﴿ وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ إِنَّكُمْ إِذًا مِّثْلُهُمْ إِنَّ اللَّهَ جَامِعُ الْمُنَافِقِينَ وَالْكَافِرِينَ فِي جَهَنَّمَ جَمِيعًا ﴾ [النساء ١٤٠]
അല്ലാഹുവിന്‍റെ വചനങ്ങള്‍ അവിശ്വസിക്കപ്പെടുന്നതും അപഹസിക്കപ്പെടുന്നതും നിങ്ങള്‍ കേൾക്കാൻ ഇടവന്നാൽ അത്തരക്കാര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും മുഴുകുന്നതു വരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെ ആയിപ്പോകുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ. നിശ്ചയമായും കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നടങ്കം നരകത്തില്‍ ഒരുമിച്ചുകൂട്ടുന്നവനാണ് അല്ലാഹു (നിസാഅ 140)
അല്ലാഹുവിനെയും അവൻെറ ദൃഷ്ടാന്തങ്ങളെയും അവൻ അവതരിപ്പിച്ച വചനങ്ങളെയും അവൻ നിയോഗിച്ച ദൂതന്മാരെയും പരിഹസിക്കുകയെന്നത് വൻപാപവും കുഫ്റുമാണ്. അവയെ കളവാക്കുന്ന ഒരു അവിശ്വാസി മാത്രമേ അതിന് മുതിരുകയുള്ളു. തമാശ രൂപത്തിൽ അവയെ പരിഹസിക്കുന്ന കപടന്മാർ വേറെയുമുണ്ട്. എന്നാൽ ഇത്തരം അവിശ്വാസികളുടെയും കപടന്മാരുടെയും കൂടെ വേദികളോ സദസ്സുകളോ പങ്കിടുന്നതും അവരുടെ കൂടെ ഇരിക്കുന്നതും അല്ലാഹു വിലക്കിയിരിക്കുന്നു. അങ്ങനെ ചെയ്യുന്നവർ അവരെ പോലെ തന്നെയാണെന്ന പരാമർശം പ്രത്യേകം അടിവരയിട്ടു ശ്രദ്ധിക്കേണ്ടതാണ്. അൻആം അധ്യായത്തിൽ അല്ലാഹു പറയുന്നത് കാണുക:
﴿ وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ وَإِمَّا يُنسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَىٰ مَعَ الْقَوْمِ الظَّالِمِينَ ﴾ [الأنعام ٦٨]
നമ്മുടെ ദൃഷ്ടാന്തങ്ങളെ പരിഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളഞ്ഞാൽ ഓര്‍മ്മ വന്ന ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്. (അൻആം 68)
തന്നിഷ്ടങ്ങൾ പിന്തുടരുന്ന ബിദ്അത്തിൻെറ കക്ഷികളോട് സലഫുകൾ സ്വീകരിച്ചിരുന്നത് ഇതേ നിലപാടായിരുന്നു.
എന്നാൽ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഈ വിഷയം ലഘൂകരിക്കുന്ന വിധത്തിലാണ് വിശദീകരിച്ചിട്ടുള്ളത്. മേൽ സൂക്തത്തിൻെറ ഉള്ളടക്കത്തിൽ വന്ന ഗൗരവമോ, സലഫുകൾ ബിദഈ കക്ഷികളോട് പുലർത്തിയിരുന്ന നിലപാടോ അതിൽ പ്രതിഫലിക്കുന്നില്ല. അത്തരം സദസ്സുകളിൽ പറയപ്പെടുന്ന കാര്യങ്ങൾ വീക്ഷിക്കുകയും അത് തുറന്നു കാണിക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന വിധത്തിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ഇത് യുക്തിവാദികളോടും ബിദഈ കക്ഷികളോടും സഹവസിക്കാനും അവരുടെ തെറ്റായ വാദമുഖങ്ങൾ കേൾക്കാനും ദീനിൽ അനുവാദമുണ്ടെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. അതിൽനിന്നുള്ള ഒരു ഭാഗം കാണുക:
അതേസമയത്ത് ഇസ്‌ലാമിൻെറ പ്രമാണങ്ങളെയും സിദ്ധാന്തങ്ങളെയും സംബന്ധിച്ചു അറിവും പരിചയവുമുള്ള വ്യക്തികൾ അവ കഴിവതും വീക്ഷിച്ചും മനസ്സിരുത്തിയും വരേണ്ടതും, അതിനെതിരിൽ സത്യാവസ്ഥ തുറന്നു കാണിക്കുവാൻ ശ്രമിക്കേണ്ടതുമാണു താനും. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/753-754]
മുഹമ്മദ് ബിൻ സീരീൻ -رَحِمَهُ اللهُ- താബിഉകളിൽ അഗ്രേസരനായ പണ്ഡിതനാണ്. ഇസ്‌ലാമിൻെറ പ്രമാണങ്ങളിൽ ഏറിയ അറിവും പരിചവുമുള്ള അദ്ദേഹം ബിദ്അത്തുകാരോട് കൈക്കൊണ്ട നിലപാട് എന്തായിരുന്നു എന്ന് കാണുക:
قال حبيب بن أبي الزبرقان رحمه الله: كان محمد بن سيرين إذا سمع كلمة من صاحب بدعة وضع إصبعيه في أذنيه ثم قال: لا يحل لي أن أكلمه حتى يقوم من مجلسه. [ابن بطة العكبري في الإبانة]
ഹബീബ് ബിൻ അബിസ്സബർഖാൻ പറയുന്നു: മുഹമ്മദ് ബിൻ സീരീൻ -رَحِمَهُ اللهُ- ഒരു ബിദ്അത്തുകാരനിൽനിന്ന് എന്തെങ്കിലുമൊരു വാക്ക് കേട്ടാൽ തൻെറ ഇരു ചെവികളിലും വിരൽ വെക്കുകയും ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു: അവൻ തൻെറ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു പോകുന്നതുവരെ എനിക്ക് അവനോട് സംസാരിക്കാൻ പാടുള്ളതല്ല. (ഇബ്‌നു ബത്ത്വഃ അൽ ഇബാനഃയിൽ ഉദ്ധരിച്ചത്)
قال سلام بن أبي مطيع رحمه الله: أن رجلا من أصحاب الأهواء قال لأيوب السختياني، يا أبا بكر أسألك عن كلمة، قال أيوب – وجعل يشير بإصبعه – ولا نصف كلمة. [ابن الجعد في مسنده]
സല്ലാം ബിൻ അബീ മുത്വീഅ് -رَحِمَهُ اللهُ- പറയുന്നു: ബിദ്അത്തുകാരിൽപെട്ട ഒരാൾ അയ്യൂബ് അസ്സുഖ്‌തിയാനി -رَحِمَهُ اللهُ- യോട് പറയുകയുണ്ടായി: അല്ലയോ അബൂബക്കർ, ഞാൻ നിങ്ങളോട് ഒരു വാക്ക് ചോദിക്കട്ടെ.. അയ്യൂബ് -رَحِمَهُ اللهُ- തൻെറ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു: അര വാക്കു പോലും അരുത്. (ഇബ്‌നുൽ ജഅ്ദ് മുസ്‌നദിൽ ഉദ്ധരിച്ചത്)
قال أحمد بن حنبل رحمه الله في رسالته إلى مسدد: ولا تشاور صاحب بدعة في دينك، ولا ترافقه في سفرك. [ابن مفلح في الآداب الشرعية]
അഹ്‌മദ് ബിൻ ഹൻബൽ മുസദ്ദദിനു -رَحِمَهُمَا اللهُ- എഴുതിയ രിസാലയിൽ ഇപ്രകാരം പറയുന്നു: മതകാര്യത്തിൽ ഒരു ബിദ്അത്തുകാരനോടും നീ കൂടിയാലോചിക്കരുത്. അവനെ നീ യാത്രയിൽ കൂടെക്കൂട്ടുകയും അരുത്. (ഇബ്‌നു മുഫ്‌ലിഹ് അൽആദാബുശ്ശർഇയ്യഃയിൽ ഉദ്ധരിച്ചത്)
عَنْ أَبِي قِلَابَةَ، قَالَ: لَا تُجَالِسُوهُمْ وَلَا تُخَالِطُوهُمْ، فَإِنِّي لَا آمَنُ أَنْ يَغْمِسُوكُمْ فِي ضَلَالَتِهِمْ، وَيُلْبِسُوا عَلَيْكُمْ كَثِيرًا مِمَّا تَعْرِفُونَ. [اللالكائي في شرح أصول اعتقاد أهل السنة والجماعة]
അബൂ ഖിലാബഃ -رَحِمَهُ اللهُ- പറയുന്നു: നിങ്ങൾ അവരുടെ കൂടെയിരിക്കുകയോ ഒന്നായി ഇടപഴകുകയോ ചെയ്യരുത്. കാരണം, അവരുടെ വഴികേടുകളിൽ അവർ നിങ്ങളെ മുക്കിക്കളയുകയോ, നിങ്ങൾ നന്മയായി കാണുന്ന പലകാര്യങ്ങളിലും അവർ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്തേക്കാം. ഇക്കാര്യത്തിൽ എനിക്ക് നിർഭയത്വം തോന്നുന്നില്ല. (ലാലകാഈ ശർഹു ഉസ്വൂലി ഇഅ്തിഖാദി അഹ്‌ലിസ്സുന്നത്തി വൽ ജമാഅഃയിൽ രേഖപ്പെടുത്തിയത്)
قَالَ مَالِكُ بْنُ أَنَسٍ: مَهْمَا تَلَاعَبْتَ بِهِ مِنْ شَيْءٍ فَلَا تَلَاعَبَنَّ بِأَمْرِ دِينِكَ. [اللالكائي في شرح أصول اعتقاد أهل السنة والجماعة]
മാലിക് ബിൻ അനസ് -رَحِمَهُ اللهُ- പറയുന്നു: നീ എന്തുമായി എങ്ങനെയൊക്കെ കളിച്ചാലും നിൻെറ ദീനുമായി ഒരിക്കലും കളിക്കരുത്. (ലാലകാഈ ശർഹു ഉസ്വൂലി ഇഅ്തിഖാദി അഹ്‌ലിസ്സുന്നത്തി വൽ ജമാഅഃയിൽ രേഖപ്പെടുത്തിയത്)
ഹദീസ് വിജ്ഞാനീയങ്ങളിൽ ഇമാമായിരുന്ന അബ്ദുൽ റസാഖ് ബിൻ ഹമ്മാമിൻെറ കാര്യമെടുക്കുക. ശീഈ പക്ഷപാതിയായിരുന്ന ജഅ്ഫർ ബിൻ സുലൈമാൻ അൽ ദബ്ഇയുടെ ഇബാദത്തും പരിത്യാഗവും കണ്ട് അദ്ദേഹം വഞ്ചിതനായി. അദ്ദേഹവുമായുള്ള സഹവാസവും കൂട്ടുകെട്ടും മൂലം അബ്ദുൽ റസാഖ് തന്നെ ശിആയിസത്തിൻെറ വലയിൽ വീണുപോവുകയാണുണ്ടായത്.
അതേപോലെ തന്നെ അബൂ ദർ അൽ ഹർവിയുടെ കാര്യമെടുക്കാം. സ്വഹീഹുൽ ബുഖാരി മൂന്ന് ശൈഖുമാരിൽനിന്ന് നിവേദനം ചെയ്ത, ഹദീസ് വിജ്ഞാനീയങ്ങളിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. പക്ഷെ, അശ്അരീ ചിന്താഗതിക്കാരനായ ബാഖില്ലാനിയെ കുറിച്ച് ഇമാം ദാറഖുത്വ്‌നി നടത്തിയ ഒരു പ്രശംസയിൽ വഞ്ചിതനായി അദ്ദേഹം അശ്അരികളുടെ വലയിൽപെട്ടുപോയി. പിന്നീട് അശ്അരിയ്യത്തിൻെറ പ്രചാരകനുമായി. വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അശ്അരിയ്യത്ത് വ്യാപിച്ചതു തന്നെ അദ്ദേഹം മുഖേനയാണ്. അവിടങ്ങളിലുള്ളവർ അദ്ദേഹത്തെ സന്ദർശിക്കാൻ വരികയും അദ്ദേഹവുമായി അടുത്തിടപഴകുകയും ചെയ്യാറുണ്ടായിരുന്നു. അപ്പോഴെല്ലാം അശ്അരീ ചിന്താധാര അദ്ദേഹം അവരിൽ കുത്തിവെക്കുമായിരുന്നു. അതിനു മുമ്പ് അവർക്ക് സലഫുകളുടെ മാർഗ്ഗമല്ലാതെ മറ്റൊന്നും അറിയുമായിരുന്നില്ല. അങ്ങനെ അദ്ദേഹമാണ് ആ ദുഷിച്ച മാർഗ്ഗം അവർക്ക് ആദ്യമായി കാണിച്ചുകൊടുക്കുന്നത്. രക്ഷക്കും സമാധാനത്തിനും വേണ്ടി അല്ലാഹുവിനോട് കേഴുക നാം.