﴿ تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْأَلُونَ عَمَّا كَانُوا يَعْمَلُونَ ﴾ (141)
〈മക്കാ ജീവിത കാലത്ത് നബി (സ) ഖിബ്‌ലയായി (അഭിമുഖ കേന്ദ്രമായി) നമസ്കാരത്തിൽ അംഗീകരിച്ച് പോന്നത് കഅ്ബയായിരുന്നുവെന്നും, ബൈത്തുൽ മുഖദ്ദസ് ആയിരുന്നുവെന്നും, അതല്ല, രണ്ടിനെയും അഭിമുഖീകരിച്ചുകൊണ്ടായിരുന്നു നമസ്കരിച്ചിരുന്നതെന്നുമൊക്കെ അഭിപ്രായങ്ങൾ കാണാം. ഏതായാലും അത് അല്ലാഹുവിൽനിന്നുള്ള വല്ല പ്രത്യേക കൽപനയും അനുസരിച്ചായിരുന്നുവോ, അല്ലേ എന്നുള്ളതിന് പറയത്തക്ക തെളിവുകളൊന്നുമില്ല. മദീനായിൽ ചെന്ന ശേഷം, പതിനാറോ, പതിനേഴോ മാസക്കാലം ബൈത്തുൽ മുഖദ്ദസിനെ ഖിബ്‌ലയാക്കിക്കൊണ്ടായിരുന്നു നബി (സ)യും സത്യവിശ്വാസികളും നമസ്കരിച്ചിരുന്നത്. മദീന ജൂതന്മാരുടെ അധിവാസ കേന്ദ്രമായിരുന്നതു കൊണ്ട് അവരെ ഇസ്‌ലാമിലേക്ക് ആകർഷിക്കുവാനുള്ള ഒരു മാർഗ്ഗമെന്ന നിലക്ക് കൂടിയായിരുന്നു അതെന്ന് പറയപ്പെടുന്നു. ഇതും അല്ലാഹുവിങ്കൽനിന്നുള്ള വല്ല കൽപന പ്രകാരമായിരുന്നുവോ അല്ലേ എന്ന് ഉറപ്പിക്കത്തക്ക തെളിവുകൾ കാണുന്നില്ല. എങ്കിലും അല്ലാഹുവിങ്കൽനിന്ന് വഹ്‌യു മൂലമുള്ള ഒരു നിർദ്ദേശമനുസരിച്ചായിരുന്നു ഇതെന്ന് അടുത്ത വചനത്തിൽനിന്ന് മനസ്സിലാകുന്നുവെന്നു മാത്രം. വാസ്തവം അല്ലാഹവിനറിയാം. (വിശുദ്ധ ഖുർആൻ വിരണം, പുറം 1/260)
മേൽ വ്യാഖ്യാനം വായിക്കുമ്പോൾ വലിയ സങ്കടമാണ് തോന്നുന്നത്. ഒന്നിനും ഒരു തിട്ടവുമില്ല. ഒരു കാര്യത്തിനും തീർപ്പോ നിർണ്ണയമോ പറയാനാവുന്നില്ല. ഉണ്ടോ എന്നുറക്കെ ചോദിച്ചാൽ ഇല്ലെന്നും, ഇല്ലേ എന്നുറക്കെ ചോദിച്ചാൽ ഉണ്ടെന്നും മറുപടി ലഭിക്കുന്ന അവസ്ഥ! ആകെക്കൂടി അവ്യക്തതയും അങ്കലാപ്പും ആശയക്കുഴപ്പവും മുറ്റിനിൽക്കുകയാണ്!!
അനാവശ്യവും അപ്രസക്തവുമായ അഭിപ്രായങ്ങൾ ഉദ്ധരിച്ച് വായനക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നതെന്തിന്? അത് തീർത്തും ഒഴിവാക്കേണ്ടതായിരുന്നില്ലേ?പ്രസക്തമായ അഭിപ്രായങ്ങൾ മാത്രം ഉദ്ധരിക്കുക എന്നതാണ് ശരിയായ രീതി. അങ്ങനെ ഉദ്ധരിക്കുകയാണെങ്കിൽ തന്നെ മുൻഗണനാക്രമം പാലിക്കേണ്ടതുണ്ട്. ശേഷം അവയിൽ ഏതാണ് ശരി എന്ന് നിർണ്ണയിക്കേണ്ടതും, തീർപ്പാക്കാൻ അവലംബിച്ച മാനദണ്ഡങ്ങളും തെളിവുകളും വിശദീകരിക്കേണ്ടതുമാണ്. അവ സലഫുകൾക്കിടയിൽ അംഗീകാരമുള്ളതും അവരുടെ രീതിയനുസരിച്ചുമായിരിക്കണം. അപ്പോൾ മാത്രമേ സലഫീങ്ങളുടെ മാതൃകയനുസരിച്ചുള്ള ഖുർആൻ വിവരണമാവുകയുള്ളു.
പ്രാഥമികമായി നാം ഓരോരുത്തരും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ട ഒരു വസ്തുതയുണ്ട്: നബി ﷺ വഹ്‌യിൻെറ അടിസ്ഥാനത്തിലല്ലാതെ ഒരു കാര്യവും ചെയ്യുകയില്ല. അല്ലാഹു പറയുന്നു:
﴿ وَمَا يَنْطِقُ عَنِ الْهَوَى ۞ إِنْ هُوَ إِلَّا وَحْيٌ يُوحَى ﴾ (النجم: 3، 4)
〈അവിടുന്ന് അഭീഷ്ടമനുസരിച്ചല്ല സംസാരിക്കുന്നത്. അത് ബോധനം ചെയ്യപ്പെടുന്ന വഹ്‌യല്ലാതെ മറ്റൊന്നുമല്ല.〉 (നജ്‌മ് 3, 4)
ഈ പ്രാഥമിക തത്വം പോലും അവഗണിച്ചുകൊണ്ടാണ് കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. ഈ വ്യാഖ്യാനം നബി ﷺ യുടെ നടപടികളെ കുറിച്ച് വായനക്കാരിൽ സംശയം ജനിപ്പിക്കുകയേ ഉള്ളു. മാത്രമല്ല, മതപരമായ കാര്യങ്ങളിൽ ഒന്നിനും ഒരു നിശ്ചയമില്ലെന്നും അത് ആവശ്യമുള്ള കാര്യമല്ലെന്നും തെറ്റിദ്ധരിച്ചു പോവുകയും ചെയ്യും. ഖിബ്‌ലഃ മാറ്റത്തെ കുറിച്ച് അവശ്യം മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ ബഖറഃ 115-ാം സൂക്തത്തിനു നൽകിയ വിശദീകരണത്തിൽ പറഞ്ഞിട്ടുണ്ട്. അത് ഇവിടെ ആവർത്തിക്കുന്നില്ല.
സലഫുകളുടെ രീതി പിന്തുടരാതിരുന്നതാണ് ഈ ദുർഗതിക്കു കാരണം. സലഫുകളുടെ രീതി എന്ന് പറയുമ്പോൾ അശ്അരികളും മാതുരീദികളും അഖ്‌ലാനികളും വിശദീകരിക്കുന്ന സലഫുകളുടെ രീതിയല്ല. അവർ അവതരിപ്പിക്കുന്ന സലഫീ മാർഗ്ഗം മായം ചേർന്നതും വികലവുമാണ്. ശരിയായ അർത്ഥത്തിലുള്ള സലഫുകളുടെ രീതി ആശയക്കുഴപ്പങ്ങളില്ലാത്ത വിശുദ്ധിയുടെയും വ്യക്തതയുടെയും മാർഗ്ഗമാണ്. അതു തന്നെയാണ് സലഫുകളുടെ മുഖമുദ്രയും. എന്നാൽ ഈ വ്യാഖ്യാനം ഇസ്വ്‌ലാഹിയ്യത്തിൻെറയും ഇഖ്‌വാനിയ്യത്തിൻെറയും ആശയക്കുഴപ്പങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. സലഫുകളുടെ രീതി മനസ്സിലാക്കാൻ ഉപകരിക്കുന്ന ഒരു സംഭവം സാന്ദർഭികമായി ഇവിടെ ഉദ്ധരിക്കട്ടെ.
عَنْ مَسْرُوقٍ، قَالَ: بَيْنَمَا رَجُلٌ يُحَدِّثُ فِي كِنْدَةَ، فَقَالَ: يَجِيءُ دُخَانٌ يَوْمَ القِيَامَةِ فَيَأْخُذُ بِأَسْمَاعِ المُنَافِقِينَ وَأَبْصَارِهِمْ، يَأْخُذُ المُؤْمِنَ كَهَيْئَةِ الزُّكَامِ، فَفَزِعْنَا، فَأَتَيْتُ ابْنَ مَسْعُودٍ، وَكَانَ مُتَّكِئًا فَغَضِبَ فَجَلَسَ، فَقَالَ: مَنْ عَلِمَ فَلْيَقُلْ، وَمَنْ لَمْ يَعْلَمْ فَلْيَقُلِ اللَّهُ أَعْلَمُ، فَإِنَّ مِنَ العِلْمِ أَنْ يَقُولَ لِمَا لاَ يَعْلَمُ: لاَ أَعْلَمُ، فَإِنَّ اللَّهَ قَالَ لِنَبِيِّهِ ﷺ: ﴿قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ المُتَكَلِّفِينَ﴾ [ص: 86]، وَإِنَّ قُرَيْشًا أَبْطَئُوا عَنِ الإِسْلاَمِ، فَدَعَا عَلَيْهِمُ النَّبِيُّ ﷺ فَقَالَ: اللَّهُمَّ أَعِنِّي عَلَيْهِمْ بِسَبْعٍ كَسَبْعِ يُوسُفَ، فَأَخَذَتْهُمْ سَنَةٌ حَتَّى هَلَكُوا فِيهَا، وَأَكَلُوا المَيْتَةَ وَالعِظَامَ، وَيَرَى الرَّجُلُ مَا بَيْنَ السَّمَاءِ وَالأَرْضِ كَهَيْئَةِ الدُّخَانِ، فَجَاءَهُ أَبُو سُفْيَانَ فَقَالَ: يَا مُحَمَّدُ جِئْتَ تَأْمُرُنَا بِصِلَةِ الرَّحِمِ، وَإِنَّ قَوْمَكَ قَدْ هَلَكُوا فَادْعُ اللَّهَ، فَقَرَأَ: ﴿فَارْتَقِبْ يَوْمَ تَأْتِي السَّمَاءُ بِدُخَانٍ مُبِينٍ﴾ [الدخان: 10] إِلَى قَوْلِهِ: ﴿عَائِدُونَ﴾ [الدخان: 15] أَفَيُكْشَفُ عَنْهُمْ عَذَابُ الآخِرَةِ إِذَا جَاءَ ثُمَّ عَادُوا إِلَى كُفْرِهِمْ، فَذَلِكَ قَوْلُهُ تَعَالَى: ﴿يَوْمَ نَبْطِشُ البَطْشَةَ الكُبْرَى﴾ [الدخان: 16]: يَوْمَ بَدْرٍ وَلِزَامًا: يَوْمَ بَدْرٍ ﴿الم غُلِبَتِ الرُّومُ﴾ [الروم: 2] إِلَى ﴿سَيَغْلِبُونَ﴾ [الروم: 3]: وَالرُّومُ قَدْ مَضَى. [البخاري في صحيحه]
〈താബിഈവര്യനായ മസ്റൂഖ് നിവേദനം ചെയ്യുന്നു. കിൻദഃയിൽ വെച്ച് ഒരാൾ ദീൻ കാര്യങ്ങളെ കുറിച്ച് സംസാരിക്കവെ ഇപ്രകാരം പറയുകയുണ്ടായി: “അന്ത്യനാളിൽ ഒരു ധൂമം പുറപ്പെടും. അത് കപടന്മാരുടെ കേൾവിയും കാഴ്ചയും പിടികൂടും. വിശ്വാസിയെ അത് പിടികൂടുന്നത് ജലദോഷ രൂപത്തിലായിരിക്കും”. അങ്ങനെ ഞങ്ങൾ ഭയചകിതരാവുകയും, ഞാൻ ഇബ്‌നു മസ്ഊദിനെ സമീപിക്കുകയും ചെയ്തു. ചാരിയിരിക്കുകയായിരുന്ന അദ്ദേഹം കുപിതനായി എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു:
അറിവുള്ളവൻ സംസാരിക്കട്ടെ. അറിവില്ലാത്തവൻ അല്ലാഹുവിന്നറിയാം എന്നു പറയട്ടെ. തനിക്ക് അറിയാത്ത കാര്യം എനിക്ക് അറിയില്ല എന്നു പറയുന്നത് തീർച്ചയായും അറിവിൽപെട്ടതാണ്.
നിശ്ചയമായും അല്ലാഹു തൻെറ ദൂതനോട് ആജ്ഞാപിച്ചു: «പറയുക: ഞാൻ ഇതിൻെറ പേരിൽ നിങ്ങളോട് ഒരു പ്രതിഫലവും ചോദിക്കുന്നില്ല; ഞാൻ കൃത്രിമത്വം കാണിക്കുന്ന നാട്യക്കാരനുമല്ല». (സ്വാദ് 86)
ഖുറൈശികൾ ഇസ്‌ലാമിലേക്ക് വരാൻ വിളംബം വരുത്തി. അപ്പോൾ അവർക്കെതിരിൽ നബി ﷺ പ്രാർത്ഥിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവേ, യൂസുഫ് നബിയുടെ കാലത്തെ വരൾച്ചയുടെ ഏഴാണ്ടുകൾ പോലെയുള്ള ഏഴാണ്ടുകൾ നൽകിക്കൊണ്ട് അവർക്കെതിരിൽ നീ എന്നെ സാഹയിക്കണേ.”
അങ്ങനെ അവരെ ഒരു വർഷം ക്ഷാമം പിടികൂടുകയും അവർ വലിയ നാശത്തിൽ അകപ്പെടുകയും ചെയ്തു. അവർ ശവങ്ങളും എല്ലുകളും ഭക്ഷിച്ചു. ഒരാൾ നോക്കിയാൽ ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരു പുക മാത്രമാണ് കണ്ടിരുന്നത്. അങ്ങനെ അബൂ സുഫ്‌യാൻ നബി ﷺ യെ സമീപിച്ചുകൊണ്ട് പറഞ്ഞു:
“ഓ മുഹമ്മദ്! കുടുംബം ചാർത്താൻ കൽപിച്ചുകൊണ്ടാണല്ലോ നീ ഞങ്ങളെ സമീപിച്ചിരുന്നത്. നിൻെറ സ്വന്തക്കാരിതാ നശിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ നീ അല്ലാഹുവിനോടൊന്ന് പ്രാർത്ഥിക്കൂ.”
അപ്പോൾ അവിടുന്ന് സൂറതു ദുഖാൻ സൂക്തം 10 മുതൽ 15 വരെ ഓതിക്കേൾപ്പിച്ചു: «ആകാശം വ്യക്തമായിക്കാണാവുന്ന ഒരു ധൂമം കൊണ്ടുവരുന്ന ദിവസം…അപ്പോൾ നിങ്ങൾ (പഴയ അവസ്ഥയിലേക്ക്) മടങ്ങുക തന്നെ ചെയ്യുമല്ലോ».
ശേഷം അവർ അവരുടെ അവിശ്വാസത്തിലേക്ക് തിരിച്ചുപോയി. ഇനി പരലോക ശിക്ഷ വന്നുകഴിയുമ്പോൾ അതവർക്ക് ഒഴിവാക്കപ്പെടുമോ? അതാണ് അല്ലാഹുവിൻെറ വചനത്തിലുള്ളത്:
«ഏറ്റവും ഭയാനകമായ പിടുത്തം നാം പിടിക്കുന്ന ദിവസം!» (ദുഖാൻ 16)
ബദർ യുദ്ധദിവസം, അതെ, അനിവാര്യമായും ബദർ യുദ്ധദിവസം തന്നെ. തുടർന്ന് അദ്ദേഹം സൂറതു റൂമിലെ 2, 3 സൂക്തങ്ങൾ പാരായണം ചെയ്തു:
അലിഫ്-ലാം-മീം «റോമക്കാര്‍ പരാജയപ്പെടുത്തപ്പെട്ടിരിക്കുന്നു» എന്നു തുടങ്ങി «… അവർ വിജയം നേടുന്നതാണ്» എന്നതു വരെ.
റോമക്കാരുടെ യുഗവും കഴിഞ്ഞിരിക്കുന്നു. 〉 [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്]
മേൽ ഹദീസ് മൂല്യവത്തായ ചില പാഠങ്ങളാണ് മുന്നോട്ടു വെക്കുന്നത്. സുപ്രധാനമായ ചിലതു മാത്രം താഴെ കൊടുക്കാം:
മാലിക് ബിൻ അനസ്, ശാഫിഈ, അഹ്‌മദ് ബിൻ ഹൻബൽ പോലുള്ള മഹാന്മാരായ ഇമാമുകൾ -رَحِمَهُمْ اللهُ جَمِيعًا- അവരുടെ മുന്നിൽ ഉന്നയിക്കപ്പെടുന്ന വലിയൊരു വിഭാഗം ചോദ്യങ്ങൾക്ക് اَللهُ أَعْلَمُ (സൂക്ഷ്മമായി അറിയുന്നവൻ അല്ലാഹുവാണ്) എന്നോ, لَا أَدْرِي (എനിക്ക് അറിയില്ല) എന്നോ ആയിരുന്നു ഉത്തരം നൽകിയിരുന്നത്. ഇമാം അഹ്‌മദിൻെറ പുത്രൻ അബ്ദുല്ലാ رَحِمَهُمَا اللهُ പറയുന്നത് കാണുക:
قَالَ كنت اسْمَع ابي كثيرا يسْأَل عَن الْمسَائِل فَيَقُول لَا ادري وَذَلِكَ اذا كَانَت مَسْأَلَة فِيهَا اخْتِلَاف وَكثير مِمَّا كَانَ يَقُول سل غَيْرِي فَإِن قيل لَهُ من نسْأَل يَقُول سلوا الْعلمَاء وَلَا يكَاد يُسَمِّي رجلا بِعَيْنِه. [مسائل أحمد بن حنبل رواية ابنه عبد الله]
〈എൻെറ പിതാവിനോട് മതപരമായ പ്രശ്നങ്ങളെ കുറിച്ച് ധാരാളമായി ചോദിക്കുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം പറയുമായിരുന്നു: لَا أدْرِي – എനിക്കറിയില്ല. ചോദിക്കപ്പെടുന്ന പ്രശ്നം അഭിപ്രായ വ്യത്യാസം ഉള്ളതാകുമ്പോഴായിരുന്നു അത്. പലപ്പോഴും അദ്ദേഹം പറയാറുണ്ടായിരുന്നത് എന്നോടല്ലാതെ മറ്റാരോടെങ്കിലും ചോദിക്കൂ എന്നാണ്. ഞങ്ങൾ ആരോട് ചോദിക്കണം എന്നു തിരക്കുമ്പോൾ അദ്ദേഹം പറയാറുള്ളത് നിങ്ങൾ പണ്ഡിതന്മാരോട് ചോദിക്കൂ എന്നു മാത്രമാണ്. ഏതെങ്കിലും ഒരു വ്യക്തിയെ നിർണ്ണയിച്ചു കൊടുക്കാറുണ്ടായിരുന്നില്ല. 〉 [അഹ്‌മദ് ബിൻ ഹൻബലിൻെറ മസ്അലകൾ പുത്രൻ അബ്ദുല്ലായുടെ നിവേദനം]
മേൽ സംഭവം അസന്നിഗ്‌ദമായും നമ്മെ തെര്യപ്പെടുത്തുന്നത് ഇതാണ്: ഒരു പ്രശ്നത്തെ കുറിച്ച് വ്യത്യസ്തമായ ഒരു പാട് അഭിപ്രായങ്ങൾ അറിയാം. പക്ഷെ, അതിൽ ഏതാണ് ശരി എന്ന് തീർച്ചപ്പെടുത്താൻ (ترجيح) കഴിയുന്നില്ല. എങ്കിൽ അതെല്ലാം വിവേചന രഹിതമായി ഉദ്ധരിച്ചു പോവുക എന്നത് അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതന്മാർ പിന്തുടരുന്ന രീതിയല്ല. അത്തരം സന്ദർഭങ്ങളിൽ വെറുതെ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉദ്ധരിക്കുന്നതിനു പകരം, എനിക്കറിയില്ല എന്ന് പറയുകയാണ് വേണ്ടത്.
വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും യൂറോപ്പിലും ഏറെ സ്വീകാര്യനായിരുന്ന മൂന്നാം തലമുറയിലെ (تَابِعُ التَابِعِ) പ്രഗത്ഭനായ പണ്ഡിതൻ സഹ്‌നൂൻ رَحِمَهُ اللهُ പറയുന്നത് കാണുക:
قَالَ سَحْنُونُ: إِنِّي لَأَحَفْظُ مَسَائِلَ، مِنْهَا مَا فِيهِ ثَمَانِيَةُ أَقْوَالٍ مِنْ ثَمَانِيَةِ أَئِمَّةٍ مِنَ الْعُلَمَاءِ فَكَيْفَ يَنْبَغِي أَنْ أُعَجِّلَ بِالْجَوَابِ حَتَّى أَتَخَيَّرَ فَلِمَ أُلَامُ عَلَى حَبْسِ الْجَوَابِ. [ابن عبد البر في جامع بيان العلم وفضله]
〈സഹ്‌നൂൻ പറഞ്ഞു: ഞാൻ കുറേ മസ്അലകൾ പഠിച്ചുവെച്ചിട്ടുണ്ട്. അവയിൽ ചിലത് എട്ട് ഇമാമുമാരുടെ എട്ട് അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്നവയാണ്. അതിൽനിന്ന് ശരിയായത് തെരഞ്ഞെടുക്കുന്നതു വരെ ധിറുതിയിൽ ഉത്തരം കൊടുക്കുന്നതിന് എന്തു സാംഗത്യം? താൽക്കാലികമായി മറുപടി നൽകാതിരിക്കുന്നതിൻെറ പേരിൽ എന്തിനാണ് എന്നെ അധിക്ഷേപിക്കുന്നത്? 〉 [ഇബ്‌നു അബ്ദിൽ ബർ ജാമിഉ ബയാനിൽ ഇൽമി വഫള്‌ലിഹിയിൽ ഉദ്ധരിച്ചത്]
വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉദ്ധരിക്കുക എന്നതിലല്ല കാര്യം. പണ്ഡിതന്മാർ അവരുടെ ധർമ്മം നിറവേറ്റേണ്ടത് വ്യത്യസ്തവും ബഹുമുഖവുമായ വീക്ഷണങ്ങളിൽനിന്ന് ശരിയായ വിധി ഏതെന്ന് കണ്ടെത്തി അത് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുത്തുകൊണ്ടാണ്.
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رَحِمَهُ اللهُ ഈ ദുരവസ്ഥയെ കുറിച്ച് പരിതപിക്കുന്നത് കൂടി കാണുക:
فَإِنَّ الْإِنْسَانَ لَا يَعْرِفُ الْحَقَّ فِي كُلِّ مَا تَكَلَّمَ النَّاسُ بِهِ، وَأَنْتَ تَجِدُهُمْ يَحْكُونَ أَقْوَالًا مُتَعَدِّدَةً فِي التَّفْسِيرِ وَشَرْحِ الْحَدِيثِ فِي مَسَائِلِ الْأَحْكَامِ، بَلْ وَالْعَرَبِيَّةِ وَالطِّبِّ وَغَيْرِ ذَلِكَ، ثُمَّ كَثِيرٌ مِنَ النَّاسِ يَحْكِي الْخِلَافَ وَلَا يَعْرِفُ الْحَقَّ. [ابن تيمية في منهاج السنة النبوية]
〈ജനങ്ങൾ ചർച്ച ചെയ്തിട്ടുള്ള വിഷയങ്ങളുടെയെല്ലാം സത്യാവസ്ഥ ഒരു മനുഷ്യന് അറിഞ്ഞു കൊള്ളണമെന്നില്ല. ഖുർആൻ വ്യാഖ്യാനത്തിലും ഹദീസ് വിശദീകരണത്തിലും വിഭിന്നങ്ങളായ അഭിപ്രായങ്ങൾ ഉദ്ധരിക്കുന്നതായി അവരെ നിനക്ക് കാണാം. വിധിവിലക്കുകൾ ഉൾക്കൊള്ളുന്ന പ്രശ്നങ്ങൾ, അറബി ഭാഷാ വിഷയങ്ങൾ, വൈദ്യം ഇങ്ങനെയുള്ള ഏതെങ്കിലും കാര്യത്തിലായിരിക്കാം അത്. എന്നിട്ട് ജനങ്ങളിൽ അധിക പേരും ഭിന്നാഭിപ്രായങ്ങൾ ഉദ്ധരിക്കുക മാത്രമാണ് ചെയ്യുന്നത്; അതിൽ സത്യമേത് എന്നവനറിയില്ല!〉 [ഇബ്‌നു തൈമിയ്യഃ മിൻഹാജുസ്സുന്നത്തിന്നബവിയ്യഃയിൽ രേഖപ്പെടുത്തിയത്]
മേൽ സംഭവങ്ങൾ ഇവിടെ ഉദ്ധരിച്ചത് വിശുദ്ധ ഖുർആൻ വിവരണത്തിൻെറ കർത്താക്കളെ – عَفا اللهُ عَنَّا وعَنْهُمْ – ഇകഴ്‌ത്താനുദ്ദേശിച്ചുകൊണ്ടല്ല. മറിച്ച്, മതപരമായ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദ സ്വന്തത്തെക്കൂടി ഉണർത്താനാണ്. വ്യക്തമായ അറിവും രേഖയും ഉണ്ടെങ്കിൽ അതു മാത്രം സംസാരിക്കുകയും അല്ലാത്തത് അല്ലാഹുവിന്നറിയാം എന്നു പറഞ്ഞ് ആത്മരക്ഷ തേടുകയുമാണ് ചെയ്യേണ്ടത്. ഇബ്‌നു മസ്ഊദ് رضي الله عنه നൽകിയ ഉപദേശം ജീവിതത്തിലുടനീളം പാലിക്കാൻ അല്ലാഹു ഏവർക്കും തൗഫീഖ് നൽകട്ടെ, ആമീൻ.
അധിക വായനക്കായി വ്യക്തത: അഹ്‌ലുസ്സുന്നഃയുടെ വ്യതിരിക്തത എന്ന ലേഖനം കാണുക