ഖദരിയ്യഃ
(വിധിവിശ്വാസത്തിലുള്ള വിലോപം)
ഇസ്‌ലാമിൻെറ മുഖ്യധാരയിൽ നിന്നു വ്യതിച്ചലിച്ചുപോയ നാലു പ്രമുഖ ചിന്താധാരകളിൽ ഒന്നാണ് ഖദരിയ്യഃ. വിധിവിശ്വാസത്തിൽ വിലോപം കാണിക്കുന്ന നൂതന പ്രവണതയെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്‌ലാമിക സമൂഹത്തിൽ ഇത് ഒരു പുതിയ ചിന്താധാരയായി അവതരിപ്പിക്കപ്പെടുന്നതും അതിൻെറ പേരിൽ കക്ഷി തിരിയുന്നതും സ്വഹാബത്തിൻെറ അവസാന കാലത്താണ്.
ഖദരികൾ രണ്ടു വിഭാഗമുണ്ട്. ഒന്നാമത്തെ വിഭാഗം അല്ലാഹു എല്ലാ കാര്യങ്ങളും മുൻകൂട്ടി നിർണ്ണയിച്ചിരിക്കന്നു എന്ന വിധിവിശ്വാസത്തെ നിഷേധിക്കുന്നവരാണ്. ഇവർ തന്നെ രണ്ടു തരക്കാരാണ്; തീവ്ര ഖദരികളും അല്ലാത്തവരും. തീവ്ര ഖദരികൾ അല്ലാഹുവിൻെറ അനാദിയായ അറിവിനെ തന്നെ നിഷേധിക്കുന്നു. കാര്യങ്ങൾ മുൻകൂട്ടി അവൻ അറിയുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നാണ് അവരുടെ വാദം. രണ്ടാമത്തെ തരക്കാർ മനുഷ്യൻെറ പ്രവർത്തനങ്ങളിൽ അല്ലാഹുവിൻെറ ഇഛക്ക് യാതൊരു സ്വാധീനവുമില്ലെന്ന് ജൽപിക്കുന്നവരാണ്. മനുഷ്യൻെറ കാര്യങ്ങൾ അപ്പപ്പോൾ അവൻ തന്നെ സ്വയം നിർമ്മിക്കുകയാണെന്നും അവൻെറ പ്രവർത്തനങ്ങളുടെ സ്രഷ്ടാവ് അവൻ തന്നെയാണെന്നും അവർ വാദിക്കുന്നു.
ഖദരികളിലെ രണ്ടാമത്തെ വിഭാഗം അല്ലാഹു എല്ലാം മുൻനിർണ്ണയം ചെയ്തിരിക്കുന്നു എന്ന വിധിവിശ്വാസം സ്ഥിരീകരിക്കുന്നതിനു വേണ്ടി മനുഷ്യന് അവൻ നൽകിയ ഇഛാസ്വാതന്ത്ര്യത്തെ പാടെ നിഷേധിക്കുന്നവരാണ്. മനുഷ്യൻ കാറ്റത്ത് ആടുന്ന ഒരു തൂവൽ മാത്രമാണെന്നും, അവൻെറ പ്രവർത്തനങ്ങളെല്ലാം അല്ലാഹു അടിച്ചേൽപിച്ചതാണെന്നും അവർ വാദിക്കുന്നു. ഇവരെയാണ് ജബ്‌രി കൾ എന്നു വിളിക്കുന്നത്.
നബി ﷺ ജീവിച്ചിരിക്കുമ്പോൾ നബി ﷺ ജീവിച്ചിരിക്കുമ്പോൾ തന്നെ വിധിവിശ്വാസത്തെ കുറിച്ച് ചിലർ വികലമായ സങ്കൽപങ്ങൾ ഉന്നയിച്ചിരുന്നത് ഹദീസുകളിലുണ്ട്. അത്തരം തെറ്റായ ധാരണകളും സംശയങ്ങളും അപ്പപ്പോൾ തന്നെ നബി ﷺ ശർഇയ്യായ അറിവുകൊണ്ട് നേരിടുകയും ശരിയാം വിധം പരിഹരിച്ചു പോരുകയും ചെയ്തിട്ടുണ്ട്.അല്ലാഹു പറയുന്നു:
﴿سَيَقُولُ الَّذِينَ أَشْرَكُوا لَوْ شَاءَ اللَّهُ مَا أَشْرَكْنَا وَلَا آبَاؤُنَا وَلَا حَرَّمْنَا مِنْ شَيْءٍ كَذَلِكَ كَذَّبَ الَّذِينَ مِنْ قَبْلِهِمْ حَتَّى ذَاقُوا بَأْسَنَا..﴾ (الأنعام: 148)
[മുശ്‌രിക്കുകൾ പറയുന്നു, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ പങ്കുചേർക്കുകയോ, ഞങ്ങൾ യാതൊന്നും നിഷിദ്ധമാക്കുകയോ ചെയ്യുമായിരുന്നില്ല. നമ്മുടെ ശിക്ഷ അനുഭവിക്കുന്നതു വരെ അവരുടെ മുൻഗാമികളും ഇതേ പ്രകാരം കളവാക്കിക്കൊണ്ടിരുന്നു.] (അൽ അൻആം 148)
അല്ലാഹു മനുഷ്യന് കഴിവും ഇഛാസ്വാതന്ത്ര്യവും വരണാധികാരവും നൽകി. നന്മയുടയും തിന്മയുടെയും രണ്ടു വഴികൾ അവൻെറ മുന്നിൽ തുറന്നുകൊടുത്തു. അവനു നൽകപ്പെട്ട കഴിവും സ്വാതന്ത്ര്യവും എങ്ങനെ വിനിയോഗിക്കുന്നു എന്ന് പരീക്ഷിച്ച് തെളിയിക്കണം. സ്വതന്ത്രമായ പ്രവർത്തനങ്ങളിലൂടെ അവൻ അത് വെളിപ്പെടുത്തി കാണിക്കണം. അതിനു വേണ്ടി ജീവിതം നൽകി അവനെ ഭൂമുഖത്തേക്ക് അയച്ചു. അധിക പേരും അവർക്ക് ലഭിച്ച കഴിവും സ്വാതന്ത്ര്യവും അർത്ഥപൂർണ്ണമായി വിനിയോഗിക്കുന്നതിൽ പരാജയപ്പെട്ടുപോകുന്നു. അവർക്കു നൽകപ്പെട്ട കഴിവുകൾ ദുരുപയോഗം ചെയ്തു. അങ്ങനെ സ്വയം നാശത്തിലേക്ക് എടുത്തുചാടി. എന്നിട്ട് പറയുന്നു, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെ തിന്മകൾ ചെയ്ത് നശിച്ചു പോകുമായിരുന്നില്ല. എൻെറ നാശത്തിനു കാരണം അല്ലാഹുവിൻെറ വിധിയാണ്. എന്തൊരു ദുർന്യായമാണിത്! ഇതിനെക്കാൾ നിരർത്ഥകമായ വാദമുണ്ടോ!! അതിന് പരിഹാരം ഒന്നേയുള്ളു; അല്ലാഹുവിൻെറ ശിക്ഷ അനുഭവിച്ച് പഠിക്കുക തന്നെ. എന്നാൽ സ്വാഭാവികമായും ഒരു മനുഷ്യനു തോന്നാവുന്ന സംശയങ്ങൾ സ്പഷ്ടമായ ശൈലിയിൽ നബി ﷺ ദൂരീകരിച്ചു കൊടുത്തിട്ടുണ്ട്. ഉദാഹരണമായി, ഒരിക്കൽ ഉമർ رَضِيَ اللهُ عَنْهُ ചോദിക്കുകയുണ്ടായി:
عَنْ سَعِيدِ بْنِ الْمُسَيِّبِ، عَنْ عُمَرَ بْنِ الْخَطَّابِ رضي الله عنه، أَنَّهُ قَالَ: قُلْتُ يَا رَسُولَ اللَّهِ، أَرَأَيْتَ عَمَلَنَا هَذَا عَلَى أَمْرٍ قَدْ فُرِغَ مِنْهُ أَمْ عَلَى أَمْرٍ نَسْتَقْبِلُهُ؟ فَقَالَ رَسُولُ اللَّهِ ﷺ: بَلْ عَلَى أَمْرٍ قَدْ فُرِغَ مِنْهُ. قَالَ عُمَرُ: فَفِيمَ الْعَمَلُ؟ فَقَالَ رَسُولُ اللَّهِ ﷺ: كَلَّا، لَا يُنَالُ إِلَّا بِعَمَلٍ، فَقَالَ عُمَرُ: إِذًا نَجْتَهِدَ. [ابن أبي عاصم في السنة وصححه الألباني]
[അല്ലാഹുവിൻെറ ദൂതരേ, ഇദംപ്രഥമമായി തീരുമാനിക്കുന്ന ഒന്നിനു വേണ്ടിയാണോ, അതോ മുൻകൂട്ടി തീരുമാനിച്ചു കഴിഞ്ഞ കാര്യത്തിനു വേണ്ടിയാണോ ഞങ്ങൾ കർമ്മം ചെയ്യേണ്ടത്? അവിടുന്ന് പറഞ്ഞു: വിരമിച്ചു കഴിഞ്ഞ ഒരു കാര്യത്തിനു വേണ്ടി തന്നെ. അദ്ദേഹം ചോദിച്ചു: പിന്നെ എന്തിനാണ് കർമ്മം ചെയ്യുന്നത്? അവിടുന്ന് പറഞ്ഞു: ഉമർ! കർമ്മം കൊണ്ടല്ലാതെ അത് പ്രാപിക്കാനാവില്ല. അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻെറ ദൂതരേ, എങ്കിൽ ഞങ്ങൾ കഠിനാധ്വാനം ചെയ്യാം.] (ഇബ്‌നു അബീ ആസ്വിം സുന്നഃയിൽ ഉദ്ധരിച്ചത്)
മനുഷ്യൻെറ വിജയപരാജയങ്ങളുടെ അടിസ്ഥാനം അവൻെറ തീരുമാനങ്ങളും കർമ്മങ്ങളുമാണ്. അവൻ എന്തു തീരുമാനിക്കും എങ്ങനെ പ്രവർത്തിക്കും എന്നത് അല്ലാഹുവിൻെറ അനാദിയായ അറിവിലുണ്ട്. അത് മുൻനിർണ്ണയം ചെയ്യപ്പെട്ടതും രേഖപ്പെടുത്തി കഴിഞ്ഞിട്ടുള്ളതുമാണ്. പക്ഷെ, ഒരാളും തനിക്ക് രേഖപ്പെടുത്തപ്പെട്ട സ്വർഗ്ഗമോ നരകമോ തൻെറ സ്വതന്ത്രമായ തീരുമാനവും കർമ്മവും കൊണ്ടല്ലാതെ നേടുകയില്ല എന്ന വസ്തുത നബി ﷺ ഉമർ رَضِيَ اللهُ عَنْهُ നെ എത്ര അസന്ദിഗ്ദമായാണ് ബോധ്യപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അവിടുത്തെ അനുചരന്മാർക്ക് വിധിവിശ്വാസം കർമ്മങ്ങൾ ചെയ്യാനുള്ള പ്രചോദനമാണ്. അല്ലാതെ പരാങ്മുഖത്വത്തിനുള്ള കാരണമല്ല.
മനുഷ്യൻെറ പിന്നിൽ അവനെ പിഴപ്പിക്കാൻ പിശാച് ആർത്തി പുണ്ട് ഓടിക്കൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ എല്ലാം മുൻനിർണ്ണയം ചെയ്യപ്പെട്ടു കഴിഞ്ഞതല്ലേ? പിന്നെ നാം എന്തിനു കർമ്മം ചെയ്യണം? ഈ സംശയം അവൻ വീണ്ടും വീണ്ടും ജനമനസ്സുകളിൽ ഉയർത്തിക്കൊണ്ടേയിരിക്കും. എത്ര തവണ ദൂരീകരിച്ചാലും അത് പെട്ടന്ന് അവനെ മറപ്പിച്ചു കളയും. എന്നിട്ട് ചൂടേറിയ വാഗ്വാദങ്ങളിലേക്കും അഹംഭാവ ഭരിതമായ കിടമാത്സര്യങ്ങളിലേക്കും, അവസാനം സത്യത്തെ തിരസ്കരിക്കുന്നതിലേക്കും കാര്യം കൊണ്ടെത്തിക്കും. ഇത്തരം പ്രവണതകൾ നബി ﷺ മുളയിലേ നുള്ളിക്കളയുകയായിരുന്നു. അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ പറയുന്നത് കാണുക.
عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: خَرَجَ عَلَيْنَا رَسُولُ اللَّهِ ﷺ وَنَحْنُ نَتَنَازَعُ فِي القَدَرِ فَغَضِبَ حَتَّى احْمَرَّ وَجْهُهُ، حَتَّى كَأَنَّمَا فُقِئَ فِي وَجْنَتَيْهِ الرُّمَّانُ، فَقَالَ: أَبِهَذَا أُمِرْتُمْ أَمْ بِهَذَا أُرْسِلْتُ إِلَيْكُمْ؟ إِنَّمَا هَلَكَ مَنْ كَانَ قَبْلَكُمْ حِينَ تَنَازَعُوا فِي هَذَا الأَمْرِ، عَزَمْتُ عَلَيْكُمْ أَلَّا تَتَنَازَعُوا فِيهِ. [الترمذي في سننه وحسنه الألباني]
[വിധിവിശ്വാസത്തെ കുറിച്ച് ഞങ്ങൾ തർക്കിച്ചുകൊണ്ടിരിക്കുമ്പോൾ നബി ﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവിടുന്ന് ദേഷ്യപ്പെട്ട് മുഖം ചെമന്നു പോയി. രണ്ടു കവിളുകളും ഉറുമാൻപഴം പൊട്ടിച്ച പോലെയായി. അവിടുന്ന് ചോദിച്ചു: ഇതാണോ നിങ്ങളോട് കൽപിച്ചിരിക്കുന്നത്? ഇതുമായിട്ടാണോ എന്നെ നിങ്ങളിലേക്ക് നിയോഗിച്ചിരിക്കുന്നത്? നിങ്ങളുടെ മുൻഗാമികൾ നശിച്ചുപോയത് ഇക്കാര്യത്തിലുള്ള തർക്കം കൊണ്ടു മാത്രമാണ്. ഇനിമേൽ ഇക്കാര്യത്തിൽ നിങ്ങൾ തർക്കിക്കാൻ ഇടവരരുതെന്ന് ഞാൻ കട്ടായം പറയുന്നു.] (തിർമുദി സുനനിൽ ഉദ്ധരിച്ചത്)
നബി ﷺ യുടെ കാലത്ത് മുസ്‌ലിംകളുടെ ആരോഗ്യകരമായ സംശയങ്ങൾ അറിവിലൂടെ പരിഹരിച്ചു കൊടുക്കുകയും അനാരോഗ്യകരമായ പ്രവണതകളെ മുളയിലേ നുള്ളുകയും ചെയ്തിരുന്നു. എന്നിരുന്നാലും പിശാചിന് സംശയമുണർത്താൻ ഏറ്റവും സൗകര്യപ്രദമായ വിഷയമായി ഇത് നിലകൊണ്ടു. മഹാന്മാർ പോലും ഇക്കാര്യത്തിൽചിലപ്പോൾ പതറിപ്പോയി. ഇമാം ബുഖാരി رَحِمَهُ اللهُ രേഖപ്പെടുത്തിയ ഒരു സംഭവം കാണുക. ഉമർ رَضِيَ اللهُ عَنْهُ ശാമിലേക്ക് പോവുകയായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുമ്പ് അവിടെ പ്ലേഗ് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന വിവരം ലഭിച്ചു. അദ്ദേഹം കൂടെയുള്ള സ്വഹാബിമാരോട് കൂടിയാലോചന നടത്തി. അവർ അങ്ങോട്ട് പോകരുതെന്ന് അഭിപ്രായപ്പെട്ടു.
فَنَادَى عُمَرُ فِي النَّاسِ: إِنِّي مُصَبِّحٌ عَلَى ظَهْرٍ فَأَصْبِحُوا عَلَيْهِ. قَالَ أَبُوعُبَيْدَةَ بْنُ الجَرَّاحِ: أَفِرَارًا مِنْ قَدَرِ اللَّهِ؟ فَقَالَ عُمَرُ: لَوْ غَيْرُكَ قَالَهَا يَا أَبَا عُبَيْدَةَ؟ نَعَمْ نَفِرُّ مِنْ قَدَرِ اللَّهِ إِلَى قَدَرِ اللَّهِ، أَرَأَيْتَ لَوْ كَانَ لَكَ إِبِلٌ هَبَطَتْ وَادِيًا لَهُ عُدْوَتَانِ، إِحْدَاهُمَا خَصِبَةٌ، وَالأُخْرَى جَدْبَةٌ، أَلَيْسَ إِنْ رَعَيْتَ الخَصْبَةَ رَعَيْتَهَا بِقَدَرِ اللَّهِ، وَإِنْ رَعَيْتَ الجَدْبَةَ رَعَيْتَهَا بِقَدَرِ اللَّهِ؟ قَالَ: فَجَاءَ عَبْدُ الرَّحْمَنِ بْنُ عَوْفٍ وَكَانَ مُتَغَيِّبًا فِي بَعْضِ حَاجَتِهِ فَقَالَ: إِنَّ عِنْدِي فِي هَذَا عِلْمًا، سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: إِذَا سَمِعْتُمْ بِهِ بِأَرْضٍ فَلاَ تَقْدَمُوا عَلَيْهِ، وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلاَ تَخْرُجُوا فِرَارًا مِنْهُ، قَالَ: فَحَمِدَ اللَّهَ عُمَرُ، ثُمَّ انْصَرَفَ. [البخاري في صحيحه]
[അങ്ങനെ ഉമർ رَضِيَ اللهُ عَنْهُ ജനങ്ങളിൽ വിളംബരം ചെയ്തു. ഞാൻ കാലത്ത് ഒരു വാഹനത്തിൽ തിരിച്ചു പോവുകയാണ്. നിങ്ങളും കാലത്ത് വാഹനത്തിൽ കേറി യാത്രപുറപ്പെടുക. അപ്പോൾ അബൂ ഉബൈദഃ ആമിർ ബിൻ അൽ ജർറാഹ് رَضِيَ اللهُ عَنْهُ ഉമർ رَضِيَ اللهُ عَنْهُ നോട് ചോദിച്ചു: അല്ലാഹുവിൻെറ വിധിയിൽനിന്നുള്ള ഒളിച്ചോട്ടമാണോ? ഉമർ رَضِيَ اللهُ عَنْهُ പറഞ്ഞു: അല്ലയോ അബൂ ഉബൈദഃ! താങ്കളല്ലാത്ത മറ്റാരെങ്കിലുമായിരുന്നു ഇത് പറഞ്ഞിരുന്നതെങ്കിൽ!! അതെ, നാം അല്ലാഹുവിൻെറ വിധിയിൽനിന്ന് അല്ലാഹുവിൻെറ വിധിയിലേക്ക് തന്നെയാണ് ഓടിപ്പോകുന്നത്. താങ്കൾക്ക് ഒരു ഒട്ടകക്കൂട്ടമുണ്ടെന്നു വെക്കുക. രണ്ടു ഭാഗങ്ങളുള്ള ഒരു താഴ്‌വരയിൽ അവ മേയാൻ ഇറങ്ങി – ഒരു ഭാഗം സമൃദ്ധവും മറു ഭാഗം ഊഷരവും. സമൃദ്ധമായ ഭാഗത്ത് നീ അവയെ മേച്ചാൽ അല്ലാഹുവിൻെറ വിധി പ്രകാരമല്ലേ നീ അവിടെ മേക്കുന്നത്? ഊഷരമായ ഭാഗത്ത് നീ അവയെ മേച്ചാൽ അതും അല്ലാഹുവിൻെറ വിധി പ്രകാരമല്ലേ? ഇത് താങ്കൾ എങ്ങനെ കാണുന്നു? അപ്പോഴാണ് അബ്ദുറഹ്‌മാൻ ബിൻ ഔഫ് رَضِيَ اللهُ عَنْهُ വന്നത്. അദ്ദേഹം തൻെറ ചില ആവശ്യങ്ങൾക്കു വേണ്ടി മാറിപ്പോയതായിരുന്നു. അദ്ദേഹം പറഞ്ഞു: ഇക്കാര്യത്തിൽ എൻെറ അടുക്കൽ ഒരു രേഖയുണ്ട്. നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: അത് (പ്ലേഗ്) ഒരു പ്രദേശത്തുണ്ടെന്ന് കേട്ടാൽ നിങ്ങൾ അങ്ങോട്ട് കടന്നു ചെല്ലരുത്. നിങ്ങളുള്ള പ്രദേശത്ത് അത് സംഭവിച്ചാൽ അതിൽനിന്ന് ഒളിച്ചോടാനായി നിങ്ങൾ പുറത്തു പോവുകയുമരുത്. അപ്പോൾ ഉമർ رَضِيَ اللهُ عَنْهُ അല്ലാഹുവിനെ സ്തുതിച്ചു. എന്നിട്ട് പിരിഞ്ഞു പോയി.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
ആരാണ് അബൂ ഉബൈദഃ رَضِيَ اللهُ عَنْهُ ? അദ്ദേഹത്തെ കുറിച്ച് നബി ﷺ വിശേഷിപ്പിച്ചത് ഇപ്രകാരമാണ്:
عَنْ أَبِي قِلاَبَةَ قَالَ حَدَّثَنِي أَنَسُ بْنُ مَالِكٍ، أَنَّ رَسُولَ اللَّهِ ﷺ قَال: إِنَّ لِكُلِّ أُمَّةٍ أَمِينًا، وَإِنَّ أَمِينَنَا أَيَّتُهَا الأُمَّةُ أَبُو عُبَيْدَةَ بْنُ الجَرَّاحِ. [البخاري في صحيحه]
[അനസ് رَضِيَ اللهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു: തീർച്ചയായും എല്ലാ സമുദായത്തിനും ഒരു കാര്യദർശിയുണ്ട്. സമുദായമേ, നമ്മുടെ കാര്യദർശി അബൂ ഉബൈദഃയാണ്. (ബുഖാരി)
അതേ പോലെ, ഒരിക്കൽ ഉമർ رَضِيَ اللهُ عَنْهُ ശാമിലെ ജാബിയയിൽ വെച്ച് ക്രൈസ്തവ മെത്രാന്മാരുടെ സാന്നിധ്യത്തിൽ ഒരു പ്രസംഗം നടത്തി. അതിൽ ആമുഖമായി ഇപ്രകാരം പറഞ്ഞു:
من يضلل الله فلا هادي له. وكان الجثاليق بين يديه، فقال: إن الله لا يضل أحداً، وعندما كررها عمر بن الخطاب رَضِيَ اللهُ عَنْهُ نفض الجثاليق ثوبه ينكر قول عمر رَضِيَ اللهُ عَنْهُ. [اللالكائي في شرح أصول اعتقاد أهل السنة]
[ആരെ അല്ലാഹു പിഴപ്പിക്കുന്നുവോ അവന് ഒരു വഴികാട്ടിയും ഇല്ല തന്നെ. അപ്പോൾ മെത്രാന്മാർ അദ്ദേഹത്തിൻെറ മുന്നിലുണ്ടായിരുന്നു. അവർ പറഞ്ഞു: അല്ലാഹു ആരെയും പിഴപ്പിക്കുന്നില്ല, തീർച്ച. ഉമർ رَضِيَ اللهُ عَنْهُ തൻെറ വചനം ആവർത്തിച്ചപ്പോൾ മെത്രാന്മാർ ഉമർ رَضِيَ اللهُ عَنْهُ ൻെറ വചനം നിരാകരിക്കുന്നു എന്നതിൻെറ സൂചകമായി അവരുടെ വസ്ത്രം കുടയാൻ തുടങ്ങി.] (ലാലകാഈ)
ഖദറിൻെറ വിഷയത്തിൽ വിലോപം കാണിക്കുന്ന പ്രവണത മുശ്‌രിക്കുകളിലും ക്രൈസ്തവരിലും ശക്തമായിരുന്നുവെന്നാണ് പരാമൃഷ്ട സംഭവങ്ങൾ വ്യക്തമാക്കുന്നത്. അത് പിന്നീട് മുസ്‌ലിംകളിലേക്ക് സംക്രമിക്കുകയും ഇസ്‌ലാമിക സമൂഹത്തിൽ ആശയപരമായി വലിയ വിപത്തുകൾക്ക് കാരണമാവുകയും ചെയ്തു.
ഖദരിയ്യത്തിൻെറ രംഗപ്രവേശം നബി ﷺ യുടെയും നാല് ഉത്തരാധികാരികളുടെയും കാലഘട്ടങ്ങളിൽ ഖദരിയ്യത്ത് ഒരു കക്ഷിയായി രൂപപ്പെടുകയോ സമൂഹത്തിൻെറ മുകൾ പരപ്പിൽ പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. ഖുലഫാക്കൾക്കു ശേഷം സ്വഹാബിമാരുടെ അവസാന കാലത്താണ് ഇവർ കക്ഷിതിരിഞ്ഞതും പരസ്യമായി രംഗത്തു വന്നതും.
عن محمد بن شعيب قَالَ: سَمِعْتُ الْأَوْزَاعِيَّ، يَقُولُ: أَوَّلُ مَنْ نَطَقَ فِي الْقَدَرِ رَجُلٌ مِنْ أَهْلِ الْعِرَاقِ يُقَالُ لَهُ: سَوْسَنٌ كَانَ نَصْرَانِيًّا فَأَسْلَمَ، ثُمَّ تَنَصَّرَ، فَأَخَذَ عَنْهُ مَعْبَدٌ الْجُهَنِيُّ، وَأَخَذَ غَيْلَانُ عَنْ مَعْبَدٍ. [اللالكائي في شرح أصول اعتقاد أهل السنة والجماعة]
[മുഹമ്മദ് ബ്‌നു ശുഐബ് നിവേദനം. ഇമാം ഔസാഈ رَحِمَهُ اللهُ പറയുന്നു: ഖദറിൻെറ വിഷയത്തിൽ ആദ്യമായി തെറ്റായ വാദം പറഞ്ഞത് ഇറാഖിൽനിന്നുള്ള സൂസൻ എന്ന വ്യക്തിയാണ്. അയാൾ ക്രൈസ്തവനായിരുന്നു. പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും വീണ്ടും ക്രൈസ്തവനായിത്തീരുകയും ചെയ്തു. അയാളിൽ നിന്നാണ് ഈ വാദം മഅ്ബദ് സ്വീകരിച്ചത്. മഅ്ബദിൽനിന്ന് പിന്നീട് ഗയ്‌ലാൻ സ്വീകരിച്ചു.] (ലാലകാഈ)
قَالَ يُونُسُ بْنُ عُبَيْدٍ: أَدْرَكْتُ الْبَصْرَةَ وَمَا بِهَا قَدَرِيٌّ إِلَّا سِيسَوَيْهِ وَمَعْبَدٌ الْجُهَنِيُّ وَآخَرُ مَلْعُونٌ فِي بَنِي عَوَانَةَ. [اللالكائي في شرح أصول اعتقاد أهل السنة والجماعة]
[യൂനുസ് ബിൻ ഉബൈദ് പറയുന്നു: ബസ്വ്‌റഃയിൽ ഞാൻ താമസിച്ചിട്ടുണ്ട്, സൂസനും മഅ്ബദുമല്ലാതെ അന്ന് അവിടെ ഒരു ഖദരിയും ഉണ്ടായിരുന്നില്ല, ബനൂ അവാനക്കാരിൽപെട്ട ഒരു അഭിശപ്തനും.] (ലാലകാഈ)
മഅ്ബദിൻെറയും ഗയ്‌ലാൻെറയും വരവോടെ ഖദരിയ്യത്ത് സമൂഹത്തിൽ പ്രചരിക്കാൻ തുടങ്ങി. അന്ന് അബ്ദുല്ലാഹ് ബിൻ ഉമർ, ഇബ്‌നു അബ്ബാസ്, ജാബിർ ബിൻ അബ്ദുല്ല رَضِيَ اللهُ عَنْهم പോലുള്ള സ്വഹാബിമാർ ജീവിച്ചിരുന്നു. അവർ ഈ ചിന്താഗതിയെ ഖണ്ഡിക്കുകയും ആ വാദം സ്വീകരിച്ചവരോടുള്ള ബന്ധം പൂർണ്ണമായി വിഛേദിക്കുകയും ചെയ്തു. ഇബ്‌നു ഉമർ رَضِيَ اللهُ عَنْهُ അവരെ അറിയിക്കാൻ പറഞ്ഞത് ഇമാം മുസ്‌ലിം رَحِمَهُ اللهُ രിവായതു ചെയ്തത് ഇപ്രകാരമാണ്:
لَوْ أَنَّ لِأَحَدِهِمْ مِثْلَ أُحُدٍ ذَهَبًا، فَأَنْفَقَهُ مَا قَبِلَ اللهُ مِنْهُ حَتَّى يُؤْمِنَ بِالْقَدَرِ.[مسلم في صحيحه]
[അവരിലൊരാൾക്ക് ഉഹ്ദ് മലയോളം സ്വർണ്ണം ഉണ്ടെന്നിരിക്കട്ടെ. അത് മുഴുവനും അയാൾ അല്ലാഹുവിൻെറ മാർഗ്ഗത്തിൽ ചെലവഴിച്ചാലും ഖദർ വിഷയത്തിൽ യാതൊരു ഭ്രംശവും കൂടാതെ ശരിയാംവണ്ണം വിശ്വസിക്കുന്നതുവരെ അവനിൽനിന്ന് അല്ലാഹു അത് സ്വീകരിക്കുകയില്ല.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ഇവരുടെ നൂതന വാദം കടുത്ത ഒരു സാമൂഹ്യ പ്രശ്നമായി വളർന്നപ്പോൾ മഅ്ബദിനെ ഉമവീ ഖലീഫഃയായ അബ്ദുൽ മലിക് ബിൻ മർവാൻ വധിച്ചുകളയാൻ ആജ്ഞാപിച്ചു. ഗയ്‌ലാനിൻെറ പ്രവർത്തനങ്ങൾ കുറേകൂടി വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു എന്നു കണ്ടപ്പോൾ ഉമവീ ഖലീഫയായ ഹിശാം ബിൻ അബ്ദിൽ മലിക് അയാളെ പിടികൂടി വധിക്കുകയും ക്രൂശിക്കുകയും ചെയ്തു.
ഖദരിയ്യഃ താബിഉകളുടെ കാലത്ത് താബിഉകളുടെ കാലത്താണ് ജഅ്ദ് ബിൻ ദിർഹം രംഗത്തു വരുന്നത്. അയാൾ മഅ്ബദിൽനിന്നും ഗയ്‌ലാനിൽ നിന്നും ഖദരിയ്യഃ വാദം ഏറ്റെടുക്കുകയും അല്ലാഹു എല്ലാ കാര്യങ്ങളും മുൻനിർണ്ണയം ചെയ്തിരിക്കുന്നു എന്ന വിധിവിശ്വാസത്തെ നിഷേധിക്കുകയും ചെയ്തു. ഖദരിയ്യത്തിനു പുറമെ അതീവ ഗുരുതരമായ മറ്റൊരു നൂതന വാദമായ تعطيل കൂടി ജഅ്ദ് കണ്ടെടുത്ത് സമൂഹത്തിൽ പ്രചരിപ്പിക്കാൻ തുടങ്ങി.
അല്ലാഹുവിൻെറ ഗുണവിശേഷങ്ങൾ അസാധുവാക്കൽ (تعطيل) അല്ലാഹുവിൻെറ ഗുണവിശേഷങ്ങളെ നേർക്കുനേരെ നിഷേധിക്കുകയോ, വ്യാഖ്യാനത്തിലൂടെയോ മറ്റു വിധേനയോ അവയെ അസാധുവാക്കുകയോ, അല്ലാഹുവിനെ നിർഗുണനായി അവതരിപ്പിക്കുകയോ ചെയ്യുന്നതിനാണ് തഅ്ത്വീൽ (تعطيل) എന്ന് പറയുന്നത്. ഈ വാദഗതി അവസാനം ചെന്നെത്തുന്നത് ശൂന്യതയിലാണ്. പ്രപഞ്ചത്തിൻെറ ഏകനായ സ്രഷ്ടാവ് ആരാണ്? ഈ ചോദ്യത്തിന് ഉത്തരമില്ല. കാരണം അവനെ കുറിച്ച് വർണ്ണിക്കാൻ അവനു ഗുണങ്ങളോ വിശേഷണങ്ങളോ ഒന്നുമില്ല. ശൂന്യത മാത്രം. മുഴു സൃഷ്ടികളും ന്യായമായും ആരാധിക്കേണ്ട ഏക ഇലാഹ് ആരാണ്? ഇതിനു ഉത്തരമില്ല. കാരണം ഏകനായ അല്ലാഹുവിന് ഗുണങ്ങളും വിശേഷണങ്ങളുമില്ല. നിർഗുണനായ ഒരുവനെ കുറിച്ച് ഒരു ധാരണയും നൽകാത്ത വികല സങ്കൽപം അഥവാ ഭയാനകമായ ഒരു പരമ ശൂന്യത. അടിയാൻ തൻെറ സ്രഷ്ടാവിനെയും ആരാധ്യനെയും അറിയാനും മനസ്സിലാക്കാനും കഴിയാതെ കേവല ശൂന്യതയുടെ മുന്നിൽ നിസ്സഹായനായി, നിരാലംബനായി അന്തിച്ചുനിൽക്കേണ്ടി വരുന്ന അവസ്ഥ! ഇത് എന്തു മാത്രം പരിതാപകരമല്ല!
ഖദരിയ്യഃ വാദം മുഖ്യമായും അല്ലാഹുവിൻെറ പ്രവർത്തനങ്ങളെ കുറിച്ചാണ് ചർച്ച ചെയ്തിരുന്നത്. അല്ലാഹു നല്ലതും നീതിയും മാത്രമേ പ്രവർത്തിക്കുകയുള്ളു. തിന്മകളും അനീതിയും അല്ലാഹുവിൻേറതല്ല. അത് അല്ലാഹു മുൻകൂട്ടി നിർണ്ണയിച്ചതോ സൃഷ്ടിച്ചതോ അല്ല. അവ മനുഷ്യരുടേയോ മറ്റോ നിർമ്മിതിയാണ്. ഇങ്ങനെ അല്ലാഹുവിൻെറ ചെയ്തികളെ കുറിച്ചാണ് ഖദരിയ്യത്തിൽ ചർച്ച ചെയ്തിരുന്നത്. എന്നാൽ ജഅ്ദ് ബിൻ ദിർഹം പുതുതായി കൊണ്ടുവന്ന തഅ്ത്വീൽ വാദം അല്ലാഹുവിൻെറ സത്തയെയും ഗുണങ്ങളെയും സംബന്ധിച്ചു തന്നെയാണ് ചർച്ച ചെയ്തത്.
ഖദരിയ്യഃ വാദം മുശ്‌രിക്കുകളിൽനിന്നും ക്രൈസ്തവരിൽനിന്നുമാണ് മുസ്‌ലിംകളിലേക്ക് സംക്രമിച്ചതെങ്കിൽ തഅ്ത്വീൽ വാദം (تعطيل) ജൂതരിൽനിന്നാണ് പകർന്നത്. നബി ﷺ ക്ക് സിഹ്ർ ചെയ്ത ലബീദ് ബിൻ അഅ്സം എന്ന ജൂതനാണ് ഇത് പഠിപ്പിച്ചിരുന്നത്. അയാൾ തൻെറ സഹോദരീ പുത്രനായ ത്വാലൂതിന് ഈ മാരക വിഷം പകർന്നു നൽകി. ത്വാലൂത്തിൽനിന്നും അബാൻ ബിൻ സംആൻ എന്നയാൾ അത് പഠിക്കുകയും അബാൻ ജഅ്ദിന് അത് പകർന്നു കൊടുക്കുകയും ചെയ്തു. ജഅ്ദ് ഖദരിയ്യത്തിനോടൊപ്പം തഅ്ത്വീൽ വാദവും തൻെറ മുഴു സാമർത്ഥ്യവും സ്വാധീനവും ഉപയോഗിച്ച് മുസ്‌ലിംകൾക്കിടയിൽ പ്രചരിപ്പിച്ചു. ഇതിൻെറ പ്രചാരണത്തിന് അയാൾക്ക് ചില സൗകര്യങ്ങൾ ലഭിക്കുകയുണ്ടായി. അതിനെ കുറിച്ച് ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നത് കാണുക.
وَهَذَا الْجَعْدُ قَدْ ذَكَرُوا أَنَّهُ كَانَ مِنْ أَهْلِ حَرَّانَ وَهُوَ مُعَلِّمُ مَرْوَانَ بْنِ مُحَمَّدٍ، وَلِهَذَا يُقَالُ لَهُ الْجَعْدِيُّ [ابن تيمية في فتاوى الكبرى]
[ഈ ജഅ്ദ് അവർ – ചരിത്രകാരന്മാർ – പറയുന്നതനുസരിച്ച് ഹർറാൻകാരിൽപെട്ടവനാണ്. അയാൾ ഉമവികളിലെ അവസാന ഭരണാധികാരിയായ മർവാൻ ബിൻ മുഹമ്മദിൻെറ അധ്യാപകനായിരുന്നു. അതിനാലാണ് മർവാനെ ജഅ്ദി എന്നു പറയാറുണ്ടായിരുന്നത്.] (ഇബ്‌നു തൈമിയ്യഃ ഫതാവാ അൽ കുബ്റയിൽ രേഖപ്പെടുത്തിയത്)
ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ തന്നെ തുടരുന്നു:
أَنّ دَوْلَةَ بَنِي أُمَيَّةَ كَانَ انْقِرَاضُهَا بِسَبَبِ هَذَا الْجَعْدِ الْمُعَطِّلِ وَغَيْرِهِ مِنْ الْأَسْبَابِ الَّتِي أَوْجَبَتْ إدْبَارَهَا، وَفِي آخِرِ دَوْلَتِهِمْ ظَهَرَ الْجَهْمُ بْنُ صَفْوَانَ بِخُرَاسَانَ. [ابن تيمية في مجموع فتاويه]
[ഉമവീ രാജവംശം നാമാവശേഷമായത് അല്ലാഹുവിൻെറ ഗുണവിശേഷങ്ങൾ നിഷേധിച്ചിരുന്ന ഈ ജഅ്ദ് കാരണത്താലാണ്. കൂടാതെ അവരുടെ അന്ത്യം അനിവാര്യമാക്കിത്തീർത്ത മറ്റു ചില കാരണങ്ങൾ വേറെയുമുണ്ട്. അവരുടെ ഭരണത്തിൻെറ അവസാന ഘട്ടത്തിലാണ് ഖുറാസാനിൽ ജഹ്‌മ് ബിൻ സ്വഫ്‌വാൻ പ്രത്യക്ഷപ്പെട്ടത്.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)
ഇതു സംബന്ധിച്ചുള്ള ഇബ്‌നുൽ ഖയ്യിം رَحِمَهُ اللهُ യുടെ വിവരണം കൂടി കാണുക.
وأولهم شيخهم الجعد بن درهم، وإنما نفق عند الناس بعض الشيء، لأنه كان معلم مروان بن محمد وشيخه، ولهذا كان يسمى مروان الجعدي، وعلى رأسه سلب الله بني أمية الملك والخلافة، وشتتهم في البلاد، ومزقهم كل ممزق، ببركة شيخ المعطلة النفاة، فلما اشتهر أمره في المسلمين طلبه خالد بن عبد الله القسري، وكان أميرا على العراق حتى ظفر به، فخطب الناس في يوم الأضحى، وكان آخر ما قال في خطبته: أيها الناس ضحوا، تقبل الله ضحاياكم، فإني مضح بالجعد بن درهم، فإنه زعم أن الله لم يكلم موسى تكليما، ولم يتخذ إبراهيم خليلا، تعالى الله عما يقول الجعد علوا كبيرا، ثم نزل، فذبحه في أصل المنبر. [ابن القيم في الصواعق المرسلة]
[അവരിൽ പ്രഥമൻ അവരുടെ ഗുരുവായ ജഅ്ദ് ബിൻ ദിർഹമാണ്. ചിലതൊക്കെ അവന് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനായി. കാരണം അവൻ ഉമവീ രാജവംശത്തിലെ അവസാന രാജാവായ മർവാൻെറ അധ്യാപകനും ഗുരുവുമായിരുന്നു. അതുകൊണ്ടാണ് മർവാനെ ജഅ്ദി എന്ന് വിളിക്കാറുമുണ്ടായിരുന്നത്. അവൻ കാരണത്താൽ അല്ലാഹു ബനൂ ഉമയ്യഃക്കാരിൽനിന്നും അധികാരവും ഖിലാഫത്തും എടുത്തുകളഞ്ഞു. അവരെ നാടുകളിൽ ചിതറിച്ച്, തീർത്തും ഛിന്നഭിന്നമാക്കി. അല്ലാഹുവിൻെറ ഗുണവിശേഷങ്ങൾ നിഷേധിക്കുകയും അസാധുവാക്കുകയും ചെയ്യുന്ന മുഅത്ത്വിലത്തിൻെറ ഉപ്പാപ്പ ജഅ്ദിൻെറ ബർകതു കൊണ്ടാണ് അതെല്ലാം സംഭവിച്ചത്. പിന്നീട് അവൻെറ ഖ്യാതി മുസ്‌ലിംകൾക്കിടയിൽ പരന്നപ്പോൾ ഇറാഖിലെ ഗവർണ്ണറായിരുന്ന ഖാലിദ് ബിൻ അബ്ദില്ല അൽ ഖിസ്‌രി അവനെ തേടിപ്പിടിച്ചു. അദ്ദേഹം ബലിപെരുന്നാൾ സുദിനത്തിൽ ജനങ്ങളോട് ഖുത്ബഃ നടത്തി. തൻെറ ഖുത്ബഃ ഉപസംഹരിച്ചത് ഇങ്ങനെ പറഞ്ഞു കൊണ്ടാണ്: മാന്യ മഹാജനങ്ങളെ, ഇനി നിങ്ങൾ പോയി ബലി നിർവ്വഹിക്കുക. അല്ലാഹു നിങ്ങളുടെ ബലി സ്വീകരിക്കുമാറാകട്ടെ. ഞാൻ ബലിയറുക്കുന്നത് ജഅ്ദിനെയാണ്. കാരണം അവൻ വാദിക്കുന്നത്, അല്ലാഹു മൂസാ നബിയോട് സംസാരിച്ചിട്ടില്ല, ഇബ്റാഹീം നബിയെ ഖലീലായി സ്വീകരിച്ചിട്ടില്ല എന്നൊക്കെയാണ്. ജഅ്ദ് ജൽപിക്കുന്ന കാര്യങ്ങളിൽനിന്നും അല്ലാഹു എത്രയോ ഉന്നതനാണ്. അനന്തരം അദ്ദേഹം താഴെയിറങ്ങി. മിമ്പറിൻെറ മൂലത്തിൽ വെച്ച് അവനെ ബലിയറുത്തു. (ഇബ്‌നുൽ ഖയ്യിം, സ്വവാഇഖുൽ മുർസലയിൽ രേഖപ്പെടുത്തിയത്)
ഖദരിയ്യത്ത് സൂസനിൽനിന്ന് മഅ്ബദിലേക്കും അവനിൽനിന്ന് ഗയ്‌ലാനിലേക്കും അവനിൽനിന്ന് ജഅ്ദിലേക്കും സംക്രമിച്ചു. ജഅ്ദ് അതിലേക്ക് തഅ്ത്വീൽ വാദം കൂടി സംയോജിപ്പിച്ച് ജഹ്‌മിനു കൈമാറി. ഇതുവരെയുള്ള എല്ലാ ബിദ്അത്തുകളുടെയും കലവറയായി രംഗപ്രവേശം ചെയ്ത ആ മഹാവിപത്ത് പിന്നീട് ബിദ്അത്തുകളുടെ പേമാരിയായി ഇസ്‌ലാമിക സമൂഹത്തിനുമേൽ പെയ്തിറങ്ങി.
ജഹ്‌മും ജഹ്‌മിയ്യത്തും ജഹ്‌മിയ്യഃ എന്നതു കൊണ്ട് വിവക്ഷിക്കുന്നത് ജഹ്‌മ് ബിൻ സ്വഫ്‌വാൻ ഉന്നയിച്ച നൂതന വാദങ്ങളുടെ ആകത്തുകയാണ്. ഇറാഖിലെ കൂഫാ പട്ടണത്തിലാണ് ജഹ്‌മ് വളർന്നതെങ്കിലും ഉസ്ബെക്കിസ്ഥാനിലെ തിർമുദിലാണ് അയാളുടെ വേരുകൾ. കൂഫയിലുണ്ടായിരുന്ന കാലത്ത് അവൻ ജഅ്ദിൻെറ ശിഷ്യത്വം സ്വീകരിച്ചു. അയാളുടെ പക്കലുണ്ടായിരുന്ന മുഴുവൻ ബിദ്അത്തുകളും പഠിച്ചു. ഖാലിദ് ബിൻ അബ്ദില്ലാ അൽ ഖിസ്‌രി ജഅ്ദിനെ കൊലപ്പെടുത്തിയപ്പോൾ ബിദ്അത്തുകളുടെ നേതൃത്വം ജഹ്‌മ് ഏറ്റെടുത്തു. നിലവിലുള്ള ബിദ്അത്തുകളിലേക്ക് സ്വന്തമായി കുറേയധികം ബിദ്അത്തുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ജഹ്‌മിൻെറ വാദമുഖങ്ങൾ ഇപ്രകാരം സംഗ്രഹിക്കാം.
1- ഖദരിയ്യഃ: ജഹ്‌മ് ബിൻ സ്വഫ്‌വാൻ ഖദരീ വാദക്കാരനാണ്. വഹ്‌യിലൂടെ അല്ലാഹു അനുശാസിച്ചതും മുഹമ്മദ് നബി ﷺ അനുചരന്മാരെ പഠിപ്പിച്ചതുമായ യഥാർത്ഥ വിധിവിശ്വാസം അയാൾ സ്വീകരിച്ചില്ല. തൻെറ അഭീഷ്ടങ്ങൾക്കനുസരിച്ച് വിധിവിശ്വാസത്തെ വ്യാഖ്യാനിച്ചു. എന്നാൽ മറ്റു ഖദരികളെ പോലെ വിധിവിശ്വാസത്തെ അയാൾ നിഷേധിക്കുകയല്ല ചെയ്തത്. മറിച്ച് ഖദരിയ്യത്തിന്പുതിയ ഒരു കാണ്ഡം രചിക്കുകയാണ് ചെയ്തത്. അതാണ് ജബ്‌രിയ്യഃ എന്ന പേരിൽ അറിയപ്പെടുന്ന ബിദ്അത്ത്.
2- ജബ്‌രിയ്യ: എല്ലാ കാര്യങ്ങളും അല്ലാഹു മുൻനിർണ്ണയം നടത്തി അത് സൃഷ്ടികളിൽ അടിച്ചേൽപിച്ചിരിക്കുകയാണ് എന്നതാണ് ജബ്‌രിയ്യത്തിൻെറ വാദം. അല്ലാഹു മനുഷ്യന് യാതൊരു വിധ കഴിവും സ്വാതന്ത്ര്യവും നൽകിയിട്ടില്ല. മനുഷ്യൻെറ പ്രവർത്തനങ്ങളെല്ലാം അവൻെറമേൽ അടിച്ചേൽപിക്കപ്പെട്ടതാണ്. നീളം, നിറം, ബുദ്ധി പോലുള്ള കാര്യങ്ങൾ എപ്രകാരം അവൻെറമേൽ ചാർത്തപ്പെട്ടുവോ അതേപോലെ ചാർത്തപ്പെട്ടതാണ് അവൻെറ പ്രവർത്തനങ്ങളും. മനുഷ്യന് അല്ലാഹു ഇഛാശക്തി നൽകിയിട്ടില്ലെന്നും ഒരു വൃക്ഷം ചലിക്കുന്നതു പോലെ മാത്രമേ അവൻെറ പ്രവർത്തനങ്ങളെ കാണാൻ കഴിയൂ എന്നും അവർ വാദിച്ചു. അപകടകരമായ ഈ ജബ്‌രീ വാദത്തിൻെറ ഉപജ്ഞാതാവും പ്രയോക്താവുമാണ് ജഹ്‌മ്.
3- തഅ്ത്വീൽ: നബി ﷺ ക്ക് സിഹ്ർ ചെയ്ത ജൂതൻ ലബീദ് തൻെറ സഹോദരീ പുത്രനായ ത്വാലൂതിനും അയാൾ അബാനു ബിൻ സംആനും അയാൾ ജഅ്ദിനും കൈമാറിയ തഅ്ത്വീൽ വാദം ജഹ്‌മ് ഒന്നുകൂടി കടുപ്പിച്ചു. അല്ലാഹുവിൻെറ ഗുണവിശേഷങ്ങളെ മാത്രമായിരുന്നു അവരൊക്കെ നിഷേധിച്ചുരുന്നതെങ്കിൽ ജഹ്‌മ് അല്ലാഹുവിൻെറ നാമങ്ങളെ കൂടി നിഷേധിച്ചു. ഇതുവരെ അല്ലാഹുവിനെ കുറിച്ച് വിവരിക്കാൻ ഗുണങ്ങളോ വിശേഷണങ്ങളോ ഇല്ലാതിരുന്ന തഅ്ത്വീൽ വാദികൾക്ക് ജഹ്‌മിൻെറ വരവോടു കൂടി അവനെ വിളിക്കാൻ പേരുകളുമില്ലാതായി. അല്ലാഹുവിനോട് ചോദിച്ചിട്ട് കാര്യമില്ലെന്നും അവൻ സഹായിക്കില്ലെന്നും തന്നെയാണ് ജഹ്‌മികൾ വിശ്വസിക്കുന്നത്. ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നു:
أن هؤلاء الجهمية ومن دخل فيهم من الملاحدة والفلاسفة والصابئين وغيرهم لايعتقدون حقيقة الدعاء لله ولايؤمنون أن الله على كل شيء قدير. [ابن تيمية في بيان تلبيس الجهمية في تأسيس بدعهم الكلامية]
[നിശ്ചയമായും ഈ ജഹ്‌മികളും അവരുടെ കൂടെ ചേർന്ന നിരീശ്വരവാദികൾ, തത്വശാസ്ത്രജ്ഞന്മാർ, സാബിയൻസ് പോലുള്ളവരും അല്ലാഹുവിനോടുള്ള പ്രാർത്ഥനയുടെ യാഥാർത്ഥ്യത്തിൽ വിശ്വസിക്കുന്നില്ല. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണെന്നും അവർ വിശ്വസിക്കുന്നില്ല.] (ഇബ്‌നു തൈമിയ്യഃ, ബയാനു തൽബീസിൽ ജഹ്മിയ്യഃയിൽ രേഖപ്പെടുത്തിയത്)
അപ്പോൾ ഖുർആനിലോ സുന്നത്തിലോ പരാമർശിച്ചിട്ടുള്ള അല്ലാഹുവിൻെറ നാമഗുണ വിശേഷങ്ങളെ എന്തു ചെയ്യും? അവയെല്ലാം ആലങ്കാരിക പ്രയോഗങ്ങളാണെന്നു പറഞ്ഞു വ്യാഖ്യാനിക്കും. അതാണ് അവരുടെ രീതി.
4- ഇർജാഅ്: ഈമാനിൻെറ പൊരുളിൽ ഭ്രംശം വരുത്തുക എന്നതാണ് ഇർജാഅ് കൊണ്ട് ഉദ്ദശിക്കുന്നത്. ജഹ്‌മ് ഈമാനിൻെറ പൊരുളിൽനിന്ന് അതിൻെറ അവിഭാജ്യ ഘടകങ്ങളെ ഒഴിവാക്കി. ഹൃദയം കൊണ്ട് അല്ലാഹുവിനെ അറിയുക എന്നതാണ് ഈമാനിന് അയാൾ നൽകിയ നിർവ്വചനം. നാവുകൊണ്ടുള്ള പ്രഖ്യാപനവും ശരീരാവയവങ്ങൾ കൊണ്ടുള്ള പ്രവർത്തനങ്ങളും ഈമാനിൻെറ നിർവ്വചന പരിധിയിൽനിന്ന് അയാൾ എടുത്തുമാറ്റി. ഹൃദയം കൊണ്ട് അല്ലാഹുവിനെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ എന്ത് തെറ്റു ചെയ്താലും അത് ദോഷം ചെയ്യില്ല. ഇതാണ് ജഹ്‌മിൻെറ വാദം. അതനുസരിച്ച് ഇബ്‌ലീസും ഫിർഔനും മുനാഫിഖുകളുമെല്ലാം വിശ്വാസികളാണ്. അല്ലാഹുവിനെയും റസൂലിനെയും ദീനിനെയും ചീത്തവിളിക്കുന്നവനും നബിമാരെ കൊല്ലുന്നവനും അതു പോലുള്ള ഏത് തിന്മ ചെയ്യുന്നവനും വിശ്വാസിയാണ്. അല്ലാഹുവിനെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒന്നും ദോഷം ചെയ്യില്ല. ജഹ്‌മ് ഉൾക്കൊണ്ടതും പ്രചരിപ്പിച്ചതും ഗാഢമായ ഈ കേവല ഇർജാഅ് വാദമാണ്.
5- തത്വശാസ്ത്രം, വചനശാസ്ത്രം (علم الكلام) പോലുള്ള ബൗദ്ധിക ശാസ്ത്രങ്ങളെ ഇസ്‌ലാമിലേക്ക് കടത്തിക്കൂട്ടിയത് ജഹ്‌മാണ്. അറിവിൻെറയും ദീനിൻെറയും സ്രോതസ്സായി വഹ്‌യിൻെറ സ്ഥാനത്ത് ബുദ്ധിയെയും ബൗദ്ധിക ശാസ്ത്രങ്ങളെയും പ്രതിഷ്ഠിച്ചു. പ്രമാണങ്ങളെ അതിനനുസരിച്ച് വളച്ചൊടിച്ചു. തെളിവ് പിടിക്കുന്ന രീതി തന്നെ മാറ്റിമറിച്ചു. കാര്യങ്ങളിൽ തീർപ്പു കൽപിക്കുന്നതിനു വേണ്ടി ലക്ഷ്യങ്ങളെയും രേഖകളെയും അവലംബിക്കുന്നതിനു പകരം ബുദ്ധിപരമായ നിഗമനങ്ങളെയും യുക്തിയെയും അടിസ്ഥാനമാക്കി. മതപരമായ വിഷയങ്ങളിൽ യവന തത്വശാസ്ത്രങ്ങൾക്കും ഭാരതീയ ദർശനങ്ങൾക്കുമെല്ലാം വലിയ സ്വാധീനം നൽകി. അതു മുഖേന ഇസ്‌ലാമിക തത്വശാസ്ത്രമെന്ന പുതിയ ഒരു ബിദ്അത്തിനു കൂടി അയാൾ ബീജാവാപം നൽകി.
6- ആത്മീയലോകത്ത് നടന്നുകൊണ്ടിരിക്കുന്ന പലകാര്യങ്ങളെ കുറിച്ചും ഖുർആനിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അന്ത്യനാളിലെ സംഭവ വികാസങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ വേറെയും. അത്തരം കാര്യങ്ങൾ അവരുടെ ബുദ്ധിക്ക് വഴങ്ങുകയോ അവക്ക് തൃപ്തികരമായ വിശദീകരണം നൽകാൻ കഴിയുകയോ ഇല്ല. അപ്പോൾ അവയെല്ലാം ആലങ്കാരിക പ്രയോഗങ്ങളാണെന്ന് പറയുകയാണ് അവരുടെ രീതി. പ്രമാണവാക്യങ്ങളെ അല്ലാഹുവിൻെറയും റസൂലിൻെറയും ഉദ്ദേശ്യ ലക്ഷ്യങ്ങളിൽനിന്ന് തെറ്റിച്ച് ദുർവ്യാഖ്യാനിക്കാൻ പലരും ഉപയോഗിക്കാറുള്ള സങ്കേതമാണ് ആലങ്കാരിക പ്രയോഗം.
7- അല്ലാഹു അവതരിപ്പിച്ച അവൻെറ വചനമാണ് ഖുർആൻ. അത് സൃഷ്ടിയല്ല. അല്ലാഹുവിൻെറ വചനങ്ങളെ നിഷേധിക്കുന്ന, അവന് വചനം എന്ന ഒരു വിശേഷണം തന്നെ ഇല്ലെന്നു ശഠിക്കുന്ന ജഹ്‌മിനും അനുയായികൾക്കും ഖുർആൻ അല്ലാഹുവിൻെറ സൃഷ്ടിയാണെന്നു പറയാനേ നിർവ്വാഹമുള്ളു. അതു തന്നെയാണ് ഖുർആനിനെ കുറിച്ചുള്ള അവരുടെ വിശ്വാസവും.
8- ആരാണ് റബ്ബ്? ഏതെല്ലാമാണ് അവൻെറ പേരുകൾ? എന്തെല്ലാമാണ് അവൻെറ വിശേഷണങ്ങൾ? അവൻ എവിടെയാണ്? ഇത്യാദി കാര്യങ്ങളെ കുറിച്ചുള്ള അറിവാണ് ഒരു വിശ്വാസിയുടെ പരമാനന്ദം. തൻെറ റബ്ബ് എവിടെയാണ് എന്നറിയൽ ഭൂലോകത്ത് ജീവിക്കുന്ന ഒരു അടിയാൻെറ ഏറ്റവും വലിയ ദാഹങ്ങളിലൊന്നാണ്. മുഹമ്മദ് നബി ﷺ അക്കാര്യം അസന്ദിഗ്‌ധമായി തന്നെ തൻെറ അനുചരന്മാരെ പഠിപ്പിച്ചിട്ടുണ്ട്. ഒരാൾ വിശ്വാസിയാണോ എന്ന് പരിശോധിക്കാൻ അവിടുന്ന് ഉന്നയിക്കാറുള്ള ചോദ്യങ്ങളിലൊന്നായിരുന്നു അല്ലാഹു എവിടെയാണ് എന്നത്. അല്ലാഹു ഉപരിയിലാണ് എന്നല്ലാതെ മറ്റൊരു ഉത്തരം അതിനില്ല. ഇക്കാര്യത്തെ കുറിച്ച് ആയിരത്തിലധികം പ്രമാണരേഖകളിൽ പരാമർശമുണ്ടെന്ന് പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നു. പക്ഷെ ഭാരതീയ പേർഷ്യൻ ചിന്തകളിൽ കാണപ്പെടുന്ന അദ്വൈത ചിന്തക്കു സമാനമായ ആശയമാണ് ജഹ്‌മും അനുയായികളും വെച്ചുപുലർത്തിയിരുന്നത്. അവരുടെ ദൈവം സർവ്വവ്യാപിയാണ്. എല്ലാറ്റിലും ലയിച്ചു കിടക്കുന്ന എന്തോ ഒന്നാണ്.
9- ജഹ്‌മും അനുയായികളും അക്രമോത്സുകരായിരുന്നു. ആശയപരമായി വിയോജിക്കുന്നവർ കാഫിറുകളാണെന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ടുമായില്ല, അവർ പ്രതിയോഗികളെ ഭ്രഷ്ട്കൽപിക്കുകയും അവരെ കൊല്ലാമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു.
മുഅ്തസിലഃ ജൂതന്മാർ അല്ലാഹുവിൻെറ ഗുണവിശേഷങ്ങളെ നിഷേധിക്കുകയും അവനെ നിർഗുണനായി അവതരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. അതിൻെറ ഭാഗമായി, തൗറാത്ത് അല്ലാഹുവിൻെറ സൃഷ്ടിയാണെന്ന വാദം അവർ മുന്നോട്ടുവെച്ചു. മുഹമ്മദ് നബി ﷺ ക്ക് സിഹ്ർ ചെയ്ത ലബീദ് ബിൻ അഅ്സ്വം എന്ന ജൂതൻ ഈ വിശ്വാസക്കാരാനായിരുന്നു. അയാൾ തൻെറ സഹോദരീ പുത്രനായ ത്വാലൂതിന് അത് പഠിപ്പിച്ചു കൊടുത്തു. അവൻ മുസ്‌ലിംകളുമായി വലിയ തോതിൽ സമ്പർക്കം പുലർത്തിയിരുന്നു. അല്ലാഹുവിൻെറ ഗുണവിശേഷണങ്ങളെ അസാധുവാക്കുക എന്ന തഅ്ത്വീൽ ജഅ്ദിന്നു കൈമാറിയത് ഈ ത്വാലൂത്താണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.
താബിഉകളുടെ അവസാന കാലത്ത് മുസ്‌ലിം ചിന്താമണ്ഡലത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച മുഅ്തസിലികളുടെ സ്ഥാപകരായ വാസ്വിൽ ബിൻ അത്വാഅ്, അംറ് ബിൻ ഉബൈദ് പോലുള്ളവർക്ക് ഈ ബിദ്അത്ത് പഠിപ്പിച്ചുകൊടുത്തതും ത്വാലൂത്തു തന്നെയാണ്.
വാസ്വിൽ ബിൻ അത്വാഅ് ആണ് ഇഅ്തിസാലിനു തുടക്കം കുറിച്ചത്. ബസ്വ്‌റഃയിലെ മസിജിദിൽ വെച്ച് പ്രഗത്ഭ താബിഈ വര്യനായ ഹസനുൽ ബസ്വ്‌രി رَحِمَهُ اللهُ യുമായി വൻപാപം ചെയ്തവൻെറ സ്ഥിതിയെ കുറിച്ച് അയാൾ കലഹിച്ചു. വൻപാപം ചെയ്തവനെ കുറിച്ച് നിരുപാധികം മുസ്‌ലിമാണെന്നോ കാഫിറാണെന്നോ പറയാൻ പറ്റില്ലെന്ന് അയാൾ ശഠിച്ചു. വൻപാപം ചെയ്തവൻ രണ്ടിനും മധ്യെയാണ്; മുഅ്മിനുമല്ല കാഫിറുമല്ല; ഇത്രയും പറഞ്ഞ് മസ്‌ജിദിലെ മറ്റൊരു തൂണിലേക്ക് അയാൾ മാറിയിരുന്നു. അപ്പോൾ ഹസനുൽ ബസ്വ്‌രി رَحِمَهُ اللهُ പറഞ്ഞു: വാസ്വിൽ നമ്മെ വെടിഞ്ഞ് മാറിനിന്നിരിക്കുന്നു. അങ്ങനെയാണ് വാസ്വിലിനും അനുയായികൾക്കും മുഅ്തസിലികൾ അഥവാ സുന്നത്തിൻെറ മാർഗ്ഗം വെടിഞ്ഞവർ എന്ന പേരു വന്നത്.
മുഅ്തസിലീ വിഭാഗത്തിൻെറ ആദ്യകാല നേതാക്കന്മാർ ബൗദ്ധികമായും ചിന്താപരമായും മികവ് പുലർത്തുന്നവരായിരുന്നു. ത്യാഗം കൊണ്ടും ജീവിത ലാളിത്യം കൊണ്ടും അവർ ഏറെ ശ്രദ്ധേയരുമായിരുന്നു. ഇത്തരം ഗുണങ്ങൾ നിർദ്ദോഷികളായ പാമരജനങ്ങളെ തെല്ലൊന്നുമല്ല വഴിപിഴപ്പിച്ചത്.
മുഅ്തസിലികളുടെ പഞ്ചതത്ത്വങ്ങൾ തൗഹീദ് (التوحيد): മുഅ്തസിലികൾ വിശ്വസിക്കുന്ന പോലെ നിർഗുണനായ ഒരു ദൈവത്തെ കുറിച്ചുള്ള സങ്കൽപമാണ് തൗഹീദ് കൊണ്ട് ഉദ്ദേശിക്കുന്നത്
നീതി (العدل): നീതിയും നന്മയും മാത്രമേ അല്ലാഹു ചെയ്യുകയുള്ളു. ഇതു കൊണ്ട് മുഅ്തസിലികൾ ഉദ്ദേശിക്കുന്നത്, തിന്മ അല്ലാഹുവിൻെറ സൃഷ്ടിയല്ലെന്നും തിന്മയെ സൃഷ്ടിക്കുന്നത് മറ്റാരോ ആണെന്നുമുള്ള വാദമാണ്.
വാഗ്‌ദാനവും താക്കീതും (الوعد والوعيد): അല്ലാഹു അവൻ നിയോഗിച്ച ദൂതന്മാരിലൂടെ തൻെറ സൃഷ്ടികൾക്ക് നിരവധി വാഗ്‌ദാനങ്ങളും താക്കീതുകളും നൽകിയിട്ടുണ്ട്. വാഗ്‌ദാനങ്ങൾ മുഴുവനും അവൻ പൂർത്തീകരിക്കും. എന്നാൽ ശിക്ഷകളിലും താക്കീതുകളിലും അവൻ വിട്ടുവീഴ്‌ച കാണിക്കും. അല്ലാഹു പറയുന്നത്, “അവൻ പലതും മാപ്പാക്കുന്നു” എന്നാണ്. [(وَيَعْفُو عَنْ كَثِيرٍ… (الشورى: 30] കാരണം അവൻ അത്രയും കാരുണ്യമുള്ളവനാണ്. എന്നാൽ മുഅ്തസിലികൾ അല്ലാഹുവിൻെറ കാരുണ്യത്തെയും വാഗ്‌ദാനത്തെയും അധഃകരിക്കുകയും, താക്കീതുകളെയും ശിക്ഷകളെയും പർവ്വതീകരിക്കുകയും ചെയ്യുന്നവരാണ് (وَعِيدِيُّونَ). പാപം ചെയ്തവനു വിട്ടുവീഴ്ച ലഭിക്കില്ല, അവൻ നരകത്തിൽ ശാശ്വതനായി കഴിയേണ്ടിവരും എന്ന വാദമാണ് ഇതിലൂടെ അവർ സമർത്ഥിക്കാൻ ശ്രമിക്കുന്നത്.
കുഫ്റിനും വിശ്വാസത്തിനും മധ്യെ (منزلة بين المنزلتين): വൻപാപം ചെയ്തവൻ ഈ ലോകത്ത് മുസ്‌ലിമുമല്ല, കാഫിറുമല്ല. പരലോകത്ത് അവൻ നരകത്തിൽ ശാശ്വതമായി വസിക്കേണ്ടിവരും എന്ന വാദം.
നന്മ കൽപിക്കലും തിന്മ വിലക്കലും (الأمر بالمعروف والنهي عن المنكر): സമാധാനത്തോടും ഗുണകാംക്ഷയോടും കൂടിയുള്ള നന്മകൽപിക്കലും തിന്മ വിലക്കലുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. വിപ്ലവമുണ്ടാക്കാനും കലാപം സൃഷ്ടിക്കാനുമുള്ള ഒരു മറയായിട്ടാണ് ഈ തത്ത്വത്തെ അവർ ഉപയോഗപ്പെടുത്തുന്നത്.
പിന്നീട് മുഅ്തസിലീ ചിന്താഗതി ഏറ്റെടുത്തത്, ഖദരിയ്യത്തിനും തഅ്ത്വീലിനും നേതൃത്വം നൽകിയിരുന്ന ജഹ്‌മ് ബിൻ സ്വഫ്‌വാനാണ്. പൗരസ്ത്യ ദേശത്തെ അറിയപ്പെട്ട മുസ്‌ലിം പട്ടണമായിരുന്ന തിർമുദിലാണ് ജഹ്‌മ് ജീവിക്കുകയും തൻെറ വിഷം പരത്തുകയും ചെയ്തത്. ഖദരിയ്യഃ, തഅ്ത്വീൽ, ഇഅ്തിസാൽ എന്നീ മാരകവിഷങ്ങൾ ഏകോപിപ്പിക്കുകയും, അതിലേക്ക് വേറെയും കുറേ ബിദ്അത്തുകൾ അയാൾ സ്വന്തമായി കൂട്ടിച്ചേർക്കുകയും ചെയ്തു. തുടർന്നുള്ള കാലഘട്ടങ്ങളിൽ ഇത്തരം ബിദ്അത്തുകളുടെ സംയുക്ത വേദിയായി ജഹ്‌മിയ്യത്ത് അറിയപ്പെട്ടു. അഹ്‌ലുസ്സുന്നഃ തനിമായർന്ന തസ്‌ഫിയത്തിൻെറയും തർബിയതിൻെറയും പ്രവർത്തനങ്ങളിലൂടെ ഇത്തരം നൂതനനിർമ്മിതികൾളെ ഫലപ്രദമായി പ്രതിരോധിച്ചുപോന്നു. ഇതേ കാലയളവിൽ തന്നെ ജഹ്‌മിയ്യത്തിൽനിന്ന് മറ്റു പല അവാന്തര വിഭാഗങ്ങളും ഉയിരെടുത്തു. ഒരേ സമയം ജഹ്‌മിയ്യത്തിൻെറ ചില ആശയങ്ങൾ പുണരുകയും മറ്റു ചില ആശയങ്ങളെ എതിർക്കുകയും ചെയ്തിരുന്നവരാണ് അവർ. അവയിൽ പ്രമുഖമായ കക്ഷികളെ കുറിച്ച് താഴെ പറയാം:
1. കർറാമിയ്യഃ മുഹമ്മദ് ബിൻ കർറാം അസ്സജിസ്താനിയാണ് (محمد بن كرام السجستاني) കർറാമിയ്യത്തിൻെറ സ്ഥാപകൻ. ജഹ്‌മിയ്യത്തിൽനിന്ന് ചില ആശയങ്ങൾ കടമെടുക്കുകയും മതപരമായ വിഷയങ്ങൾ സ്ഥാപിക്കുന്നതിനു വേണ്ടി പ്രമാണങ്ങൾക്കു പകരം യുക്തി പ്രയോഗിക്കുകയും ചെയ്തവരാണ് കർറാമികൾ.
അവർ മുഅ്തസിലികളുമായി വാദപ്രതിവാദങ്ങൾ നടത്തി. മുഅ്തസിലികളുടെ സ്വിഫാത്ത് നിഷേധത്തെ ഖണ്ഡിക്കാൻ വേണ്ടി അല്ലാഹുവിൻെറ ഗുണവിശേഷങ്ങളിൽ ജഢത്വം (تجسيم) നിരൂപിക്കുകയാണ് അവർ ചെയ്തത്. അല്ലാഹുവിന്ന് കൈ ഉണ്ടെന്നു പറയുമ്പോൾ അത് ഒരു ഗുണവിശേഷം എന്ന നിലയിലാണ് സച്ചരിതരായ മുൻഗാമികൾ മനസ്സിലാക്കിയിരുന്നത്. അതിനു വിപരീതമായി, കൈ എന്നതിനെ ഗോചരമായ ഒരു അവയവമായി കാണുകയും അതിനു ജഢത്വം നിരൂപിക്കുകയും ചെയ്യുന്ന രീതിയാണ് അവർ അവലംബിച്ചത്. മുഅ്തസിലികളുടെ സ്വിഫാത്ത് നിഷേധത്തെ ഖണ്ഡിക്കാൻ തജ്‌സീമിനെയാണ് അവർ കൂട്ടുപിടിച്ചതെന്നു സാരം.
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കില്ല എന്നത് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. അഹ്‌ലുസ്സുന്നഃ അല്ലാഹുവും റസൂലും പഠിപ്പിച്ച കാര്യങ്ങൾ മാത്രമാണ് സ്വീകരിക്കുക. അത് സ്ഥിരീകരിക്കുന്നതിനായി നബി ﷺ യും സ്വഹാബത്തും കൈക്കൊണ്ട രീതി മാത്രമേ അവർ അവലംബിക്കുകയുള്ളു. അഥവാ പ്രമാണരേഖകൾക്ക് അനുസൃതമായി കാര്യങ്ങൾ സമർത്ഥിക്കാം എന്നല്ലാതെ, ബുദ്ധിയുടെയും യുക്തിയുടെയും നൂതന വ്യാഖ്യാന രീതികൾ അവലംബിക്കുന്നത് ശരിയല്ല.
മുഹമ്മദ് ബിൻ കർറാമും അനുയായികളും ലാളിത്യത്തിൻെറയും ത്യാഗത്തിൻെറയും ഇബാദത്തിൻെറയും ആളുകളായിരുന്നു എന്നത് മറ്റൊരു ചരിത്രമാണ്. ഇത്തരം കാര്യങ്ങളാണ് അവർ പ്രതിനിധാനം ചെയ്യുന്ന ബിദ്അത്തുകൾക്ക് സ്വാധീനം നേടിക്കൊടുത്തത്.
2. കുല്ലാബിയ്യഃ കർറാമികളെ പോലെ ജഹ്‌മിയ്യതിനെ ഉപജീവിച്ച മറ്റൊരു വിഭാഗമാണ് കുല്ലാബികൾ. ഇബ്‌നു കുല്ലാബ് അൽബസ്വ്‌രിയാണ് (أبو محمد عبد الله بن سعيد بن كلاب البصري) അവരുടെ തലവൻ. അയാളായിരുന്നു ബസ്വ‌്‌റഃയിൽ വചനശാസ്ത്രത്തിനും (علم الكلام) നേതൃത്വം നൽകിയിരുന്നത്. ബൗദ്ധികമായ സംവാദങ്ങൾ നടത്തി പ്രതിയോഗികളെ പരാജയപ്പെടുത്തുക എന്നതാണ് അവരുടെ പ്രവർത്തന ശൈലി. മുഅ്തസിലികളുമായുള്ള അവരുടെ നിരന്തര സംവാദങ്ങൾ ഏറെ പ്രസിദ്ധമാണ്.
ദാർശനികരും മുഅ്തസിലികളും മറ്റു പിഴച്ചകക്ഷികളും സച്ചരിതരായ മുൻഗാമികളുടെ വിശ്വാസസംഹിതക്കു നേരെ ഉയർത്തുന്ന വെല്ലുവിളികളെ അതേ നാണയത്തിൽ തിരിച്ചടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനായി യുക്തിപരമായ തെളിവുകളും വചനശാസ്ത്രത്തിലെ സമർത്ഥന രീതികളുമാണ് അവർ അവലംബിച്ചത്. വിശ്വാസ കാര്യങ്ങൾ സ്ഥിരീകരിക്കാൻ തെളിവ് പിടിച്ചിരുന്ന രീതിയിൽ (طريقة الاستدلال) ആണ് അവർ മുഖ്യമായും പിഴച്ചുപോയത്. മാത്രമല്ല, തെളിവായി പ്രമാണരേഖകളുടെ സ്ഥാനത്ത് യുക്തിയെ പ്രതിഷ്ഠിച്ചപ്പോൾ അവർക്ക് അല്ലാഹുവിൻെറ മുഴുവൻ സ്വിഫാത്തുകളെയും സ്ഥിരീകരിക്കാനായില്ല. ആശയപരമായ സ്വിഫാത്തുകൾ (الصفات المعنوية) മാത്രമേ ബുദ്ധികൊണ്ട് അവർക്ക് സമർത്ഥിക്കാൻ സാധിച്ചുള്ളു. മുഖം, കൈ പോലുള്ള അല്ലാഹുവിൻെറ സത്താപരമായ വിശേഷണങ്ങൾ (الصفات الذاتية الخبرية) പ്രമാണരേഖകൾ കൊണ്ട് മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ. അത്തരം സ്വിഫാതുകളെ അവർ ദുർവ്യാഖ്യാനിക്കേണ്ടിവന്നു. അങ്ങനെ ജഹ്‌മികളെ പോലെ അവരും തഅ്ത്വീലിൻെറ (നിർഗുണീകരിക്കൽ) ചെളിക്കുണ്ടിൽ ചെന്നുവീണു.
മതപരമായ ആശയങ്ങൾ സ്ഥാപിക്കുന്നതിനു വേണ്ടി അഹ്‌ലുസ്സുന്നഃയുടെ ചില രീതികളും അവർ അവലംബിക്കാറുണ്ടായിരുന്നു. അതുമൂലം തിരിച്ചറിവില്ലാത്ത ചിലർ കുല്ലാബികളെ അഹ്‌ലുസ്സുന്നഃയായി തെറ്റിദ്ധരിക്കാൻ പോലും ഇടവന്നിട്ടുണ്ട്.
3. അശ്അരിയ്യഃ അഹ്‌ലുസ്സുന്നത്തുകാരായി അറിയപ്പെടാനാണ് അശ്അരികൾ ആഗ്രഹിക്കുന്നത്. പക്ഷെ മൗലികമായ കുറച്ചു കാര്യങ്ങളിൽ മാത്രമേ അവർ അഹ്‌ലുസ്സുന്നത്തിനെ പിന്തുടരുന്നുള്ളു. അധിക വിഷയങ്ങളിലും അവരുടെ അവലംബം ജഹ്‌മിയ്യത്തും ഇഅ്തിസാലുമാണ്.
അബുൽ ഹസൻ അൽ അശ്അരീ (أَبو الحسن علي ابن إسماعيل الأشعري اليماني البصري) എന്ന വ്യക്തിയിലേക്ക് ചേർത്താണ് അശ്അരിയ്യഃ വിഭാഗം അറിയപ്പെടുന്നത്. തൻെറ മാതാവിനെ രണ്ടാം വിവാഹം ചെയ്ത, മുഅ്തസിലികളുടെ നേതാവായിരുന്ന അബൂ അലിയ്യ് അൽജുബ്ബാഇയുടെ (محمد بن عبد الوهّاب بن سلام الجبائي) സംരക്ഷണത്തിലാണ് അദ്ദേഹം വളരുന്നത്. തനിക്ക് നാൽപത് വയസ്സ് തികയുന്നതു വരെ ജുബ്ബാഇയുടെ കൂടെ ഒരു മുഅ്തസിലിയായിട്ടാണ് അദ്ദേഹം ജീവിച്ചത്.
പിന്നീട് അദ്ദേഹത്തിന് മുഅ്തസിലീ ചിന്താഗതിയോട് വിയോജിപ്പ് തോന്നുകയും അവരുടെ വാദങ്ങളെ ചോദ്യം ചെയ്യുകയുമുണ്ടായി. തൻെറ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ അബു അലി അൽജുബ്ബാഇക്ക് കഴിയാതെ പോയപ്പോൾ അദ്ദേഹം ഇഅ്തിസാൽ ഉപേക്ഷിക്കുകയും കുല്ലാബിയ്യഃ പക്ഷത്തേക്ക് ചായുകയും ചെയ്തു. അല്ലാഹുവിൻെറ ഗുണവിശേഷങ്ങൾ നിഷേധിക്കുന്ന ജഹ്‌മികളുടെയും മുഅ്തസിലികളുടെയും നിലപാട് തള്ളുകയും, പകരം കുല്ലാബികളെ പോലെ അല്ലാഹുവിൻെറ സത്തയുമായി ബന്ധപ്പെട്ട ആശയപരമായ ഗുണങ്ങൾ (الصفات الذاتية المعنوية) മാത്രം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ അഹ്‌ലുസ്സുന്നഃയെ പോലെ, അല്ലാഹുവിൻെറ സത്തയുമായി ബന്ധപ്പെട്ട, പ്രമാണരേഖകളിൽനിന്ന് മാത്രം ലഭിക്കുന്ന ഗുണങ്ങളും (الصفات الذاتية الخبرية), അവൻെറ ഇഛയുമായി (المشيئة) ബന്ധപ്പെട്ട കർമ്മപരമായ ഗുണങ്ങളും സ്ഥിരീകരിക്കുന്ന നിലപാട് ഈ ഘട്ടത്തിൽ അദ്ദേഹം സ്വീകരിച്ചിരുന്നില്ല.
അല്ലാഹുവിൻെറ ഗുണവിശേഷങ്ങളെ കുറിച്ചുള്ള അശ്അരികളുടെ വിശദീകരണങ്ങൾ വിചിത്രമാണ്. സ്വിഫാത്തുകൾ അവർ പല രൂപത്തിൽ വർഗ്ഗീകരിക്കാറുണ്ട്. ബൌദ്ധികം, സത്താപരം, ആശയപരം, നിഷേധാത്മകം എന്ന വിഭജനം അവയിൽപെട്ട ഒരു രൂപമാണ്. എങ്ങനെയൊക്കെ ഇനം തിരിച്ചാലും അല്ലാഹുവിന്ന് ഏഴു സ്വിഫാത്തുകൾ മാത്രമേ അവർ അംഗീകരിക്കുകയുള്ളു.
അല്ലാഹുവിൻെറ ഗുണവിശേഷങ്ങൾ അനന്യമാണ്. അവയെ മറ്റൊന്നിനോടും സാദൃശ്യപ്പെടുത്താൻ (تَشْبِيه) പാടില്ല. പക്ഷെ, അശ്അരികൾ അല്ലാഹുവും റസൂലും അസന്ദിഗ്‌ധമായി പറഞ്ഞ, സാദൃശ്യം വരാൻ ഒരു സാധ്യതയുമില്ലാത്ത സ്വിഫാത്തുകളെ തന്നെ ‘സാദൃശ്യം തോന്നിക്കും’ എന്ന ന്യായത്തിൽ ദുർവ്യാഖ്യാനിക്കുകയാണ് ചെയ്യാറുള്ളത്. മതപരമായ കാര്യങ്ങളിൽ ബുദ്ധിക്കും യുക്തിക്കും കൽപിക്കുന്ന വലിയ പ്രാമാണ്യമാണ് അതിനു കാരണം.
വ്യക്തിയധിഷ്ഠിത റിപ്പോർട്ടുകൾ (أخبار الآحاد) ഊഹം മാത്രമേ പ്രദാനം ചെയ്യൂ, അറിവ് പ്രദാനം ചെയ്യുകയില്ല എന്നത് അവരുടെ യുക്തിയാണ്. വിശ്വാസപരമായ കാര്യങ്ങൾ സ്ഥാപിക്കാൻ മുതവാതിർ ആയ ഹദീസു തന്നെ വേണം എന്നതാണ് അവരുടെ വാദം. നബി യോ സച്ചരിതരായ സലഫുകളോ നിഷ്കർഷിച്ചിട്ടില്ലാത്ത നൂതനമായ ഒരു മാനദണ്ഡമാണിത്. അതുമുഖേന ദീനിൽ സ്ഥിരപ്പെട്ട പല കാര്യങ്ങളും തൽപരകക്ഷികൾക്ക് ചോദ്യം ചെയ്യാനും നിഷേധിക്കാനും സാധിക്കുന്നു.
അഹ്‌ലുസ്സുന്നഃയുടെ നിലപാട് അനുസരിച്ച്, വിശ്വാസത്തിൻെറ പ്രഖ്യാപനം (إقرار باللسان) ഈമാനിൻെറ നിർവ്വചന പരിധിയിൽപെട്ട കാര്യമാണ്. അശ്അരികളെ സംബന്ധിച്ചിടത്തോളം ഹൃദയം കൊണ്ടുള്ള സത്യപ്പെടുത്തലാണ് ഈമാൻ. വിശ്വാസത്തിൻെറ പ്രഖ്യാപനം ഈമാനിൻെറ പൊരുളിൽ ഉൾപ്പെടുമോ എന്നത് അവർക്കൊരു തർക്ക വിഷയം മാത്രമാണ്. അതേപോലെ, ഖുർആൻ അല്ലാഹുവിൻെറ വചനമാണ്, സൃഷ്ടിയല്ല എന്ന വിശ്വാസത്തിലും അവർ സംശയം ജനിപ്പിക്കാറുണ്ട്. ഖുർആനിനെ അവർ ആശയവും വചിക്കലുമായി വേർതിരിച്ചുകൊണ്ടാണ് ആശയക്കുഴപ്പം സൃഷ്ടിക്കാറുള്ളത്.
എന്നാൽ കർമ്മപരമായ കാര്യങ്ങളിൽ അവർ ഇമാം ശാഫിഈയുടെ നിദാനങ്ങൾ പിന്തുടരുന്നവരാണ്. അശ്അരിയ്യത്തും ശാഫിഇയ്യത്തും തമ്മിൽ വേർതിരിഞ്ഞു കാണാവുന്ന ഒരു കൂട്ടുകെട്ട് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ യുടെ വളരെ അർത്ഥവത്തായ ഒരു വിശകലനം കൂടി കാണുക:
وَالْأَشْعَرِيُّ وَأَمْثَالُهُ بَرْزَخٌ بَيْنَ السَّلَفِ وَالْجَهْمِيَّة. أَخَذُوا مِنْ هَؤُلَاءِ كَلَامًا صَحِيحًا وَمِنْ هَؤُلَاءِ أُصُولًا عَقْلِيَّةً ظَنُّوهَا صَحِيحَةً وَهِيَ فَاسِدَةٌ [ابن تيمية في مجموع فتاويه]
〈അശ്അരിയും അദ്ദേഹത്തെ പോലുള്ളവരും സലഫുകൾക്കും ജഹ്‌മികൾക്കും ഇടക്കുള്ള ഒരു സ്ഥാനമാണ് അടയാളപ്പെടുത്തുന്നത്. അവർ സലഫുകളിൽനിന്ന് കുറച്ച് ശരിയായ വചനങ്ങൾ സ്വീകരിച്ചു. ജഹ്‌മികളിൽനിന്ന് യുക്തിപരമായ കുറേ ആധാരങ്ങളും സ്വീകരിച്ചു. അവ ശരിയായിട്ടുള്ളവായണെന്നാണ് അവർ കരുതിയത്. യഥാർത്ഥത്തിൽ അവ ദൂഷിതമായിരുന്നു.〉 (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)
പക്ഷെ, അബുൽ ഹസൻ അൽഅശ്അരി മുകളിൽ പറഞ്ഞ നിലപാടുകളിൽ ഉറച്ചു നിന്നില്ല. കുറച്ചു കഴിഞ്ഞ് അദ്ദേഹം അഹ്‌ലുസ്സുന്നഃയുടെ നിലപാടിലേക്ക് മാറി. അദ്ദേഹം തൻെറ ജീവിതത്തിൻെറ മൂന്നാം ഘട്ടത്തിൽ എഴുതിയ അൽ ഇബാനഃ യിൽ ഇപ്രകാരം കുറിച്ചു:
قولنا الذي نقول به، وديانتنا التي ندين بها٫ التمسك بكتاب ربنا عز وجل وبسنة نبينا ﷺ وما روي عن الصحابة والتابعين وأئمة الحديث، ونحن بذلك معتصمون، وبما كان يقول به أبو عبد الله أحمد بن محمد بن حنبل – نضر الله وجهه، ورفع درجته، وأجزل مثوبته – قائلون، ولمن خالف قوله مجانبون. [أبو الحسن الأشعري في الإبانة في أصول الديانة]
〈നമുക്ക് പറയാനുള്ള വാക്ക്, നാം സ്വീകരിക്കുന്ന ദീൻ, അല്ലാഹുവിൻെറ ഗ്രന്ഥവും, അവൻെറ നബി ﷺ യുടെ ചര്യയും, സ്വഹാബത്തിൽനിന്നും താബിഉകളിൽനിന്നും ഹദീസിൻെറ ഇമാമുകളിൽനിന്നും ഉദ്ധരിക്കപ്പെട്ട കാര്യങ്ങളും മുറുകെപിടിക്കുക എന്നതാണ്. നാം അതാണ് മുറുകെ പിടിക്കുന്നത്. ഇമാം അഹ്‌മദ് ബിൻ ഹംബൽ – അല്ലാഹു അദ്ദേഹത്തിൻെറ മുഖം പ്രസന്നമാക്കുകയും അദ്ദേഹത്തിൻെറ പദവി ഉയർത്തുകയും അദ്ദേഹത്തിനു മഹത്തായ പ്രതിഫലം നൽകുകയും ചെയ്യട്ടെ – നിലക്കൊള്ളുന്ന നിലപാട് ഏതാണോ അതു തന്നെയാണ് നാമും പറയുന്നത്. നാം അദ്ദേഹത്തിൻെറ വാക്കിനോട് വിയോജിക്കുന്നവരെ വെടിയുന്നവരുമാണ്.〉 (അബുൽ ഹസൻ അൽ അശ്അരി, അൽ ഇബാനഃ ഫീ ഉസ്വൂലിദ്ദിയാനഃയിൽ രേഖപ്പെടുത്തിയത്)
ഇബാനഃയിൽ രേഖപ്പെടുത്തിയതു പോലെ, അദ്ദേഹം ജീവിതത്തിൻെറ അവസാന ഘട്ടത്തിൽ അഹ്‌ലുസ്സുന്നഃയുടെ മാർഗ്ഗം പിന്തുടരുകയും സുന്നത്തിൻെറ ഇമാമായ അഹ്‌മദ് ബിൻ ഹംബലിൻെറ അതേ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു. പക്ഷെ, അനുയായികൾ അദ്ദേഹം രണ്ടാം ഘട്ടത്തിൽ സ്വീകരിച്ചിരുന്ന കുല്ലാബിയ്യഃ നിലപാടിൽ തുടരുകയും അശ്അരിയ്യഃ എന്ന പേരിൽ അത് ഒരു ചിന്താധാരയാക്കി വളർത്തുകയും ചെയ്തു. അല്ലാഹുവിൻെറ സത്തയുമായി ബന്ധപ്പെട്ട ആശയപരമായ ഏഴു സ്വിഫാതുകൾ (الصفات الذاتية المعنوية) മാത്രമാണ് അവർ അംഗീകരിക്കുക. അല്ലാഹുവിൻെറ സത്തയുമായി ബന്ധപ്പെട്ട ആശയപരമല്ലാത്ത സ്വിഫാത്തുകളും (الصفات الذاتية الخبرية), അവൻെറ ഇഛയുമായി (المشيئة) ബന്ധപ്പെട്ട കർമ്മപരമായ സ്വിഫാത്തുകളും (الصفات الفعلية) അവർ ദുർവ്യാഖ്യാനിച്ചു. അല്ലാഹുവിൻെറ ഗുണവിശേഷങ്ങളിൽ നടത്തുന്ന ആശയപരമായ ഈ കൃത്യവിലോപം അവരെയും തഅ്ത്വീലിൻെറ ചളിക്കുണ്ടിലേക്ക് തള്ളിവിട്ടു. ജഹ്‌മികളെ പോലെ അല്ലാഹുവിൻെറ ഒരു പാട് ഗുണവിശേഷങ്ങളിൽനിന്ന് അവനെ നിർഗുണീകരിക്കുകയാണ് അശ്അരികളും ചെയ്യുന്നത്.
കേരളീയ മുസ്‌ലിംകളിൽ ഭൂരിഭാഗവും വിശ്വാസപരമായി അശ്അരീ ത്വരീഖത്തുകാരും കർമ്മപരമായി ശാഫിഈ മദ്ഹബുകാരുമാണ് എന്നത് സുവിദിതമാണല്ലോ. ഇവിടുത്തെ മതവിദ്യാഭ്യാസവും അതേ പ്രകാരം അശ്അരീ ത്വരീഖത്തും ശാഫിഈ മദ്ഹബും അനുസരിച്ചാണ് മുന്നോട്ട് ഗമിച്ചത്. മലയാളികൾ വായിക്കുന്ന അറബിയിലുള്ള മതഗ്രന്ഥങ്ങൾ മിക്കതും അശ്അരികൾ രചിച്ചിട്ടുള്ളവയാണ്. അതിനാൽ മലയാളത്തിലെ ഇസ്‌ലാമിക രചനകളിൽ അശ്അരിയ്യത്തിൻെറ സ്വാധീനം പ്രകടവുമാണ്. ആരെല്ലാമാണ് അശ്അരികൾ, ഏതൊക്കെയാണ് അശ്അരികളുടെ കൃതികൾ, എന്തൊക്കെയാണ് അശ്അരിയ്യത്തിൻെറ ദോഷവശങ്ങൾ എന്നുള്ള തിരിച്ചറിവ് ഇപ്പോഴും കേരളീയർക്ക് കൈവന്നിട്ടില്ലെന്നത് വളരെ ദുഃഖകരമാണ്. റാസി, ബൈളാവി, ജുവൈനി, ഗസ്സാലി, ശഹ്റസ്താനി, ആമുദി പോലുള്ളവരും അവരുടെ കൃതികളും ചില ഉദാഹരണങ്ങൾ മാത്രമാണ്.
4. മാതുരീദിയ്യഃ അബൂ മൻസ്വൂർ അൽ മാതുരീദി (أبو منصور محمد بن محمد بن محمود الماتريدي) യുടെ നേതൃത്വത്തിൽ രൂപീകൃതമായ ഒരു ചിന്താപദ്ധതിയാണ് മാതുരീദിയ്യഃ. പുരാതന കാലഘട്ടത്തിൽ ട്രാൻസോക്‌സിയാന എന്ന പേരിലറിയപ്പെട്ടിരുന്ന മധ്യേഷ്യൻ പ്രദേശത്താണ് അദ്ദേഹം ജനിച്ചു വളരുന്നത്. പ്രത്യക്ഷത്തിൽ അശ്അരിയ്യത്തിനോട് വളരെയധികം സാമ്യം പുലർത്തുകയും അടുത്തുനിൽക്കുകയും ചെയ്യുന്ന ഈ വിഭാഗം, വിശ്വാസ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് വരുമ്പോൾ അവരുമായി ധാരാളം വിഷയങ്ങളിൽ വിയോജിപ്പ് പുലർത്തുന്നത് കാണാൻ കഴിയും.
അശ്അരികളെക്കാൾ ബുദ്ധിക്കും യുക്തിക്കും പ്രാമാണ്യം കൽപിക്കുന്നവരായിരുന്നു മാതുരീദികൾ. അശ്അരികൾ കർമ്മപരമായ കാര്യങ്ങളിൽ അവലംബമാക്കിയിരുന്നത് ശാഫിഈ رَحِمَهُ اللهُ യെ പോലുള്ള അഹ്ലുസ്സുന്നത്തിൻെറ ഇമാമുകൾ ക്രോഡീകരിച്ച നിദാനങ്ങളെയായിരുന്നു. എന്നാൽ മാതുരീദികൾ അവലംബിച്ചിരുന്നത് ബുദ്ധിക്കും യുക്തിക്കും കൂടുതൽ സ്വാധീനം അനുവദിച്ചിരുന്ന ഹനഫീ നിദാനങ്ങളെയായിരുന്നു. അശ്അരിയ്യത്തും ശാഫിഇയ്യത്തും തമ്മിലുള്ളതിനെക്കാൾ ശക്തമായ ഒരു കൂട്ടുകെട്ട് മാതുരീദിയ്യത്തും ഹനഫിയ്യത്തും തമ്മിലുണ്ടെന്നത് ചരിത്ര വിദ്യാർത്ഥികൾക്ക് അജ്ഞാതമല്ല.
മാതുരീദിയ്യഃ പല ഘട്ടങ്ങളിലൂടെയാണ് വളർന്നു വികസിച്ചത്. അബൂ ഹനീഫഃ رَحِمَهُ اللهُ നിര്യാതനായി ഏതാണ്ട് ഒരു നൂറ്റാണ്ട് കഴിയുമ്പോഴാണ് മാതുരീദി ജനിക്കുന്നത്. സച്ചരിതരായ സലഫുകളുടെ വിശ്വാസ പ്രമാണങ്ങൾക്കെതിരിൽ ജഹ്‌മികളും മുഅ്തസിലികളും നടത്തിക്കൊണ്ടിരുന്ന കയ്യേറ്റങ്ങളെ ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ ഏതിർത്തു തോൽപ്പിക്കുക എന്നതായിരുന്നു അബൂമൻസ്വൂർ അൽമാതുരീദിയുടെയും ശിഷ്യന്മാരുടെയും പ്രാഥമിക ലക്ഷ്യം. ഇതാണ് മാതുരീദിയ്യത്തിൻെറ ആദ്യഘട്ടം.
അദ്ദേഹത്തിൻെറ കാല ശേഷം തൻെറ ശിഷ്യന്മാരും അനുയായികളും അതിനെ സുസംഘടിതമായ ഒരു പ്രസ്ഥാനമാക്കി വളർത്തിക്കൊണ്ടുവന്നു. മാതുരീദിയ്യത്തിൻെറ രണ്ടാം ഘട്ടത്തിൽ മധ്യേഷ്യൻ പ്രദേശങ്ങൾക്ക് പുറത്തും അതിന് വലിയ പ്രചാരവും സ്വാധീനവും ലഭിച്ചു.
മൂന്നാം ഘട്ടം മാതുരീദിയ്യത്തിനെ സംബന്ധിച്ച് സുവർണ്ണ കാലമായിരുന്നു. ഓട്ടോമൻ ഭരണാധികാരികളുടെ അടുക്കൽ അവർക്കുണ്ടായിരുന്ന സ്വാധീനവും ഹനഫിയ്യത്തുമായുള്ള കൂട്ടുകെട്ടും മുസ്‌ലിം ലോകത്തെങ്ങും അത് വ്യാപിക്കുന്നതിനു കാരണമായി.
തുടർന്നുള്ള കാലഘട്ടങ്ങളിൽ മാതുരീദിയ്യത്ത് ഇതര പ്രസ്ഥാനങ്ങളെ പോലും പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്ന, അവയുടെ വിശ്വാസപ്രമാണങ്ങൾ നിർണ്ണയിക്കുന്ന, കാഴ്ച്ചപ്പാടുകൾ രൂപീകരിക്കുന്ന ആശയപരമായ ശക്തിവിശേഷമായി നിലക്കൊണ്ടു. അറബ് പ്രദേശങ്ങളിൽ മാത്രമല്ല, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പോലും മാതുരീദിയ്യത്തിൻെറ സ്വാധീനം വളരെ വലുതാണ്. ദുയൂബന്ദ്, നദ്‌വത്തുൽ ഉലമാ പോലുള്ള വൈജ്ഞാനിക കേന്ദ്രങ്ങളും, ബറേൽവി, സൂഫി പോലുള്ള പ്രസ്ഥാനങ്ങളും വിശ്വാസപരമായി പ്രതിനിധാനം ചെയ്യുന്നത് മാതുരീദിയ്യത്തിനെയാണ്.
5. അഖ്‌ലാനിയ്യഃ : ഇഅ്തിസാൽ, ജഹ്‌മിയ്യഃ, ഖദരിയ്യഃ, ഖുറൂജ് പോലുള്ള ചിന്താധാരകളിൽനിന്നാണ് അഖ്‌ലാനിയ്യത്ത് വെള്ളവും വളവും വലിച്ചെടുക്കുന്നത്. അഭിനവ അഖ്‌ലാനിയ്യത്തിന് മുഅ്തസിലികളുമായും ഖവാരിജുകളുമായുമുള്ള ആശയപരമായ ബന്ധം അനിഷേധ്യമാണ്. എങ്കിലും അവർ വാദിക്കുന്നത് മറിച്ചാണ്. തങ്ങൾക്ക് ഇസ്‌ലാമിൽനിന്നു വ്യതിചലിച്ചു പോയ കക്ഷികളുമായി യാതൊരു ബന്ധവുമില്ല, തങ്ങൾ സ്വതന്ത്രരായി നിലക്കൊള്ളുന്നവരാണ്, തെളിഞ്ഞ ബുദ്ധിയുടെ അടിസ്ഥാനത്തിൽ പ്രമാണങ്ങളെ വിശകലനം ചെയ്ത് കൂടുതൽ യുക്തി ഭദ്രമായ മാർഗം പിന്തുടരുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത് എന്നൊക്കെയാണ് അവരുടെ പക്ഷം. യഥാർത്ഥത്തിൽ ഇവർ മുഅ്തസിലുകളുടെയും ഖവാരിജുകളുടെയും വാൽക്കഷ്‌ണമല്ലാതെ മറ്റൊന്നുമല്ല.
മനുഷ്യബുദ്ധിക്ക് നന്മയും തിന്മയും പുണ്യവും പാപവും നിർണ്ണയിക്കാൻ സാധിക്കുമെന്നതാണ് അവരുടെ അടിസ്ഥാന സങ്കൽപം. ബുദ്ധിയെ മഹത്വവൽക്കരിച്ച് പ്രമാണങ്ങളെക്കാൾ അതിനു സ്ഥാനം കൽപിക്കുക എന്നതാണ് അവരുടെ രീതി. പ്രമാണരേഖകൾ ബുദ്ധിക്ക് നിരക്കുന്നില്ലെന്നു കണ്ടാൽ അതിനെ അവർ ദുർവ്യാഖ്യാനിക്കും. ദുർവ്യാഖ്യാനത്തിന് വഴങ്ങാത്ത വാക്യങ്ങളെ നിഷേധിച്ചെന്നും വരും. ഇത് ഒരു ചിന്താധാരയായി നിലക്കൊള്ളുകയും നിലവിലുള്ള മുസ്‌ലിം സംഘടനകളിലെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനമുറപ്പിക്കുകയും ചെയ്യും. നിലവിലുള്ള ഭൌതിക സാഹചര്യങ്ങളെല്ലാം അഖ്‌ലാനിയ്യത്തിന് ഏറെ അനുകൂലമാണെന്ന് പറയേണ്ടതില്ലല്ലോ.
6. ഇസ്വ്‌ലാഹിയ്യഃ :
മുകളിൽ പറഞ്ഞ ചിന്താധാരകളുടെ ഏറ്റവും ഒടുവിലത്തെ രൂപഭേദമാണ് ഇസ്വ്‌ലാഹിയ്യത്ത്. ഇഅ്തിസാലും അഖ്‌ലാനിയ്യത്തും ഖുറൂജും സമം ചേർത്ത് തയ്യാറാക്കിയ ഈ മിശ്രിതം അഹ്‌ലുസ്സുന്നത്തിൻെറ ഭാഗമാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.
നിഗൂഢ വ്യക്തിത്വത്തിൻെറ ഉടമയായിരുന്ന ഇറാനിയൻ വിപ്ലവകാരി ജമാലുദ്ദീൻ അൽഅഫ്‌ഗാനിയുടെ ചിന്താപദ്ധതികളിലും പ്രത്യയശാത്രങ്ങളിലും ആകൃഷ്ടനായ ഈജിപ്ഷ്യൻ നവീകരണവാദി മുഹമ്മദ് അബ്ദുവും അദ്ദേഹത്തിൻെറ ശിഷ്യനായ സയ്യിദ് റശീദ് റിളയുമാണ് ആധുനിക കാലത്ത് ഇസ്വ്‌ലാഹിയ്യത്തിന് രൂപം കൊടുക്കുന്നത്. കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം അതിൻെറ ഒരു താവഴി മാത്രമാണ്. യുക്തി ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം കൂടി കാണുക.