﴿ سَيَقُولُ الَّذِينَ أَشْرَكُوا لَوْ شَاءَ اللَّهُ مَا أَشْرَكْنَا وَلَا آبَاؤُنَا وَلَا حَرَّمْنَا مِن شَيْءٍ ۚ كَذَٰلِكَ كَذَّبَ الَّذِينَ مِن قَبْلِهِمْ حَتَّىٰ ذَاقُوا بَأْسَنَا ۗ قُلْ هَلْ عِندَكُم مِّنْ عِلْمٍ فَتُخْرِجُوهُ لَنَا ۖ إِن تَتَّبِعُونَ إِلَّا الظَّنَّ وَإِنْ أَنتُمْ إِلَّا تَخْرُصُونَ ﴾ [الأنعام  ١٤٨]

ശിർക്ക് ചെയ്യുന്നവർ പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ ശിർക്കു ചെയ്യുകയോ യാതൊന്നും നിഷിദ്ധമാക്കുകയോ ചെയ്യുമായിരുന്നില്ല. നമ്മുടെ ശിക്ഷ അനുഭവിക്കുന്നതു വരെ അവരുടെ മുന്‍ഗാമികളും അതേ പ്രകാരം തന്നെയാണ് നിഷേധിച്ചു കൊണ്ടിരുന്നത്. പറയുക: നിങ്ങളുടെ പക്കല്‍ വല്ല രേഖയുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്‌. അനുമാനിക്കുകയല്ലാതെ മറ്റൊന്നുമല്ല നിങ്ങൾ ചെയ്യുന്നത്. (അൻആം 148)


അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഞങ്ങൾ ശിർക്കും മറ്റും ചെയ്യുമായിരുന്നില്ല. (لو شاء الله ما أشركنا) എന്നു തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കുവാൻ വേണ്ടി മുശ്‌രിക്കുകൾ പറഞ്ഞ ആ വാക്കു സത്യവിരുദ്ധമാണെന്നല്ല – അതു വഴി അവരുദ്ദേശിക്കുന്ന ആശയവും ലക്ഷ്യവും തെറ്റാണെന്നാണു – അവർക്കു നൽകിയ മറുപടിയുടെ സാരമെന്നും ഇതിൽ നിന്നൊക്കെ വ്യക്തമാണല്ലോ. അവരുടെ ആ വാക്കു വാസ്തവത്തിൽ ശരി തന്നെയാണെന്ന് ഈ സൂറത്തിൽ ഇതിനു മുമ്പും നാം വായിച്ചു കഴിഞ്ഞ ചില വചനങ്ങളിൽ നിന്നു തന്നെ തെളിഞ്ഞതുമാണ്. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1049)


മനുഷ്യനെ ബാധിക്കുന്ന ആപത്തുകളിൽ അല്ലാഹുവിൻെറ മുൻനിർണ്ണയത്തെ പഴിക്കുക എന്നതും, താൻ ചെയ്യുന്ന തെറ്റുകുറ്റങ്ങളെ ന്യായീകരിക്കാൻ വിധിയെ മറയാക്കുക (الاحتجاج بالقدر) എന്നതും പിഴച്ച കക്ഷികളുടെ ഒരു സ്വഭാവമാണ്. ജീവിതത്തെ ഗൗരവപൂർവ്വം സമീപിക്കാനോ ക്രിയാത്മകമായി ചിന്തിക്കാനോ കഴിയാതെ നിഷേധാത്മകതയിലും അശുഭ ചിന്തയിലും മുഴുകുന്നവരാണ് ഇത്തരം അപഥ സഞ്ചാരത്തിൻെറ ഇരകളായിത്തീരുന്നത്. ഇസ്‌ലാമിനെ ശരിയായി വായിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും ധനാത്മകമായി ചിന്തിച്ച് മുന്നേറാനും കർമ്മോത്സുകനായിരിക്കാനും കാര്യങ്ങളെ വാസ്തവികമായി വിലയിരുത്താനും പ്രയാസമുണ്ടാവില്ല.

അല്ലാഹു മനുഷ്യന് കഴിവും ഇഛാസ്വാതന്ത്ര്യവും വരണാധികാരവും നൽകി. അതിൻെറ പരീക്ഷണ വേദിയായി ഭൂമുഖത്ത് ഒരു ജീവിതവും സമ്മാനിച്ചു. അത്  അർത്ഥപൂർണ്ണമായി വിനിയോഗിക്കാതെ സ്വയം നാശത്തിലേക്ക് എടുത്തുചാടുകയാണ് മനുഷ്യൻ. എന്നിട്ട് പറയുന്നു, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെ തിന്മകൾ ചെയ്ത് നശിച്ചു പോകുമായിരുന്നില്ല. എൻെറ നാശത്തിനു കാരണം അല്ലാഹുവിൻെറ വിധിയാണ്. എന്തൊരു ദുർന്യായമാണിത്! ഇതിനെക്കാൾ നിരർത്ഥകമായ വാദമുണ്ടോ!!

മനുഷ്യൻെറ വിജയപരാജയങ്ങളുടെ അടിസ്ഥാനം അവൻെറ തീരുമാനങ്ങളും കർമ്മങ്ങളുമാണ്. അവൻ എന്തു തീരുമാനിക്കും എങ്ങനെ പ്രവർത്തിക്കും എന്നത് അല്ലാഹുവിൻെറ അനാദിയായ അറിവിലുണ്ട്. അത് മുൻനിർണ്ണയം ചെയ്യപ്പെട്ടതും രേഖപ്പെടുത്തി കഴിഞ്ഞിട്ടുള്ളതുമാണ്. പക്ഷെ, ഒരാളും തനിക്ക് രേഖപ്പെടുത്തപ്പെട്ട സ്വർഗ്ഗമോ നരകമോ തൻെറ സ്വതന്ത്രമായ തീരുമാനവും കർമ്മവും കൊണ്ടല്ലാതെ നേടുകയില്ല. ഈ വസ്തുത നബി ﷺ അവിടുത്തെ അനുചരന്മാരെ ബോധ്യപ്പെടുത്തിയപ്പോൾ അവർക്ക് വിധിവിശ്വാസം കർമ്മങ്ങൾ ചെയ്യാനുള്ള പ്രചോദനമായിരുന്നു. ഒരിക്കലും പരാങ്മുഖത്വത്തിനുള്ള കാരണമായിരുന്നില്ല.

താന്താങ്ങൾ ചെയ്യുന്ന തെറ്റുകുറ്റങ്ങൾക്കു കാരണം വിധിയാണെന്നു പറഞ്ഞു കൈമലർത്തുകയും, സ്വന്തം ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞ് മാറുകയും ചെയ്യുന്ന പ്രവണത മക്കാ മുശ്‌രിക്കുകളിലും ക്രൈസ്തവരിലും വ്യാപകമായിരുന്നു. പിന്നീട് ഈ രോഗം മുസ്‌ലിംകളിലേക്കു സംക്രമിച്ചപ്പോൾ തൽപര കക്ഷികൾ ചില സൂക്തങ്ങളെ അതിനായി ദുരുപയോഗിച്ചു. അത്തരം സൂക്തങ്ങൾക്കുള്ള ഒരു ഉദാഹരണം താഴെ കൊടുക്കാം.

﴿ وَلَٰكِن يُضِلُّ مَن يَشَاءُ وَيَهْدِي مَن يَشَاءُ ﴾ [النحل ٩٣] 

പക്ഷെ, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുന്നു, അവനുദ്ദേശിക്കുന്നവരെ നേർവഴി ചേർക്കുന്നു. (നഹ്ൽ 93)

പരാമൃഷ്ട സുക്തത്തിൽ പറയുന്ന, അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ ശിർക്കു ചെയ്യുകയോ യാതൊന്നും നിഷിദ്ധമാക്കുകയോ ചെയ്യുമായിരുന്നില്ല എന്ന പരാമർശത്തെയും, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുന്നു, അവനുദ്ദേശിക്കുന്നവരെ നേർവഴി ചേർക്കുന്നു എന്ന പരാമർശത്തെയും വിശകലനം ചെയ്യാം.

അല്ലാഹു ഉദ്ദേശിച്ചതു കൊണ്ടാണ് ഞങ്ങൾ ശിർക്ക് ചെയ്യേണ്ടി വന്നത് എന്നത് മുശ്‌രിക്കുകളുടെ ഒരു ദുർന്യായമാണ്. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുന്നു എന്നത് പലരുടെയും ഒരു പരിഭവവുമാണ്. യഥാർത്ഥത്തിൽ, ഇവിടെ പറയുന്ന അല്ലാഹുവിൻെറ ഉദ്ദേശ്യം ഏത് അർത്ഥത്തിലും തലത്തിലുമാണ്? ശിർക്ക്, കുഫ്ർ, വഴികേട് പോലുള്ളവ അല്ലാഹുവിലേക്ക് ചേർത്തു പറയുന്നത് അവയെ മുൻനിർണ്ണയം നടത്തിയതും സൃഷ്ടിച്ചതും (خلقا وقدرا) അല്ലാഹുവാണ് എന്ന അർത്ഥത്തിലാണ്. അവൻെറ ഉദ്ദേശ്യം പ്രാപഞ്ചികമാണ്, വിധിനിർണ്ണയപരമാണ് (الإرادة الكونية القدرية) എന്നർത്ഥം. അല്ലാഹു പറയുന്നത് നോക്കൂ:

﴿ وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ ﴾ [الصافات ٩٦] 

നിങ്ങളെയും നിങ്ങളുടെ ചെയ്തികളെയും സൃഷ്ടിച്ചത് അല്ലാഹുവാണ് (സ്വാഫ്ഫാത്ത് 96)

അഥവാ, മനുഷനെയും അവൻ ചെയ്യുന്ന നല്ലതും ചീത്തയുമായ മുഴുകാര്യങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. വിശ്വാസം, സൂക്ഷ്മത, ആരാധന പോലുള്ള നല്ല കാര്യങ്ങൾ പോലെ ശിർക്ക്, കുഫ്ർ, പാപങ്ങൾ ഇത്യാദി ചീത്ത കാര്യങ്ങളും അവനാണ് സൃഷ്ടിച്ചത്. അങ്ങനെയുള്ള കാര്യങ്ങൾ മുൻകൂട്ടി നിർണ്ണയിച്ചതും, അവയെ അവൻെറ സൃഷ്ടി പ്രപഞ്ചത്തിൻെറ വിശാലമായ രൂപരേഖയിൽ ഉൾപ്പെടുത്തിയതും, അതാതിൻെറ സമയങ്ങളിലും സന്ദർഭങ്ങളിലും അവയെ സൃഷ്ടിയായി പുറത്തുകൊണ്ടു വരുന്നതും അവനാണ്. ഭൂമുഖത്തെ മനുഷ്യ ജീവിതം ഒരു പരീക്ഷണ വേദിയാണ്. അതിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിയത് സോദ്ദേശ്യപരമാണ്. അവൻെറ വിശാലമായ ഹിക്‌മത്തിൻെറ ഭാഗമാണ്. അല്ലാഹുവിനെ സംബന്ധിച്ച് പറയുമ്പോൾ അവയൊന്നും തിന്മയല്ല, നന്മയാണ്. സൃഷ്ടികളുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ മാത്രം ആപേക്ഷികവും പരിമിതവുമായ അർത്ഥത്തിൽ അവ തിന്മയായിത്തീരുന്നു. അതു കൊണ്ടു തന്നെ തിന്മ അല്ലാഹുവിലേക്ക് ചേർക്കാവതുമല്ല. അപ്പോൾ മുകളിൽ സൂചിപ്പിച്ചതു പോലുള്ള സൂക്തങ്ങളിൽ അവൻെറ ഉദ്ദേശ്യത്തെ കുറിച്ച് പറയുന്നത് പ്രാപഞ്ചികവും വിധി നിർണ്ണയപരവുമായ (الإرادة الكونية القدرية) ഒരു തലത്തിലാണെന്നു പറയാം.

എന്നാൽ ഒരു മനുഷ്യൻെറ ഇഛാസ്വാതന്ത്ര്യത്തെയും വരണാധികാരത്തെയും റദ്ദു ചെയ്ത് അവൻ കുഫ്ർ വരിക്കണം, പാപം ചെയ്യണം എന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത് എന്ന് അതിനർത്ഥമില്ല. മനുഷ്യർ സത്യവിശ്വാസം ഉൾക്കൊള്ളണം, പുണ്യം ചെയ്യണം, പാപം ചെയ്യരുത് ഇതൊക്കെ അവൻെറ ശർഇയ്യായ ഉദ്ദേശ്യങ്ങളും കൽപനകളുമാണ് (الإرادة الشرعية). അവൻ പറയുന്നത് കാണുക:

﴿ وَلَا يَرْضَىٰ لِعِبَادِهِ الْكُفْرَ ﴾ [الزمر ٧]

തന്‍റെ അടിയന്മാർക്ക് അവൻ കുഫ്ർ തൃപ്തിപ്പെടുന്നില്ല. (സുമർ 7)

ശർഇയ്യായ അവൻെറ ഉദ്ദേശ്യവും ഹിതവും ഇപ്രകാരമാണ്. അതിൽ മനുഷ്യന് അവൻ ഉദ്ദേശിക്കുന്നത് നന്മ മാത്രമാണ്. പക്ഷെ, അല്ലാഹുവിൻെറ ആ ഉദ്ദേശ്യത്തെയും ഹിതത്തെയും സ്വീകരിക്കാനും തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും അവൻ മനുഷ്യനു വിട്ടുനൽകിയിരിക്കുന്നു.

അല്ലാഹുവിൻെറ പ്രാപഞ്ചികമായ ഉദ്ദേശ്യത്തിലും മുൻനിർണ്ണയത്തിലും സൃഷ്ടിപ്പിലും ഉൾപ്പെട്ട കാര്യങ്ങൾ, മനുഷ്യർക്കു അല്ലാഹു വിട്ടുനൽകിയ ഇഛാസ്വാതന്ത്ര്യവും വരണാധികാരവും ഉപയോഗിച്ച് അവർ സ്വയം വരിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നു. അതിന് ഉത്തരവാദികൾ അവർ മാത്രമാണു താനും. കാര്യം ഇങ്ങനെയാണെന്നിരിക്കെ വിധിയെ പഴിക്കുന്നത് എന്തു മാത്രം നിരർത്ഥകമല്ല!

കൂടാതെ ആദം, മൂസാ –عَلَيْهِمَا السَلَامُ– തമ്മിലുണ്ടായ ഒരു തർക്കത്തെയും അത്തരം തൽപര കക്ഷികൾ തെളിവായി ചൂണ്ടിക്കാണിക്കാറുണ്ട്. ആ സംഭവത്തിൻെറ നിജസ്ഥിതി പരിശോധിക്കാം.

യഥാർത്ഥത്തിൽ, ആദമും മൂസയും –عَلَيْهِمَا السَلَامُ– തമ്മിലുണ്ടായ ന്യായവാദം എന്തായിരുന്നു, അതിൽ പ്രതിലോമകാരികൾക്ക് വല്ല പിടിവള്ളിയുമുണ്ടോ?

عَنْ أَبِي هُرَيْرَةَ، قال، قَالَ رَسُولُ اللهِ ﷺ: احْتَجَّ آدَمُ وَمُوسَى، فَقَالَ لَهُ مُوسَى: أَنْتَ آدَمُ الَّذِي أَخْرَجَتْكَ خَطِيئَتُكَ مِنَ الجَنَّةِ، فَقَالَ لَهُ آدَمُ: أَنْتَ مُوسَى الَّذِي اصْطَفَاكَ اللهُ بِرِسَالاَتِهِ وَبِكَلاَمِهِ، ثُمَّ تَلُومُنِي عَلَى أَمْرٍ قُدِّرَ عَلَيَّ قَبْلَ أَنْ أُخْلَقَ؟ فَقَالَ رَسُولُ اللَّهِ ﷺ: فَحَجَّ آدَمُ مُوسَى مَرَّتَيْنِ. [البخاري في صحيحه]

അബൂ ഹുറെയ്റഃ –رَضِيَ اللهُ عَنْهُ– നിവേദനം. നബി ﷺ പറയുന്നു: ആദമും മൂസായും ഒരിക്കൽ ന്യായവാദം നടത്തി. താങ്കൾ ആദമാണ്, താങ്കളുടെ പാപമാണ് താങ്കളെ സ്വർഗ്ഗത്തിൽനിന്ന് പുറത്താക്കിയത്. അപ്പോൾ ആദം അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹു രിസാലത്തു നൽകിയും നേർക്കു നേരെ സംസാരിച്ചും തെരഞ്ഞെടുത്ത മൂസയാണു താങ്കൾ. എന്നിട്ടാണോ ഞാൻ സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് മുൻനിർണ്ണയം ചെയ്യപ്പെട്ട ഒരു കാര്യത്തിൻെറ പേരിൽ എന്നെ ആക്ഷേപിക്കുന്നത്? നബി ﷺ പറഞ്ഞു: അങ്ങനെ ആദം മൂസായെ ഉത്തരം മുട്ടിച്ചു, അവിടുന്ന് അത് രണ്ടു തവണ ആവർത്തിച്ചു. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ഇവിടെ മൂസാ നബി –عَلَيْهِ السَلَامُ– വാദിച്ചത്, ആദം വിലക്കപ്പെട്ട വൃക്ഷത്തിൽനിന്ന് ഭക്ഷിച്ചതു കാരണമാണ് മനുഷ്യ മക്കൾ സ്വർഗ്ഗത്തിൽനിന്ന് ബഹിഷ്‌കൃതരായത്, ആദമിൻെറ പാപമാണ് ഈ ആപത്തിനു കാരണം എന്നാണ്. ആദം –عَلَيْهِ السَلَامُ– അതിനു മറുപടി പറഞ്ഞത് മനുഷ്യ മക്കൾ ഭൂലോകത്തേക്ക് മാറേണ്ടി വന്നത് എന്നെ സൃഷ്ടിക്കുന്നതിന് മുമ്പേ അല്ലാഹു കണക്കാക്കിയ വിധി പ്രകാരമാണ് എന്നാണ്. അല്ലാതെ ഞാൻ തെറ്റു ചെയ്തത് അല്ലാഹു കണക്കാക്കിയതു കൊണ്ടാണ് എന്നല്ല. അദ്ദേഹം താൻ ചെയ്ത തെറ്റിന് വിധിയെ മറയാക്കിയില്ല. അതിൽനിന്ന് അദ്ദേഹം പശ്ചാത്തപിച്ച് മടങ്ങുകയാണ് ചെയ്തത്. ആപത്തുകൾ ബാധിക്കുന്നത് അല്ലാഹുവിൻെറ വിധിപ്രകാരമാണ് എന്ന യാഥാർത്ഥ്യമാണ് അദ്ദേഹത്തിൻെറ ന്യായത്തിലുള്ളത്. ആപത്തുകളിൽ ക്ഷമിക്കുകയും അല്ലാഹുവിൻെറ വിധിക്ക് കീഴ്‌പ്പെട്ട് അതിൽ തൃപ്തിയടയുകയുമാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. അതാണ് അദ്ദേഹം ചെയ്തത്. വിധിയെ പാപം ചെയ്യാനുള്ള മറയാക്കലും ആപത്തുകൾ സംഭവിക്കുന്നത് വിധി പ്രാകരമാണെന്ന് പറയുന്നതും രണ്ടും രണ്ടാണ്. അവ തമ്മിലുള്ള വ്യത്യാസം സൂക്ഷ്മദൃക്കുകൾക്ക് അനായാസം മനസ്സിലാക്കാവുന്നതേയുള്ളു.

അധിക വായനക്കായി ഖദരിയ്യഃ [വിധിവിശ്വാത്തിലുള്ള വിലോപം] എന്ന ലേഖനം കാണുക.