﴿ مَّا أَصَابَكَ مِنْ حَسَنَةٍ فَمِنَ اللَّهِ ۖ وَمَا أَصَابَكَ مِن سَيِّئَةٍ فَمِن نَّفْسِكَ وَأَرْسَلْنَاكَ لِلنَّاسِ رَسُولًا وَكَفَىٰ بِاللَّهِ شَهِيدًا ﴾ (٧٩)

നിനക്ക് ലഭിക്കുന്ന ഏതൊരു നന്മയും അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിൻെറ പക്കല്‍ നിന്നുള്ളതു തന്നെയുമാണ്.  താങ്കളെ നാം ജനതതികൾക്കുള്ള ദൂതനായി നിയോഗിച്ചിരിക്കുന്നു. സാക്ഷിയായി അല്ലാഹു മതി. [നിസാഅ് 79]


നന്മയാകട്ടെ, തിന്മയാകട്ടെ എല്ലാം അല്ലാഹു കണക്കാക്കുന്നതും സൃഷ്ടിക്കുന്നതുമാണ്. ഓരോന്നിനും ചില കാരണങ്ങളും സന്ദർഭങ്ങളും അവൻ നിശ്ചയിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളൊന്നും ഇവർ ഗ്രഹിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. വാസ്തവത്തിൽ എല്ലാം അല്ലാഹുിങ്കൽ നിന്നുള്ളതു തന്നെയാണെങ്കിലും നന്മയും തിന്മയും തമ്മിൽ ഒരു വ്യത്യാസമുണ്ട്. നന്മ അല്ലാഹുവിങ്കൽനിന്നാണ് ഉത്ഭവിക്കുന്നത്. അതെ, അവൻെറ അനുഗ്രഹവും ഔദാര്യവും കൊണ്ടാണതുണ്ടാകുന്നത്. തിന്മയുടെ ഉത്ഭവം മനുഷ്യരിൽ നിന്നുതന്നെയാണ്. അതായതു, അവരുടെ പ്രവൃത്തി ദോഷവും അനുസരണക്കേടുമാണതിനു കാരണം എന്നിങ്ങനെയാണ് മറുപടിയുടെ താൽപര്യം. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/702]


‘നിനക്കു ലഭിക്കുന്നത്.. നിനക്കു ബാധിക്കുന്നത്’ എന്ന് പറഞ്ഞു കൊണ്ടാണല്ലോ മേൽ സൂക്തത്തിൽ കാര്യങ്ങൾ പ്രതിപാദിക്കുന്നത്. അതിലൂടെ അല്ലാഹു അഭിസംബോധന ചെയ്യുന്നത് നബി ﷺ യെയാണ്. അല്ലാതെ, എല്ലാ ഓരോ മനുഷ്യനെയുമല്ല. അതിനാൽ ഓരോ മനുഷ്യനെയും ബാധിക്കുന്ന വിപത്തുകൾ അവനിൽനിന്നു തന്നെയാണ്, അത് അവൻ സൃഷ്ടിച്ചതാണ് എന്ന് സമർത്ഥിക്കാൻ ഈ വചനം തെളിവാക്കാവതല്ല എന്നാണ്  ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ -رَحِمَهُ اللهُ- യുടെ പക്ഷം. അദ്ദേഹം പറയുന്നത് കാണുക:

وقوله وما أصابك إما أن تكون كاف الخطاب له ﷺ كما قال ابن عباس وغيره وهو الأظهر لقوله بعد ذلك ﴿وأرسلناك للناس رسولا﴾، وإما أن تكون لكل واحد من الآدميين كقوله ﴿يا أيها الإنسان ما غرك بربك الكريم﴾ لكن هذا ضعيف. [ابن تيمية في مجموع فتاويه]

മേൽ സൂക്തത്തിലെ ‘നിനക്ക് ലഭിക്കുന്ന ‘ എന്നതിലെ അഭിസംബോധന ഒന്നുകിൽ നബി ﷺ യോടാണ്. ഇബ്‌നു അബ്ബാസും -رَضِيَ اللهُ عَنْهُمَا- മറ്റും അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അതാണ് ഏറ്റവും മികച്ച പക്ഷം. കാരണം, അതിനു ശേഷം അവൻ പറയുന്നത് ‘താങ്കളെ നാം ജനതതികൾക്കുള്ള ദൂതനായി നിയോഗിച്ചിരിക്കുന്നു ‘ എന്നാണ്. അല്ലെങ്കിൽ, അതിലെ അഭിസംബോധന “ഹേ, മനുഷ്യാ, ഉദാരനായ നിൻെറ റബ്ബിൻെറ കാര്യത്തിൽ നിന്നെ വഞ്ചിച്ചതെന്താണ്‌? ” എന്ന സൂക്തത്തിലേതു പോലെ മനുഷ്യരാശിയിലെ ഓരോ വ്യക്തിയോടുമാണ്. പക്ഷെ, ഈ പക്ഷം ദുർബ്ബലമാണ്. (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

ഈ സൂക്തം ശരിയായ വിധത്തിൽ ഗ്രഹിക്കണമെങ്കിൽ ഖളാഅ്-ഖദ്റിലെ നന്മ തിന്മകളെ കുറിച്ച് സമഗ്രവും വ്യക്തവുമായ ധാരണ അനിവാര്യമാണ്.

മുശ്‌രിക്കുകളും മുനാഫിഖുകളും നബി ﷺ യെ അധിക്ഷേപിക്കാനുള്ള ഒരവസരവും പാഴാക്കുമായിരുന്നില്ല. എന്തെങ്കിലും നന്മ ലഭിച്ചാൽ അവർ പറയുക ഇത് അല്ലാഹുവിൽനിന്നുള്ളതാണ് എന്നായിരിക്കും. മറിച്ച്, ഒരു തിന്മായണ് ഭവിക്കുന്നതെങ്കിൽ അത് നബിയെക്കൊണ്ടാണെന്ന് അവർ അധിക്ഷേപിക്കുകയും ചെയ്യും. ഇത് അല്ലാഹുവിലും അവൻെറ ഖളാഅ്-ഖദ്‌റിലും ശരിയായ വിശ്വാസമില്ലാത്തതിനാലാണ്.

നന്മ തിന്മകളുടെ മുൻനിർണ്ണയവും (القضاء والقدر) സൃഷ്ടിപ്പും സമ്പാദനവും സംബന്ധിച്ചുള്ള അഹ്‌ലുസ്സുന്നഃയുടെ വിശ്വാസം എങ്ങനെയാണെന്നു നോക്കാം.

നന്മയും തിന്മയുമെല്ലാം അല്ലാഹു മുൻനിർണ്ണയിച്ചിട്ടുള്ളതാണ്. അഥവാ അവൻെറ ഖളാഅ്-ഖദ്റിൽ – القضاء والقدر – പെട്ടതാണ്. അവയെല്ലാം അല്ലാഹുവിൻെറ സൃഷ്ടിയാണ്, അവ അവൻെറ പക്കൽനിന്നുള്ളവയുമാണ്. മനുഷ്യനെയും അവൻെറ ചെയ്തികളെയും സൃഷ്ടിച്ചത് അവനാണ്. മനുഷ്യൻെറ കർമ്മങ്ങൾ അവനു അല്ലാഹു വിട്ടുനൽകിയ കഴിവും ഇഛാ സ്വാതന്ത്ര്യവും വരണാധികാരവും ഉപയോഗിച്ച് മനുഷ്യൻ ആർജ്ജിക്കുന്നു. അതുകൊണ്ടാണ് അവൻെറ പ്രവർത്തനങ്ങൾക്ക് അവൻ ഉത്തരവാദിയാകുന്നത്.

മനുഷ്യരെ ബാധിക്കുന്ന കാര്യങ്ങൾ അവർക്ക് അനുഭവപ്പെടുന്നതനുസരിച്ചാണ് ഗുണകരമെന്നും ദോഷകരമെന്നും വിശേഷിപ്പിക്കുന്നത്. അവയെല്ലാം അല്ലാഹുവിൻെറ സൃഷ്ടിയും അവനിൽനിന്നുള്ളവയുമാണ്. എന്നാൽ അല്ലാഹുവിൻെറ വിശാലമായ രൂപരേഖയിലും ഹിക്‌മത്തിലും അവയൊക്കെ സോദ്ദേശ്യപരവും നന്മയും മാത്രമാണ്. അവയിൽ ചിലതിനെ തിന്മയെന്നും ദോഷകരമെന്നും വിശേഷിപ്പിക്കുന്നത് ആപേക്ഷികവും പരിമിതവുമായ അർത്ഥത്തിൽ മാത്രമാണ്. ചില സൃഷ്ടികൾക്ക് ചില ഘട്ടങ്ങളിൽ ചില കാര്യങ്ങൾ ദോഷകരമായി അനുഭവപ്പെടുന്നു. ആത്യന്തികമായി അവ സോദ്ദേശ്യപരവും നന്മയുമാണ്. തൊട്ടു മുമ്പത്തെ സുക്തം, നിസാഅ് 78ൽ, ഇക്കാര്യം അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. قُلْ كُلٌّ مِنْ عِنْدِ اللهِ (പറയുക: എല്ലാം അല്ലാഹുവിങ്കൽനിന്നുള്ളതു തന്നെയാണ്).

മനുഷ്യന് നന്മയായി അനുഭവപ്പെടുന്ന കാര്യങ്ങളെല്ലാം അല്ലാഹുവിങ്കൽനിന്നുള്ളതാണ്. ചിലപ്പോൾ അത് അവൻെറ കേവല ഔദാര്യമായിരിക്കും. ചിലപ്പോൾ സുകൃതങ്ങൾക്കുള്ള പ്രതിഫലമായി നൽകുന്നതായിരിക്കും. ചിലപ്പോൾ പരീക്ഷണോപാധിയായിരിക്കും.

അതേ പോലെ, മനുഷ്യനു തിന്മയായി അനുഭവപ്പെടുന്ന കാര്യങ്ങളും അല്ലാഹുവിൽ നിന്നുള്ളവ തന്നെയാണ്. അവൻെറ തെറ്റായ നടപടികൾക്കുള്ള തിരിച്ചടിയോ പരീക്ഷണങ്ങളോ ആയി നൽകുന്നതായിരിക്കും അവ. അവൻെറ തെറ്റായ നടപടികളിൽ അധികവും അല്ലാഹു വിട്ടുവീഴ്ച ചെയ്തു കൊടുക്കുന്നു എന്നത് വിസ്മരിക്കാവതല്ല. ചിലപ്പോൾ അവനെ വീണ്ടെടുക്കാനായിരിക്കും ശിക്ഷകളും പരീക്ഷണങ്ങളും നൽകുന്നത്. ചിലപ്പോൾ അത് അവൻെറ പദവി ഉയർത്താനുമായിരിക്കാം.

﴿ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ ﴾ [الأنبياء ٣٥]

ഓരോ വ്യക്തിയും മരണം ആസ്വദിക്കുക തന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കും. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുക. (അൻബിയാഅ് 35)

സൃഷ്ടികളെ ബാധിക്കുന്ന ദുരിതങ്ങൾ മാത്രമല്ല, ലോകത്ത് നടക്കുന്ന തെറ്റുകുറ്റങ്ങൾ, അധർമ്മങ്ങൾ, അന്യായങ്ങൾ പോലുള്ളവയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. അവയെ വിശാലമായ ഒരു കാൻവാസിൽ യഥാവിധം ക്രമികരിച്ച് വിലയിരുത്തുകയും പ്രാപഞ്ചികമായ തലത്തിൽ നോക്കിക്കാണുകയുമാണ് ചെയ്യേണ്ടത്.

അല്ലാഹുവിൻെറ അനന്തമായ ഈ പ്രപഞ്ച വ്യവസ്ഥിതിയിൽ ഭൂലോകം, അതിൽ വസിക്കുന്ന മനുഷ്യർ, അവരുടെ സ്ഥലകാല ബന്ധങ്ങൾ എന്നിവയുടെ സ്ഥാനമെന്ത്? അടയാളപ്പെടുത്താനാവാത്ത വിധം നിസ്സാരമെന്നല്ലേ അതിനെ കുറിച്ച് പറയാൻ കഴിയൂ. ഒരു താൽക്കാലിക സങ്കേതത്തിൽ നശ്വരവും നൈമിഷികവുമായ കാലയളവിൽ ഒതുങ്ങുന്ന പരീക്ഷണമാണ് ഭൂമുഖത്തെ മനുഷ്യ ജീവിതത്തിൻെറ ആകത്തുക. ആ പരീക്ഷണം സാധ്യമാക്കാനാണ് ഈ ക്രമീകരണങ്ങൾ. മനുഷ്യനു നൽകിയ കഴിവും സ്വാതന്ത്ര്യവും അവൻ എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ കുറിച്ച് അല്ലാഹുവിന് അറിവുണ്ടായിരിക്കുക എന്നതിനപ്പുറം, അത് മനുഷ്യൻ തന്നെ വെളിവാക്കി തെളിയിച്ച് അതിന്മേൽ തൻെറ ഉത്തരവാദിത്തം ഏൽക്കുകയും ഭാഗഥേയവും ഏറ്റുവാങ്ങുകയും ചെയ്യുക എന്നതിലാണു കാര്യം. മനുഷ്യരിൽ ആരാണ് കൃതജ്ഞതയുള്ളവർ, ആരാണ് കൃതഘ്നരായിട്ടുള്ളവർ എന്ന് വേർതിരിക്കപ്പെടേണ്ടതുണ്ട്. അതിന് നന്മയുടെ ശാന്ത സുന്ദരമായ മേച്ചിൽ പുറങ്ങൾ മാത്രം പോരാ. തിന്മയുടെ നീറുന്ന നെരിപ്പോടുകൾ കൂടി വേണം. അവൻ അല്ലാഹുവിൽ പങ്കു ചെർക്കുമോ, അവൻെറ ആസ്തിക്യം തന്നെ നിഷേധിക്കുമോ, അവൻെറ കൽപനാ വിലക്കുകൾ അവഗണിക്കുമോ, അവനെ ധിക്കരിക്കുമോ എന്നെല്ലാം പരീക്ഷിക്കപ്പെടണം. ഈ പ്രപഞ്ച വ്യവസ്ഥയിൽ തൻെറ ധർമ്മം നിർവ്വഹിക്കാതെ അന്യത്ര കുഴപ്പവും അക്രമവും കാണിക്കുന്നവരെ വേർതിരിക്കാൻ തിന്മയുടെ ചീട്ടുകെട്ടുകളും ആവശ്യമാണ്. അവസാനം, ഈ പരീക്ഷണ ഘട്ടം കഴിയുമ്പോൾ അവനറിയും എല്ലാം നൈമിഷികമായിരുന്നു, അനശ്വരമായത് മുന്നിൽ വന്നുനിൽക്കുന്നതേയുള്ളു. നശ്വരമായ ഐഹിക ജീവിതത്തിലെ നേട്ടകോട്ടങ്ങൾ ഗൗനിക്കാൻ മാത്രമില്ല, അനശ്വരമായ പരലോക ജീവിതമാണു പ്രസക്തം. അതു നേടിയാൽ എല്ലാം നിസ്സാരം. അതു നഷ്ടപ്പെട്ടാൽ പിന്നെയുള്ള നേട്ടങ്ങളുടെ കഥകൾ വ്യർത്ഥം.

മേൽ വസ്തുത വേണ്ടതു പോലെ മനസ്സിലാക്കിയാൽ ചിലർ തെറ്റിദ്ധരിച്ചതു പോലെ 78, 79 സൂക്തങ്ങൾക്കിടയിൽ യാതൊരു വൈരുദ്ധ്യവുമില്ലെന്നു ബോധ്യപ്പെടും. നിസാഅ് 78ൽ പറഞ്ഞ ‘എല്ലാം അല്ലാഹുവിൽ നിന്നുള്ളതാണ്’ എന്നത് ആത്യന്തികമായ സത്യം. നിസാഅ് 79 ൽ പറഞ്ഞ ‘താങ്കൾക്കു ബാധിച്ച യാതൊരു ദോഷവും താങ്കളിൽനിന്നുള്ളതാണ് എന്നത് തീർത്തും ആപേക്ഷികം. മിക്കപ്പോഴും ഒരു ദോഷം ബാധിക്കുന്നത് അവൻെറ തന്നെ തെറ്റായ നടപടി കാരണമായിരിക്കും. രണ്ടു വചനങ്ങൾക്കുമിടയിൽ യാതൊരു വൈരുദ്ധ്യവുമില്ല. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ -رَحِمَهُ اللهُ- പറയുന്നത് കാണുക:

وقد ظن طائفة أن في الآية إشكالا أو تناقضا في الظاهر، حيث قال: ﴿ كل من عند الله ﴾، ثم فرق بين الحسنات والسيئات وقال: ﴿ ما أصابك من حسنة فمن الله وما أصابك من سيئة فمن نفسك ﴾، وهذا من قلة فهمهم وعدم تدبرهم الآية، وليس في الآية تناقض لا في ظاهرها ولا في باطنها ولا في لفظها ومعناها. [ابن تيمية في مجموع فتاويه]

ഈ സൂക്തത്തിൽ പ്രത്യക്ഷമായി ചില ആശയക്കുഴപ്പങ്ങളും വൈരുദ്ധ്യങ്ങളും ഉള്ളതായി ചില വിഭാഗങ്ങൾ ധരിച്ചുവശായിട്ടുണ്ട്. അതിനു കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് മുൻ സൂക്തത്തിൽ അവൻ പറയുന്നത് “എല്ലാം അല്ലാഹുവിങ്കൽനിന്നുള്ളതു തന്നെയാണ്” എന്നാണ്. പിന്നീട് നന്മകളെയും തിന്മകളെയും അവൻ വേർതിരിച്ചു കൊണ്ട് ഇപ്രകാരവും പറയുന്നു: “നിനക്ക് ലഭിക്കുന്ന ഏതൊരു നന്മയും അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിൻെറ പക്കല്‍ നിന്നുള്ളതു തന്നെയുമാണ്.” ഇത് അവരുടെ ഗ്രാഹ്യതക്കുറവ് മൂലവും ആ ആയത്തിനെ കുറിച്ച് വേണ്ടതു പോലെ പര്യാലോചന നടത്താത്തതിനാലുമാണ്. യഥാർത്ഥത്തിൽ, അതിൽ പ്രത്യക്ഷമായോ പരോക്ഷമായോ, അതിലെ വാക്കുകളിലോ ആശയങ്ങളിലോ യാതൊരു വിധ വൈരുദ്ധ്യവുമില്ല. (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എല്ലാം സോദ്ദേശ്യപരവും ഗുണപരവുമായ കാര്യങ്ങളാണ്; ഒന്നും തിന്മയല്ല. എന്നിരിക്കെ,  അവനോട് സൃഷ്ടികൾ പുലർത്തേണ്ട ഒരു മര്യാദയുണ്ട്. തിന്മ അവനിലേക്ക് ചേർത്തു പറയാതിരിക്കുക എന്നതാണത്. ജിന്നുകൾ പോലും അവരുടെ സംസാരത്തിൽ ഉന്നതമായ ഈ മര്യാദ പാലിച്ചിരുന്നു.

﴿ وَأَنَّا لَا نَدْرِي أَشَرٌّ أُرِيدَ بِمَن فِي الْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا ﴾ [الجن ١٠]

ഭൂലോകവാസികൾക്ക് തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌, അതല്ല അവരുടെ റബ്ബ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞ് കൂടാ. (ജിന്ന് 10)

നമസ്കാരത്തിൽ ചൊല്ലാനുള്ള പ്രാരംഭ പ്രാർത്ഥനയിൽ ഇതു സംബന്ധിച്ച് വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.

عَنْ عَلِيِّ بْنِ أَبِي طَالِبٍ، عَنْ رَسُولِ اللهِ ﷺ، أَنَّهُ كَانَ إِذَا قَامَ إِلَى الصَّلَاةِ، قَالَ: وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا، وَمَا أَنَا مِنَ الْمُشْرِكِينَ، إِنَّ صَلَاتِي، وَنُسُكِي، وَمَحْيَايَ، وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ، لَا شَرِيكَ لَهُ، وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ، اللهُمَّ أَنْتَ الْمَلِكُ لَا إِلَهَ إِلَّا أَنْتَ، أَنْتَ رَبِّي، وَأَنَا عَبْدُكَ، ظَلَمْتُ نَفْسِي، وَاعْتَرَفْتُ بِذَنْبِي، فَاغْفِرْ لِي ذُنُوبِي جَمِيعًا، إِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ، وَاهْدِنِي لِأَحْسَنِ الْأَخْلَاقِ لَا يَهْدِي لِأَحْسَنِهَا إِلَّا أَنْتَ، وَاصْرِفْ عَنِّي سَيِّئَهَا لَا يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ، لَبَّيْكَ وَسَعْدَيْكَ وَالْخَيْرُ كُلُّهُ فِي يَدَيْكَ، وَالشَّرُّ لَيْسَ إِلَيْكَ، أَنَا بِكَ وَإِلَيْكَ، تَبَارَكْتَ وَتَعَالَيْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ. [مسلم في صحيحه]

അലി ബിൻ അബീ ത്വാലിബ് -رَضِيَ اللهُ عَنْهُ- നിവേദനം. നബി നമസ്കരിക്കാൻ വേണ്ടി നിന്നാൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: ശിർക്കിൻെറ ഭാഗം വെടിഞ്ഞ് തൗഹീദിൻെറ പക്ഷംപിടിച്ച്  ആകാശ ഭൂമികളെ സൃഷ്ടിച്ചവനു നേരെ ഞാൻ എൻെറ മുഖം തിരിച്ചുവെച്ചിരിക്കുന്നു. ഞാൻ മുശ്‌രിക്കുകളിൽപെട്ടവനേയല്ല. നിശ്ചയമായും എൻെറ നമസ്കാരവും ബലികർമ്മവും ജീവിതവും മരണവുമെല്ലാം സർവ്വ ലോകങ്ങളുടെയും റബ്ബായ അല്ലാഹുവിന്ന് മാത്രമാകുന്നു. അവന് ഒരു പങ്കുകാരനുമേയില്ല. ഈ പരമസത്യം സാക്ഷീകരിക്കാനാണ് ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നത്. അതിനു സർവഥാ സമർപ്പിച്ചവരിൽപെട്ടവനാണ് ഞാൻ. അല്ലാഹുവേ, നീയാണു അധികാരസ്ഥൻ, നീയല്ലാതെ ന്യായമായി ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല. നീയാണ് എൻെറ റബ്ബ്; ഞാൻ അടിയനും. സ്വന്തത്തോട് ഞാൻ ഏറെ അക്രമങ്ങൾ ചെയ്തിരിക്കുന്നു. ഇതാ എൻെറ പാപങ്ങൾ ഞാൻ ഏറ്റുപറയുന്നു. നീ എൻെറ മുഴുപാപങ്ങളും പൊറുത്തു തരേണമേ. കാര്യം, നീയല്ലാതെ പാപങ്ങൾ ആരും പൊറുക്കുകയില്ല. ഉദാത്തമായ ധർമ്മനിഷ്ഠകളിലേക്ക് എന്നെ നീ നയിക്കേണമേ. അവയിൽ ഉൽകൃഷ്ടമായതിലേക്ക് നീയല്ലാതെ നയിക്കാനാരുമില്ല. അവയിലെ ഹീനമായതിൽനിന്നും നീ എന്നെ തിരിച്ചു കളയേണമേ. അവയിലെ ഹീനമായവയിൽനിന്നും എന്നെ തിരിച്ചു കളയാനായി നീയല്ലാതാരുമില്ല. നിനക്കുള്ള കീഴ്‌വണക്കത്തിൽ ഞാൻ ഇതാ അനുസ്യൂതമായി നിലക്കൊള്ളുന്നു, നിൻെറ ദീൻ ഞാൻ ഇതാ നിതാന്തമായി അനുധാവനം ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നു. മുഴു നന്മകളും നിൻെറ കൈകളിലാണ്. തിന്മയേതുമേ നിന്നിലേക്ക് ചേർക്കപ്പെടാനുമില്ല. നിന്നെക്കൊണ്ടാണ് ഞാൻ നിലനിൽക്കുന്നത്, നിന്നിലേക്കാണ് മടക്കവും. നീ സർവ്വൈശ്വര്യങ്ങളുടെയും ഉടമയാണ്, നീ ഉയരങ്ങൾക്കെല്ലാം മീതെ അത്യുന്നതനായിട്ടുള്ളവനാണ്. പാപമോചനത്തിനായി ഞാൻ നിന്നോട് കേഴുന്നു. അനുതാപത്തോടെ ഞാൻ നിന്നിലേക്ക് മടങ്ങുന്നു.  (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

കാര്യങ്ങൾ മുഴുവനും അല്ലാഹുവിൻേറതാണ്, അവൻ സൃഷ്ടിച്ചവയുമാണ്. അവയിലൊന്നും തിന്മയില്ല. തിന്മ അവനിലേക്ക് ചേർക്കപ്പെടാവതുമല്ല. കാര്യങ്ങൾ ഗഹനവും സമഗ്രവുമായി മനസ്സിലാക്കുന്നവർക്കേ മേൽ വസ്തുത ഉൾക്കൊള്ളാൻ കഴിയൂ. ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللهُ- ഇക്കാര്യം ലളിതമായി വിവരിക്കുന്നതു കൂടി കാണുക:

فتبارك وتعالى عن نسبة الشر إليه، بل كل ما نُسب إليه فهو خيرٌ، والشر إنما صار شرا لانقطاع نسبتِه وإضافتِه إليه، فلو أضيف إليه لم يكن شرًّا كما سيأتي بيانُه، وهو سبحانه خالقُ الخيرِ والشرِّ، فالشر في بعض مخلوقاته، لا في خلقه وفِعْلِه، وخلقُه وفعلُه وقضاءُه وقدرُه خيرٌ كلُّه. [ابن القيم في شفاء العليل في مسائل القضاء والقدر والحكمة والتعليل]

സർവ്വൈശ്വര്യങ്ങളുടെയും ഉടമയും അത്യുന്നതനുമായ അല്ലാഹു, തിന്മ തന്നിലേക്ക് ചേർക്കപ്പെടാവുന്നതിനും മീതെയാണവൻ. എന്നല്ല, അവനിലേക്ക് ചേർക്കപ്പെടുന്നതെന്തും നന്മ മാത്രമാണ്. തിന്മ തിന്മയായി മാറിയത് അത് അല്ലാഹുവിലേക്ക് ചേർക്കപ്പടുന്നത് മുറിഞ്ഞു പോയതിനാലാണ്. അത് അവനിലേക്ക് ചേർക്കപ്പെടുകയാണെങ്കിൽ തിന്മയാവുകയുമില്ല. അതു സംബന്ധിച്ച വിവരണം വരാനിരിക്കുന്നുണ്ട്. അവൻ അല്ലാഹുവാണ് നന്മ തിന്മകളുടെ സ്രഷ്ടാവ്. ഒരു കാര്യം തിന്മായായിത്തീരുന്നത് ചില സൃഷ്ടികളിൽ അത് ഭവിക്കുമ്പോഴാണ്. അല്ലാതെ അല്ലാഹുവിൻെറ സൃഷ്ടിപ്പിലോ പ്രവൃത്തിയിലോ തിന്മയില്ല. അവൻെറ സൃഷ്ടിപ്പും പ്രവൃത്തിയും വിധിയും നിർണ്ണയവുമെല്ലാം മുഴുവനായും നന്മ മാത്രമാണ്. (ഇബ്‌നുൽ ഖയ്യിം | ശിഫാഉൽ അലീൽ)

നന്മയും തിന്മയും എല്ലാം അല്ലാഹുവിങ്കൽനിന്നുള്ളതാണ്, അവൻെറ സൃഷ്ടിയാണ്. അതേ സമയം, തിന്മ അവനിലേക്ക് ചേർക്കാൻ പാടില്ല താനും. ഇതാണ് വസ്തുത. ഇതു സംബന്ധിച്ച് ഇമാം അൽബാനി -رَحِمَهُ اللهُ- നൽകുന്ന വിശദീകരണം കൂടി ശ്രദ്ധിക്കുക:

اعلم أنه لا ينافي هذا قوله ﷺ في دعاء الاستفتاح: والخير كله بيديك والشر ليس إليك، رواه مسلم لأن المعنى: فإنك لا تخلق شرا محضا، بل كل ما تخلقه فيه حكمة، هو باعتبارها خير ولكن قد يكون فيه شر لبعض الناس، فهذا الشر جزئي إضافي، فأما شر كلي أو شر مطلق فالرب سبحانه وتعالى منزه عنه. [الألباني في تعليقه للعقيد الطحاوية]

അറിയുക! ഈ സൂക്തം നമസ്കാരത്തിലെ പ്രാരംഭ പ്രാർത്ഥനയിൽ നബി പറയാറുണ്ടായിരുന്നതായി ഇമാം മുസ്‌ലിം ഉദ്ധരിച്ച, “മുഴു നന്മകളും നിൻെറ കൈകളിലാണ്, തിന്മയേതുമേ നിന്നിലേക്ക് ചേർക്കപ്പെടാനില്ല” എന്ന വചനത്തിനു വിരുദ്ധമല്ല. കാരണം, അതിൻെറ വിവക്ഷ, നീ കേവലമായ ഒരു തിന്മയും സൃഷ്ടിക്കുന്നില്ല. മറിച്ച്, നിൻെറ സൃഷ്ടിപ്പുകളിലെല്ലാം സോദ്ദേശ്യപരമായ ലക്ഷ്യങ്ങളടങ്ങിയിട്ടുണ്ട്. അതു പരിഗണിക്കുമ്പോൾ അവ നന്മയാണ്. പക്ഷെ, ചില ആളുകൾക്ക് അത് തിന്മയായി അനുഭവപ്പെട്ടേക്കാം. ഈ തിന്മ ആപേക്ഷികവും ഭാഗികവുമാണ്. എന്നാൽ പൂർണ്ണവും നിരുപാധികുവുമായ തിന്മയിൽനിന്ന് ഉന്നതനും പരിശുദ്ധനുമായ റബ്ബ് തീർത്തും മുക്തനാണ്. (അൽ അഖീദത്തു ത്ത്വഹാവിയ്യഃക്ക് അൽബാനി നൽകിയ അടിക്കുറിപ്പിൽനിന്ന്)

വിശുദ്ധ ഖുർആൻ വിവരണത്തിലെ, “തിന്മയുടെ ഉത്ഭവം മനുഷ്യരിൽ നിന്നുതന്നെയാണ്” എന്ന പരാമർശം സൂക്ഷ്മമല്ല. നന്മ അല്ലാഹുവിൽനിന്നും തിന്മ അത് ചെയ്യുന്ന മനുഷ്യനിൽനിന്നുമാണ് എന്നാണ് ജഹ്‌മികളും മുഅ്തസിലികളും വാദിക്കുന്നത്.  അവരുടെ തെറ്റായ വാദത്തെ പിന്തുണക്കാനേ മേൽ പരാമർശം ഉപകരിക്കൂ.

ഖദ്‌ർ നിഷേധിക്കുന്നവർ ഈ സമുദായത്തിലെ മജൂസികളാണെന്ന് ചില രിവവായത്തുകളുണ്ട്. നന്മക്കും തിന്മക്കും വെവ്വേറെ സ്രഷ്ടാക്കളുണ്ടെന്ന് വാദിച്ചിരുന്ന അഗ്നി ആരാധകരെയും ഖദ്ർ നിഷേധികളെയു സമീകരിക്കുകയാണിവിടെ. കാരണം,  ഖദ്‌രികളുടെ വാദം, തിന്മയുടെ സ്രഷ്ടാവ് അല്ലാഹുവല്ല, അതു ചെയ്യുന്ന മനുഷ്യൻ തന്നെയാണ് എന്നത്രെ. അതേ സമയം ജബ്‌രിയ്യത്തിൻെറ വാദം തിന്മ അല്ലാഹു മനുഷ്യനുമേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നാണ്. രണ്ടും ഒരു പോലെ പ്രമാണ വിരുദ്ധവും അബദ്ധജഡിലവുമാണ്. കേരള മുസ്‌ലിംകൾക്കിടയിൽ ഏറെ സ്വാധീനമുള്ള അശ്അരികൾ പിന്തുടരുന്നത് ജബ്‌രിയ്യത്തിൻെറ വാദമാണ്. ഉദാഹരണമായി, കേരളത്തിൽ അഖീദഃ പഠിക്കുന്നത് തഫ്‌താസാനിയുടെ ശർഹുൽ അഖാഇദിൽനിന്നാണ്. അതേ തഫ്‌താസാനി തന്നെ പറയുന്നത് നോക്കൂ.

فالإنسان مضطر في صورة المختار [التفتازاني في شرح المقاصد]

എന്നാൽ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ളവൻെറ രൂപത്തിലാണെങ്കിലും എല്ലാം അടിച്ചേൽപിക്കപ്പെട്ടവനാണ് മനുഷ്യൻ. ,  (തഫ്‌താസാനി ശർഹുൽ മഖാസ്വിദിൽ രേഖപ്പെടുത്തിയത്)

സാധാരണക്കാർക്കു പോലും ഏറെ പരിചിതനായ റാസി പറയുന്നതു കൂടി നോക്കൂ.

وعند هذا التحقيق يظهر أن الكسب اسم بلا مسمى [الرازي في محصل أفكار المتقدمين والمتأخرين]

ഈ വിശകലനത്തിൽനിന്നും വ്യക്തമാകുന്നത് കർമ്മങ്ങൾ ആർജ്ജിക്കുക എന്നത് യാഥാർത്ഥ്യമില്ലാത്ത ഒരു നാമം മാത്രമാണ്. (റാസി | മുഹസ്സ്വലു അഫികാരിൽ മുതഖദ്ദമീൻ വൽ മുതഅഖിരീൻ)

എന്നാൽ അഹ്‌ലുസ്സുന്നഃ രണ്ടിനും മധ്യെ ശരിയുടെ പക്ഷത്തു നിൽക്കുന്നു. അവരുടെ വിശ്വാസം ഇതാണ്: നന്മയും തിന്മയും അല്ലാഹു മുൻനിർണ്ണയം ചെയ്തതും അവൻ സൃഷ്ടിച്ചതും അവനിൽനിന്നുള്ളവയുമാണ്. ആത്യന്തികമായും അല്ലാഹുവിൻെറ വിശാലമായ രൂപകൽപനയിലും അവ സോദ്ദേശ്യപരവും നന്മയുമാണ്. അവ തിന്മയായിത്തീരുന്നത് ചില  വ്യക്തികളുടെ അനുഭവത്തിൽ ആപേക്ഷികവും പരിമിതവുമായ രൂപത്തിൽ മാത്രമാണ്. മനുഷ്യരും അവരുടെ ചെയ്തികളും അല്ലാഹുവിൻെറ സൃഷ്ടിയാണ്. അല്ലാഹു സൃഷ്ടിക്കുന്നു, മനുഷ്യൻ ആർജ്ജിക്കുന്നു. അതിനുള്ള ഇഛാ സ്വാതന്ത്ര്യവും വരണാധികാരവും അവനു നൽകപ്പെട്ടിട്ടുമുണ്ട്. അത് മുൻനിർത്തി തൻെറ തെരഞ്ഞെടുപ്പിനും ചെയ്തിക്കും താൻ ഉത്തരവാദിയായിരിക്കും. തൻെറ ഭാഗഥേയം താൻ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യും.

അധിക വായനക്കായി ഖദരിയ്യഃ [വിധിവിശ്വാത്തിലുള്ള വിലോപം] ലേഖനം കാണുക

പുതിയവ