﴿ وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ ۚ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ﴾  (222)

«ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അതൊരു വിഷമസന്ധിയാണ്. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നുനില്‍ക്കുക. ശുദ്ധിഘട്ടം പ്രാപിക്കുന്നതു വരെ നിങ്ങൾ അവരെ സമീപിക്കരുത്. ശേഷം അവര്‍ ശുദ്ധിവരുത്തിക്കഴിഞ്ഞാല്‍ അല്ലാഹു കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ക്ക് അവരെ പ്രാപിക്കാവുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു; ശുദ്ധിയാർജ്ജിക്കുന്നവരെയും അവൻ ഇഷ്ടപ്പെടുന്നു».

അല്ലാഹു സ്ത്രീകൾക്ക് നിശ്ചയിച്ച ഒരു കാര്യമാണ് ആർത്തവം (حَيْضٌ). അതിനെ കുറിച്ച് അവൻ വിശേഷിപ്പിച്ചത് أَذًى എന്നാണ്. അതിൻെറ ഭാഷാർത്ഥം ക്ഷതം, മുറിവ്, ഉപദ്രവം, വിഷമം എന്നൊക്കെയാണ്. സ്ത്രീകളുടെ ജൈവികവും പ്രത്യുൽപാദനപരവുമായ പ്രക്രിയയുടെ ഭാഗമാണത്. അവർക്ക് ശാരീരികവും മാനസികവുമായ കുറേ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന വിഷമസന്ധിയായിട്ടാണ് അതിനെ മനസ്സിലാക്കേണ്ടത്. അല്ലാതെ സ്വാഭാവിക ജീവിതചര്യകളിൽ നിന്നെല്ലാം മാറ്റിനിർത്തേണ്ട അശുദ്ധിയായോ മ്ലേഛതയായോ അതിനെ വ്യാഖ്യാനിക്കേണ്ടതില്ല.

ആർത്തവ സമയത്ത് കിടപ്പുമുറിയിൽ കേറ്റാതിരിക്കുക, വീട്ടിൽനിന്ന് ബഹിഷ്കരിക്കുക, ഭക്ഷണം തയ്യാറാക്കുന്നതിൽനിന്നും ഒരുമിച്ച് ഭക്ഷിക്കുന്നതിൽനിന്നും മാറ്റിനിർത്തുക പോലുള്ള മനുഷ്യത്വ രഹിതവും കിരാതവുമായ നടപടികൾക്ക് ഇസ്‌ലാം എതിരാണ്.

അതേപോലെ തന്നെ, ആർത്തവത്തെ ആഘോഷമാക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല. നവോത്ഥാനത്തിൻെറ പേരിൽ നടക്കുന്ന നാണംകെട്ട ആർപ്പോ ആർത്തവ ആഘോഷപരിപാടികൾ മാന്യതയുടെയും മനുഷ്യത്വത്തിൻെറയും എല്ലാ സീമകളും ലംഘിക്കുന്നു. ലജ്ജയും മാന്യതയും ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന ഉന്നത മൂല്യങ്ങളാണ്. അവയെ തകർക്കുന്ന യാതൊരു നടപടിയും, അത് പുരോഗമനത്തിൻെറയോ നവോത്ഥാനത്തിൻെറയോ സമത്വത്തിൻെറയോ സ്വാതന്ത്ര്യത്തിൻെറയോ എന്തിൻെറ പേരിലായാലും, മുസ്‌ലിംകൾക്ക് അംഗീകരിക്കാനാവില്ല.

ആർത്തവം ഒരു വിഷമസന്ധിയായതിനാൽ ആ സമയത്ത് പാലിക്കേണ്ട പ്രത്യേകമായ ചില വിധിവിലക്കുകൾ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്. നമസ്കാരം, നോമ്പ്, ത്വവാഫ് എന്നിവ ഈ സന്ദർഭത്തിൽ വിലക്കപ്പെട്ടിരിക്കുന്നു. അപ്രകാരം ലൈംഗികബന്ധവും പാടില്ലാത്തതാണ്. എന്നാൽ ബാഹ്യകേളികളും വസ്ത്രത്തിനു മീതെയുള്ള ചേഷ്ടകളും വിലക്കപ്പെട്ടിട്ടില്ല. ആർത്തവ വേളയിൽ വിലക്കപ്പെട്ട വിധമുള്ള ലൈംഗിക ബന്ധത്തിൽ (penetrative sex) ഏർപ്പെടുന്ന പക്ഷം അതിന് പുരുഷൻ അര ദീനാർ പ്രായശ്ചിത്തം (فِدْيَةٌ) നൽകേണ്ടതാണ്. അര ദീനാറിൻെറ മൂല്യം 2.125 ഗ്രാം സ്വർണ്ണത്തിനു തുല്യമാണ്. ആർത്തവ രക്തം നിലച്ച് ശുദ്ധിഘട്ടത്തിലേക്ക് പ്രവേശിച്ചാൽ കുളിച്ച് ശുദ്ധിവരുത്തേണ്ടതാണ്. അതിനു ശേഷം വിലക്കപ്പെട്ട കാര്യങ്ങൾ അനുവദനീയമായിത്തീരും. ഇബ്‌നു കഥീർ رَحِمَهُ اللهُ തൻെറ തഫ്‌സീറിൽ ഉദ്ധരിക്കുന്ന വ്യാഖ്യാനം കാണുക:

وقال ابن عباس: ﴿حتى يطهرن﴾ أي: من الدم ﴿فإذا تطهرن﴾ أي: بالماء. وكذا قال مجاهد وعكرمة والحسن ومقاتل بن حيان والليث بن سعد وغيرهم. [ابن كثير في تفسيره]

ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا പറഞ്ഞു: «അവർ ശുദ്ധിയാകുന്നതു വരെ» അഥവാ ആർത്തവ രക്തത്തിൽനിന്ന്. «അവർ ശുദ്ധിവരുത്തിയാൽ» അതായത് വെള്ളം ഉപയോഗിച്ച്. ഇപ്രകാരമാണ് മുജാഹിദ്, ഇക്‌രിമഃ, ഹസൻ, മുഖാതിൽ ബിൻ ഹയ്യാൻ, ലെയ്ഥ് ബിൻ സഅ്ദ് എന്നിവരും മറ്റും പറഞ്ഞിട്ടുള്ളത്. [ഇബ്‌നു കഥീർ തഫ്‌സീറിൽ ഉദ്ധരിച്ചത്]

എന്നാൽ ദിക്റുകൾ ചൊല്ലുക, ഖുർആൻ പാരായണം ചെയ്യുക, മുസ്വ്‌ഹഫ് സ്പർശിക്കുക, മുസ്ഹഫിൽ ഓതുക, പള്ളിയിൽ പ്രവേശിക്കുക എന്നീ കാര്യങ്ങൾ പാടില്ലെന്ന ശക്തമായ ഒരു തെറ്റിദ്ധാരണ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. മേൽ കാര്യങ്ങൾ വിലക്കുന്ന പ്രബലവും വ്യക്തവുമായ രേഖകളൊന്നും പ്രമാണങ്ങളിലില്ല. ഖുർആൻ സ്പർശിക്കുന്നത് സംബന്ധിച്ചാണ് ചില രേഖകൾ ഉദ്ധരിക്കാറുള്ളത്. അവ തന്നെ ഒന്നുകിൽ പ്രബലമായ രേഖകളല്ല. അല്ലെങ്കിൽ ഇക്കാര്യം വ്യക്തമാക്കുന്നവയല്ല.  ചില ഉദാഹരണങ്ങൾ കാണുക:

﴿ لَا يَمَسُّهُ إِلَّا الْمُطَهَّرُونَ ﴾  [الواقعة 79]

വിശുദ്ധരാക്കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല. [വാഖിഅഃ 79]

മേൽ സൂക്തത്തിൽ പരാമർശിക്കുന്നത് ലൗഹുൽ മഹ്ഫൂള് (اللَوْحُ الْمَحْفُوظُ) വിശുദ്ധരാക്കപ്പെട്ട മലക്കുകളല്ലാതെ സ്പർശിക്കുകയില്ല എന്നാണ്. ഇതാണ് സലഫുകളുടെ വ്യാഖ്യാനം. അതിനെയാണ് ആർത്തവകാരികൾ ഖുർആൻ ഓതുകയോ സ്പർശിക്കുകയോ ചെയ്യരുതെന്ന് ചിലർ വ്യാഖ്യാനിക്കുന്നത്. അത് സലഫുകളുടെ ആധികാരികമായ വ്യാഖ്യാനത്തിന് എതിരാണെന്ന് മാത്രമല്ല, ഭാഷാപരമായി അങ്ങനെ ഒരാശയം അതിൽനിന്ന് ലഭിക്കുകയുമില്ല.

ഭാഷാപരിജ്ഞാനമുള്ളവർക്ക് വസ്തുതകൾ അനായാസം വ്യവഛേദിച്ച് മനസ്സിലാക്കാൻ സാധിക്കും. അറബി ഭാഷാ പ്രയോഗങ്ങൾ ശ്രദ്ധിക്കുന്നവർക്കു വേണ്ടി പറയട്ടെ.  طَهُرَ എന്നാൽ ശുദ്ധനായി എന്നാണർത്ഥം. അല്ലാഹു മനുഷ്യരെ ശുദ്ധരായിട്ടാണ് സൃഷ്ടിച്ചത്. കളങ്കമോ ബുദ്ധിമുട്ടുകളോ മ്ലേഛതകളോ ഇല്ലാത്ത സ്വഛമായ പ്രകൃതമാണ് മുഷ്യനു നൽകപ്പെട്ടിരിക്കുന്നത്. പ്രകൃത്യായുള്ള ഈ ശുദ്ധമായ അവസ്ഥയാണ് طُهْرٌ.

അറബി നിരുക്തമനുസരിച്ച് (اشْتِقَاقٌ) കുളിച്ചോ വുളൂ ചെയ്തോ കഴുകിയോ ശുദ്ധിവരുത്തുന്നതിന് تَطَهَّرَ എന്നാണ് പ്രയോഗിക്കുക. ഒരാൾക്ക് ചെറുതോ വലുതോ ആയ അശുദ്ധി ബാധിച്ചു. അല്ലെങ്കിൽ ആർത്തവം പോലുള്ള വിഷമസന്ധിയിലായി. അതുമല്ലെങ്കിൽ ശരീരം മലിനമായി. ഇത്തരം അശുദ്ധികൾ നീക്കം ചെയ്ത് ശുദ്ധി ആർജ്ജിക്കുന്നതിന് تَطَهَّرَ എന്നാണ് പറയുക.

طَهَّرَ എന്നതിന് വിശുദ്ധനാക്കി എന്നും مُطَهَّرٌ എന്നതിന് വിശുദ്ധനാക്കപ്പെട്ടവൻ എന്നുമാണ് അർത്ഥം. അത് മനുഷ്യർ ആജ്ജിച്ചെടുക്കുന്ന ശുചിത്വമല്ല. അല്ലാഹു സൃഷ്ടിപ്പിലേ നൽകുന്ന വിശുദ്ധിയാണ്. മലക്കുകളെയാണ് അല്ലാഹു അപ്രകാരം വിശുദ്ധർ (الْمُطَهَّرُونَ) ആക്കിയിരിക്കുന്നത്. ഇക്കാര്യം ഖുർആനിൽ തന്നെ പരാമർശമുള്ളതാണ്.

അപ്പോൾ, ആർത്തവമില്ലാത്ത അവസ്ഥക്ക് طُهْرٌ എന്നും, ആർത്തവം കഴിഞ്ഞ് മനുഷ്യൻ ശുദ്ധിവരുത്തുന്നതിന് تَطَهُّرٌ എന്നും പറയും. مُطَهَّرُونَ – വിശുദ്ധരാക്കപ്പെട്ടവർ – എന്നത് മനുഷ്യർക്കുള്ള വിശേഷണമല്ല. അത് അല്ലാഹു വിശുദ്ധരാക്കിയ മലക്കുകൾക്കുകളെ സൂചിപ്പിക്കുന്ന പദമാണ്.

ആകയാൽ ലൗഹുൽ മഹ്ഫൂള് അല്ലാഹു വിശുദ്ധരാക്കിയ മലക്കുകളുല്ലാതെ സ്പർശിക്കുകയില്ല എന്ന കാര്യമാണ് മേൽ സൂക്തത്തിലടങ്ങിയിരിക്കുന്നത്. അല്ലാതെ ആർത്തവകാരികൾ മുസ്വ്‌ഹഫ് സ്പർശിക്കരുത് എന്ന് അതിനർത്ഥമില്ല. അങ്ങനെ വ്യാഖ്യാനിക്കുന്നത് തെറ്റാണ്.


ആർത്തവകാരികൾക്ക് ഖുർആൻ പാരായണം ചെയ്യുന്നതും മുസ്വ്‌ഹഫ് സ്പർശിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു എന്നതിന് തെളിവായി രണ്ടാമതായി ഉദ്ധരിക്കാറുള്ളത് യമൻ നിവാസികൾക്ക് നബി ﷺ അയച്ച കത്തിലെ ഒരു പരാമർശമാണ്. അത് ഇപ്രകാരം വായിക്കാം:

أَن لَا يَمَسَّ الْقُرْآنَ إِلَّا طَاهِرٌ. [مالك والدارقطني والطبراني وغيرهم وصححه الألباني]

പരിശുദ്ധനല്ലാതെ ഖുർആൻ സ്പർശിക്കാവതല്ലെന്ന് [മാലിക്, ദാറഖുത്വ്‌നി, ത്വബ്റാനി മുതലായവർ ഉദ്ധരിച്ചത്]

പ്രസ്തുത വചനത്തിൻെറ നിവേദക പരമ്പര സംബന്ധിച്ച് ചില ആക്ഷേപങ്ങൾ പറയപ്പെട്ടിട്ടുണ്ടെങ്കിലും വ്യത്യസ്ത വഴികളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതിനാലും മറ്റു ചില പരിഗണനകൾ വെച്ചും അത് സ്വീകാര്യയോഗ്യമാണെന്നാണ് പല നിരൂപകന്മാരും പറഞ്ഞിട്ടുള്ളത്. ആ നിലക്ക് ഹദീസിൻെറ ശരിയായ വ്യാഖ്യാനം പരിശോധിക്കേണ്ടതായി വരുന്നു. اَلتَأْوِيلُ فَرْعُ التَصْحِيحِ – ശരിയായ വ്യാഖ്യാനം കണ്ടെത്തുക എന്നത് സ്വീകാര്യത പരിശോധിക്കുന്നതിൻെറ ഭാഗമാണ്.

യമനിൽ ഇസ്‌ലാം പ്രചരിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് നബി ﷺ മുകളിൽ പറഞ്ഞ കത്ത് എഴുതുന്നത്. ഖുർആൻ അല്ലാഹുവിൻെറ വചനമാണ്. അതിൻെറ പവിത്രത സംരക്ഷിക്കപ്പെടുക തന്നെ വേണം. അതിനെ അപമാനിക്കാനോ അവഹേളിക്കാനോ ഇടവരുത്തരുത്. ഇക്കാരണം മുൻനിർത്തി അന്യനാടുകളിലേക്ക് ഖുർആനുമായി യാത്രചെയ്യരുതെന്ന് അവിടുന്ന് ഉണർത്തിയിട്ടുള്ളതാണ്.

عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللهِ ﷺ: لَا تُسَافِرُوا بِالْقُرْآنِ، فَإِنِّي لَا آمَنُ أَنْ يَنَالَهُ الْعَدُو.[مسلم في صحيحه]

ഇബ്‌നു ഉമർ رَضِيَ اللهُ عَنْهُمَا നിവേദനം. നബി ﷺ പറഞ്ഞിരിക്കുന്നു: നിങ്ങൾ ഖുർആനുമായി യാത്ര പോകരുത്. ശത്രുക്കൾ അതിനെ അവഹേളിക്കുന്നതിനെ കുറിച്ച് എനിക്ക് നിർഭയത്വം തോന്നുന്നില്ല. [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്]

ഈ പശ്ചാത്തലത്തിലായിരിക്കണം ‘വിശുദ്ധനല്ലാതെ ഖുർആൻ സ്പർശിക്കരുത്’ എന്ന വചനത്തെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടത്. സദുദ്ദേശത്തോടെയല്ലാതെ ആരും അല്ലാഹുവിൻെറ വചനത്തെ സമീപിക്കുകയോ സ്പർശിക്കുകയോ ചെയ്യാൻ പാടില്ല. അപ്പോൾ ചർച്ചയിലിരിക്കുന്ന ഹദീസിൻെറ വ്യാഖ്യാനം, ഒരു തലത്തിലും വിശുദ്ധി പുലർത്താത്ത അവിശ്വാസികൾ ദുരുദ്ദേശ്യത്തോടെ ഖുർആനിനെ സമീപിക്കുകയും അല്ലാഹുവിൻെറ വചനങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാക്കരുത് എന്നായിരിക്കും.

എന്നാൽ ഒരു മുസ്‌ലിം ശുദ്ധനാണ്. അവൻ ഉദ്ദേശ്യശുദ്ധിയുള്ളവനാണ്, ആത്മീയമായും മാനസികമായും സംസ്കൃതി നേടിയവനാണ്. പുറമെ, അവൻ ശാരീരികമായി ശുദ്ധിവരുത്തുന്നവനുമാണ്. ഇസ്‌ലാമിൽ ശുചിത്വത്തിനും ശുദ്ധീകരണത്തിനും സവിശേഷമായ മാനദണ്ഡങ്ങളും നിലവാരങ്ങളുമാണുള്ളത്. അതിനാൽ ഒരു മുസ്‌ലിം താത്വികമായും ഭൗതികമായും വിശുദ്ധനായിരിക്കും; അവൻ അശുദ്ധനാവുകയില്ല. നബി ﷺ പറയുന്നു:

عَنْ حُذَيْفَةَ، عن النبي ﷺ قَالَ: إِنَّ الْمُسْلِمَ لَا يَنْجُسُ. [مسلم في صحيحه]

ഹുദൈഫഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞിരിക്കുന്നു: നിശ്ചയമായും ഒരു മുസ്‌ലിം അശുദ്ധനാവുകയില്ല. [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്]

ഒരു മുസ്‌ലിം സ്ത്രീ അടിസ്ഥാനപരമായി വിശുദ്ധയാണ്. ആർത്തവം അവളെ താത്വികമായി അശുദ്ധയാക്കുന്നില്ല. ആർത്തവം അവർക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു വിഷമസന്ധിയാണ്. അതു കൊണ്ടു തന്നെ ഹറമിൽ പ്രവേശിക്കാം, പള്ളികളിൽ കേറാം, ത്വവാഫും നമസ്കാരവും നോമ്പും പാടില്ല എന്നു മാത്രം. ഹജ്ജിൻെറ സമയത്ത് ആയിശ رَضِيَ اللهُ عَنْهَا ക്ക് ആർത്തവം ആരംഭിച്ചു. അപ്പോൾ നബി ﷺ അവരോട് പറഞ്ഞത് (فَافْعَلِي مَا يَفْعَلُ الحَاجُّ، غَيْرَ أَنْ لاَ تَطُوفِي بِالْبَيْتِ حَتَّى تَطْهُرِي – البخاري) “ഹജ്ജ് നിർവ്വഹിക്കുന്ന ഒരാൾ ചെയ്യുന്ന എല്ലാ കർമ്മങ്ങളും നീയും നിർവ്വഹിക്കുക. പക്ഷെ, ശുദ്ധിയാകുന്നതു വരെ നീ കഅ്ബഃയെ ത്വവാഫ് ചെയ്യരുത്” – ബുഖാരി. എന്നാൽ ദിക്റും പ്രാർത്ഥനയും മുസ്വ്‌ഹഫ് സ്പർശിക്കലും ഖുർആൻ പാരായണവും ഖുർആൻ പഠനവും ഖുർആൻ പഠിപ്പിക്കലും എല്ലാം ആകാവുന്നതാണ്. ശർഇൽ വിലക്കാത്ത കാര്യമാകയാൽ അതിൽ പ്രയാസം കരുതേണ്ടതില്ല.

ഇതു സംബന്ധിച്ച് ഇമാം അൽബാനി رَحِمَهُ اللهُ നൽകുന്ന വിശദീകരണം കൂടി വായിക്കാം:

قلت: ذكر فيه حديث: «لا يمس القرآن إلا طاهر» من طريقين، ثم قال: فالحديث يدل على أنه لا يجوز مس المصحف إلا لمن كان طاهرا، ولكن الطاهر لفظ مشترك يطلق على الطاهر من الحدث الأكبر، والطاهر من الحدث الأصغر، ويطلق على المؤمن، وعلى من ليس على بدنه نجاسة، ولا بد لحمله على معين من قرينة، فلا يكون الحديث نصا في منع المحدث حدثا أصغر من مس المصحف.

قلت: هذا الكلام اختصره المؤلف من كلام الشوكاني على الحديث في نيل الأوطار [1/ 180-181]، وهو كلام مستقيم لا غبار عليه إلا قوله في آخره: “فلا يكون الحديث نصا في منع المحدث حدثا أصغر من مس المصحف”، فإنه من كلام المؤلف، ومفهومه أن الحديث نص في منع المحدث حدثا أكبر من مس المصحف، وهو على هذا غير منسجم مع سياق كلامه، لأنه قال فيه: “ولا بد لحمله على معين من قرينة” فها هو قد حمله على المحدث حدثا أكبر، فأين القرينة؟! فالأقرب – والله أعلم – أن المراد بالطاهر في هذا الحديث هو المؤمن؛ سواء أ كان محدثا حدثا أكبر أو أصغر أو حائضا أو على بدنه نجاسة لقوله ﷺ: «المؤمن لا ينجس» وهو متفق على صحته، والمراد عدم تمكين المشرك من مسه، فهو كحديث: «نهى عن السفر بالقرآن إلى أرض العدو» متفق عليه أيضا، وقد بسط القول في هذه المسالة الشوكاني في كتابه السابق، فراجعه إن شئت زيادة التحقيق. [الألباني في تمام المنة]

അൽബാനി رَحِمَهُ اللهُ പറയുന്നു:

അദ്ദേഹം (ഫിഖ്ഹുസ്സുന്നഃയുടെ കർത്താവായ സയ്യിദ് സാബിഖ്) ഈ വിഷയത്തിൽ «പരിശുദ്ധനായ വ്യക്തിയല്ലാതെ ഖുർആൻ സ്പർശിക്കരുത്» എന്ന ഹദീസ് രണ്ടു കൈവഴികളിലൂടെ ഉദ്ധരിച്ചു. എന്നിട്ട് പറഞ്ഞു:

ഈ ഹദീസ് കുറിക്കുന്നത് പരിശുദ്ധനായ ഒരാൾക്കല്ലാതെ ഖുർആൻ സ്പർശിക്കൽ അനുവദനീയമല്ല എന്നാണ്. പക്ഷെ, ഒന്നിലധികം അർത്ഥങ്ങളെ കുറിക്കുന്ന സാമാന്യ പദമാണ് പരിശുദ്ധൻ (طَاهِرٌ) എന്നത്. വലിയ അശുദ്ധിയിൽനിന്ന് ശുദ്ധിവരുത്തിയവൻ, ചെറിയ അശുദ്ധിയിൽനിന്ന് ശുദ്ധിവരുത്തിയവൻ, വിശ്വാസി, ശരീരത്തിൽ മാലിന്യമില്ലാത്തവൻ എന്നതിനെല്ലാം ഇത് ഉപയോഗിക്കപ്പെടുന്നു. അപ്പോൾ സാഹചര്യതെളിവ് വെച്ചു കൊണ്ട് അനിവാര്യമായും അവയിൽ ഏതെങ്കിലും ഒന്ന് നിജപ്പെടുത്തേണ്ടിവരും. ആയതിനാൽ ചെറിയ അശുദ്ധിയുള്ളവൻ മുസ്വ്‌‌ഹഫ് സ്പർശിക്കുന്നതിനെ വിലക്കുന്ന വ്യക്തമായ പ്രമാണരേഖയല്ല ഈ ഹദീസ്.

അൽബാനി رَحِمَهُ اللهُ പറയുന്നു:

ഇത്, ശൗകാനി നെയ്‌ലുൽ ഔത്വാറിൽ (1/180-181) പ്രസ്തുത ഹദീസിനു നൽകിയ വിശദീകരണത്തെ ഗ്രന്ഥകർത്താവ് (സയ്യിദ് സാബിഖ്) സംഗ്രഹിച്ചതാണ്. അതിൻെറ അവസാനത്തിൽ അദ്ദേഹം പറഞ്ഞ “ആയതിനാൽ, ചെറിയ അശുദ്ധിയുള്ളവൻ മുസ്വ്‌ഹഫ് സ്പർശിക്കുന്നതിനെ വിലക്കുന്ന വ്യക്തമായ പ്രമാണരേഖയല്ല ഈ ഹദീസ്” എന്നതൊഴികെയുള്ളത് അവ്യക്തതകളില്ലാത്ത ശരിയായ വിശദീകരണമാണ്. എന്നാൽ അവസാനം പറഞ്ഞത് ഗ്രന്ഥകർത്താവിൻെറ വാക്കുകളിൽപെട്ടതാണ്. അതിൻെറ ലക്ഷ്യാർത്ഥം, വലിയ അശുദ്ധിയുള്ളവനെ മുസ്വ്‌ഹഫ് സ്പർശിക്കുന്നതിൽനിന്നും വിലക്കുന്ന വ്യക്തമായ പ്രമാണ രേഖയാണ് ഈ ഹദീസ്  എന്നു വരും. ഇത് അദ്ദേഹം (ശൗകാനി) വിശദീകരിച്ച സന്ദർഭവുമായി ഒത്തുപോകുന്നില്ല. കാരണം അദ്ദേഹം പറഞ്ഞത്, “അപ്പോൾ സാഹചര്യതെളിവ് വെച്ചു കൊണ്ട് അനിവാര്യമായും അവയിൽ ഏതെങ്കിലും ഒന്ന് നിജപ്പെടുത്തേണ്ടിവരും” എന്നാണ്. ഗ്രന്ഥകർത്താവ് അതിനെ വലിയ അശുദ്ധിയുള്ളവൻ എന്ന് നിജപ്പെടുത്തിയിരിക്കുന്നു. അതിനുള്ള സാഹചര്യത്തെളിവ് എവിടെ? അതിനാൽ സത്യത്തോട് ഏറ്റവും അടുത്തത് – സൂക്ഷ്മമായി അറിയുന്നവൻ അല്ലാഹുവാണ് – ഈ ഹദീസിൽ പരിശുദ്ധൻ (طَاهِرٌ) എന്നതു കൊണ്ട് വിവക്ഷിക്കുന്നത് സത്യവിശ്വാസിയായ മനുഷ്യൻ എന്നാണ് – അത് ചെറുതോ വലുതോ ആയ അശുദ്ധി ബാധിച്ചവനോ ആർത്തവകാരിയോ ശരീരം മലിനമായവനോ ആണെങ്കിലും സമമാണ്. «വിശ്വാസി മലിനനാവുകയില്ല» എന്ന നബി ﷺ യുടെ വചനമാണ് അതിന് നിദാനം. അതിൻെറ സ്വീകാര്യത എല്ലാവരും അംഗീകരിക്കുന്നതാണ്. അപ്പോൾ പ്രസ്തുത ഹദീസിൻെറ ലക്ഷ്യം മുശ്‌രിക്കിന് മുസ്വ്‌ഹഫ് സ്പർശിക്കാൻ ഇടനൽകരുത് എന്നായിരിക്കും. അത്, «ശത്രുക്കളുടെ നാട്ടിലേക്ക് മുസ്വ്‌ഹഫുമായി യാത്ര പോകുന്നത് നബി ﷺ വിലക്കിയിരിക്കുന്നു» എന്ന ഹദീസു പോലെയാണ്. ഇത് ബുഖാരിയും മുസ്‌ലിമും ഒരുമിച്ച് ഉദ്ധരിച്ച ഹദീസാണ്. ഈ വിഷയം ശൗകാനി വിശദമായി തന്നെ മുമ്പുപറഞ്ഞ അദ്ദേഹത്തിൻെറ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. കൂടുതൽ വ്യക്തത ഉദ്ദേശിക്കുന്നുവെങ്കിൽ താങ്കൾക്ക് അത് പരിശോധിക്കാവുന്നതാണ്. [അൽബാനി തമാമുൽ മിന്നഃയിൽ രേഖപ്പെടുത്തിയത്]

ചുരുക്കത്തിൽ, ആർത്തവം, പ്രസവരക്തം എന്നിവ സ്ത്രീയുടെ നിയന്ത്രണത്തിൽ പെട്ടതല്ലാത്തതിനാൽ ജനാബത് പോലെ ഉദ്ദേശിക്കുന്ന സമയത്ത് ശുദ്ധിവരുത്താൻ കഴിയുന്ന കാര്യമല്ല. കൂടാതെ, താരതമ്യേന ദീർഘമായ കാലയളവ് അവർ ഈ അവസ്ഥയിൽ കഴിച്ചുകൂട്ടേണ്ടതുമുണ്ട്. അപ്പോൾ ദിക്ർ, ഖുർആൻ പാരായണം, മുസ്വ്‌ഹഫ് സ്പർശിക്കൽ, മുസ്വ്‌ഫിൽ ഓതൽ ഇവയൊന്നും ഇവർക്ക് വിലക്കപ്പെട്ടിട്ടില്ല. വിലക്കപ്പെട്ടിട്ടുണ്ടെന്ന് വാദിക്കുന്നവർ ഉന്നയിക്കുന്ന തെളിവുകൾ ഒന്നുകിൽ അക്കാര്യം വ്യക്തമാക്കാത്തവയാണ്; അല്ലെങ്കിൽ സ്വീകാര്യയോഗ്യമല്ലാത്തവയാണ്.

ആർത്തവകാരികൾക്ക് ഖുർആൻ സ്പർശിക്കുന്നതിനും മുസ്വ്‌‌ഹഫിൽ ഓതുന്നതിനും വിലക്കില്ല എന്ന് പറഞ്ഞുവല്ലോ. എന്നാൽ ജനാബതുകാരെ അവരോട് താരതമ്യം ചെയ്യാവതല്ല എന്ന കാര്യം പ്രത്യേകം ഉണർത്തുന്നു.

ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഖുർആൻ സ്പർശിക്കാൻ (പാരായണം ചെയ്യാനല്ല) വുളൂ എടുക്കണം എന്നുള്ളതാണ്. ഇത് സ്വഹാബത്ത് പുലർത്തിപ്പോന്നിരുന്ന ഉന്നതമായ മര്യാദകളിൽപെട്ടതാണ്. മഹാന്മാരായ ഇമാമുകളും ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് ഇമാം അൽബാനി رَحِمَهُ اللهُ നൽകുന്ന വിശദീകരണം കാണുക:

فقد قال إسحاق المروزى فى مسائل الإمام أحمد (ص 5): “قلت: – يعنى لأحمد – هل يقرأ الرجل على غير وضوء؟ قال: نعم، ولكن لا يقرأ فى المصحف ما لم يتوضأ. قال إسحاق كما قال لما صح قول النبى عليه السلام: لا يمس القرآن إلا طاهر، وكذلك فعل أصحاب النبى عليه السلام والتابعون”

قلت: ومما صح فى ذلك عن الصحابة ما رواه مصعب بن سعد بن أبى وقاص أنه قال: كنت أمسك المصحف على سعد بن أبى وقاص، فاحتككت فقال سعد: لعلك مسست ذكرك؟ قال: فقلت: نعم , فقال: قم فتوضأ، فقمت فتوضأت، ثم رجعت. رواه مالك (1/42 رقم 59) وعنه البيهقى. وسنده صحيح.  [إرواء الغليل في تخريج أحاديث منار السبيل 1/ 161]

അൽബാനി رَحِمَهُ اللهُ പറയുന്നു:

മസാഇലുൽ ഇമാം അഹ്‌മദ് എന്ന കൃതിയിൽ ഇസ്ഹാഖ് അൽമർവസി പറയുന്നു: ഞാൻ – ഇമാം അഹ്‌മദ് رَحِمَهُ اللهُ യോട് – ചോദിച്ചു: വുളൂ ഇല്ലാതെ ഒരാൾക്ക് ഖുർആൻ പാരായണം ചെയ്യാമോ? അദ്ദേഹം പറഞ്ഞു: അതെ. പക്ഷെ, വുളൂ ഇല്ലാത്തപ്പോൾ അയാൾ മുസ്വ്‌ഹഫിൽ ഓതരുത്. അദ്ദേഹം പറഞ്ഞതു പോലെ തന്നെയാണ് ഇസ്ഹാഖ് رَحِمَهُ اللهُ യും പറഞ്ഞത്. കാരണം, «പരിശുദ്ധനല്ലാതെ ഖുർആൻ സ്പർശിക്കരുത്» എന്ന് നബി ﷺ യിൽനിന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അപ്രകാരമാണ് സഹാബിമാരും താബിഉകളും ചെയ്തു പോന്നിട്ടുള്ളതും.

അൽബാനി رَحِمَهُ اللهُ പറയുന്നു:

ഇക്കാര്യത്തിൽ സ്വഹാബിമാരിൽനിന്ന് സ്ഥരിപ്പെട്ടതാണ് സഅ്ദ് ബിൻ അബീ വഖാസ്വ് رَضِيَ اللهُ عَنْهُ ൻെറ പുത്രൻ മുസ്വ്അബിൽനിന്നുള്ള ഉദ്ധരണി. അദ്ദേഹം പറയുന്നു: സഅ്ദ് ബിൻ അബീ വകാസ്വിന് ഞാൻ മുസ്വ്‌ഹഫ് പിടിച്ചുകൊടുക്കുകയായിരുന്നു. അങ്ങനെ ഞാൻ ഒന്ന് ചൊറിഞ്ഞു. അപ്പോൾ സഅ്ദ് എന്നോട് ചോദിച്ചു. നീ ലിംഗം സ്പർശിച്ചു അല്ലേ? ഞാൻ പറഞ്ഞു അതെ. അപ്പോൾ അദ്ദേഹം പറഞ്ഞു: എങ്കിൽ പോയി വുളൂ ചെയ്ത് വരൂ. അദ്ദേഹം പറയന്നു: അങ്ങനെ ഞാൻ പോയി വുളൂ ചെയ്ത് തിരിച്ചുവന്നു.

(ഇമാം മാലികും അദ്ദേഹത്തിൽനിന്ന് ബൈഹഖിയും ഉദ്ധരിച്ചത്) അതിൻെറ നിവേദക പരമ്പര സ്വീകാര്യയോഗ്യമാണ്. [അൽബാനി ഇർവാഉൽ ഗലീലിൽ രേഖപ്പെടുത്തിയത്]

ഈ മര്യാദ പുരുഷന്മാർക്കും സ്ത്രീകൾക്കും ആർത്തവകാരികൾക്കും അല്ലാത്തവർക്കുമെല്ലാം ബാധകമാണ്. കൂടാതെ, ആർത്തവകാരികളാണെന്ന് കരുതി ഉറങ്ങുന്നതിന് മുമ്പ് വുളൂ എടുക്കുന്നതു പോലുള്ള സുന്നത്തുകൾ ഉപേക്ഷിക്കേണ്ടതില്ല.

മുകളിൽ പറഞ്ഞ വിധികൾ ആർത്തവവുമായി ബന്ധപ്പെട്ടവയാണ്. ആർത്തവമല്ലാത്ത രക്തസ്രാവമാണെങ്കിൽ നമസ്കാരം, നോമ്പ്, ത്വവാഫ് എന്നിവക്ക് വിലക്കില്ല. അതു പോലെ തന്നെയാണ് ലൈംഗിക ബന്ധത്തിൻെറ കാര്യവും. ആർത്തവം അവസാനിച്ചാൽ കുളി നിർബ്ബന്ധമാണ്. എന്നാൽ രക്തസ്രാവമുള്ള സ്ത്രീക്ക് കുളി നിർബ്ബന്ധമില്ല. അവർ ഓരോ നമസ്കാരത്തിനും സ്വകാര്യ ഭാഗങ്ങൾ കഴുകി വൃത്തിയാക്കി വുളു ചെയ്താൽ മതിയാകും. പ്രയാസകരമായ ഘട്ടങ്ങളിൽ ളുഹ്റും അസ്വ്‌റും, അതു പോലെ മഗ്‌രിബും ഇശാഉം ഒരുമിച്ച് നമസ്കരിക്കുകയും ചെയ്യാം.

പലപ്പോഴും ചെറുപ്പക്കാരികൾക്ക് ആർത്തവവും അല്ലാത്ത രക്തസ്രാവവും തമ്മിൽ വേർതിരിക്കാൻ കഴിയാതെ പോകാറുണ്ട്. ആർത്തവമാണെങ്കിൽ രക്തസ്രാവം ശക്തമായ ഒഴുക്കായിരിക്കും. അത് ശുദ്ധരക്തവാഹിനികളായ ധമനികളിൽനിന്ന് വരുന്ന ഓക്സിജൻ കലർന്ന രക്തം (oxygenated arterial blood) പോലെയിരിക്കും. കടുംചുവപ്പ് നിറമുള്ളതും അസുഖകരമായ വാസനയുള്ളതുമായിരിക്കും. ആർത്തവ സമയത്ത് വസ്തിപ്രദേശത്തും അടിവയറ്റിലും വലിവും വേദനയും അനുഭവപ്പെടും. സ്തനങ്ങൾ ലോലമായിത്തീരും. ഭക്ഷണത്തോട് ആർത്തി തോന്നും. ഭാവനില ചാഞ്ചാടിക്കൊണ്ടിരിക്കും.

എന്നാൽ ആർത്തവമല്ലാത്ത രക്തസ്രാവത്തിന് ഇത്തരം ലക്ഷണങ്ങളുണ്ടാവില്ല. അത് സാധാരണ ചുവപ്പുനിറത്തിലുള്ള രക്തത്തുള്ളികളായി (deoxygenated venous blood) പുറത്തു വരുന്നു. ആർത്തവ സമയത്ത് അനുഭവപ്പെടുന്ന ശാരീരികവും മാനസികവുമായ വിഷമതകളുണ്ടാവുകയുമില്ല. ചികിത്സിച്ചു മാറ്റാവുന്ന ഒരു തകരാറായിട്ടാണ് (bleeding disorder) അതിനെ കണക്കാക്കുന്നത്.

ആർത്തവം അവസാനിക്കുന്നു എന്നതിൻെറ ലക്ഷണം രണ്ടാണ്. (1) വെളുത്ത ഒരു സ്രവം (القَصَّةُ البَيْضَاء) പുറത്തുവരിക. (2) രക്തസ്രാവം പൂർണ്ണമായി നിലക്കുക. ഈ ലക്ഷണം കണ്ടാൽ കുളിച്ച് ശുദ്ധിവരുത്തുകയും നമസ്കാരം പുനരാരംഭിക്കുകയും വേണം. അതിനു  ശേഷം കാണുന്ന കലർപ്പോ മഞ്ഞനിറമുള്ള സ്രവമോ കാര്യമാക്കേണ്ടതില്ല. ഇക്കാര്യം മഹതി ഉമ്മു അത്വിയ്യഃ رَضِيَ اللهُ عَنْهَا വ്യക്തമാക്കിയിട്ടുണ്ട്. ആർത്തവവും അല്ലാത്ത രക്തസ്രാവവും വേർതിരിക്കാൻ കഴിയാതെയോ വസ്‌വാസ് കാരണമോ നമസ്കാരവും നോമ്പും നഷ്ടപ്പെടാതിരിക്കാൻ വിശ്വാസിനികൾ ശ്രദ്ധിക്കണമെന്ന് ഉണർത്തുന്നു.

പുതിയവ