﴿ يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ إِنَّ اللَّهَ كَانَ عَفُوًّا غَفُورًا ﴾ [النساء 43]

ചുരുക്കിപ്പറഞ്ഞാൽ, കുളിച്ച് ശുദ്ധിയാകുംമുമ്പ് ജനാബത്തുകാരനു വല്ല ആവശ്യവും നേരിട്ടാൽ പള്ളിയിൽ തങ്ങിനിൽക്കാതെ കടന്നുപോകാവുന്നതാണ്. ആർത്തവമുള്ള സ്ത്രീകളുടെ വിധിയും ഇതു പോലെത്തന്നെ. പള്ളിയിൽ വൃത്തികേടാകുമെന്നു ഭയപ്പെടാത്തപ്പോൾ അവർക്കു വിരോധമില്ലെന്നും ചിലർക്കഭിപ്രായമുണ്ട്. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/670]

ജനാബതുകാരൻ പള്ളിയിൽ തങ്ങുന്നത് വിലക്കപ്പെട്ടിട്ടുണ്ട്. ആവശ്യമാണെങ്കിൽ മുറിച്ചു കടന്നു പോകാം. എന്നാൽ ദിക്റുകൾ ചൊല്ലുന്നത് വിലക്കപ്പെട്ടിട്ടില്ല. നബി ﷺ ജനാബതുകാരനായിരിക്കുമ്പോഴും അല്ലാത്തപ്പോഴും സദാ അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു എന്നാണ് ഹദീസുകളിലുള്ളത്. ഖുർആൻ പാരായണം ചെയ്യുന്നത് അനഭിലഷണീയം (كَرَاهَةٌ) ആണ്; ഹറാമാണെന്നതിന് മതിയായ രേഖകളില്ല. ജനാബതുകാരൻ ഉറങ്ങുന്നതിനു മുമ്പ് സ്വകാര്യ ഭാഗങ്ങൾ കഴുകി വുളൂ ചെയ്യുന്നത് പ്രബലമായ സുന്നത്താണ്. നബി ﷺ ജനാബതുകാരനായതിനു ശേഷം ഉറങ്ങാനോ രണ്ടാമതൊന്നു കൂടി ഭാര്യയെ സമീപിക്കാനോ, ഭക്ഷണപാനീയങ്ങൾ കഴിക്കാനോ ഉദ്ദേശിച്ചാൽ വുളൂ ചെയ്യാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്.

എപ്പോൾ വേണമെങ്കിലും കുളിച്ച് ശുദ്ധിവരുത്താൻ കഴിയുന്ന വലിയ അശുദ്ധിയാണ് ജനാബത്. എന്നാൽ ആർത്തവം അങ്ങനെയല്ല. ആർത്തവത്തെ കുറിച്ച് ഖുർആനിൽ പ്രയോഗിച്ചത് أَذًى എന്നാണ്. അതിൻെറ ഭാഷാർത്ഥം ക്ഷതം, മുറിവ്, ബുദ്ധിമുട്ട്, ഉപദ്രവം എന്നൊക്കെയാണ്. ഖുർആൻ പഠിതാക്കളുടെ സവിശേഷ ശ്രദ്ധയർഹിക്കുന്നതാണ് ഈ പ്രയോഗം. അത് അല്ലാഹു സ്ത്രീകൾക്ക് നിശ്ചയിച്ച ഒരു ജൈവിക വിശേഷമാണ്. ആർത്തവഘട്ടം സ്വാഭാവികമായി അവസാനിക്കുകയല്ലാതെ ജനാബത് പോലെ എപ്പോൾ വേണമെങ്കിലും കുളിച്ച് ശുദ്ധിയാകാവുന്ന കാര്യമല്ലല്ലോ. അതിനാൽ ജനാബതുകാരനും ആർത്തവകാരിയും തമ്മിൽ താരതമ്യമില്ല.

ആർത്തവകാരികൾക്ക് മുകളിൽ പറഞ്ഞ ഒരു വിലക്കും പ്രമാണ രേഖകളിൽ സ്ഥിരപ്പെട്ടിട്ടില്ല. അവരുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ ബഖറഃ : 222 ൽ പരാമർശിച്ചിട്ടുണ്ട്.


ചുരുക്കത്തിൽ, മണ്ണല്ലാത്ത വസ്തുക്കളെക്കൊണ്ടു തയമ്മും ചെയ്താൽ ശരിയാവുകയില്ലെന്നു തീർത്തു പറയുക സാധ്യമല്ലെങ്കിലും, മണ്ണു കൊണ്ടായിരിക്കുന്നതാണു കൂടുതൽ നല്ലതെന്നുള്ളതിൽ സംശയമില്ല. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/672]

കർമ്മപരമായ മറ്റു പ്രശ്നങ്ങളിലെന്ന പോലെ തയമ്മുമിൻെറ കാര്യത്തിലും സംശയവും ആശയക്കുഴപ്പവും ബാക്കി നിർത്തിയാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. ലളിതമായി പറഞ്ഞാൽ അല്ലാഹു പറഞ്ഞത് ﴾فَتَيَمَّمُوا صَعِيدًا طَيِّبًا﴿ എന്നാണ്. അതിൻെറ അർത്ഥം ഭുമിയുടെ നല്ല പ്രതലം ഉദ്ദേശിച്ചു കൊള്ളുക എന്നാണ്. ഇവിടെ ഉപയോഗിച്ച صَعِيد എന്ന പദം ഒന്നിലധികം അർത്ഥങ്ങൾക്കു വേണ്ടി പ്രയോഗിക്കുന്ന مُشْتَرَكٌ ആയ പദമാണ്. മണ്ണ്, കല്ല്, മരം ഇങ്ങനെ ഭൗമോപരിതലത്തിലുള്ള ഏതിനെയും ഉദ്ദേശിക്കാം. അപ്പോൾ ഇവിടെ ഏതിനെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് മറ്റു തെളിവുകൾ വെച്ചുകൊണ്ട് നിജപ്പെടുത്തേണ്ടി വരും. അതിനു സഹായകമായ ഒരു ഹദീസ് ഇമാം മുസ്‌ലിം رَحِمَهُ اللهُ ഉദ്ധരിച്ചിരിക്കുന്നു.

عَنْ حُذَيْفَةَ، قَالَ: قَالَ رَسُولُ اللهِ ﷺ: فُضِّلْنَا عَلَى النَّاسِ بِثَلَاثٍ: جُعِلَتْ صُفُوفُنَا كَصُفُوفِ الْمَلَائِكَةِ، وَجُعِلَتْ لَنَا الْأَرْضُ كُلُّهَا مَسْجِدًا، وَجُعِلَتْ تُرْبَتُهَا لَنَا طَهُورًا، إِذَا لَمْ نَجِدِ الْمَاءَ. [مسلم في صحيحه]

ഹുദൈഫഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: മറ്റു ജനപദങ്ങളെക്കാൾ മൂന്ന് കാര്യങ്ങൾ കൊണ്ട് നമുക്ക് ശ്രേഷ്ഠത കൽപിക്കപ്പെട്ടിരിക്കുന്നു. മലക്കുകളുടെ വരികളെപ്പോലെയാക്കിയിരിക്കുന്നു നമസ്കരിക്കാൻ നിൽക്കുന്ന നമ്മുടെ വരികൾ. നമുക്ക് നമസ്കരിക്കാനുള്ള സ്ഥലമാക്കിത്തന്നിരിക്കുന്നു ഭൂമി മുഴുവനും. വെള്ളം ലഭിക്കാതായാൽ അതിലെ മണ്ണ് നമുക്ക് ശുദ്ധീകരണോപാധിയാക്കിയിരിക്കുന്നു. [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്]

ആയതിനാൽ, ഭൂമിയുടെ ഉപരിതലത്തിലുള്ള മണ്ണാണ് തയമ്മുമിന് ഉപയോഗിക്കേണ്ടത്. സാഹചര്യങ്ങൾക്കനുസരിച്ച് മണൽ പോലുള്ള ശുദ്ധമായ മറ്റു വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യാം. നബി ﷺ അവിടുത്തെ യാത്രകളിലും മറ്റും തയമ്മുമിനു വേണ്ടി മണ്ണ് കൂടെ കരുതിയിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അവിടുത്തെ മാർഗ്ഗദർശനമാണ് ഏറ്റവും ഉത്തമം. അതു നാം പിന്തുടരുക; മറ്റു വ്യാഖ്യാനങ്ങളിലേക്ക് പോകാതിരിക്കുക. അവിടുന്ന് കാണിച്ചു തന്ന രൂപത്തിൽ മാത്രം നാം അല്ലാഹുവിന് ഇബാദത്ത് ചെയ്യുക.

വെള്ളം ഉപയോഗിക്കാൻ കഴിയാതായാൽ ചെറുതും വലുതുമായ അശുദ്ധികളിൽനിന്ന് ശുദ്ധിവരുത്താൻ  തയമ്മും ചെയ്യാം. തയമ്മുമിൻെറ രൂപം ഇപ്രകാരമാണ്:

1- ആദ്യം രണ്ടു കൈപ്പത്തികളും കൊണ്ട് മണ്ണിൽ അടിക്കുക.

2- പിന്നീട് കൈപ്പത്തികളിൽ ഊതുക.

3- ശേഷം രണ്ടു കൈപ്പത്തിയും കൊണ്ട് ഒരു തവണ മുഖം തടവുക.

4- അനന്തരം ഇടതു കൈപ്പത്തി കൊണ്ട് വലതു കൈപ്പത്തിയുടെ പിൻഭാഗം ഒരു തവണ തടവുക.

5- അതു പോലെ, വലതു കൈപ്പത്തി കൊണ്ട് ഇടതു കൈപ്പത്തിയുടെ പിൻഭാഗവും ഒരു തവണ തടവുക.

ഇതിനുള്ള തെളിവ് ഇമാം മുസ്‌ലിം رَحِمَهُ اللهُ തൻെറ സ്വഹീഹിൽ ഉദ്ധരിച്ചിട്ടുണ്ട്. അത് ഇപ്രകാരം വായിക്കാം:

عَنْ سَعِيدِ بْنِ عَبْدِ الرَّحْمَنِ بْنِ أَبْزَى، عَنْ أَبِيهِ، أَنَّ رَجُلًا أَتَى عُمَرَ، فَقَالَ: إِنِّي أَجْنَبْتُ فَلَمْ أَجِدْ مَاءً فَقَالَ: لَا تُصَلِّ. فَقَالَ عَمَّارٌ: أَمَا تَذْكُرُ يَا أَمِيرَ الْمُؤْمِنِينَ، إِذْ أَنَا وَأَنْتَ فِي سَرِيَّةٍ فَأَجْنَبْنَا فَلَمْ نَجِدْ مَاءً، فَأَمَّا أَنْتَ فَلَمْ تُصَلِّ، وَأَمَّا أَنَا فَتَمَعَّكْتُ فِي التُّرَابِ وَصَلَّيْتُ، فَقَالَ النَّبِيُّ ﷺ: إِنَّمَا كَانَ يَكْفِيكَ أَنْ تَضْرِبَ بِيَدَيْكَ الْأَرْضَ، ثُمَّ تَنْفُخَ، ثُمَّ تَمْسَحَ بِهِمَا وَجْهَكَ، وَكَفَّيْكَ. [مسلم في صحيحه]

അബ്ദുറഹ്‌മാൻ ബിൻ അബ്‌സാ നിവേദനം. ഒരാൾ ഉമർ رَضِيَ اللهُ عَنْهُ വിനെ സമീപിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: ഞാൻ ജനാബതുകാരനായി. എനിക്കാണെങ്കിൽ വെള്ളം കിട്ടിയതുമില്ല. ഉമർ رضِيَ اللهُ عَنْهُ പറഞ്ഞു: നീ നമസ്കരിക്കേണ്ടതില്ല. അപ്പോൾ അമ്മാർ رَضِيَ اللهُ عَنْهُ പറഞ്ഞു: അമീറുൽ മുഅ്മിനീൻ, താങ്കൾ ഓർക്കുന്നില്ലേ? താങ്കളും ഞാനും ഒരു നിയുക്ത സൈന്യത്തിൽ പോകുമ്പോൾ നമുക്ക് ജനാബതുണ്ടായി. നമുക്ക് വെള്ളം കിട്ടിയില്ല. അപ്പോൾ താങ്കൾ നമസ്കരിച്ചില്ല. ഞാൻ മണ്ണിൽ കിടന്നുരുണ്ടു. എന്നിട്ട് നമസ്കരിക്കുകയും ചെയ്തു. അങ്ങനെ നബി ﷺ അതിനെ കുറിച്ച് പറഞ്ഞത്, നീ രണ്ടു കൈപ്പത്തികളും കൊണ്ട് മണ്ണിൽ അടിക്കുകയും എന്നിട്ട് അതിൽ ഊതുകയും പിന്നീട് രണ്ടു കൈപ്പത്തിയും കൊണ്ട് മുഖവും രണ്ടു കൈപ്പത്തികളും തടവുകയും ചെയ്തിരുന്നുവെങ്കിൽ അത് മതിയായിരുന്നു എന്നാണ്. [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്]

പുതിയവ