മനുഷ്യന് അല്ലാഹു നൽകിയ അപാരമായ അനുഗ്രഹങ്ങളിലൊന്നാണ് ബുദ്ധി. അതു മുഖേനയാണ് അവനു വസ്തുതകൾ അപഗ്രഥിക്കാനും അവബോധം നേടിയെടുക്കാനും സത്യം ഗ്രഹിക്കാനും സാധിക്കുന്നത്. മനുഷ്യനു നൽകപ്പെട്ടിരിക്കുന്ന ഇരുതല മൂർച്ചയുള്ള വജ്രായുധം എന്നു വേണം അതിനെ വിശേഷിപ്പിക്കാൻ. അതിനു രണ്ടു വശങ്ങളുണ്ട് – ക്രിയാത്മകവും സംഹാരാത്മകവുമായ വശങ്ങൾ. ഒരേ സമയം നാഗരികതയെ സമാനതകളില്ലാത്ത വികാസങ്ങളിലേക്കും അചിന്ത്യമായ മഹാനാശങ്ങളിലേക്കും നയിക്കാൻ അതിനു കഴിയും. ഇക്കാര്യത്തിന് മാനവചരിത്രം തന്നെ സാക്ഷിയാണ്. മനുഷ്യസംസ്കൃതികളുടെ നിർമ്മാണാത്മകവും സംഹാരാത്മകവുമായ കേറ്റിറക്കങ്ങൾ മനുഷ്യബുദ്ധിയുടെ ഈ രണ്ടു വശങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്. അനുഗ്രഹം മാത്രമല്ല നിഗ്രഹവുമാണ് മനുഷ്യബുദ്ധി. പരീക്ഷണോപാധിയായിട്ടാണ് അല്ലാഹു അത് മനുഷ്യന് സമ്മാനിച്ചിരിക്കുന്നത്. അതിനാൽ ബുദ്ധി പ്രയോഗിക്കുന്നതിന് ചില ലക്ഷ്യങ്ങളും വ്യവസ്ഥകളും അവൻ തന്നെ നിശ്ചയിച്ചിരിക്കുന്നു. അനുവദനീയമായ മാർഗ്ഗത്തിൽ മാത്രമേ അത് പ്രയോഗിക്കാവൂ.അതിരുകളില്ലാതെയും തെറ്റായ മാർഗ്ഗത്തിലും ഉപയോഗിച്ചാൽ അതിൻെറ ഭവിഷ്യത്ത് അചിന്ത്യവും, പ്രത്യാഘാതങ്ങൾ നിയന്ത്രണാധീതവുമായിരിക്കും.
ബുദ്ധി (عَقْلٌ) അല്ലാഹു നൽകുന്ന ഒരു ശക്തിയും വൈഭവവുമാണ്. അതിൻെറ പ്രയോഗത്തിലൂടെയാണ് യുക്തി ചിന്തനം (رَأْيٌ) നടക്കുന്നത്. ബുദ്ധി പ്രയോഗിക്കുമ്പോൾ ചില വ്യവസ്ഥകളും മര്യാദകളും പാലിച്ചിരിക്കണം. അല്ലെങ്കിൽ അതിരുവിട്ട യുക്തി ചിന്തനത്തിലൂടെ മനുഷ്യൻ ആത്മനാശത്തിൻെറ പടുകുഴി തോണ്ടേണ്ടിവരും. ഓരോരുത്തരും അവരവരുടെ യുക്തിയുടെ മികവിൽ അഭിരമിക്കുകയും സ്വയം വഞ്ചിതരാവുകയും ചെയ്യും. തങ്ങളുടെ അഭിപ്രായങ്ങൾക്കും അഭീഷ്ടങ്ങൾക്കും മുൻഗണനനൽകി മറ്റെല്ലാം നിഷേധിക്കുന്ന അഹങ്കാരികളായി മാറും. അഹങ്കാരത്തിൻെറയും ഔദ്ധത്യത്തിൻെറയും അന്ധത ബാധിക്കുമ്പോൾ അവർ നിസ്സങ്കോചം സത്യവും മൂല്യവും ചവിട്ടിമെതിക്കും. തൽഫലമായി പരസ്പര സംഘർഷങ്ങളും കുഴപ്പങ്ങളും ഉടലെടുക്കും. ക്രമേണ അത് സർവ്വനാശത്തിലേക്ക് വഴിതുറക്കുകയും ചെയ്യും.
ബുദ്ധി പ്രയോഗിക്കാവുന്ന മേഖല ഏത്? യുക്തിചിന്തനത്തിനു കടന്നുചെല്ലാൻ പാടില്ലത്ത രംഗങ്ങൾ ഏവ? ഭൗതിക നാഗരിക മേഖലകളിലാണ് ബുദ്ധി പ്രായോഗിക്കേണ്ടത്. അവയിലാണ് യുക്തിചിന്തനം പ്രസക്തമാകുന്നത്. നാഗരിക വികാസത്തെ ത്വരിപ്പിക്കാനുള്ള മാർഗ്ഗം ബുദ്ധിയുടെയും യുക്തിയുടെയും സമർത്ഥമായ പ്രയോഗം തന്നെയാണ്. എന്നാൽ നന്മയും തിന്മയും പുണ്യവും പാപവും നിർണ്ണയിക്കുന്നത് അല്ലാഹുവാണ്. ഇഹപര ജീവിവതവിജയത്തിന്നാധാരമായ മാർഗ്ഗദർശനങ്ങളും മൂല്യവ്യവസ്ഥകളും നിശ്ചയിക്കുന്നതും അവൻ തന്നെ. ആത്യന്തികമായി നന്മ തിന്മകൾ നിശ്ചയിക്കാൻ മനുഷ്യ ബുദ്ധിക്കാവില്ല. മനുഷ്യനെയും മനുഷ്യ ബുദ്ധിയെയും സൃഷ്ടിച്ച, മനുഷ്യാസ്തിത്വത്തിൻെറ സകലമാന സാധ്യതകളും ബാധ്യതകളുമറിയുന്ന സൂക്ഷ്മജ്ഞാനിയും പരമകാരുണികനുമായ അല്ലാഹുവിന് മാത്രമാണ് അത് നിശ്ചയിക്കാൻ സാധിക്കുക. അവയുടെ യുക്തിപരതയും ശാസ്ത്രീയതയും പ്രായോഗികതയും കാലികതയും സ്വീകാര തിരസ്കാരങ്ങളും ഒന്നും തന്നെ മനുഷ്യബുദ്ധി ഉപയോഗിച്ച് തീർച്ചപ്പെടുത്തേണ്ട കാര്യങ്ങളല്ല. ഈ രംഗത്ത് മനുഷ്യബുദ്ധിക്കും യുക്തിക്കും യാതൊരു സ്ഥാനവുമില്ല. മനുഷ്യബുദ്ധി കളങ്കരഹിതമാണെങ്കിൽ നന്മയെ നന്മയായും തിന്മയെ തിന്മയായും മനസ്സിലാക്കാൻ അതിനു കഴിയും. അല്ലാഹു അവതരിപ്പിച്ച മാർഗ്ഗദർശനങ്ങൾ മനസ്സിലാക്കാനും അതു ജീവിതത്തിൽ പ്രയോഗിക്കാനും ബുദ്ധി ഉപയോഗിക്കേണ്ടതായും വരും. ഇത്രമാത്രമാണ് ഈ രംഗത്ത് മനുഷ്യബുദ്ധിയുടെ പങ്ക്.
ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന കാര്യങ്ങൾ മാത്രം സ്വീകരിക്കുക, അല്ലാത്തവ തിരസ്കരിക്കുക എന്ന് പറയുമ്പോൾ അത് ശരിയായ ആശയമല്ലേ എന്ന് തോന്നാം. പ്രത്യേകിച്ച് മലയാളികളുടെ പൊതുബോധം അത് ശരിവെക്കുന്ന തരത്തിലുള്ളതാണ്. എന്നാൽ സൂക്ഷ്മവിശകലനത്തിൽ അത് ശരിയല്ലെന്ന് സമ്മതിക്കേണ്ടി വരും. ആരുടെ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നത് എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം കണ്ടെത്താനാവില്ല. അപ്പോൾ എല്ലാവരുടെയും ബുദ്ധിക്കും യുക്തിക്കും നിരക്കുന്നത് എന്നാണോ ഉദ്ദേശിക്കുന്നത്? എങ്കിൽ അങ്ങനെ ഏതെങ്കിലും ഒരു കാര്യത്തിൽ എല്ലാവരുടെയും ബുദ്ധിയും യുക്തിയും യോജിക്കുമോ എന്ന ചോദ്യത്തിനും ഉത്തരമുണ്ടാവില്ല. ഒരാളുടെ ഏതു ഘട്ടത്തിലുള്ള ബുദ്ധിയും യുക്തിയുമാണ് പരിഗണിക്കേണ്ടത് എന്നതും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കും. നന്മയും തിന്മയും പുണ്യവും പാപവും നിശ്ചയിക്കുന്ന കാര്യത്തിൽ മനുഷ്യബുദ്ധിയുടെ അപര്യാപ്തത നിഷേധിക്കാനാവാത്ത കാര്യമാണ്. പല മേഖലകളിലും ബുദ്ധിയും യുക്തിയും അസ്ഥിരവും ആപേക്ഷികവുമായി വർത്തിക്കുന്നതു കാണാം. അതിനാൽ, ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന കാര്യങ്ങൾ മാത്രം സ്വീകരിക്കുക, അല്ലാത്തവ തിരസ്കരിക്കുക എന്നത് മതകാര്യങ്ങളിൽ യാഥാർത്ഥ്യമില്ലാത്ത, കേവല ബാഹ്യസ്പർശിയായ ഒരു പ്രസ്താവന മാത്രമാണ്. അത് വിശ്വാസത്തിൻെറയും വിനയത്തിൻെറയും മാർഗ്ഗമല്ല; മറിച്ച് പിശാചിൻെറ വഴിയാണ്. അല്ലാഹുവിൻെറ ശാസനകളെ ചോദ്യം ചെയ്യാതെ സ്വീകരിക്കുക എന്നതാണ് വിനീത ദാസന്മാരുടെ മാർഗ്ഗം. യുക്തിചിന്തനത്തിലൂടെ അതിനെ ചോദ്യം ചെയ്യുക എന്നത് ഇബ്‌ലീസിൻെറ രീതിയാണ്. ഇബ്‌ലീസ് ശപിക്കപ്പെടാനുണ്ടായ കാരണവും മറ്റൊന്നല്ല. അല്ലാഹു ആദം عَلَيْهِ السَلَامُ നെ സൃഷ്ടിച്ചു. മലക്കുകളോടും ഇബ്‌ലീസിനോടും ഒന്നടങ്കം അദ്ദേഹത്തിനു സുജൂദ് ചെയ്യാൻ കൽപിച്ചു. ആ കൽപന ഇബ്‌ലീസ് ഒഴികെ എല്ലാവരും അനുസരിച്ചു. അവർ ആദമിന് സുജൂദ് ചെയ്തു. ഇബ്‌ലീസ് മാത്രം സുജൂദ് ചെയ്തില്ല. അല്ലാഹുവിൻെറ ആജ്ഞയെ അവൻ ബുദ്ധികൊണ്ട് അളന്നു. അപ്പോൾ അവൻെറ യുക്തിയിൽ തെളിഞ്ഞത് തീ കൊണ്ട് സൃഷ്ടിക്കപ്പെട്ട താൻ ആദമിനെക്കാൾ ശ്രേഷ്ഠനും അഭിജാതനുമാണ്. കളിമണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ട ആദമിനു ഞാൻ എന്തിനു സുജൂദ് ചെയ്യ ണം?! ഈ ധിക്കാരത്തെ കുറിച്ച് അല്ലാഹു ചേദിച്ചപ്പോൾ ഇബ്‌ലീസ് അഹങ്കാരത്തോടെ മറുപടി നൽകിയത് ഇപ്രകാരമാണ്:
﴿قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ قَالَ أَنَا خَيْرٌ مِنْهُ خَلَقْتَنِي مِنْ نَارٍ وَخَلَقْتَهُ مِنْ طِينٍ﴾ (الأعراف: 12)
[അല്ലാഹു ചോദിച്ചു, ഞാൻ നിന്നോട് കൽപിച്ചപ്പോൾ സുജൂദ് ചെയ്യാതിരിക്കാൻ നിനക്ക് തടസ്സമെന്തായിരുന്നുന്നു? അവൻ പറഞ്ഞു: ഞാൻ അവനെക്കാൾ ശ്രേഷ്ഠനാണ്. നീയെന്നെ സൃഷ്ടിച്ചത് അഗ്നിയിൽനിന്നാണ്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണിൽനിന്നും.] (അഅ്റാഫ് 12)
ബുദ്ധിയും യുക്തിചിന്തയും ഇബ്‌ലീസിനെ അഹങ്കാരിയാക്കി. അത് അല്ലാഹുവിൻെറ കൽപന ധിക്കരിക്കുന്നതിലേക്കും അവൻെറ ആജ്ഞയെ ചോദ്യം ചെയ്യുന്നതിലേക്കും എത്തിച്ചു. തൽഫലമായി അവൻ സ്വർഗ്ഗലോകത്തുനിന്നും പുറത്താക്കപ്പെട്ടു. അല്ലാഹുവിൻെറ എല്ലാവിധ അനുഗ്രഹങ്ങളിൽനിന്നും അകറ്റിനിർത്തി അഭിശപ്തനായി പ്രഖ്യാപിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു:
﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَى وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ﴾ (البقرة: 34)
[ആദമിന് നിങ്ങൾ സുജൂദ് ചെയ്യൂ എന്ന് നാം മലക്കുകളോട് പറഞ്ഞപ്പോൾ അവരെല്ലാവരും സൂജൂദ് ചെയ്തു, ഇബ്‌ലീസ് ഒഴികെ. അവൻ വിസമ്മതിക്കുകയും അഹങ്കരിക്കുകയുമാണ് ചെയ്തത്. അങ്ങനെ അവൻ അവിശ്വാസികളിൽ ഉൾപ്പെട്ടു.] (ബഖറഃ 34)
അല്ലാഹുവിനെ ധിക്കരിക്കുന്നത് അഹങ്കാരം കൊണ്ടാണെങ്കിൽ ശാപവും നരകവുമായിരിക്കും ഫലം. മറിച്ച് ദേഹേച്ഛ (شهوة) കൊണ്ടാണെങ്കിൽ തൗബഃയും പാപമോചനവും പ്രതീക്ഷിക്കാവുന്നതുമാണ്. സുഫ്‌യാനു ബ്‌നു ഉയൈനഃ رَحِمَهُ اللهُ പറയുന്നത് കാണുക:
مَنْ كَانَتْ مَعْصِيَتُهُ فِي الشَهْوَةِ فَارْجُ لَهُ التَوْبَةَ، فَإِنَّ آدَمَ عَصَى مُشْتَهِيًا فَغُفِرَ لَهُ، وَإِذَا كَانَتْ مَعْصِيَتُهُ فِي كِبْرٍ فَاخْشَ عَلَى صَاحِبِهِ اللَعْنَةَ، فَإِنَّ إِبْلِيسَ عَصَى مُسْتَكْبِرًا فَلُعِنَ. [أبو نعيم في حلية الأولياء]
[ഏതൊരാളുടെ ധിക്കാരം ദേഹേച്ഛ (شهوة) മൂലമാണോ അവൻെറ കാര്യത്തിൽ മടക്കം പ്രതീക്ഷിക്കാം. കാരണം ആദം ദേഹേച്ഛ (شهوة) മൂലമാണ് ധിക്കാരം പ്രവർത്തിച്ചത്. അതിനാൽ അദ്ദേഹത്തിന് പാപമോചനം ലഭിച്ചു. അഹങ്കാരം മൂലമാണ് ധിക്കാരമെങ്കിൽ അവൻെറ മേൽ നീ ശാപം ഭയപ്പെട്ടുകൊള്ളുക. കാരണം ഇബ്‌ലീസ് അഹങ്കാരം മൂലമാണ് ധിക്കരിച്ചത്. അതിനാൽ അവൻ ശപിപ്പെട്ടു.] (അബൂനുഐം ഹിൽയഃയിൽ ഉദ്ധരിച്ചത്)
ഇസ്‌ലാം ബുദ്ധിയുടെ മതമാണ്, യുക്തിയുടെ മതമാണ്… എന്നിങ്ങനെയുള്ള പൊലിമയാർന്ന പ്രസ്താവനകളുടെ യാഥാർത്ഥ്യമെന്ത്? നന്മതിന്മകളും പുണ്യപാപങ്ങളും നിർണ്ണയിക്കാനുള്ള കഴിവും അധികാരവും മനുഷ്യബുദ്ധിക്കും യുക്തിക്കും നൽകപ്പെട്ടിരിക്കുന്നു, ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതായി തോന്നുന്ന കാര്യങ്ങൾ നാം സ്വീകരിക്കേണ്ടതില്ല, അവയെല്ലാം ഇസ്‌ലാമിക വിരുദ്ധമായ ആശയങ്ങളായിരിക്കും എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അത് ശുദ്ധമായ അംബന്ധമാണ്. ഇസ്‌ലാമിക പ്രമാണങ്ങൾക്ക് നിരക്കാത്ത കാര്യമാണ്. അഹ്ലുസ്സുന്നഃത്തി വൽ ജമാഅഃയുടെ അടിസ്ഥാന ആശയാദർശങ്ങളുടെ നിരാസമാണ്. മറിച്ച് മനുഷ്യനെ സൃഷ്ടിച്ച, അവൻെറ അസ്തിത്വത്തിൻെറ മുഴുസവിശേഷതകളും സംവിധാനിച്ച അല്ലാഹു, മനുഷ്യൻെറ ഇഹപരസൗഭാഗ്യത്തിനായി നിശ്ചയിച്ച ദീനിലെ മുഴുവൻ കാര്യങ്ങളും കളങ്കമേശാത്ത മനുഷ്യ ബുദ്ധി ക്കും യുക്തിക്കും നിരക്കുന്നവയായിരിക്കും എന്നാണ് അർത്ഥമാക്കുന്നതെങ്കിൽ അത് അനിഷേധ്യമായ യാഥാ ർത്ഥ്യമാണ് താനും.
നിഷ്പക്ഷമായും സത്യസന്ധമായും കാര്യങ്ങൾ വിലയിരുത്തുന്ന ഒരാൾക്ക് മനുഷ്യബുദ്ധിയുടെ പരിമിതികളെ കുറിച്ചും നിഷേധാത്മക ഭാവങ്ങളെ കുറിച്ചും കൂടുതൽ വിവരിച്ച് കൊടുക്കേണ്ട കാര്യമില്ല. ബുദ്ധിക്ക് അപ്രമാദിത്വവും ആധികാരികതയും കൽപിച്ചാൽ അത് ഉളവാക്കിയേക്കാവുന്ന അപകടങ്ങൾ ഭയാനകമായിരിക്കും. ശരിയായ വിധത്തിൽ കടിഞ്ഞാണിട്ട് നിയന്ത്രിച്ചില്ലെങ്കിൽ അന്യത്ര കുഴപ്പങ്ങളിലേക്കും സർവ്വനാശങ്ങളിലേ ക്കും അത് മാനവരാശിയെ തള്ളിവിടുക തന്നെ ചെയ്യും. സ്വന്തം അജയ്യതയും ആധികാരികതയും ഉദ്ഘോഷിച്ചു കൊണ്ടു തുടങ്ങുന്ന ഖുർആൻ മനുഷ്യന് വഴികാട്ടിയാകണമെങ്കിൽ അവൻ തൻെറ ബുദ്ധിയുടെ നിരങ്കുശവും വിവേകശൂന്യവുമായ മുന്നേറ്റത്തെ വിശ്വാസം കൊണ്ടും വിനയം കൊണ്ടും കടിഞ്ഞാണിട്ട് നിയന്ത്രിക്കുക തന്നെ വേണം. അല്ലാഹു പറയുന്നത് കാണുക:
﴿الٓمٓ ۞ ذَلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ۞ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ﴾ (البقرة: 1-3)
[അലിഫ്-ലാം-മീം. അതാണു ഗ്രന്ഥം! സംശയമില്ല; അതിൽ സൂക്ഷ്മത പാലിക്കുന്നവർക്ക് മാർഗ്ഗദർശനമുണ്ട്. അവർ ഗൈബിൽ (അദൃശ്യങ്ങളിൽ) വിശ്വസിക്കുകയും നമസ്കാരം യഥാവിധം നിർവ്വഹിക്കുകയും നാം നൽകിയതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാണ്.] (ബഖറഃ 1-3)
അതെ, അദൃശ്യനായ അല്ലാഹുവിൽ വിശ്വസിക്കണം; അവൻ അറിയിച്ചു തരുന്ന അദൃശ്യകാര്യങ്ങളിലും. അവൻെറ ശാസനകൾക്ക് കീഴ്‌പ്പെടാനുള്ള വിനയം വേണം; അതേ പോലെ ജീവിതത്തിൽ സൂക്ഷ്മതയും ഗൗരവപൂർണ്ണമായ സമീപനവും. മറിച്ച്, നിയന്ത്രണങ്ങളേതുമില്ലാതെ ഭൗതിക പ്രമത്തതയിൽ ആറാടിനിൽക്കുന്ന തൻെറ ബുദ്ധിക്കും യുക്തിക്കും ഇഷ്ടപ്പെടുന്നുവോ എന്നു നോക്കിയല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്. വിശ്വാസം കൊണ്ടും വിനയം കൊണ്ടും ദീപ്തമായിട്ടുള്ള ബുദ്ധിക്ക് മാത്രമേ ഖുർആനിൽനിന്ന് പോലും വെളിച്ചവും മാർഗ്ഗദർശനവും സ്വീകരിക്കാൻ കഴിയുകയുള്ളു. ശൈഖ് നാസ്വിറുദ്ദിൻ അൽ അൽബാനി رَحِمَهُ اللهُ യുടെ വാക്കുകൾ ശ്രദ്ധിക്കുക:
وبخاصة إذا كانت هذه العقول من العقول المادية التي لم تتشرب بشرف الإيمان، وأول شرط من شروط الإيمان هو كما قال الله تبارك وتعالى في القرآن الكريم في أول سورة البقرة ﴿الٓمٓ۞ ذَلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ﴾ (البقرة: 12) من هم؟ ﴿اَلَّذِينَ يُؤْمِنُونَ بِالْغَيْبِ…﴾. [الألباني في سلسلة الأحاديث الصحيحة]
[വിശിഷ്യാ ഈ ധിഷണകൾ വിശ്വാസത്തിൻെറ മഹത്വം ഉൾക്കൊള്ളാത്ത ഭൗതിക പ്രമത്തമായ ധിഷണകളാണെങ്കിൽ; ഈമാനിൻെറ ഉപാധികളിൽ പ്രഥമം – അല്ലാഹു ഖുർആനിലെ അൽ ബഖറഃ അധ്യാത്തിൻെറ ആരംഭത്തിൽ പറഞ്ഞ പോലെ – (ഗൈബിൽ വിശ്വസിക്കുക എന്നതാണ്). ”അലിഫ്-ലാം-മീം. അതാണു ഗ്രന്ഥം! സംശയമില്ല; അതിൽ സൂക്ഷ്മത പാലിക്കുന്നവർക്ക് മാർഗ്ഗദർശനമുണ്ട്”. ആരാണ് അവർ? ”അവർ അദൃശ്യങ്ങളിൽ വിശ്വസിക്കുന്നവരാണ്…”] (അൽബാനി സ്വഹീഹഃയിൽ രേഖപ്പെടുത്തിയത്)
മനുഷ്യാസ്തിത്വത്തിൻെറ കഴിവുകളും കഴിവുകേടുകളും സൂക്ഷ്മമായി അറിയുന്ന സ്രഷ്ടാവായ അല്ലാഹു അവനോടുള്ള കാരുണ്യത്തിൻെറ ഭാഗമായി അവൻെറ ബുദ്ധിയെയും യുക്തിയെയും കൂടി നിയന്ത്രിക്കുകയും നേർവഴിയിൽ നയിക്കുകയും ചെയ്യാനുള്ള കുറ്റമറ്റ മാർഗ്ഗദർശനവും നിയമസംഹിതയും അവർക്ക് അവതരിപ്പിച്ചു കൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്തു. അവർ അത് പിന്തുടർന്നാൽ മാത്രം മതി എന്നു വെച്ചു. അല്ലാഹു പറയുന്നു:
﴿وَلَوِ اتَّبَعَ الْحَقُّ أَهْوَاءَهُمْ لَفَسَدَتِ السَّمَاوَاتُ وَالْأَرْضُ وَمَنْ فِيهِنَّ بَلْ أَتَيْنَاهُمْ بِذِكْرِهِمْ فَهُمْ عَنْ ذِكْرِهِمْ مُعْرِضُونَ﴾ (المؤمنون: 71)
[അവരുടെ അഭീഷ്ടങ്ങളെയായിരുന്നു സത്യം പിന്തുടർന്നിരുന്നത് എങ്കിൽ ആകാശഭൂമികളും അവയിലുള്ളവയുമെല്ലാം കുഴപ്പത്തിൽ അകപ്പെട്ടുകഴിഞ്ഞിട്ടുണ്ടായിരുന്നു. മറിച്ച്, അവർക്കുള്ള സന്ദേശം നാം തന്നെ എത്തിച്ചു കൊടുത്തിരിക്കുന്നു. എന്നിട്ടും അവർ തങ്ങൾക്കുള്ള സന്ദേശത്തിൽനിന്ന് തിരിഞ്ഞുകളയുകയാണല്ലോ!] (മുഅ്മിനൂൻ 71)
﴿قُلْ أَتُعَلِّمُونَ اللَّهَ بِدِينِكُمْ وَاللَّهُ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ﴾ (الحجرات: 16)
[പറയുക: നിങ്ങളുടെ മതത്തെ കുറിച്ച് അല്ലാഹുവിനെയാണോ നിങ്ങൾ പഠിപ്പിക്കുന്നത്? അല്ലാഹു ആകാശ ഭൂമികളിലുള്ളതെല്ലാം അറിയുന്നു. അവൻ എല്ലാ കാര്യത്തെ കുറിച്ചും സൂക്ഷ്മജ്ഞാനിയാണ്.] (ഹുജുറാത് 16)
﴿قُلْ أَأَنْتُمْ أَعْلَمُ أَمِ اللَّهُ وَمَنْ أَظْلَمُ مِمَّنْ كَتَمَ شَهَادَةً عِنْدَهُ مِنَ اللَّهِ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ﴾ (البقرة 140)
[ചോദിക്കുക: നിങ്ങൾക്കാണോ കൂടുതൽ അിറവുള്ളത്, അതോ അല്ലാഹുവിനോ? തങ്ങളുടെ പക്കൽ അല്ലാഹുവിങ്കൽനിന്നുള്ള ഒരു സാക്ഷ്യമുണ്ടായിട്ട് അതു മറച്ചു വെക്കുന്നവനെക്കാൾ വലിയ അതിക്രമകാരി ആരുണ്ട്! നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് അല്ലാഹു ഒട്ടും അശ്രദ്ധനല്ല.] (ബഖറഃ 140)
മാനവരാശിയെ നേർവഴി നയിക്കാനും അവരുടെ ജീവിതം ചിട്ടപ്പെടുത്താനും വേണ്ടി അല്ലാഹു ഇറക്കിയ മാർഗ്ഗദർശനവും നിയമസംഹിതയും അവൻ അവതരിപ്പിച്ച അതേപടി സ്വീകരിക്കുക എന്നതു മാത്രമേ ഭൂഷണമായിട്ടുള്ളു. അത് ബുദ്ധിയുടെ അളവുകോലുകൊണ്ട് അളന്നുനോക്കാനോ യുക്തിയുടെ തുലാസിൽ തൂക്കിനോക്കാനോ മുതിരേണ്ടതില്ല. അതിലേക്ക് വ്യക്തിപരമായ അഭിപ്രായങ്ങളും അഭീഷ്ടങ്ങളും കൂട്ടിച്ചേർക്കാനോ അതിൻെറ ഉള്ളടക്കങ്ങളിലും ഉദ്ദേശ്യലക്ഷ്യങ്ങളിലും ഭേദഗതിവരുത്താനോ പാടുള്ളതുമല്ല. സ്വന്തമായ വ്യാഖ്യാനങ്ങളിലൂടെ പ്രമാണവാക്യങ്ങളെ അവയുടെ ശരിയായ വിവക്ഷയിൽനിന്ന് തെറ്റിക്കുന്നത് സത്യനിഷേധവും മതനിന്ദയുമാണ്. അങ്ങനെ ചെയ്യുന്നത് നേർവഴിയിൽനിന്ന് വ്യതിചലിക്കാൻ കാരണമാകും. അപ്രകാരം ഇസ്‌ലാമിൻെറ നേർവഴിയിൽനിന്ന് വ്യതിചലിച്ച ആദ്യകക്ഷി ഖവാരിജുകളാണ്. അവർ പിഴച്ചുപോകാൻ കാരണം ബുദ്ധിക്ക് മുൻഗണന നൽകുകയും പ്രമാണവാക്യങ്ങളെ അല്ലാഹുവിൻെറയും റസൂലിൻെറയും ഉദ്ദേശ്യങ്ങളിൽനിന്ന് തെറ്റിച്ച് യുക്തിയനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തു എന്നതാണ്.
ആദ്യമായി അവർ ദുർവ്യാഖ്യാനിച്ചത് إن الحكم إلا لله എന്ന ഖുർആനിക വചനമാണ്. പ്രാപഞ്ചികവും മതപരവുമായ വിധികർതൃത്വം അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ടതാണ്; അതിൽ മറ്റാർക്കും ഒരു പങ്കുമില്ല എന്നതാണ് മേൽ വചനത്തിൻെറ വിവക്ഷ. അലംഘനീയമായ പ്രാപഞ്ചിക നിയമങ്ങളും, മനുഷ്യരെ പരീക്ഷിക്കുന്നതിനു വേണ്ടി അവതരിപ്പിക്കപ്പെട്ട മതനിയമങ്ങളും രണ്ടും നിശ്ചയിക്കുന്നത് അല്ലാഹു മാത്രമാണ്. അതിൽ സൃഷ്ടികൾക്ക് ആർക്കും ഒരു പങ്കുമില്ല. എന്നിരിക്കെ, അതിൽ ആരെയെങ്കിലും പങ്കുചേർക്കുന്ന പക്ഷം അത് ശിർക്കും സത്യനിഷേധവുമായിരിക്കും. ഈ വസ്തുത മറികടന്ന് മേൽ വചനത്തിന് മറ്റൊരു വിധത്തിൽ ബുദ്ധിപരമായ വ്യാഖ്യാനം നൽകുകയാണ് ഖവാരിജുകൾ ചെയ്തത്.
സ്വിഫ്ഫീൻ യുദ്ധവേളയിൽ അലിയും മുആവിയയും رَضِيَ اللهُ عَنْهُماَ അവർക്കിടയിലുണ്ടായിരുന്ന ഭിന്നത തീർപ്പ് കൽപിക്കുന്നതിനായി മുഗീറതു ബിൻ ശുഅ്ബഃ, അംറ് ബ്‌നുൽ ആസ്വ് رَضِيَ اللهُ عَنْهُمَا എന്നീ രണ്ടു സ്വഹാബിമാരെ വിധികർത്താക്കളായി നിശ്ചയിച്ചു. അവർ ഇരു കക്ഷികൾക്കുമിടയിൽ മാധ്യസ്ഥംവഹിക്കണമെന്നും ഖുർആനും സുന്നത്തുമനുസരിച്ച് വിധിപ്രസ്താവിക്കണമെന്നും തീരുമാനിച്ചു. ഈ നടപടി പരാമൃഷ്ട വചനത്തിന് വിരുദ്ധമാണെന്നും, അതിനാൽ അവരും അവരെ വിധികർത്താക്കളായി നിശ്ചയിച്ചവരും അല്ലാഹുവിൻെറ വിധികർതൃത്വത്തിൽ പങ്കുചേർത്ത മുശ്‌രിക്കുകളും മതഭ്രഷ്ടരുമാണെന്ന് ഖവാരിജുകൾ വാദിച്ചു.
ഇവിടെ, അല്ലാഹുവിൻെറ നിയമം മാറ്റി മറ്റൊരു നിയമം നിർമ്മിക്കാൻ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാൽ വിധികർതൃത്വത്തിൽ പങ്കുചേർക്കുന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ല. അല്ലാഹുവിൻെറ വിധിയനുസരിച്ചല്ലാതെ മറ്റൊരു വിധി പ്രകാരം അവർക്കിടയിലുണ്ടായിരുന്ന ഭിന്നതയിൽ തീർപ്പുകൽപിക്കാനും പോകുന്നില്ല. ഖവാരിജുകളുടെ പൊള്ളവാദങ്ങളിൽ പെട്ടുപോകാതിരിക്കാൻ നാം മനസ്സിലാക്കേണ്ട കാര്യം, അല്ലാഹു ഇറക്കിയ നിയമസംഹിത സ്വയം വിധിപ്രസ്താവിക്കുകയില്ല എന്നതാണ്. അതു പരിശോധിച്ച് മനുഷ്യരാണ് വിധിപ്രസ്താവിക്കേണ്ടത്. അങ്ങനെയാണ് നബി ﷺ തൻെറ ജീവിത കാലത്തു ചെയ്തു കാണിച്ചു തന്നിട്ടുള്ളതും. പക്ഷെ, ഖവാരിജുകൾ അവരുടെ ബുദ്ധിയും യുക്തിയും തെറ്റായ രീതിയിൽ പ്രയോഗിക്കുകയും അഭീഷ്ടങ്ങൾക്കനുസരിച്ച് കാര്യങ്ങൾ വളച്ചൊടിക്കുകയും ദുർവ്യാഖ്യാനിക്കുകയുമാണ് ചെയ്യുന്നത്. അവർ മുകളിൽ പറഞ്ഞ ഖുർആൻ വചനം ഉദ്ധരിക്കുകയും അവരുടെ യുക്തിക്കനുസരിച്ച് ദുർവ്യാഖ്യാനിക്കുകയും ചെയ്തപ്പോൾ അലി رَضِيَ اللهُ عَنْهُ പ്രതികരിച്ചത് ഇപ്രകാരമാണ്: كلمة حق أريد بها الباطل “സത്യമായ വചനം! അതിനു നൽകിയിരിക്കുന്നത് തെറ്റായ വിവക്ഷയും!!”
അലി رَضِيَ اللهُ عَنْهُ ൻെറ അനുവാദ പ്രകാരം ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ ഖവാരിജുകളുമായി സംവദിച്ചു. അദ്ദേഹം ചോദിച്ചു, നിങ്ങൾക്ക് അലി رَضِيَ اللهُ عَنْهُ നെതിരിൽ ഉന്നയിക്കാനുള്ള ആരോപണങ്ങൾ എന്തൊക്കെയാണ്? അവർ പറഞ്ഞു: മൂന്നു കാര്യങ്ങൾ. (ഒന്ന്) അല്ലാഹുവിൻെറ കാര്യത്തിൽ അദ്ദേഹം വ്യക്തികളെ വിധികർത്താക്കളാക്കി. അല്ലാഹു പറയുന്നത് (إن الحكم إلا لله) വിധിക്കാനുള്ള അധികാരം അല്ലാഹുവിന്ന് മാത്രമാകുന്നു എന്നാണ്.
പ്രമാണങ്ങൾ പരിശോധിച്ച് അല്ലാഹുവിൻെറ നിയമ വ്യവസ്ഥ പ്രകാരം വ്യക്തികൾ വിധിപ്രസ്താവന നടത്തുന്നത് ശിർക്കല്ല, ശരിയായ നടപടിയാണ് എന്നതിന് ഖുർആൻ സൂക്തങ്ങൾ ഉദ്ധരിച്ച് തെളിവുകൾ നിരത്തി ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ അവർക്ക് മറുപടി നൽകുകയും ചെയ്തു.
ഖവാരിജുകളിൽ തന്നെ കൂടുതൽ കടുത്ത നിലപാടുകൾ സ്വീകരിച്ചിരുന്ന ഒരു ഉപവിഭാഗമാണ് ഹറൂരികൾ. ആർത്തവസമയത്ത് നഷ്ടപ്പെട്ട നമസ്കാരങ്ങൾ ശുദ്ധികാലത്ത് നിർവ്വഹിക്കണമെന്നതായിരുന്നു അവരുടെ വാദം. ആർത്തവകാലത്ത് നഷ്ടപ്പെടുന്ന നോമ്പ് പിന്നീട് നോറ്റുവീട്ടുന്നില്ലേ? എങ്കിൽ നമസ്കാരവും അപ്രകാരം ചെയ്യണമെന്ന യുക്തിയായിരുന്നു അതിന്നടിസ്ഥാനം. ഇതു സംബന്ധിച്ച് ആയിശ رَضِيَ اللهُ عَنْها യുടെ വിശദീകരണം ഇമാം മുസ്‌ലിം رَحِمَهُ اللهُ ഉദ്ധരിക്കുന്നത് കാണുക:
عن معاذة قالت: سألت عائشة رضي الله عنها: ما بال الحائض تقضي الصوم، ولا تقضي الصلاة، فقالت: أحرورية أنت؟ قلت: لست بحرورية، ولكني أسأل، قالت: كان يصيبنا ذلك، فنؤمر بقضاء الصوم، ولا نؤمر بقضاء الصلاة. [مسلم في صحيحه]
[മുആദഃ പറയുന്നു: ഞാൻ ആയിശ رَضِيَ اللهُ عَنْها യോട് ചോദിച്ചു: ആർത്തവകാരിയുടെ കാര്യം എന്താണ്? അവൾ നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടുന്നു. നമസ്കാരം വീട്ടുന്നുമില്ല? അവർ ചോദിച്ചു: നീ ഹറൂരിയ്യഃ വിഭാഗക്കാരിയാണോ? ഞാൻ പറഞ്ഞു: ഞാൻ ഹറൂരിയ്യക്കാരിയൊന്നുമല്ല; എങ്കിലും ഞാൻ ചോദിക്കുകയാണ്. അവർ പറഞ്ഞു: ഞങ്ങൾക്കത് സംഭവിക്കാറുണ്ടായിരുന്നു. അപ്പോൾ ഞങ്ങളോട് നോമ്പ് നോറ്റുവീട്ടാൻ കൽപിക്കപ്പെട്ടി രുന്നു. എന്നാൽ നമസ്കാരം നഷ്ടപ്പെട്ടതു വീട്ടാൻ കൽപിക്കപ്പെടാറുണ്ടായിരുന്നില്ല താനും.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ആയിശ رَضِيَ اللهُ عَنْها സൂചിപ്പിക്കുന്നത് ഹറൂരികൾ അല്ലാഹുവിൻെറ ശാസനകൾ അതേപടി അംഗീകരിക്കുന്നവരല്ലെന്നാണ്. മറിച്ച് പ്രമാണവാക്യങ്ങൾ ബുദ്ധിയും യുക്തിയും അനുസരിച്ച് വ്യാഖ്യാനിക്കുന്നവരാണവർ. അതുകൊണ്ടാണ് ആർത്തവകാലത്ത് നഷ്ടപ്പെട്ട നമസ്കാരം വീട്ടണമെന്ന് അവർ വാദിക്കുന്നത്. എന്നാൽ നബി ﷺ യുടെ കൂടെ ജീവിച്ചിരുന്ന കാലത്ത് ഞങ്ങൾ ഋതുമതികളാവാറുണ്ട്. അപ്പോൾ അവിടുന്ന് കൽപിച്ചത് നഷ്ടപ്പെടുന്ന നോമ്പ് നോറ്റുവീട്ടാൻ മാത്രമാണ്. നഷ്ടപ്പെടുന്ന നമസ്കാരം വീട്ടാൻ കൽപിച്ചരുന്നില്ല താനും. ഞങ്ങൾ അവിടുത്തെ കൽപന അതേപടി സ്വീകരിക്കുകയല്ലാതെ, ബുദ്ധിയും യുക്തിയും ഉപയോഗിച്ച് എന്തുകൊണ്ടാണ് നഷ്ടപ്പെട്ട നമസ്കാരം വീട്ടാത്തത് എന്ന് ചോദിച്ചിരുന്നില്ല. ബുദ്ധിക്ക് പ്രാമുഖ്യം നൽകുന്ന ഖവാരിജുകൾ വന്നപ്പോൾ അവരാണ് ഇങ്ങനെ തെറ്റായ നൂതനരീതികൾ ഉണ്ടാക്കിയത്. അല്ലാഹു പറയുന്നു:
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ وَاتَّقُوا اللَّهَ إِنَّ اللَّهَ سَمِيعٌ عَلِيمٌ﴾ (الحجرات: 1)
[വിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെയും അവൻെറ റസൂലിനെയും മറികടക്കരുത്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവീൻ. തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.] (ഹുജുറാത് 1)
﴿وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُبِينًا﴾ (الأحزاب: 36)
[അല്ലാഹുവും അവൻെറ റസൂലും ഒരു കാര്യം വിധിച്ചാൽ വിശ്വാസിയായ പുരുഷന്നോ സ്ത്രീക്കോ സ്വന്തം താൽപര്യത്തിൽപെട്ട മറ്റൊന്നു തെരഞ്ഞെടുക്കാൻ പാടുള്ളതല്ല. അല്ലാഹുവിനെയും അവൻെറ റസൂലിനെയും ആർ ധിക്കരിക്കുന്നുവോ തീർച്ചയായും അവൻ വിദൂരമായ വഴികേടിലായിരിക്കുന്നു.] (അഹ്സാബ് 36)
ഇപ്രകാരം ബുദ്ധിക്ക് പ്രാമുഖ്യം നൽകുന്നതും പ്രമാണവാക്യങ്ങൾ യുക്തിയനുസരിച്ച് വ്യാഖ്യാനിക്കുന്നതും സച്ചരിതരായ മുൻഗാമികൾ വളരെയധികം ഭയപ്പെട്ടിരുന്നു. മുസ്‌ലിം സമുദായത്തിൽ നബി ﷺ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ടനായ വ്യക്തി അബൂബക്കർ رَضِيَ اللهُ عَنْهُ ആണ്. അദ്ദേഹത്തിൻെറ വാക്കുകൾ ശ്രദ്ധിക്കുക:
عن أبي بكر الصديق رضي الله عنه أنه قال: أي سماء تظلني وأي أرض تقلني إذا قلت في كتاب الله بغير علم. [ابن عبد البر في جامع بيان العلم وفضله]
[അബൂബക്കർ അസ്സ‌്വിദ്ദീഖ് رَضِيَ اللهُ عَنْهُ പറയുന്നു: അല്ലാഹുവൻെറ ഗ്രന്ഥത്തിൽ ഒരു രേഖയുമില്ലാതെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഏത് ആകാശമാണ് എനിക്ക് തണൽ നൽകുക! ഏതു ഭൂമിയാണ് എന്നെ താങ്ങുക!!] (ഇബ്‌നു അബ്ദിൽ ബർ, ജാമിഉ ബയാനിൽ ഇൽമി വ ഫള്‌ലിഹി)
അദ്ദേഹത്തെ കഴിഞ്ഞാൽ പിന്നീട് ഏറ്റവും ശ്രേഷ്ഠനായ വ്യക്തി ഉമർ رَضِِيَ اللهُ عَنْهُ ആണ്. അദ്ദേഹത്തിൻെറ നിലപാട് കാണുക:
عن عبيد الله بن عمر أن عمر بن الخطاب رضي الله عنه قال: اتقوا الرأي في دينكم. [ابن عبد البر في جامع بيان العلم وفضله]
[ഉബൈദുല്ലാഹി ബ്‌നു ഉമർ رَضِيَ اللهُ عَنْهُمَا നിവേദനം. ഉമർ رَضِيَ اللهُ عَنْهُ പറഞ്ഞു: നിങ്ങളുടെ ദീനിൽ നിങ്ങൾ യുക്തിപ്രയോഗിക്കുന്നത് സൂക്ഷിക്കുക.] (ഇബ്‌നു അബ്ദിൽ ബർ, ജാമിഉ ബയാനിൽ ഇൽമി വ ഫള്‌ലിഹി)
അതേ പോലെ, നാലാം ഖലീഫഃ അലിയ്യു ബിൻ അബീ ത്വാലിബ് رَضِيَ اللهُ عَنْهُ മതകാര്യങ്ങളിൽ യുക്തിക്ക് യാതൊരു സ്ഥാനവുമില്ലെന്ന് അസന്നിഗ്‌ദമായി പ്രഖ്യാപിച്ചിട്ടുള്ളത് കാണുക:
عن علي رضي الله عنـه قال: لو كان الدين بالرأي لكان أسفل الخف أولى بالمسح من أعلاه، وقد رأيت رسول الله يمسح على ظاهر خفيه. [أبو داود في سننه]
[അലി رَضِيَ اللهُ عَنْهُ പറയുന്നു: മതം യുക്തിക്കനുസരിച്ചായിരുന്നുവെങ്കിൽ (അംഗസ്നാനം ചെയ്യുമ്പോൾ) ബൂട്ടിൻെറ മുകൾഭാഗത്തെ അപേക്ഷിച്ച് താഴ്ഭാഗം തടവാനാണ് കൂടുതൽ തരപ്പെട്ടത്. എന്നാൽ നബി ﷺ തൻെറ രണ്ടു ബൂട്ടുകളുടെയും മുകൾഭാഗം തടവുന്നതാണ് ഞാൻ കണ്ടത്.] (അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്)
പണ്ഡിതന്മാർ ജീവിച്ചിരിക്കുമ്പോൾ പ്രമാണരേഖകളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ നേർവഴി നയിക്കും. അവരുടെ അഭാവത്തിലാണ് മതകാര്യങ്ങളിൽ ബുദ്ധിയും യുക്തിയും പ്രയോഗിക്കുന്ന സ്ഥിതി സംജാതമാവുക.
قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ رَضِيَ اللهُ عَنْهُ : قُرَّاؤُكُمْ وَعُلَمَاؤُكُمْ يَذْهَبُونَ وَيَتَّخِذُ النَّاسُ رُءُوسًا جُهَّالًا يَقِيسُونَ الْأُمُورَ بِرَأْيِهِمْ. [ابن عبد البر في جامع بيان العلم وفضله]
[ഇബ്‌നു മസ്ഊദാ رضي اللهُ عنْهُ പറയുന്നു: നിങ്ങളിൽപെട്ട ഖുർആൻ പണ്ഡിതന്മാരും വിവരമുള്ളവരും പോയിത്തീരും. അപ്പോൾ ജനം വിവരദോഷികളെ നേതാക്കളായി സ്വീകരിക്കും. അവർ മതകാര്യങ്ങളിൽ അവരുടെ യുക്തിയുടെ അടിസ്ഥാനത്തിൽ അനുമാനിക്കുകയാണ് ചെയ്യുക.] (ഇബ്‌നു അബ്ദിൽ ബർ, ജാമിഉ ബയാനിൽ ഇൽമി വ ഫള്‌ലിഹി)
ശാമിലെ അഹ്ലുസ്സുന്നഃയുടെ ഇമാമായിരുന്ന അബ്ദുറഹ്‌മാൻ ബിൻ അംറ് അൽ ഔസാഈ رَحِمَهُ اللهُ യുടെ ഉപദേശം ശ്രദ്ധിക്കുക:
قال الأوزاعي رَحِمَهُ اللهُ: عليك بآثار من سلف، وإن رفضك الناس، وإياك وآراء الرجال، وإن زخرفوا لك بالقول. [الآجري في كتاب الشريعة]
[ഔസാഈ رَحِمَهُ اللهُ പറയുന്നു: സച്ചരിതരായ മുൻഗാമികൾ കൈമാറിയ രേഖകൾ നീ മുറുകെ പിടിക്കുക, ജനങ്ങൾ നിന്നെ തള്ളിക്കളഞ്ഞാലും. വ്യക്തികളുടെ യുക്തിചിന്തകൾ നീ സൂക്ഷിക്കുക; അവർ എത്ര മനോഹരമായ വാക്കുകളിൽ നിന്നോട് സംവദിച്ചാലും.] (ആജുരി, ശരീഅഃയിൽ ഉദ്ധരിച്ചത്)
മതകാര്യങ്ങളിൽ യുക്തി പ്രയോഗിക്കുന്നതും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതും ഗുരുതരമായ പാപമായിട്ടാണ് അഹ്ലുസ്സുന്നഃയുടെ ഇമാമുകൾ ഗണിച്ചിരുന്നത്. തദ്വിഷയകമായി ഇമാം ശാഫിഈ رَحِمَهُ اللهُ നടത്തിയ ഒരു പ്രതികരണം കൂടി കാണുക:
قال البخاري : سمعت الحميدي يقول: كنا عند الشافعي فأتاه رجل فسأله عن مسألة فقال: قضى فيها رسول الله كذا وكذا، فقال الرجل للشافعي: ما تقول أنت؟ فقال سبحان الله، تراني في كنيسة؟! تراني في بيعة؟! تراني على وسطي زنار؟! أقول لك قال رسول الله ، وأنت تقول ما تقول أنت؟ [أبو نعيم في حلية الأولياء]
[ഇമാം ബുഖാരി പറയുന്നു, ഹുമൈദി പയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഞങ്ങൾ ഇമാം ശാഫിഈ رَحِمَهُ اللهُ യുടെ അടുത്തുള്ളപ്പോൾ ഒരാൾ വന്ന് അദ്ദേഹത്തോട് ഒരു വിഷയത്തെ കുറിച്ച് ചോദിച്ചു. ഇക്കാര്യത്തിൽ നബി ﷺ ഇപ്രകാരമാണ് വിധിച്ചിട്ടുള്ളത് എന്ന് അദ്ദേഹം മറുപടിനൽകുകയും ചെയ്തു. അപ്പോൾ അദ്ദേഹം ശാഫിഈ رَحِمَهُ اللهُ യോട് ചോദിച്ചു: അതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? അദ്ദേഹം പറഞ്ഞു: സുബ്ഹാനല്ലാഹ്! നീ എന്നെ കാണുന്നത് ഒരു കൃസ്തീയ ദേവാലയത്തിലാണോ? നീ എന്നെ കാണുന്നത് ഒരു സത്രത്തിലാണോ? എൻെറ അരക്കെട്ടിൽ അരപ്പട്ട കാണുന്നുണ്ടോ? നബി ﷺ ഇപ്രകാരമാണ് പറഞ്ഞതെന്ന് ഞാൻ നിനക്ക് പറഞ്ഞുതന്നു. എന്നിട്ട് നീ എന്നോട് ചോദിക്കുന്നു, താങ്കളുടെ അഭിപ്രായം എന്താണെന്ന്?!!] (അബൂ നുഐം ഹിൽയതുൽ ഔലിയായിൽ ഉദ്ധരിച്ചത്)
ഇസ്‌ലാംമതകാര്യങ്ങൾ സാർവ്വലൗകികവും സാർവ്വജനീനവും സാർവ്വകാലികവുമാണ്. മുഴുലോകത്തിനും എല്ലാ ജനതതികൾക്കും എല്ലാ കാലത്തേക്കുമായി അവതരിപ്പിച്ച ആത്യന്തിക ഉപദേശനിർദ്ദേശങ്ങളാണവ. മനുഷ്യാസ്തിത്വത്തിൻെറ മറഞ്ഞതും തെളിഞ്ഞതുമായ എല്ലാ വശങ്ങളുമറിയുന്ന സ്രഷ്ടാവിൻെറ നിർണ്ണയങ്ങൾ. സോദ്ദേശപൂർവ്വം അവൻ ഇറക്കിയ മാർഗ്ഗദർശനങ്ങളുടെയും നിയമനിർദ്ദേശങ്ങളുടെയും യുക്തിരഹസ്യങ്ങളിൽ ചിലത് അവൻ നമുക്ക് വെളിപ്പെടുത്തിതരാം. ചിലപ്പോൾ വെളിപ്പെടുത്തി തന്നില്ലെന്നുമിരിക്കാം. അവൻ വെളിപ്പെടുത്തിതന്ന കാര്യങ്ങൾ തന്നെ ചിലരുടെ ബുദ്ധിക്കും യുക്തിക്കും ബോധ്യപ്പെട്ടില്ലെന്നും വരാം. യുക്തിരഹസ്യങ്ങൾ വെളിപ്പെടുത്തിയാലും ഇല്ലെങ്കിലും, അവ ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും അവൻെറ കൽപനകൾക്ക് സമ്പൂർണ്ണമായി കീഴ്‌പ്പെടുക എന്നതു മാത്രമാണ് ഒരു വിശ്വാസിയുടെ മാർഗ്ഗം. അവന് അറിയാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിക്കുക. എന്നിട്ടും ഗ്രഹിക്കാനാവാത്ത കാര്യങ്ങൾ, അല്ലാഹുവിലേക്ക് മടക്കി അതിലുള്ള വിശ്വാസവും വിധേയത്വവും പ്രഖ്യാപിക്കുകയുമാണ് ചെയ്യേണ്ടത്.
പിശാച് പലരെയും പിടികൂടുന്ന അതിസങ്കീർണ്ണമായ ഒരു മേഖല കൂടിയാണിത്. അവൻ മനുഷ്യമസ്തിഷ്കത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കും. നിരന്തരം സംശയങ്ങൾ ഇട്ടുകൊടുക്കുകയും ചോദ്യംചെയ്യാൻ പ്രേരിപ്പിരിക്കുകയും ചെയ്യും. മനുഷ്യൻെറ ബുദ്ധിക്കും ഭാവനക്കും സർഗ്ഗാത്മകതക്കുമെല്ലാം പരിധികളും പരിമിതികളുമുണ്ട്. മനുഷ്യചിന്തയുടെ പരിധിക്കപ്പുറമുള്ള കാര്യങ്ങളെ കുറിച്ച് അവൻ ചോദ്യമുന്നയിക്കും. അത് എന്തു കൊണ്ട്? അത് എങ്ങനെ? അതാര്? ഇങ്ങനെയുള്ള ചോദ്യങ്ങൾ. അവസാനം സ്രഷ്ടാവായ അല്ലാഹുവിൻെറ ആസ്തിക്യത്തെ തന്നെ ചോദ്യംചെയ്യാൻ മുതിരും. വിശ്വാസവും വിനയവും വഴിമാറിപ്പോകുന്ന സ്ഥിതിവിശേഷം സംജാതമാക്കും. ഈ അപകടകരമായ സ്ഥിതിവിശേഷത്തെ കുറിച്ച് ജാഗ്രത പുലർത്താൻ നബി ﷺ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് കാണുക:
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، قَالَ: قَالَ رَسُولُ اللهِ ﷺ: لَا يَزَالُ النَّاسُ يَتَسَاءَلُونَ حَتَّى يُقَالَ: هَذَا خَلَقَ اللهُ الْخَلْقَ، فَمَنْ خَلَقَ اللهَ؟ فَمَنْ وَجَدَ مِنْ ذَلِكَ شَيْئًا، فَلْيَقُلْ: آمَنْتُ بِاللهِ. [مسلم في صحيحه]
[അബൂ ഹുറയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: ജനങ്ങൾ പരസ്പരം ചോദിച്ചുകൊണ്ടേയിരിക്കും. അങ്ങനെ ഇത്രത്തോളം ചോദിക്കും: ഇതാ! സൃഷ്ടികളെയെല്ലാം അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. എന്നാൽ ആരാണ് അല്ലാഹുവിനെ സൃഷ്ടിച്ചത്? ഇങ്ങനെയുള്ള വല്ലതും ഒരാൾക്ക് തോന്നി തുടങ്ങിയാൽ അവൻ തൻെറ വിശ്വാസമുറപ്പിച്ച് പ്രഖ്യാപിക്കട്ടെ: ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
മതത്തിൽ യുക്തിപ്രയോഗിക്കാമെന്നും പ്രമാണങ്ങളെ ബുദ്ധികൊണ്ടും യുക്തികൊണ്ടും വ്യാഖ്യാനിക്കാമെന്നും ജൽപിക്കാറുള്ളവർ ആധാരമാക്കാറുള്ളത് മുആദ് رَضِيَ اللهُ عَنْهُ വിനെ യമനിലേക്ക് അയക്കുമ്പോൾ നബി ﷺ അദ്ദേഹവുമായി നടത്തിയ ഒരു സംഭാഷണമാണ്. പ്രസ്തുത സംഭവവും അതിൻെറ ന്യൂനതയും ‘ഇസ്‌ലാമിൻെറ പ്രമാണങ്ങൾ‘ എന്ന ലേഖനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. താൽപര്യമുള്ളവർക്ക് അത് വായിച്ചു നോക്കാവുന്നതാണ്. വിസ്താര ഭയത്താൽ ആവർത്തിക്കുന്നില്ല.
ഖവാരിജുകൾക്കു പിറകിൽ വന്ന ഖദ്‌രികളും ജഹ്‌മികളും മുഅ്തസിലികളുമെല്ലാം ഒരു പടികൂടി മുന്നോട്ടു പോയി. അവരുടെ ബുദ്ധിക്കും യുക്തിക്കും ഗ്രഹിക്കാനാവാത്ത കാര്യങ്ങളെ നിസ്സങ്കോചം നിഷേധിക്കുകയോ ദുർവ്യാഖ്യാനിക്കുകയോ ചെയ്തു. പ്രമാണരേഖകളെക്കാൾ ബുദ്ധിക്കും യുക്തിക്കും പ്രാമുഖ്യം നൽകണമെന്നത് ഇതോടെ ഒരു നൂതനചിന്താധാരയായി ഇസ്‌ലാമിക ചരിത്രത്തിൽ ശക്തിപ്രാപിച്ചു തുടങ്ങി.
ഈ പാത പിന്തുടർന്നതുകൊണ്ടാണ് ഖദ്‌രികൾ അല്ലാഹുവിൻെറ മുൻനിർണ്ണയത്തെ (القضاء والقدر) നിഷേധിക്കാൻ ബുദ്ധിപരമായ തെളിവുകളും സമർത്ഥന രീതികളും അവലംബിച്ചത്. അതിൻെറ ഭാഗമായി അല്ലാഹുവിനെ കുറിച്ച് തന്നെ അവർ ഉപമകൾ പറയാനും സദൃശവൽക്കരിക്കാനും തുടങ്ങി. പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട പരമമായ സത്യങ്ങളെ ബുദ്ധിയുടെയും യുക്തിയുടെയും പേരിൽ നിഷേധിക്കാനും ദുർവ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങളുണ്ടായപ്പോൾ സ്വാഭാവികമായും അതേ നാണയത്തിൽ അതിനെതിരെ തിരിച്ചടിക്കാനുള്ള പ്രവണതകളും സമൂഹത്തിൽ ഉടലെടുത്തു. ബുദ്ധിക്കും യുക്തിക്കും പ്രാമുഖ്യം നൽകുന്ന ഇത്തരം വിഭാഗങ്ങളുടെ തെറ്റായ വാദമുഖങ്ങൾക്ക് മറുപടി നൽകാൻ പ്രമാണരേഖകൾ മതിയാവില്ലെന്ന തോന്നൽ അവരെയും ബൗദ്ധികമായ തെളിവുകളിലേക്കും സമർത്ഥനരീതികളിലേക്കും തള്ളിവിട്ടു. ഇതാണ് عِلْمُ الْكَلَامِ ൻെറ (വചന ശാസ്ത്രം) ആവിർഭാവത്തിനു പശ്ചാത്തലമൊരുക്കിയത്. തദ്വിഷയകമായി ഇബ്‌നു റജബ് رَحِمَهُ اللهُ നൽകിയ വിശദീകരണം കാണാം:
ومن ذلك أعني محدثات الأمور ما أحدثه المعتزلة ومن حذا حذوهم من الكلام في ذات الله تعالى وصفاته بأدلة العقول، وهو أشد خطراً من الكلام في القدر لأن الكلام في القدر كلام في أفعاله وهذا كلام في ذاته وصفاته. [ابن رجب، بيان فضل علم السلف على علم الخلف]
[അതിൽപെട്ടതാണ് – അഥവാ നൂതനനിർമ്മിതികളിൽപെട്ടതാണ് – മുഅ്തസിലികളും അവരുടെ മാർഗ്ഗം പിന്തുടർന്നവരും പുതുതായി ഉണ്ടാക്കിയ വചന ശാസ്ത്രം (علم الكلام); അല്ലാഹുവിൻെറ സത്തയെയും ഗുണവിശേഷങ്ങളെയും സംബന്ധിച്ച് ബൗദ്ധികമായ തെളിവുകൾ വെച്ചുകൊണ്ടുള്ള സംവാദങ്ങൾ. അത് ഖദ്റിനെ കുറിച്ചുള്ള സംവാദങ്ങളെക്കാൾ അപകടകരമാണ്. കാരണം ഖദ്റിനെ കുറിച്ചുള്ള സംവാദം അല്ലാഹുവിൻെറ പ്രവർത്തികൾ സംബന്ധിച്ച തർക്കമാണ്. എന്നാൽ ഇത് അവൻെറ സത്തയെയും ഗുണവിശേഷങ്ങളെയും സം ബന്ധിച്ചു തന്നെയുള്ള തർക്കമാണ്.] (ഇബ്‌നു റജബ്, ബയാനു ഫള്‌ലി ഇൽമിസ്സലഫ് അലാ ഇൽമിൽ ഖലഫ്)
ഇസ്‌ലാമിൻെറ മുഖ്യധാരയിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ വ്യതിചലിക്കാതെ നേർമാർഗ്ഗത്തിൽ ഉറച്ചു നിന്ന അഹ്ലുസ്സുന്നഃ മതപരമായ കാര്യങ്ങൾക്ക് പ്രമാണരേഖകൾ മാത്രമാണ് അവലംബിക്കുക. പ്രമാണരേഖകളെക്കാൾ ബുദ്ധിക്ക് മുൻഗണനകൽപിക്കുകയില്ല. ബുദ്ധിയും യുക്തിയും അനുസരിച്ച് പ്രമാണരേഖകൾ വ്യാഖ്യാനിക്കാൻ അനുവദിക്കുകയുമില്ല. വിധിവിലക്കുകൾ കണ്ടെത്തുന്നത് പ്രമാണരേഖകളിൽനിന്ന് മാത്രമായിരിക്കണം. അതിനു തെളിവ്പിടിക്കുന്ന രീതിയും പ്രമാണബദ്ധമായിരിക്കണം. പ്രമാണങ്ങളിൽ പറഞ്ഞ ഒരു കാര്യം തന്നെ പ്രമാണരേഖകളുടെ പിൻബലത്തിലല്ലാതെ, ബൗദ്ധികമോ യുക്തിപരമോ ആയ തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കുന്നതിനെ അവർ അംഗീകരിക്കുമായിരുന്നില്ല. മതവിഷയങ്ങളിൽ അഹ്ലുസ്സുന്നഃ പുലർത്തുന്ന സൂക്ഷ്മതയും മൗലികതയും മനസ്സിലാക്കാൻ ഉതകുന്ന ഉത്തമ ഉദാഹരണം കൂടിയാണിത്. ഇബ്‌നു റജബ് رَحِمَهُ اللهُ യെ തന്നെ വീണ്ടും ഉദ്ധരിക്കട്ടെ:
والثاني من رام إثبات ذلك بأدلة العقول التي لم يرد بها الأثر ورد على أولئك مقالتهم، كما هي طريقة مقاتل بن سليمان ومن تابعه كنوح بن أبي مريم، وتابعهم طائفة من المحدثين قديماً وحديثاً. وهو أيضاً مسلك الكرامية، فمنهم من أثبت لإثبات هذه الصفات الجسم؛ إما لفظا وإما معنى. ومنهم من أثبت للَّه صفات لم يأت بها الكتاب والسنة، كالحركة وغير ذلك مما هي عنده لازم الصفات الثابتة، وقد أنكر السلف على مقاتل قوله في رده على جهم بأدلة العقل، وبالغوا في الطعن عليه. [ابن رجب، بيان فضل علم السلف على علم الخلف]
(രണ്ട്) പ്രമാണരേഖകൾ ലഭ്യമല്ലാത്തപ്പോൾ ബൗദ്ധികമായ തെളിവുകൾ വെച്ചുകൊണ്ട് അവ (സ്വിഫാതുകൾ) സ്ഥിരീകരിക്കാൻ ഉദ്യമിക്കുകയും പ്രതിയോഗികളുടെ വാദമുഖങ്ങൾ ഖണ്ഡിക്കുകയും ചെയ്തവരാണവർ. മുഖാതിൽ ബിൻ സുലൈമാൻെറയും അദ്ദേഹത്തെ പിന്തുടർന്ന നൂഹ് ബിൻ അബീ മർയം പോലുള്ളവരുടെയും രീതിയാണത്. പൗരാണികരും ആധുനികരുമായ ഒരു വിഭാഗം ഹദീസ് പണ്ഡിതന്മാരും അവരെ പിന്തുടർന്നിട്ടുണ്ട്. അതു തന്നെയാണ് കർറാമികളുടെ രീതിയും. അല്ലാഹുവിന്ന് ഗുണവിശേഷങ്ങൾ സ്ഥിരീകരിക്കാൻ വേണ്ടി, വാക്യർത്ഥത്തിലോ ലക്ഷ്യാർത്ഥത്തിലോ, അവക്ക് മൂർത്ത രൂപമുണ്ടെന്ന് പറയുന്നവരും അവരിലുണ്ട്. ഖുർആനിലോ സുന്നത്തിലോ പരാമർശമില്ലാത്ത ഗുണവിശേഷങ്ങൾ – ചലനം പോലുള്ളതും അല്ലാത്തതുമായ – അവ സ്ഥിരപ്പെട്ട ഗുണവിശേഷങ്ങളുടെ അനിവാര്യ വിശേഷണങ്ങളാണെന്ന നിലയിൽ, അല്ലാഹുവിന് സ്ഥിരീകരിച്ചവരും അവരിലുണ്ട്. ബൗദ്ധികമായ തെളിവുകളിലൂടെ ജഹ്‌മിനെ ഖണ്ഡിച്ച മുഖാതിലിൻെറ വാദങ്ങളെ സലഫുകൾ അംഗീകരിച്ചില്ല. എന്നല്ല അവർ അദ്ദേഹത്തിനെതിരിലുള്ള ആക്ഷേപം കടുപ്പിക്കുകയാണ് ചെയ്തത്.] (ഇബ്‌നു റജബ്, ബയാനു ഇൽമിസ്സലഫ് അലാ ഇൽമിൽ ഖലഫ്)
ചുരുക്കത്തിൽ, ബുദ്ധിയുടെ അപകടകരമായ പ്രയോഗം ഇബ്‌ലീസ് തുടങ്ങിവെച്ചതാണ്. ആദമിനു സുജൂദ് ചെയ്യാൻ അല്ലാഹു കൽപിച്ചപ്പോൾ യുക്തി അതിനു സമ്മതിച്ചില്ല. അവൻ അഹങ്കരിക്കുകയും വിസമ്മതിക്കുകയും ചെയ്തു. നബി ﷺ യുടെ കാലത്ത് യുക്തിയുടെയും അഹങ്കാരത്തിൻെറയും ഈ നാമ്പ് ദുൽഖുവൈസ്വിറഃയിലൂടെ പുറത്തു വന്നു. പിന്നീട് അനുകൂലമായ സാഹചര്യങ്ങളിലെല്ലാം അത്തരക്കാർ രംഗത്തുവരികയും അല്ലാത്തപ്പോൾ ഉൾവലിയുകയും ചെയ്തുകൊണ്ടിരുന്നു. മൂന്നും നാലും ഖലീഫഃമാരുടെ കാലത്ത് അവർ കൂടുതൽ കരുത്താർജ്ജിച്ചു. പിന്നീട് ഖദ്‌രികളും ജഹ്‌മികളും മുഅ്തസിലികളും ഇതേ മാർഗ്ഗം പിന്തുടർന്നു. ഇവരുടെ സ്വാധീനത്താൽ അഹ്ലുസ്സുന്നഃയാണെന്ന് അവകാശപ്പെടുന്ന കുല്ലാബികൾ, കർറാമികൾ, അശ്അരികൾ, മാതുരീദികൾ പോലുള്ള വിഭാഗങ്ങളിലും ബുദ്ധിയുടെയും യുക്തിയുടെയും അതിപ്രസരമുണ്ടായി. ഇസ്‌ലാമിൽ ഉടലെടുത്ത ഏതൊരു നൂതനചിന്താധാരയിലും ഈ പ്രവണത പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിച്ചതായി നമുക്ക് കാണാൻ സാധിക്കും.
മതകാര്യങ്ങളിൽ ബുദ്ധിക്കും യുക്തിക്കും അനർഹമായ സ്ഥാനം നൽകുക, പ്രമാണങ്ങളെക്കാൾ യുക്തിക്ക് പ്രാമുഖ്യം കൽപിക്കുക, ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ നിഷേധിക്കുക, പ്രമാണവാക്യങ്ങൾ യുക്തിക്കനുസൃതമായി വളച്ചൊടിക്കുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്യുക, വ്യക്തിപരമായ അഭിപ്രായങ്ങളിലും അഭീഷ്ടങ്ങളിലും അഭിരമിക്കുകയും അഹങ്കരിക്കുകയും ചെയ്യുക, പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട ചിരന്തനമൂല്യങ്ങളെ പോലും യുക്തിക്ക് നിരക്കുന്നില്ലെന്ന കാരണത്താൽ ചവിട്ടിമെതിക്കുക ഇതൊക്കെയാണ് ഈ ചിന്താരീതിയുടെ സവിശേഷതകൾ. അഖ്‌ലാനിയ്യഃ എന്നാണ് ഇതിനെ കുറിച്ച് വ്യവഹരിക്കാൻ അറബിയിൽ ഉപയോഗിക്കുന്ന പദം. ആധുനിക കാലത്ത് ഇത് പൂർണ്ണാർത്ഥത്തിൽ ഏറ്റെടുത്തത് ഈജിപ്തിൽ ഹസനുൽ ബന്നായും സയ്യിദ് ഖുത്വ്‌ബും നേതൃത്വം കൊടുത്ത ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന സംഘടനയാണ്. അതിൻെറ ഇന്ത്യൻ പതിപ്പാണ് സയ്യിദ് മൗദൂദി രൂപം കൊടുത്ത ജമാഅത്തെ ഇസ്‌ലാമി. ഈ രണ്ടു സംഘടനകളും കൊണ്ടും കൊടുത്തും പരസ്പരം പരിപോഷിപ്പിച്ചുകൊണ്ടാണ് ആധുനിക മുസ്‌ലിംസമൂഹങ്ങളിൽ വേരുറപ്പിച്ചത്. മതപരമായ വിഷയങ്ങളിൽ ശുദ്ധമായ അഖ്‌ലാനിയ്യഃ ചിന്താഗതി പിന്തുടരുകയും മതരാഷ്ട്രവാദം ആധാരശിലയായി കൊണ്ടുനടക്കുകയും ചെയ്യുന്നവരാണർ. ഖുത്വ്‌ബിൻെറയും മൗദൂദിയുടെയും കൃതികൾ ഇക്കാര്യങ്ങൾ സുതരാം വ്യക്തമാക്കുന്നവയാണ്. വിശുദ്ധ ഖുർആൻ വിവരണത്തിൻെറ രചനയിൽ ചിലയിടങ്ങളിൽ സയ്യിദ് ഖുത്വ്‌ബിൻെറയും മറ്റും കൃതികൾ ഉദ്ധരിക്കുകയോ ഉപജീവിക്കുകയോ ചെയ്തിട്ടുണ്ട്. മാന്യവായനക്കാർ അക്കാര്യത്തെ കുറിച്ച് ജാഗ്രത പുലർത്തുമല്ലോ.
ഇതേ കാലയളവിൽ തന്നെ ഈജിപ്തിൽ നവോത്ഥാനത്തിൻെറയും പരിഷ്കരണത്തിൻെറയും മറപിടിച്ച് മറ്റൊരു രൂപത്തിൽ അഖ്‌ലാനിയ്യഃ വീക്ഷണഗതി സ്ഥാപിക്കപ്പെടുന്നുണ്ടായിരുന്നു. ഇറാനിയൻ വംശജനായ ജമാലുദ്ദീൻ അഫ്‌ഗാനിയുടെ നിഗൂഢവ്യക്തിത്വത്തിൽ ആകൃഷ്ടനായ മുഹമ്മദ് അബ്ദുവാണ് അതിന് നേതൃത്വം നൽകിയത്. അദ്ദേഹം ഉയർത്തിപ്പിടിച്ച ഇസ്വ്‌ലാഹിയ്യത്ത് അഖ്‌ലാനിയ്യത്തിൻെറ പര്യായം മാത്രമാണ്. തൻെറ താർക്കികവും യുക്തിവാദപരവുമായ ആശയങ്ങൾ ശിഷ്യനായ സയ്യിദ് റശീദ് രിളാ തഫ്‌സീറുൽ മനാറിലൂടെയും അൽമനാർ മാസികയിലൂടെയും മനോഹരമായ ഭാഷയിൽ അനുവാചർക്ക് കൈമാറിക്കൊണ്ടിരുന്നു. ഇസ്‌ലാമിലെ വിശ്വാസകാര്യങ്ങളും വഹ്‌യിലൂടെ മാത്രം ലഭിക്കുന്ന അദൃശ്യമായ വിഷയങ്ങളും അദ്ദേഹം തൻെറ യുക്തിക്കനുസരിച്ച് വ്യാഖ്യാനിച്ചു. യൂറോപ്പിൻെറ സ്വതന്ത്ര ചിന്തയുമായി സംവദിക്കാൻ ഉപയുക്തമായ മാർഗ്ഗം വേറെയില്ലെന്നതായിരുന്നു അദ്ദേഹത്തിൻെറ ന്യായം. ഉദാഹരണമായി മലക്കുകൾക്ക് അദ്ദേഹം നൽകിയ യുക്തിപരമായ വ്യാഖ്യാനം. തഫ്‌സീറുൽ മനാറിലെ പ്രസ്തുത ഭാഗം മൊഴിമാറ്റം നടത്തി ഇവിടെ ചേർക്കാതിരിക്കുന്നത് അത് സച്ചരിതരായ മുൻഗാമികൾ കാണിച്ചുതന്ന രീതിക്ക് വിരുദ്ധമായതിനാൽ മാത്രമാണ്. ഇത്തരം യുക്തിവാദങ്ങളും അഭീഷ്ടങ്ങളും മനസ്സിൽ സ്ഥാനം പിടിച്ചാൽ അതിനെ പിഴുതുമാറ്റുക പ്രയാസകരമാണ്. പ്രമാണരേഖകളെക്കാൾ ബുദ്ധിക്കും യുക്തിക്കുമാണ് അദ്ദേഹം പ്രാമുഖ്യം കൽപിച്ചിരുന്നത് എന്നതിനുള്ള സാക്ഷീകരണമായി ഒരു ഉദ്ധരണി മാത്രം നൽകാം.
اتفق أهل الملة الإسلامية إلا قليلا ممن لا ينظر إليه على أنه إذا تعارض العقل والنقل أخذ بما دل عليه العقل. [محمدعبده، الإسلام والمسيحية]
[പരിഗണനീയരല്ലാത്ത അൽപം ചിലരൊഴികെ, ഇസ്‌ലാംമതാനുയായികൾ എല്ലാവരും ഏകോപിച്ചിരിക്കുന്നകാര്യം ഇതാണ്, ബുദ്ധിയും പ്രമാണവും തമ്മിൽ എതിരായാൽ ബുദ്ധി നിർദ്ദേശിക്കുന്നതാണ് സ്വീകരിക്കപ്പെടേണ്ടത്.] (മുഹമ്മദ് അബ്ദു, ഇസ്‌ലാമും ക്രൈസ്തവതയും)
എന്നാൽ സയ്യിദ് റശീദ് രിളാ അവസാന നാളുകളിൽ സുന്നത്തിൻെറ മാർഗ്ഗത്തിലേക്ക് തിരിഞ്ഞിരുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല. അല്ലാഹു അഭിജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്. അവൻെറ നീതിയിലും കാരുണ്യത്തിലുമാണ് നമ്മുടെ പ്രതീക്ഷയെല്ലാം.
ഇസ്വ്‌ലാഹീ പ്രസ്ഥാനമാണ് വിശുദ്ധ ഖുർആൻ വിവരണത്തിൻെറ പ്രസാധകർ. മുഹമ്മദ് അബ്ദുവും സയ്യിദ് റശീദ് രിളായും നേതൃത്വം കൊടുത്ത അഖ്‌ലാനീ വീക്ഷണഗതിയുടെ അനുവാചകരാണവർ. പേരിലും പൊരുളിലും പൊരുത്തമുള്ള രണ്ടു പ്രസ്ഥാനങ്ങൾ. രണ്ടിൻെറയും മൗലികമായ ചിന്താരീതി അഖ്‌ലാനിയ്യത്തു തന്നെ. രണ്ടും അറിയപ്പെടാൻ ഇഷ്ടപ്പെടുന്നത് ഇസ്വ്‌ലാഹിയ്യത്ത് എന്ന പേരിൽ. റശീദ് രിളാ പ്രസിദ്ധീകരിച്ചിരുന്ന അൽമനാർ മാസികയുടെ ഉള്ളടക്കമായിരുന്നു പലപ്പോഴും കെ.എം. മൗലവിയുടെ അൽമുർശിദിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. തഫ്‌സീറുൽ മനാർ കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിൻെറ എക്കാലത്തെയും മുഖ്യ സ്രോതസ്സുകളിലൊന്നാണ്. അതുകൊണ്ടു തന്നെ വിശുദ്ധ ഖുർആൻ വിവരണത്തിൻെറ രചനയിൽ അതിൻെറ സ്വാധീനം വളരെ വലുതാണ്.
ചുരുക്കത്തിൽ, വിശുദ്ധ ഖുർആൻ വിവരണത്തിൻെറ പ്രസാധകർ ഈജിപ്തിലെ അഖ്‌ലാനീ ചിന്താഗതിയുടെ (المدرسة العقلانية) സ്ഥാപകനായ മുഹമ്മദ് അബ്ദുവിൻെറയും ശിഷ്യൻ റശീദ് രിളായുടെയും അനുഭാവികളും സഹചാരികളുമാണ്. അതേ സമയം, വിശുദ്ധ ഖുർആൻ വിവരണത്തിൻെറ രചനയിൽ അഖ്‌ലാനിയ്യത്തിൻെറ രണ്ടു കൈവഴികളായ ഇഖ്‌വാനിയ്യത്തും ഇസ്വ്‌ലാഹിയ്യത്തും പ്രകടമായി തന്നെ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. ആയതിനാൽ മാന്യ വായനക്കാർ മതിയായ ജാഗ്രത പുലർത്തണമെന്ന് ഒരിക്കൽ കൂടി ഉണർത്തുന്നു.