൾക്ക് ജന്മം നൽകാനാവണം. അങ്ങനെ ഭൂമിയിൽ അല്ലാഹു മാത്രം ആരാധിക്കപ്പെടുകയും, ഭൂമിയെ കുടുതൽ നാഗരിക യോഗ്യമാക്കുകയും ചെയ്യണം. ഇത്തരം മഹത്തായ ലക്ഷ്യങ്ങളാണ് വൈവാഹിക ബന്ധത്തിലൂടെ ദർശനം ചെയ്യപ്പെടേണ്ടത്.

കാഫിറുകളും മുശ്‌രിക്കുകളുമായി വിവാഹബന്ധം പാടില്ല. അതേ സമയം, മുൻകാല ഗ്രന്ഥങ്ങളുടെ അവകാശികളായ ജൂത ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് സ്ത്രീകളെ വിവാഹം ചെയ്യുകയുമാവാം. ഇതിൽ ഒരു വൈരുധ്യമില്ലേ? ഇതിന് ഒരു വിശ്വാസിയുടെ ഉത്തരം ഇതാണ്:

കാഫിറുകളും മുശ്‌രിക്കുകളുമായി വിവാഹബന്ധം പാടില്ലെന്ന് അല്ലാഹു വിലക്കി. അതേ സമയം, മുൻകാല ഗ്രന്ഥങ്ങളുടെ അവകാശികളായ ജൂത ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് സ്ത്രീകളെ വിവാഹം ചെയ്യാൻ അല്ലാഹു അനുവാദം നൽകി. ഈ അനുവാദം നബി ﷺ യുടെ അനുചരന്മാർ ഉപയോഗിക്കുകയും ചെയ്തു. മൂന്നാം ഖലീഫഃ ഉസ്മാൻ ബിൻ അഫ്ഫാൻ رَضِيَ اللهُ عَنْهُ തന്നെ അങ്ങനെ വിവാഹം ചെയ്തിരുന്നു. അല്ലാഹു വിലക്കിയതിൽനിന്ന് മാറിനിൽക്കുക. അവൻ അനുവദിച്ചത് ആസ്വദിക്കുക. ഇതിന് വേറെ കാരണം അന്വേഷിക്കേണ്ടതില്ല. അതിനുള്ള മതിയായ കാരണം അല്ലാഹുവിൻെറ ശാസന അങ്ങനെയാണ് എന്നതു തന്നെ. ഇങ്ങനെ പ്രമാണങ്ങൾക്ക് സർവഥാ കീഴ്‌പ്പെടാൻ സാധിക്കുക ശരിയായ ഈമാനുള്ളവർക്കാണ്. ഈമാനിൻെറ ഉപാധികളിൽ പ്രഥമം, സൂറതുൽ ബഖറഃയുടെ പ്രാരംഭത്തിൽ അല്ലാഹു പറഞ്ഞ പോലെ ഗൈബിൽ വിശ്വസിക്കുക എന്നതാണ്. «അലിഫ്-ലാം-മീം. അതാണു ഗ്രന്ഥം! സംശയമില്ല; അതിൽ സൂക്ഷ്മത പാലിക്കുന്നവർക്ക് മാർഗ്ഗദർശനമുണ്ട്.അവർ അദൃശ്യങ്ങളിൽ വിശ്വസിക്കുന്നവരാണ്…» [ബഖറഃ 1-3]

ഖുർആൻ വ്യഖ്യാനവുമായി ബന്ധമില്ലെങ്കിലും സാമൂഹിക പ്രാധാന്യമുള്ള ഒരു കാര്യം ഇവിടെ ചൂണ്ടിക്കാണിക്കുകയാണ്. വിവാഹബന്ധം വിജയകരമായിത്തീരണമെങ്കിൽ ഇണകളുടെയും കുടുംബാംഗങ്ങളുടെയും വിശ്വാസപരവും വൈകാരികവുമായ സുരക്ഷ പരിപാലിക്കപ്പെടണം. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള വേഴ്ച വീടിനകം ഒരു പോർക്കളമാക്കി മാറ്റും. അവിടെ വിശ്വാസപരവും വൈകാരികവുമായ സുരക്ഷിതത്വം ഉണ്ടാവുകയില്ല. മാത്രമല്ല, വീടിൻെറ അകത്തളങ്ങൾ ആന്തരിക വൈരുദ്ധ്യങ്ങളാൽ സംഘർഷഭരിതമായിത്തീരുകയും ചെയ്യും.

മുകളിൽ പറഞ്ഞ താത്വികവും പ്രായോഗികവുമായ പ്രശ്നങ്ങൾ ഇസ്‌ലാം അഭിസംബോധന ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ അവിശ്വാസികളുമായി, അഥവാ കാഫിറുകളും മുശ്‌രിക്കുകളുമായി വിവാഹബന്ധം പാടില്ലെന്ന് അല്ലാഹു വിധിച്ചു. അതേസമയം, മുൻകാലത്ത് ഗ്രന്ഥം നൽകപ്പെട്ട ജൂത ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് സ്ത്രീകളെ വിവാഹം ചെയ്യാമെന്ന് വെക്കുകയും ചെയ്തു. ഇത്തരം ഒരു ബന്ധത്തിൽ മുകളിൽ സൂചിപ്പിച്ച താത്വികവും പ്രായോഗികവുമായ പ്രശ്നങ്ങളെ ഒരളവോളം കൈകാര്യം ചെയ്യാൻ സാധിക്കും. മക്കളുടെ രക്ഷാകർത്തൃത്വം പിതാവിനാകയാൽ ഈ ബന്ധത്തിലുണ്ടാകുന്ന സന്തതികളെ ഇസ്‌ലാമിക വിശ്വാസാചാരങ്ങളിൽ വളർത്താൻ സാധിക്കും. കൂടാതെ ഒരു മുസ്‌ലിം വീട്ടിനകത്ത് ജൂത ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് വരുന്ന ഒരു സ്ത്രീ തീർത്തും സുരക്ഷിതയാണ്. അവൾക്ക് വൈകാരികമായി ക്ഷതമേൽപ്പിക്കുന്ന ഒന്നും അവിടെയില്ല. മൂസയും ഈസയും മുഹമ്മദും عَلَيْهِم السَلَام ഒരുപോലെ സമാദരണീയരായ ദൂതന്മാരാണ്. അല്ലാഹുവിൻെറ ദൂതന്മാർക്കിടയിൽ വിവേചനം പാടില്ലെന്നാണ് ഒരു മുസ്‌ലിം വിശ്വസിക്കുന്നത്.

മുസ്‌ലിംകളിൽനിന്ന് വിവാഹം പാടില്ലാത്തവരുടെ പട്ടിക സൂറത്തുന്നിസാഅ് 23, 24 സൂക്തങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. പ്രസ്തുത നിയമങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ തെളിയുന്നത് സന്തതിപരമ്പരയുടെ പവിത്രതക്ക് ശർഅ് നൽകുന്ന പരിഗണനയാണ്. ആത്മീയവും മാനസികവും വൈകാരികവും കായികവുമായ തലങ്ങളിൽ യോഗ്യരും വിശുദ്ധരുമായ ഒരു തലമുറക്ക് ജന്മം നൽകാനാവശ്യമായ നിയമങ്ങൾ! അല്ലാഹുവിൻെറ ശർഇലല്ലാതെ മറ്റെവിടെയും അങ്ങനെയൊന്ന് കാണുക സാധ്യമല്ല.

പുതിയവ