﴿ وَلِلَّهِ الْمَشْرِقُ وَالْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ ۚ إِنَّ اللَّهَ وَاسِعٌ عَلِيمٌ (115)

വിശുദ്ധ ഖുർആൻ വിവരണത്തിൽ  മേൽ സൂക്തത്തിനു നൽകിയ വ്യാഖാനം തെറ്റിദ്ധാരണാജനകമാണ്. അതിലെ ചില വരികൾ ശ്രദ്ധിക്കുക:

〈ഏതെങ്കിലും ഭാഗവുമായോ പ്രദേശവുമായോ അവന് പ്രത്യേകം അടുപ്പവും ബന്ധവുമില്ല… അതിനാൽ അവനു വേണ്ടി ചെയ്യുന്ന ആരാധാനാ കർമ്മങ്ങളിലും പ്രാർത്ഥനകളിലും ഇന്ന ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടായെങ്കിലേ അവൻെറ ആഭിമുഖ്യവും ശ്രദ്ധയും അതിലുണ്ടാവുകയുള്ളു എന്നില്ല. അവൻ ഏതെങ്കിലും സ്ഥലത്തോ ഭാഗത്തോ പരിമിതമായുള്ളവനല്ല… ഒരു പ്രത്യേക ഭാഗം ഖിബ്‌ലയാക്കി നിശ്ചയിക്കപ്പെടുന്നത് അല്ലാഹു ആ ഭാഗത്തായത് കൊണ്ടോ ആ ഭാഗത്തോട് അവന് പ്രത്യേക ബന്ധം ഉള്ളതു കൊണ്ടോ അല്ല. സമുദായത്തിൻെറ ഏകീകരണം, സൗകര്യം തുടങ്ങിയ പല ലക്ഷ്യങ്ങളെയും ഉന്നമാക്കിക്കൊണ്ടാണത്… ‘അല്ലാഹുവിൻെറ മുഖം (وجه الله)’, ‘അല്ലാഹുവിൻെറ കൈ (يد الله)’ എന്നൊക്കെ ഖുർആനിലോ ഹദീസിലോ പ്രയോഗിച്ചു കാണുമ്പോൾ, അതിനൊന്നും സ്വന്തം വകയായി വ്യാഖ്യാനങ്ങൾ നൽകാതെ, ‘വാക്കിൻെറ അർത്ഥം നമുക്ക് അറിയാം – അതിൻെറ യാഥാർത്ഥ്യം എന്താണെന്ന് നമുക്ക് അറിഞ്ഞുകൂടാ’ എന്നു പറയലാണ് മുൻഗാമി (سلف)കളായ മഹാന്മാരുടെ പതിവ്. അവരതിൽ വിശ്വസിക്കുകയും, യഥാർത്ഥം അല്ലാഹുവിനറിയാമെന്നു വെച്ച് വിട്ടേക്കുകയും ചെയ്യും. പിൻഗാമി (خلف) കളിൽ പലരും സന്ദർഭത്തിനൊത്ത് അവക്ക് ചില വ്യാഖ്യാനം നൽകുകയാണ് പതിവ്. രണ്ടു കൂട്ടരുടെയും ലക്ഷ്യം അല്ലാഹവിന് സൃഷ്ടികളോട് വല്ല വിധത്തിലും സാമ്യത തോന്നിക്കുന്ന അർത്ഥം ആ വാക്കുകൾക്ക് കൽപിക്കാതിരിക്കുക എന്നുള്ളതത്രെ. കൂടുതൽ സുരക്ഷിതമായ മാർഗ്ഗം മുൻഗാമികളുടേതാണു താനും.〉 (വിശുദ്ധ ഖുർആൻ വിരണം, പുറം 1/233-234)

ചില സ്ഥലങ്ങളോടും കാലങ്ങളോടും വ്യക്തികളോടുമെല്ലാം അല്ലാഹുവിന്ന് പ്രത്യേകമായ അടുപ്പവും സ്നേഹവും ഉണ്ടെന്നതാണ് യാഥാർത്ഥ്യം. അതേപോലെ, മറ്റു ചിലതിനോട് വെറുപ്പും കോപവുമുള്ളതായും പറയപ്പെട്ടിട്ടുണ്ട്. താഴെ കൊടുക്കുന്ന ഹദീസ് കാണുക:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ ﷺ: أَحَبُّ الْبِلَادِ إِلَى اللَّهِ مَسَاجِدُهَا وَأَبْغَضُ الْبِلَاد إِلَى الله أسواقها. [مسلم في صحيحه]

〈അബൂ ഹുറെയ്റഃ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: ഭൂഭാഗങ്ങളിൽ വെച്ച് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് മസ്‌ജിദുകളാണ്. ഭൂഭാഗങ്ങളിൽ വെച്ച് അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളത് ചന്തകളുമാണ്.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

അവയിൽ തന്നെ മസ്‌ജിദുൽ ഹറാം, അൽ മസ്‌ജിദുന്നബവി, അൽ മസ്‌ജിദുൽ അഖ്‌സ്വാ എന്നിവയുടെ കാര്യം പ്രത്യേകം പറയപ്പെട്ടിട്ടുള്ളതാണ്. അതു പോലെ ചില പ്രത്യേക സമയങ്ങൾ, വ്യക്തികൾ എന്നിവയോടുള്ള അല്ലാഹുവിൻെറ സ്നേഹവും അടുപ്പവും പ്രമാണങ്ങളിൽ വന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ വിശുദ്ധ ഖുർആൻ വിവരണത്തിൻെറ കർത്താക്കളും അംഗീകരിക്കുമെന്നതിൽ സംശയമില്ല. എങ്കിലും വായനക്കാർ തെറ്റിദ്ധരിക്കത്തക്ക വിധത്തിലാണ് കാര്യം പറഞ്ഞു പോയിരിക്കുന്നത്. അതിനാൽ ഉണർത്തിയെന്നു മാത്രം.

അല്ലാഹുവിനെ കുറിച്ച് ‘അവൻ ഏതെങ്കിലും സ്ഥലത്തോ ഭാഗത്തോ പരിമിതമായവനല്ല’ എന്ന പരാമർശവും തെറ്റിദ്ധാരണാജനകമാണ്. അല്ലാഹു എവിടെ എന്നത് ദീനിൽ ഏറെ പ്രാധാന്യമുള്ള ചോദ്യമാണ്. അതിനുള്ള ഉത്തരം ഉപരിയിലാണ്, മീതെയാണ് എന്നാണല്ലോ. ഉപരിയിൽ, മീതെ എന്നു പറയുന്നതും ഒരു ഭാഗമാണ്. അല്ലാഹു ഉപരിയിലാണെന്നതിന് ആയിരത്തിലധികം തെളിവുകളുണ്ടെന്നാണ് പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്. ആകായാൽ ആ വസ്തുതക്ക് വിരുദ്ധമാകാവുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു.

അല്ലാഹു ഉപരിയിലാണെന്ന് പറയുന്ന ഖുർആൻ സൂക്തങ്ങളെ അശ്അരികൾ ദുർവ്യാഖ്യാനിക്കുകയും, നബിവചനങ്ങളെ കുറിച്ച് അവ വിശ്വാസകാര്യങ്ങൾ സ്ഥിരീകരിക്കാൻ പര്യാപ്തമല്ലാത്ത വ്യക്തിയധിഷ്ഠിത റിപ്പോർട്ടുകളാണെന്ന് പറഞ്ഞ് തള്ളുകയുമാണ് പതിവ്. മുകളിൽ കൊടുത്തതു പോലുള്ള പരാമർശങ്ങൾ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഉണ്ടാവാൻ കാരണം അശ്അരിയ്യഃത്തിൻെറ സ്വാധീനം തന്നെ.

അല്ലാഹുവിൻെറ മുഖം, അല്ലാഹുവിൻെറ കൈ… പോലുള്ള പ്രയോഗങ്ങളെ കുറിച്ച് ‘വാക്കിൻെറ അർത്ഥം നമുക്ക് അറിയാം – അതിൻെറ യാഥാർത്ഥ്യം എന്താണെന്ന് നമുക്ക് അറിഞ്ഞുകൂടാ’ എന്നു പറയലാണ് മുൻഗാമി (سلف) കളായ മഹാന്മാരുടെ പതിവ് എന്ന പരാമർശവും സൂക്ഷ്മമല്ല. അതിൻെറ അർത്ഥം അറിയാം, രൂപം (كيفية) നമുക്ക് അറിയില്ല എന്നതാണ് സലഫുകളുടെ നിലപാട്. യാഥാർത്ഥ്യവും രൂപവും (الحقيقة والكيفية) രണ്ടും രണ്ടു തന്നെയാണ്. യാഥാർത്ഥ്യം നമുക്ക് അറിയില്ല എന്നത് തഫ്‌വീള് (تَفْوِيضٌ) ആണ്. മുഫവ്വിളഃ വിഭാഗത്തിൻെറ ഈ തെറ്റായ രീതി സലഫുകളേടെതിൽനിന്ന് തീർത്തും വ്യത്യസ്തവുമാണ്. അത് സലഫുകളുടെമേൽ ചാർത്തുക എന്നത് അശ്അരികൾ ചെയ്യാറുള്ള ഒരു തെറ്റായ നടപടിയാണ്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്!

തുടർന്ന്, പിൻഗാമികളിൽ (خلف) പലരും മുഖം, കൈ (وجه، يد) പോലുള്ള സ്വിഫാതുകളെ സന്ദർഭത്തിനൊത്ത് വ്യാഖ്യാനിക്കുകയാണ് പതിവ് എന്നു രേഖപ്പെടുത്തുന്നുണ്ട്. എങ്കിൽ പിന്നെ ആ നിലപാടിനെ നിശിതമായി വിമർശിക്കുകയാണ് ചെയ്യേണ്ടത്. പകരം ‘രണ്ടു കൂട്ടരുടെയും ലക്ഷ്യം അല്ലാഹുവിന് സൃഷ്ടികളോട് വല്ല വിധത്തിലും സാമ്യത തോന്നിക്കുന്ന അർത്ഥം ആ വാക്കുകൾക്ക് കൽപിക്കാതിരിക്കുക എന്നുള്ളതത്രെ’ എന്നു പറഞ്ഞു കൊണ്ട് അതിനെ വെള്ളപൂശാൻ ശ്രമിക്കുകയാണ് ചെയ്തിരിക്കുന്നത്. സ്വിഫാതുകളെ വ്യാഖ്യാനിക്കുകയും അല്ലാഹുവിനെ നിർഗ്ഗുണനായി ചിത്രീകരിക്കുകയും (تعطيل) ചെയ്യുന്ന വ്യാജവാദികളുടെയും സലഫുകളുടെയും ലക്ഷ്യം ഒന്നാണ് എന്നു പറഞ്ഞ് അവരെ രക്ഷപ്പെടുത്തുന്നത് ഒട്ടും ശരിയല്ല. ഇതെല്ലാം സലഫിയ്യത്തും അശ്അരിയ്യത്തും തമ്മിലുള്ള വ്യത്യാസം അറിയാത്തതു കൊണ്ടാണെന്നേ പറയാൻ കഴിയൂ. അധിക വായനക്കായി അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങൾ എന്ന ലേഖനം കാണുക.

അശ്അരികൾ ഉയർത്തിപ്പിടിക്കുന്ന അപകടകരമായ ഒരു വാക്യമുണ്ട്: “മുൻഗാമികളുടെ മാർഗ്ഗമാണ് കൂടുതൽ സുരക്ഷിതം, പിൻഗാമികളുടെ മാർഗ്ഗം കൂടുതൽ വൈജ്ഞാനികവും  – طريقة السلف أسلم، وطريقة الخلف أعلم وأحكم).” അശ്അരികളുടെ ഏറെ വിഷലിപ്തമായ ഈ വരികളെ തന്നെയാണ് ഗ്രന്ഥകർത്താവ് തൻെറ നിലപാടിനുള്ള നീതീകരണമായി ഇവിടെ കൂട്ടുപിടിച്ചിരിക്കുന്നത്. പ്രസ്തുത വാക്യത്തിൽ അടങ്ങിയിരിക്കുന്ന അപകടം ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ തന്നെ വിശദീകരിക്കുന്നത് കാണുക:

ولا يجوز أيضًا أن يكون الخالفون أعلم من السالفين كما يقوله بعض الأغبياء ممن لم يقدر قدر السلف، بل ولا عرف الله ورسوله والمؤمنين به حقيقة المعرفة المأمور بها من أن طريقة السلف أسلم وطريقة الخلف أعلم [ابن تيمية في الفتوى الحموية الكبرى]

〈പിൻഗാമികൾ മുൻഗാമികളെക്കാൾ അറിവുള്ളവരാണെന്നു വെക്കാൻ പറ്റില്ല. അങ്ങനെ പറയാറുള്ളത് സലഫുകളുടെ മൂല്യം എന്തെന്ന് അറിയാത്ത ചില വിഡ്ഢികളാണ്. എന്നല്ല, മുൻഗാമികളുടെ മാർഗ്ഗമാണ് കൂടുതൽ സുരക്ഷിതം, പിൻഗാമികളുടെ മാർഗ്ഗം കൂടുതൽ വൈജ്ഞാനികവും എന്നു പറയുന്നവർ അല്ലാഹുവിനെയോ അവൻെറ ദൂതനെയോ വിശ്വാസികളെയോ സംബന്ധിച്ച് കൽപിക്കപ്പെട്ട പോലെ യഥാവിധം മനസ്സിലാക്കിയിട്ടില്ലാത്തവരാണ്.〉 (ഇബ്‌നു തൈമിയ്യഃ അൽ ഫതാവാ അൽ ഹമവിയ്യത്തുൽ കുബ്റായിൽ രേഖപ്പെടുത്തിയത്)

ചുരുക്കത്തിൽ, മേൽ സൂക്തത്തിൻെറ വ്യാഖ്യാനത്തിൽ – മറ്റനേകം സന്ദർഭങ്ങളിലെന്ന പോലെ – അശ്അരികളുടെ വിശ്വാസാദർശങ്ങൾ അഹ്‌ലുസ്സുന്നയുടെ വിശ്വാസ കാര്യങ്ങളുമായി കൂട്ടിക്കുഴക്കുകയാണ് ചെയ്തിരിക്കുന്നത്. കലർപ്പില്ലാത്ത സലഫീ മാർഗ്ഗം അതിൽ കാണുന്നില്ല. വിശുദ്ധ ഖുർആൻ വിവരണത്തിൽ സലഫുകൾ എന്നോ സലഫുകളുടെ രീതിയെന്നോ പറയുമ്പോൾ അത്  അശ്അരികൾ പറയുന്ന വിവക്ഷ പ്രകാരമാണു താനും. അതിനാൽ ശരിയായ സലഫിയ്യത്ത് അതിൽനിന്ന് വേർതിരിക്കപ്പെടേണ്ടതായി വരുന്നു.

കൂടാതെ, കഅ്ബയിലേക്കുള്ള ഖിബ്‌ലഃ മാറ്റത്തെ കുറിച്ച് നൽകിയ  വിവരണവും സൂക്ഷ്മമല്ല. അപ്രസക്തമോ അനാവശ്യമോ ആയ കുറേ അഭിപ്രായങ്ങൾ ഉദ്ധരിക്കുകയും അനിവാര്യമായും പറഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിട്ടുകളയുകയും ചെയ്തിരിക്കുന്നു. ആദ്യമേ മസ്‌ജിദുൽ അഖ്‌സ്വായിലേക്ക് തിരിഞ്ഞാണ് നബി ﷺ  യും അനുയായികളും നമസ്കരിച്ചിരുന്നത്. മദീനയിൽ ചെന്നപ്പോൾ ജൂതന്മാരെ തൃപ്തിപ്പെടുത്താൻ മസ്‌ജിദുൽ അഖ്‌സ്വായിലേക്ക് തിരിഞ്ഞു നമസ്കരിച്ചു എന്നത് വസ്തുതാപരമല്ല. അല്ലാഹുവിൻെറ കൽപന പ്രകാരമല്ലാതെ നബി ﷺ ഒരു കാര്യവും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യില്ല. അതേ സമയം, കഅ്ബയിലേക്ക് ഖിബ്‌ലഃ മാറ്റിക്കിട്ടുക എന്നത് അവിടുത്തെ ഒരു ആഗ്രഹം തന്നെയായിരുന്നു. അതിനു വേണ്ടി അവിടുന്ന് പ്രാർത്ഥിച്ചിരുന്നതുമാണ്. അത് അല്ലാഹു സ്വീകരിക്കുകയും കഅ്ബയിലേക്ക് തിരിയാൻ കൽപിക്കുകയും ചെയ്തു. ഇതാണ് വസ്തുത. ‘സമുദായത്തിൻെറ ഏകീകരണം, സൗകര്യം തുടങ്ങിയ പല ലക്ഷ്യങ്ങളെയും ഉന്നമാക്കിക്കൊണ്ടാണത്’ എന്നത് മതിയായ വിശദീകരണമല്ല. യഥാർത്ഥത്തിൽ ഖിബ്‌ല മാറ്റത്തിൻെറ ഫലങ്ങളിൽപെട്ട കാര്യങ്ങളാണവ. അതിൻെറ ലക്ഷ്യം അല്ലാഹു തന്നെ വിശദീകരിക്കുന്നുണ്ട്. അത് ഇപ്രകാരം വായിക്കാം:

﴿ وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنتَ عَلَيْهَا إِلَّا لِنَعْلَمَ مَن يَتَّبِعُ الرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى الَّذِينَ هَدَى اللَّهُ ۗ وَمَا كَانَ اللَّهُ لِيُضِيعَ إِيمَانَكُمْ ۚ إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَّحِيمٌ ﴾ (البقرة 143)

〈റസൂലിനെ പിന്‍പറ്റുന്നതാര്, പിന്‍മാറിക്കളയുന്നതാര് എന്ന് തിരിച്ചറിയാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ് ലയായി നിശ്ചയിച്ചു തന്നിരുന്നത്. അല്ലാഹു നേര്‍വഴി കാണിച്ചവർക്കൊഴികെ മറ്റെല്ലാവര്‍ക്കും അത് ഒരു വലിയ പ്രശ്നമായിരിക്കും! നിങ്ങളുടെ വിശ്വാസത്തെ (ഇതുവരെ നിർവ്വഹിച്ച നമസ്കാരങ്ങളെ) അല്ലാഹു പാഴാക്കിക്കളയുകയില്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണ ചൊരിയുന്നവനുമാകുന്നു.〉 (ബഖറഃ 143)

ആർ നബി ﷺ യെ പിന്തുടരുന്നു (اتباع) എന്ന പരിശോധനയാണ് ഖിബ്‌ല മാറ്റത്തിൻെറ ലക്ഷ്യം. അല്ലാഹു തന്നെ അത് വ്യക്തമാക്കിയ നിലക്ക് അക്കാര്യം വ്യാഖ്യാനത്തിൽ വിട്ടുകളയരുതായിരുന്നു. മാത്രമല്ല, അല്ലാഹുവിൻെറയും റസൂലിൻെറയും കൽപനക്ക് സർവഥാ കീഴ്‌പ്പെടുക എന്നതിലാണ് വിശ്വാസത്തിൻെറ പ്രകാശനം. അല്ലാഹുവിൻെറ കൽപനകൾക്കനുസരിച്ച് പ്രവർത്തിക്കുകയല്ലാതെ മറ്റുള്ളവരുടെ അഭീഷ്ടങ്ങൾക്കു വഴങ്ങുക എന്നത് നബി ﷺ ക്കും അനുവദനീയമല്ല. അല്ലാഹു പറയുന്നു:  

﴿ وَلَئِنْ أَتَيْتَ الَّذِينَ أُوتُوا الْكِتَابَ بِكُلِّ آيَةٍ مَّا تَبِعُوا قِبْلَتَكَ ۚ وَمَا أَنتَ بِتَابِعٍ قِبْلَتَهُمْ ۚ وَمَا بَعْضُهُم بِتَابِعٍ قِبْلَةَ بَعْضٍ ۚ وَلَئِنِ اتَّبَعْتَ أَهْوَاءَهُم مِّن بَعْدِ مَا جَاءَكَ مِنَ الْعِلْمِ ۙ إِنَّكَ إِذًا لَّمِنَ الظَّالِمِينَ ﴾ (البقرة 145)

〈സകലമാന ദൃഷ്ടാന്തങ്ങളുമായി ഗ്രന്ഥം നല്‍കപ്പെട്ടവരെ നീ സമീപിച്ചാലും അവർ നിൻെറ ഖിബ്‌ലഃ പിന്തുടരുകയില്ല. നീ അവരുടെ ഖിബ്‌ലഃ പിന്തുടരുന്നവനുമല്ല. അവരില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിൻെറ ഖിബ്‌ല പിന്തുടരാനും പോകുന്നില്ല. ശരിയായ അറിവ് ലഭിച്ച ശേഷം നീ അവരുടെ അഭീഷ്ടങ്ങൾ പിന്‍പറ്റിയാല്‍ നീ തന്നെയും അതിക്രമകാരികളുടെ കൂട്ടത്തിൽപെട്ടുപോകും.〉 (ബഖറഃ 145)

ഖിബ്‌ലഃ മാറ്റത്തിൽ മാറ്റുരച്ചു നോക്കിയത് ആർ നബി ﷺ യെ പൂർണ്ണ മനസ്സോടെ പിന്തുടരുന്നു (اتباع) എന്നതാണ്. ഖിബ്‌ലഃ മാറ്റം ലോകത്തിനു മുന്നിൽ ഇത്തിബാഇൻെറ ഒരു മഹനീയ മാതൃക തന്നെ രചിക്കുകയും ചെയ്തിട്ടുണ്ട്.

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ: بَيْنَا النَّاسُ بِقُبَاءٍ فِي صَلاَةِ الصُّبْحِ، إِذْ جَاءَهُمْ آتٍ، فَقَالَ: إِنَّ رَسُولَ اللَّهِ ﷺ قَدْ أُنْزِلَ عَلَيْهِ اللَّيْلَةَ قُرْآنٌ، وَقَدْ أُمِرَ أَنْ يَسْتَقْبِلَ الكَعْبَةَ، فَاسْتَقْبِلُوهَا، وَكَانَتْ وُجُوهُهُمْ إِلَى الشَّأْمِ، فَاسْتَدَارُوا إِلَى الكَعْبَةِ. [البخاري في صحيحه]

〈ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: ജനങ്ങൾ ഖുബാ പള്ളിയിൽ വെച്ച് സുബ്ഹ് നമസ്കരിച്ചുകൊണ്ടിരിക്കെ അവിടേക്ക് ഒരു ആഗതനെത്തി. അദ്ദേഹം പറഞ്ഞു: ഈ രാത്രിയിൽ നബി ﷺ ക്ക് ഖുർആൻ അവതരിച്ചതു പ്രകാരം കഅ്ബയിലേക്ക് തിരിയാൻ കൽപിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ അതിലേക്ക് തിരിയുവീൻ. ശാമിനെ അഭിമുഖീകരിച്ചു നിന്നിരുന്ന അവർ നേരെ കഅ്ബയിലേക്ക് തിരിയുകയും ചെയ്തു.〉 (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

പുതിയവ