മുഖവുര

[വിശുദ്ധ ഖുർആൻ വിവരണം]


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ، الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالصَلَاةُ والسَلَامُ عَلىَ خَاتَمِ الْأَنْبِيَاءِ وَالْمُرْسَلِينَ، مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ، وَمَنْ سَارِ عَلَى نَهْجِهِ واسْتَنَّ بِسُنَّتِهِ إِلَى يَوْمِ الدِينِ، أَمَّا بَعْدُ:

ഭാഗം 1

പൊതുവിൽ ഖുർആൻ പരിഭാഷകളും വ്യാഖ്യാനങ്ങളും മുസ്‌ലിം സമൂഹത്തിൻ്റെ  ബൗദ്ധികമണ്ഡലത്തെ സ്വാധീനിക്കുന്ന ഒരു സുപ്രധാന ഘടകമായിത്തീർന്നിരിക്കുന്നു. മലയാളത്തിലും ധാരാളം ഖുർആൻ പരിഭാഷകളും വ്യാഖ്യാനങ്ങളുമുണ്ട്. പതിവായോ ആവശ്യാനുസരണമോ അവ വായിക്കുന്നവർ കുറവല്ല. അവയിലെല്ലാം തന്നെ പലവിധ ന്യൂനതകളും പിഴവുകളുമുണ്ടെന്നത് ഒരു ദുഃഖസത്യമാണ്.  ഗുണകാംക്ഷയോടെ അവ ചൂണ്ടിക്കാണിക്കുക എന്നത് അറിവും ബോധ്യവുമുള്ള ആളുകളുടെ കടമയാണ്. നബി ﷺ പറയുന്നു:

عَنْ تَمِيمٍ الدَّارِيِّ أَنَّ النَّبِيَّ قَالَ: الدِّينُ النَّصِيحَةُ، قُلْنَا: لِمَنْ؟ قَالَ: لِلَّهِ وَلِكِتَابِهِ وَلِرَسُولِهِ وَلِأَئِمَّةِ الْمُسْلِمِينَ وعامتهم. [البخاري في صحيحه]

[തമീം അദ്ദാരീ رَضِيَ اللهُ عَنْهُ നിവേദനം. നിശ്ചയമായും നബി ﷺ പ്രസ്താവിച്ചിരിക്കുന്നു: ദീൻ എന്നാൽ ഗുണകാംക്ഷയാണ്. ഞങ്ങൾ ചോദിച്ചു: ആരോട്? അവിടുന്ന് പറഞ്ഞു: അല്ലാഹുവിനോട്, അവൻ്റെ ഗ്രന്ഥത്തോട്, അവൻ്റെ ദൂതനോട്, മുസ്‌ലിംകളിലെ അധികാരികളോട്, അവരിലെ ബഹുജനങ്ങളോട്.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്) ‌

ഈ നബിവചനം അന്തഃകരണത്തിൽ വലിയ അസ്വസ്ഥതയാണ് ഉളവാക്കുന്നത്.  സത്യം മറച്ചുവെക്കുന്നവർക്കുള്ള താക്കീതുകൾ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു. അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ ഒരു ഒഴികഴിവ് പറയാനെങ്കിലും കഴിഞ്ഞാൽ അത് വലിയ കാര്യമാണല്ലോ. ഈ ഉദ്യമത്തിനു പിന്നിലുള്ള ചേതോവികാരം മറ്റൊന്നല്ല. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ -رحمه الله- പറയുന്നു:

بيان العلم والدين عند الاشتباه والالتباس على الناس أفضل ما عبد الله به عز وجل. [ابن تيمية، الرد على السبكي]

[ജനം അനിശ്ചിതത്വത്തിലും ആശയക്കുഴപ്പങ്ങളിലും അകപ്പെടുമ്പോൾ ദീനും അറിവും യഥാതഥമായി വിവരിച്ചുകൊടുക്കുക എന്നത് അല്ലാഹുവിന്നുള്ള ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ്.] (ഇബ്‌നു തൈമിയ്യഃ, അർറദ്ദു അലസ്സുബുകി)

قيل لأحمد بن حنبل: الرجل يصوم ويصلي ويعتكف أحب إليك أو يتكلم في أهل البدع؟ فقال: إذا قام وصلى واعتكف فإنما هو لنفسه، وإذا تكلم في أهل البدع فإنما هو للمسلمين، هذا أفضل. [ابن تيمية في مجموع فتاويه]

[അഹ്‌മദ് ബിൻ ഹൻബൽ ُرَحِمَهُ الله യോട് ചോദിക്കപ്പെടുകയുണ്ടായി: ഒരു വ്യക്തി നോമ്പുപിടിക്കുന്നു, നമസ്കരിക്കുന്നു, ഇഅ്തികാഫ് ഇരിക്കുന്നു. അതാണോ താങ്കൾ കൂടുതൽ ഇഷ്ടപ്പെടുന്നത്? അതോ ബിദ്അത്തുകാരെ തുറന്നു കാണിക്കുന്നതോ? അദ്ദേഹം പറഞ്ഞു: ഒരാൾ എഴുന്നേറ്റുനിന്നു, നമസ്കരിച്ചു, ഇഇ്തികാഫ് ഇരുന്നു, എങ്കിൽ അത് അദ്ദേഹത്തിന് സ്വന്തമായുള്ളതാണ്. ബിദ്അത്തുകാരെ തുറന്നുകാണിച്ചാൽ അത് മുസ്‌ലിംകൾക്കുള്ളതാണ്. അതാണ് ഉത്തമം.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ ഉദ്ധരിച്ചത്) 

ഖുർആൻ പരിഭാഷകളിൽ അടങ്ങിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബഹുജനങ്ങളെ ബോധവൽക്കരിക്കാനായി മലയാളത്തിലുള്ള മുഴുവൻ പരിഭാഷകളും വ്യാഖ്യാനങ്ങളും പരിശോധിക്കുക അസാധ്യമാണ്. അഭീഷ്ടങ്ങൾ പിന്തുടരുന്ന ബിദ്അത്തുകാരുടെ പരിഭാഷകളിൽ വന്ന തെറ്റായ വാദഗതികൾ ക്ലിപ്തപ്പെടുത്താൻ കഴിയുന്നതിലും അപ്പുറമാണ്. എങ്കിലും അവയിലുള്ള ഗുരുതരമായ പ്രമാദങ്ങളിൽ ചിലതെല്ലാം ഇവിടെ വിശകലനം ചെയ്യുന്നുണ്ട്.

മലയാള പരിഭാഷകളിൽ  ഭേദപ്പെട്ടതും ഏറ്റവും പ്രചാരത്തിലുള്ളതും ‘വിശുദ്ധ ഖുർആൻ വിവരണ’മാണ്. അതിലും ധാരാളം ന്യൂനതകളും പിഴവുകളുമുണ്ട്. എങ്കിലും അതിൻ്റെ രചയിതാക്കൾ ആഗ്രഹിച്ചത് അത്  സലഫുകളുടെ രീതിയിൽ ആയിരിക്കണമെന്നാണ്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിൽ വിഷയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രതിപാദ്യ വിഷയങ്ങൾ മേൽ ഗ്രന്ഥത്തിനു മാത്രമേ ബാധകമുള്ളു എന്ന് അതിനർത്ഥമില്ല. മറ്റു പരിഭാഷകൾക്കും വിവരണങ്ങൾക്കും വ്യത്യസ്ത അവളവിൽ അവ ബാധകമായിരിക്കും.

അനിശ്ചിതത്വവും ആശയക്കുഴപ്പവും സഹൃദയത്വത്തോടെ ദൂരീകരിച്ചുകൊടുക്കുക, തെറ്റുകളും കുറവുകളും സ്നേഹപൂർവ്വം ചൂണ്ടിക്കാണിക്കുക, തന്നിഷ്ടങ്ങൾ പിന്തുടരുന്ന അഭീഷ്ടക്കാരെയും ദീനിൽ അപനിർമ്മിതി നടത്തുന്ന ബിദ്അത്തുകാരെയും തുറന്നുകാണിക്കുക, ഇവയെല്ലാം അല്ലാഹുവിന്നുള്ള ഇബാദത്തുകളാണ്. യോഗ്യരായ ആളുകൾ ശരിയായ ഉദ്ദേശ്യത്തോടെ അത് നിർവ്വഹിക്കുമ്പോൾ അത്  എത്ര ശ്രേഷ്ഠകരമായിരിക്കും!

ഇവിടെ പ്രതിപാദിക്കാത്ത ന്യൂനതകളും പിഴവുകളും അവയിൽ വേറെയുമുണ്ടാവാം. വായനക്കാർ അതിനെ കുറിച്ച് വലിയ ജാഗ്രത കൈകൊള്ളേണ്ടതുണ്ട്. മറ്റാരെങ്കിലും അവ യഥോചിതം ഉണർത്തുമെന്ന് നാം പ്രത്യാശിക്കുക. മുമ്പിൽ പോയവർ പിറകിൽ വരുന്നവർക്കായി എത്രയാണ് ബാക്കിയാവെക്കാറുള്ളത്!


ഭാഗം 2

മലയാള പരിഭാഷകളിൽനിന്ന്  ‘വിശുദ്ധ ഖുർആൻ വിവരണ’ത്തിന് കേന്ദ്രസ്ഥാനം നൽകാനുള്ള കാരണം ഒന്നുകൂടി സ്പഷ്ടമാക്കാം.

1)  രചനാവേളയിൽ അതിൻ്റെ കർത്താക്കൾ മുന്നിൽകണ്ട ലക്ഷ്യം:

  • “ഒറ്റവാക്കിൽ പറഞ്ഞാൽ ഇതൊരു ‘സലഫീ തഫ്‌സീർ’ (പൗരാണികാദർശത്തിലുള്ള ഖുർആൻ വ്യാഖ്യാനം) ആയിരിക്കുവാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്.” (പരിഭാഷകന്മാർ, മഖുവുര, പുറം 92)
  • “ഈ പരിഭാഷയും, ഇതിലെ വ്യാഖ്യാനങ്ങളുമെല്ലാം ‘സലഫീ’ങ്ങളുടെ മാതൃകയനുസരിച്ചുള്ളതാണെന്ന് എനിക്ക് തീർച്ചയായും പറയുവാൻ കഴിയുന്നതാണ്.” (കെ.യം. മൗലവി, അവതാരിക. പുറം 12)

2)  ഉള്ളടക്കവും രചനാശൈലിയും: അത് പദാനുപദ വിവർത്തനവും പരിഭാഷയും വിവരണവും ഉൾക്കൊള്ളുന്നു. വ്യാഖ്യാനകുറിപ്പുകൾ സാമാന്യം ദീർഘവും വിശദവുമാണ്.

3)  ലാളിത്യവും വായനക്കാർക്കിടയിലുള്ള പ്രചാരവും

ഒരു കാര്യം ആദ്യമേ പറയാം. വിശുദ്ധ ഖുർആൻ വിവരണത്തോട് ഗുണകാംക്ഷ മാത്രമേയുള്ളു. അതിൻ്റെ അനുവാചകരോ, അല്ലെങ്കിൽ രചയിതാക്കളുമായോ പ്രസാധകരുമായോ ബന്ധമുള്ള മറ്റാരെങ്കിലുമോ, ഇതിൻ്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയിക്കേണ്ടതില്ല. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങളെ ആർക്കും തുറന്ന മനസ്സോടെ സമീപിക്കാവുന്നതാണ്. ഇന്ന് സാർവ്വത്രികമായി കണ്ടുവരുന്ന രീതിയിൽ, കക്ഷിത്വത്തിനു വേണ്ടി നടത്തുന്ന ഒരു ക്ഷുദ്ര വിമർശനമായി ഇതിനെ കാണരുത്. വിശുദ്ധ ഖുർആൻ വിവരണത്തിൻ്റെ കർത്താക്കൾ അതിനെക്കാളെല്ലാം ഉന്നതരും വലിയ മനസ്സിൻ്റെ ഉടമകളുമായിരുന്നു എന്ന തികഞ്ഞ ബോധ്യമുണ്ട്. അവരുടെ മഹത്തായ ലക്ഷ്യത്തെ കൂടുതൽ സഫലമാക്കുന്നതിന് സഹായകമാവട്ടെ എന്ന പ്രാർത്ഥനയോടെയാണ് ഇതിനു മുതിരുന്നത്. വീഴ്ചകളില്ലാത്ത മനുഷ്യരില്ലല്ലോ. അവരുടെയും നമ്മുടെയും വീഴ്ചകൾ അല്ലാഹു പൊറുത്തുതരികയും, നല്ല ഉദ്ദേശ്യങ്ങളും കർമ്മങ്ങളും അല്ലാഹു സ്വീകരിക്കുകയും ചെയ്യട്ടെ.


ഭാഗം 3

ആദ്യമായി പൊതുവായ ചില പ്രമാദങ്ങളെ കുറിച്ച് പറയാം. കേരളീയരായ എല്ലാ വിഭാഗം മുസ്‌ലിംകളിലും സാർവ്വത്രികമായി കണ്ടുവരുന്നവയാണ് അവ.  ഇക്കാര്യത്തിൽ വാമൊഴിയെന്നോ വരമൊഴിയെന്നോ വ്യത്യാസമില്ല. അവയുടെ ഉപയോഗം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാമരന്മാരെ പോലെ പണ്ഡിതന്മാരും അതിൽ പങ്കുചേരുന്നു. ഖുർആനിൻ്റെ മലയാള പരിഭാഷകളൊന്നും തന്നെ അതിൽനിന്ന് മുക്തമല്ല. വിശുദ്ധ ഖുർആൻ വിവരണത്തിലും അവ നിർലോഭം പ്രയോഗിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഇവിടെ ചുരുക്കി പറയാം.

ഇസ്ലാമികേതരമായ നിരവധി പാരമ്പര്യങ്ങൾ നിലനിന്നുപോരുന്ന രാജ്യമാണ് ഇന്ത്യ. അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ആരിലൂടെയാണോ ലഭിക്കുന്നത് അവരെയെല്ലാം ദൈവമായി കണ്ട് ആരാധിക്കുക എന്നതാണ് അവയുടെ പൊതുവായ രീതി. അധിഷ്ഠാനപരമായ നന്മകൾ ലഭിക്കുന്നത് ഭൂമിയിലൂടെയാണ്. അതിനാൽ ഭൂമിദേവിയെ പൂജിക്കുക. വെളിച്ചവും ഊർജ്ജവും ലഭിക്കുന്നത് സൂര്യനിൽനിന്നാണ്. അതിനാൽ സൂര്യദേവനെ ആരാധിക്കുക. അതേപ്രകാരം കടലമ്മയുണ്ടായി, ഗോമാതാവുണ്ടായി, അങ്ങനെ പലതും! പലതും!! ഭയം, പ്രതീക്ഷ, സ്നേഹം ഇത്യാദി വികാരങ്ങൾ കൊളുത്താനുള്ള എന്തും മൂർത്തികളായി, ദൈവങ്ങളായി, ആരാധ്യ വസ്തുക്കളായി. ഇതാണ് ഇവിടുത്തെ ഭൂരിപക്ഷ പാരമ്പര്യം.

ഏകനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതാണ് ഇസ്‌ലാമിൻ്റെ കാതൽ. അവനാണ് അനുഗ്രഹങ്ങളുടെയും ഐശ്വര്യങ്ങളുടെയും ദാതാവ്. ചില കാരണങ്ങളിലൂടെയാണ് അവൻ അനുഗ്രഹങ്ങൾ നൽകുന്നത്. കാര്യങ്ങൾക്ക് അവൻ കാരണങ്ങൾ നിശ്ചയിച്ചിരിക്കുന്നു. പക്ഷെ കാരണങ്ങളല്ല അനുഗ്രഹങ്ങൾ സൃഷ്ടിച്ചത്. അവ കേവലമായ കാരണങ്ങൾ മാത്രമാണ്. ആ കാരണങ്ങളെയും കാര്യങ്ങളെയും സൃഷ്ടിച്ചത് അവനാണ്. അവക്കിടയിൽ കാര്യകാരണബന്ധം സ്ഥാപിച്ചതും അവനാണ്. അതിനാൽ അവയെ ആരാധിക്കരുത്. അവയുടെയെല്ലാം സ്രഷ്ടാവായ, അനുഗ്രഹങ്ങളുടെ ദാതാവായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. അനുഗ്രഹങ്ങൾ അവയുടെ സ്രഷ്ടാവും ദാതാവുമായ അല്ലാഹുവിലേക്ക് ചേർക്കണം. ഉപകരണപരമായ പങ്ക് മാത്രമുള്ള കാരണങ്ങളിലേക്ക് ചേർക്കരുത്. ഇതാണ് ഇസ്‌ലാമിക വിശ്വാസം.

ഏതൊരു ശബ്ദവും സംജ്ഞയും വിരചിക്കപ്പെടുന്നതും ഉപയോഗിക്കുന്നതും സവിശേഷമായ ചില സന്ദർഭങ്ങളിലും പരിസരങ്ങളിലുമാണ്. അവയെ രുപപ്പെടുത്തിയ ഘടനാപരമായ ചട്ടക്കുടിൽനിന്ന് പറിച്ചുമാറ്റി, തീർത്തും വ്യത്യസ്തമായ മറ്റൊരു വ്യവഹാരത്തിനകത്ത് മാറ്റിപ്രയോഗിക്കുമ്പോഴുണ്ടാകുന്ന പൊരുത്തക്കേടുകൾ ഗുരുതരമായിരിക്കും. ദ്വൈത അദ്വൈത സങ്കൽപങ്ങളുള്ള, മോക്ഷത്തിലും പുനർജന്മത്തിലും വിശ്വസിക്കുന്ന, കാരണങ്ങളെയും ഉപകരണങ്ങളെയും ദൈവങ്ങളായി കാണുന്ന, അസംഖ്യം മൂർത്തികളെയും ദേവീദേവന്മാരെയും പൂജിക്കുന്ന, ബഹുത്വങ്ങളുടെയും വൈവിധ്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും പാരമ്പര്യമുള്ള, സങ്കീർണ്ണമായ ഒരു മത-സാംസ്കാരിക വ്യവഹാരത്തിൽ രൂപം കൊള്ളുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന സംജ്ഞകളും സംവർഗ്ഗങ്ങളുമാണ് ദൈവം, ദൈവദൂതൻ, ദേവാലയം, ദിവ്യഗ്രന്ഥം, വേദം, മോക്ഷം, പുനർജന്മം പോലുള്ളവ. അവയെ ഇസ്‌ലാമിക വ്യവഹാരത്തിനകത്തേക്ക് പറിച്ച് നടുമ്പോഴുണ്ടാകുന്ന ഭവിഷ്യത്ത് ഭയാനകമാണ്.

അല്ലാഹു എന്നതിനു പകരം ദൈവം, അല്ലാഹുവിൻ്റെ ഗ്രന്ഥം എന്നതിനു ദിവ്യഗ്രന്ഥം, അല്ലാഹുവിൻ്റെ റസൂൽ എന്നതിനു ദിവ്യദൂതൻ, അല്ലാഹുവിന് ഇബാദത്ത് ചെയ്യാനുള്ള ഭവനങ്ങൾക്ക് ദേവാലയം, അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങൾക്ക് വേദം, അല്ലാഹുവിൻ്റെ ശിക്ഷയിൽനിന്നുള്ള രക്ഷക്ക് മോക്ഷം, മരണാനന്തര ജീവിതത്തിന് പുനർജന്മം എന്നൊക്കെ പ്രയോഗിക്കുമ്പോൾ ആ സംജ്ഞകളുടെ കൂടെ അവ വിരചിതമായ വ്യാവഹാരിക സങ്കൽപങ്ങളെ കൂടി നാം അംഗീകരിക്കേണ്ടി വരികയാണ്. അവ ബഹുദൈവത്വപരമായ സങ്കൽപങ്ങളിൽനിന്ന് ഉടലെടുത്തവയാണ്. അതുകൊണ്ടു തന്നെ അവ തീർത്തും ഇസ്‌ലാമിക വിരുദ്ധമായ ആശയങ്ങളെയാണ് ധ്വനിപ്പിക്കുന്നത്.

അനുഗ്രഹങ്ങളോ ഐശ്യര്യങ്ങളോ ലഭിക്കുന്നതിനുള്ള കാരണമോ ഉപകരണമോ ആയി വർത്തിച്ച വ്യക്തിയോട്, ശക്തിയോട്, വസ്തുവിനോട് ഗുണഭോക്താവിന് ആരാധന തോന്നുന്നു. അതേപോലെ, തനിക്ക് ഉപദ്രവമോ ആപത്തോ വരുത്തുന്ന ക്ഷുദ്രശക്തികളോട് ഭയാശങ്കകൾ തോന്നുന്നു. ഉപകാരങ്ങൾ നോടുന്നതിനും ഉപദ്രവങ്ങൾ തടുക്കുന്നതിനുമായി ഇത്തരം വസ്തുക്കളോട് ഭയഭക്തി കാണിക്കുകയും അവയെ മൂർത്തികളും ദൈവങ്ങളുമായി ഗണിച്ച് ആരാധനയർപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വ്യക്തികളും ശക്തികളും വസ്തുക്കളുമാണ് യഥാർത്ഥത്തിൽ ദൈവങ്ങൾ.

മുഴുവൻ പ്രപഞ്ചങ്ങളുടെയും സ്രഷ്ടാവും ഉടമസ്ഥനും നിയന്താവുമാരാണോ അവൻ്റെ അടിസ്ഥാന നാമമാണ് അല്ലാഹു. അവൻ മാത്രമാണ് ന്യായമായി ആരാധിക്കപ്പെടേണ്ടവൻ. സംജ്ഞാനാമങ്ങൾ അതേപടി ഉപയോഗിക്കാനല്ലാതെ, അവ പരിഭാഷപ്പെടുത്താൻ പാടില്ല. ദൈവം എന്ന പദം അല്ലാഹുവിൻ്റെ സംജ്ഞാനാമമല്ല. അതിനു പകരം വെക്കാനും പറ്റില്ല. അതിൻ്റെ പരിഭാഷയുമല്ല. മുഴുലോകങ്ങളുടെയും ഏകനായ ഒരു സ്രഷ്ടാവിനെ കുറിക്കുന്ന പദവുമല്ല അത്. ഇസ്‌ലാമിക വ്യവഹാരത്തിൽ പറയുന്ന (الإله الحق) ന്യായമായി ആരാധിക്കപ്പെടേണ്ടവൻ എന്ന അർത്ഥം അതിനില്ല. അന്യായമായി ആരാധിക്കപ്പെടുന്ന, മുപ്പത്തിമുക്കോടി ആരാധ്യവസ്തുക്കളിൽ ഏതിനെയും ഉദ്ദേശിക്കാവുന്ന ഒരു പദം. ആ പദം അല്ലാഹു എന്ന സംജ്ഞാനാമത്തിനു പകരമായോ അതിൻ്റെ പരിഭാഷയായോ ഏതാണ്ട് എല്ലാ ഖുർആൻ വിവർത്തനങ്ങളിലും ഉപയോഗിച്ചു കാണുന്നു. എന്തു മാത്രം ഗുരുതരമായ പാതകമാണ് ഇതെന്ന് ആലോചിച്ചു നോക്കുക. ഇതിനെക്കാൾ വലിയ പാപം വേറെയുണ്ടോ?

മുകളിൽ പറഞ്ഞ വസ്തുതകൾ ദൈവം എന്ന പദത്തിനു മാത്രം ബാധകമായ കാര്യങ്ങളല്ല. ഇസ്‌ലാമികേതര പാരമ്പര്യങ്ങളിലും വ്യവഹാരങ്ങളിലും ഉപയോഗിക്കുന്ന, നടേ സുചിപ്പിച്ചതും അല്ലാത്തതുമായ സംജ്ഞകൾക്കും സംവർഗ്ഗങ്ങൾക്കുമെല്ലാം അതു ബാധകമാണ്. അവ നാം ഇസ് ലമാിക വ്യവഹാരത്തിനകത്ത് പ്രയോഗിച്ചുകൂടാ. അവയെ പരിവർജ്ജിക്കുകയാണ് ചെയ്യേണ്ടത്. ഖേദകരമെന്നു പറയട്ടെ, വിശുദ്ധ ഖുർആൻ വിവരണത്തിലുടനീളം അവ ധാരാളമായി ഉപയോഗിച്ചു കാണുന്നു. ഓരോ സന്ദർഭങ്ങളിലും വായനക്കാരെ അതിനെക്കുറിച്ച്  ആവർത്തിച്ച് ഉണർത്തുക സാധ്യമല്ല. ഇവിടെ നൽകിയ വിശദീകരണം അത്തരം സന്ദർഭങ്ങളെ മുഴുവനും ഉദ്ദേശിച്ചുകൊണ്ടുളളതാണെന്നു മനസ്സിലാക്കുക


ഭാഗം 4

വിശുദ്ധ ഖുർആൻ വിവരണത്തിലും മറ്റു ചില പരിഭാഷകളിലും പൊതുവായി കണ്ടുവരുന്ന മറ്റൊരു പ്രമാദമാണ് ശാസ്ത്രീയ സങ്കേതങ്ങളുടെയും ശബ്ദാവലികളുടെയും അനാവശ്യമായ പ്രയോഗങ്ങൾ. ശാസ്ത്രം ഒരു കാലത്തും ഒരു സ്ഥിരമൂല്യമായി നിലകൊണ്ടിട്ടില്ല. അങ്ങനെ നിലനിൽക്കുക ശാസ്ത്രത്തിനു സാധ്യവുമല്ല. അതിൻ്റെ മേഖല ഭൗതികലോകവും അവയിലെ പ്രതിഭാസങ്ങളും മാത്രമാണ്. അഭൗതിക ലോകത്തെ അത് കൈകാര്യം ചെയ്യുന്നില്ല. വ്യവസ്ഥാപിതമായ നിരീക്ഷണ പരീക്ഷണങ്ങളാണ് ശാസ്ത്ര ഗവേഷണത്തിനുള്ള മാർഗ്ഗം. ഇത്തരം ഗവേഷണ മാർഗ്ഗങ്ങളിലൂടെ ലഭിക്കുന്ന അവസാനത്തെ നിരീക്ഷണമാണ് ശാസ്ത്ര സത്യം എന്നു പറയുന്നത്. തിരുത്തപ്പെടുന്നതു വരെ അത് ശാസ്ത്രമായും ശാസ്ത്ര സത്യമായും തുടരുന്നു.  ഭൗതിക വിഷയങ്ങളിൽ ഇങ്ങനെ തെറ്റിയും തിരുത്തിയും മുന്നേറാനുള്ള വേദിയാണ് ശാസ്ത്രം. തെറ്റലും തിരുത്തലും അതിനു കളങ്കമല്ല. മറിച്ച്, ശാസ്ത്രം പ്രവർത്തനക്ഷമമാണെന്നതിൻ്റെ തെളിവാണത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ആധുനിക ശാസ്ത്രം രൂപപ്പെടുന്നത്. അതിൻ്റെ നിർവ്വചനത്തിലും ഉള്ളടക്കത്തിലും പിന്നീട് കാതലായ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്.

ശാസ്ത്രത്തിനു അതിൻേറതായ കർമ്മ മണ്ഡലങ്ങളും പ്രവർത്തന ശേഷിയും ഉണ്ട്. അതിലുപരി അതിനു അതിൻേറതായ  പരിമിതികളും നിഹിതമായ അപര്യാപ്തതകളും ഏറെയുണ്ട്. പക്ഷെ ശാസ്ത്രബോധം, നവോത്ഥാനം, പുരോഗമനവാദം  പോലുള്ള സാമൂഹിക മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു കാലയളവിൽ ജീവിച്ച മുസ്‌ലിം എഴുത്തുകാരും പ്രസംഗകരും അവയുടെ സ്വാധീനശക്തിയിൽ വീണുപോയി. അതു കൊണ്ടു തന്നെ എന്തിനെയും ശാസ്ത്രവൽക്കരിക്കാനുള്ള ഒരു ത്വര അവർ പ്രകടിപ്പിക്കാൻ തുടങ്ങി. ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തതെല്ലാം അന്ധവിശ്വാസമോ ആധുനികതയുടെ നിലവാരത്തിനു യോജിക്കാത്തതോ ആയി മുദ്രയടിക്കപ്പെടുമോ എന്നവർ പേടിച്ചു. അതുകൊണ്ടാണ് സലഫുകളുടെ മാതൃകയിൽ ഒരു ഖുർആൻ വിവരണം തയ്യാറാക്കാൻ ഉദ്ദേശിച്ചപ്പോൾ അതിൻ്റെ അവലംബ ഗ്രന്ഥങ്ങളിൽ ഫരീദ് വജ് ദിയുടെ صفوة العرفان നും ത്വൻത്വാവിയുടെ الجواهر ഉം കയറിക്കൂടിയത്.

യാഥാർത്ഥ്യം മറ്റൊന്നാണ്; ശാസ്ത്രത്തിൻ്റെ കണ്ടെത്തലുകൾക്ക് താൽക്കാലികോപയുക്തത മാത്രമേയുള്ളു. അവക്ക് സ്ഥായീഭാവമില്ല. അവ മതമൂല്യങ്ങൾ പോലെ കാലാതിവർത്തിയായ ആത്യന്തിക സത്യങ്ങളല്ല. മതപരമായ കാര്യങ്ങളെ വിശദീകരിക്കാൻ ശാത്രസങ്കേതങ്ങൾ പര്യാപ്തമല്ല. ശാസ്ത്രസാമഗ്രികൾക്ക് അവ തെളിയിക്കാനുള്ള ശേഷിയുമില്ല. മത മൂല്യങ്ങൾ സ്വതസ്പഷ്ടവും ആത്യന്തികവുമാണ്. അവയുടെ സാധുത ശാസ്ത്രം സാക്ഷ്യപ്പെടുത്തേണ്ട കാര്യമില്ല. ഉദാഹരണമായി, വിവാഹം വിശുദ്ധമാണ്, വ്യഭിചാരം പാപമാണ് എന്നത് ഒരു മതാത്മകവും ധർമ്മപരവുമായ മൂല്യമാണ്. അത് ബയോടെക്നോളജിയുടെ സിദ്ധാന്തങ്ങൾ വെച്ച് തെളിയിക്കേണ്ടതില്ല. അല്ലെങ്കിൽ അതിലുള്ള പുണ്യ പാപങ്ങൾ ബയോകെമിസ്ട്രിയുടെ ഒരു ലാബിലും പരിശോധിച്ച് കണ്ടെത്താനുമാവില്ല.

ശാസ്ത്രത്തിൻ്റെ പ്രവർത്തന മേഖലയെയോ പ്രവർത്തന ശേഷിയെയോ സംഭവാവനകളെയോ വിലകുറച്ചു കാണുന്നില്ല. പക്ഷെ, ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. മതപരമായ ഒരു കാര്യത്തിനും ശാസ്ത്രത്തിൻ്റെ മേലൊപ്പ് ആവശ്യമില്ലെന്ന സത്യം അടിവരയിടുക മാത്രമാണ്. ഈ ബോധ്യത്തിനു മങ്ങലേൽക്കുന്നതു കൊണ്ടോ മറ്റോ, വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇസ്‌ലാമിക സങ്കേതങ്ങളെയും സംജ്ഞകളെയും ശാസ്ത്രീയവൽക്കരിക്കാനുള്ള പാഴ്ശ്രമം നടത്തുന്നത് കാണാം.

ഉദാഹണമായി അതിലെ ചില പ്രയോഗങ്ങൾ ശ്രദ്ധിക്കുക: ‘ഖുർആൻ്റെ സിദ്ധാന്തങ്ങൾ’ (പുറം 33, 81). സിദ്ധാന്തങ്ങൾ എന്നത് ഖുർആനുമായി കൂട്ടിയിണക്കാവുന്ന ശബ്ദമല്ല. പരീക്ഷണാർത്ഥമുള്ള നിർദ്ദേശങ്ങളാണ് സിദ്ധാന്തങ്ങൾ. ഖുർആനിലുള്ളത് പരമസത്യങ്ങളും ആത്യന്തിക യാഥാർത്ഥ്യങ്ങളുമാണ്. പരീക്ഷണാർത്ഥമുള്ള നിർദ്ദേശങ്ങളും സിദ്ധാന്തങ്ങളുമല്ല.

‘ഇസ്‌ലാമിക വിശ്വാസ ശാസ്ത്രം’ (പുറം 39, 81). ഇസ്‌ലാമിക വിശ്വാസങ്ങൾ ശാസ്ത്രമല്ല. കാരണം അത് മനുഷ്യനു പരീക്ഷണ നിരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താനുള്ള മേഖലയല്ല. അത് വഹ്യിലൂടെ പഠിപ്പിക്കപ്പെട്ട കാര്യങ്ങളാണ്. അത് ബോധത്തിൻ്റെയും ബോധ്യത്തിൻ്റെയും അറിവിൻ്റെയും വിശ്വാസത്തിൻ്റെയും പരിപൂർണ്ണ സമർപ്പണത്തിൻ്റെയും മേഖലയാണ്.

‘ധർമ്മശാസ്ത്രം’ (പുറം 38, 39) ഇസ്‌ലാമിക വിജ്ഞാന ശാഖകളിൽപെട്ട ഏതിനെ സൂചിപ്പിക്കാനും عِلْمٌ (അറിവ്, വിജ്ഞാനീയം)  എന്ന പദം  ഉപയോഗിക്കാറുണ്ട്. ഇതേ പദം തന്നെയാണ് ശാസ്ത്രം എന്നതിനും അറബിയിൽ ഉപയോഗിച്ചു വരുന്നത്. അതിനാൽ ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ മുഴുവനും ശാസ്ത്രം എന്ന് പരിഭാഷപ്പെടുത്തുന്നത് അനുചിതമായിരിക്കും. ഇന്ന് എല്ലാ മതക്കാരും വിവേചന രഹിതമായി ശാസ്ത്രം എന്ന പദം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നു. അതിൽപെട്ടതാണ് ദൈവശാസ്ത്രം എന്ന പ്രയോഗം. പക്ഷെ, ഖുർആൻ പരിഭാഷകളിലും മറ്റും അങ്ങനെ പ്രയോഗിക്കുമ്പോൾ عِلْمٌ (അറിവ്, വിജ്ഞാനീയം) എന്ന  ശബ്ദത്തിൻ്റെ വ്യാവഹാരികമായ ധ്വനികളെല്ലാം ചോർന്നുപോകുന്നു. പകരം കേവല ഭൗതികമായ കുറേ ലക്ഷ്യാർത്ഥങ്ങളും ധ്വനികളും അതിനു ചാർത്തപ്പെടുകയും ചെയ്യുന്നു. ശാസ്ത്രം എന്ന പദം തീരെ പ്രയോഗിക്കാവതല്ല എന്നു പറഞ്ഞുകൂടെങ്കിലും ഇത്തരം പ്രയോഗങ്ങളിൽ ശരിയായ വേർതിരിവ് അനിവാര്യമാണ്. ഖുർആൻ പരിഭാഷകളിൽ പോലും അതുണ്ടായില്ല എന്നത് ഖേദകരമാണ്. മറിച്ച് വിശുദ്ധ ഖുർആൻ വിവരണത്തിൽ തന്നെ ഇസ്‌ലാമിക വിശ്വാസ ശാസ്ത്രം പോലുള്ള പ്രയോഗങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ വികല സങ്കൽപങ്ങൾ ബഹുജനങ്ങളിൽ വേരുറച്ചു പോവുകയാണ്. പിന്നീട് അത് തിരുത്താനുള്ള ശ്രമങ്ങളെല്ലാം അപഹസിക്കപ്പെടുകയേ ഉള്ളു.

മുകളിൽ പറഞ്ഞത് ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇതുപോലുള്ള കാര്യങ്ങൾ വേറെയുമുണ്ട്. അവ ഓരോന്നായി വിശകലനം ചെയ്യേണ്ട ആവശ്യമില്ല. ചുരുക്കത്തിൽ, ശാസ്ത്രത്തിന് ഇല്ലാത്ത മേധാശക്തി കൽപിക്കുകയും മതത്തെ അതിനു വിധേയമാക്കുകയും ചെയ്യുന്ന ഇത്തരം ഉള്ളടക്കങ്ങളും ശൈലികളും ആരൊക്കെ പ്രയോഗിച്ചാലും അത് തീർത്തും നിരാകരിക്കപ്പെടേണ്ടതാണ്. ഇസ്‌ലാം ലോകത്ത് വന്നതു തന്നെ എല്ലാറ്റിനെയും അതിവർത്തിക്കാനാണ്. ഇസ്‌ലാമിൻ്റെ മേധാശക്തിക്കു കീഴിൽ വരാത്ത ഒരു പ്രത്യയശാസ്ത്രമോ ഭൗതിക ശാസ്ത്രമോ ഇല്ലെന്നതാണു സത്യം. ശാസ്ത്രം ഇസ്‌ലാമിൻ്റെ സ്രോതസ്സല്ല എന്ന ലേഖനം കൂടി കാണുക.


ഭാഗം 5 

മുൻകാലക്കാർക്ക് അല്ലാഹു ഇറക്കിക്കൊടുത്ത ഗ്രന്ഥങ്ങൾ ഉപയോഗിച്ച് പ്രമാണങ്ങളിലുള്ള മൂലവാക്യങ്ങൾ വ്യാഖ്യാനിക്കുക എന്നതും ഒരു പൊതുവായ വീഴ്ചയാണ്. വിശുദ്ധ ഖുർആൻ വിവരണത്തിലും അത്തരം വ്യാഖ്യാനങ്ങൾ ധാരാളമുണ്ട്. അതിലുള്ള അപാകങ്ങൾ ലക്ഷ്യങ്ങൾ സഹിതം മുൻഗാമികളുടെ ഗ്രന്ഥങ്ങൾ ഇസ്ലാമിൻ്റെ സ്രോതസ്സല്ല എന്ന ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്. അതു വായിക്കാൻ താൽപര്യം.


ഭാഗം 6

അഹ്‌ലുസ്സുന്നഃ പ്രതിനിധാനം ചെയ്യുന്നത് നബി ﷺ യും അനുചരന്മാരും പ്രബോധനം ചെയ്ത ദീനിനെയാണ്. അത് പൂർണ്ണ പരിശുദ്ധിയിൽ പിന്തുടരപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും വേണം. ഇസ്‌ലാമിൻ്റെ വിശുദ്ധിയെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങൾ പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഖുലഫാക്കുളുടെ കാലത്തും മറ്റും നടന്ന ഇസ്‌ലാമിക മുന്നേറ്റങ്ങളെ തുടർന്ന് പുതുതായി മതത്തിലേക്കു വന്നവരിലുണ്ടായിരുന്ന സാംസ്കാരിക അവശേഷിപ്പുകൾ, ഗൂഢലക്ഷ്യത്തോടെ ഇസ്‌ലാമിലേക്കു വന്ന ചിലർ നടത്തിയ ഉപജാപക പ്രവർത്തനങ്ങൾ, ഇസ്‌ലാമിക  സാമ്രാജ്യ സീമകൾ വികസിച്ചപ്പോഴുണ്ടായ സാംസ്കാരിക കൈമാറ്റങ്ങൾ, യവനന്മാരുടെയും റോമക്കാരുടെയും പേർഷ്യക്കാരുടെയുമെല്ലാം സാഹിത്യങ്ങളും തത്വശാസ്ത്രങ്ങളും അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടപ്പോഴുണ്ടായ ആശയക്കുഴപ്പങ്ങൾ മുതലായവ അവയിൽപെട്ടതാണ്. അതു മൂലം വ്യതിചലിച്ച കക്ഷികൾ ഉടലെടുക്കുകയും അവർ തത്വശാസ്ത്രം, തർക്കശാസ്ത്രം, വചനശാസ്ത്രം, പോലുള്ള നൂതനമായ പല ശാഖകളും ആവിഷ്കരിക്കുകയും ചെയ്തു. സലഫുകളുടെ ശരിയായ മാർഗ്ഗം കൃത്യമായി ഉൾക്കൊള്ളാത്ത പലരും അവയൊക്കെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽപെട്ടതാണെന്ന നിലയിൽ അവയുടെ സങ്കേതങ്ങളും ശബ്ദാവലികളും ഉപയോഗിക്കാനും തുടങ്ങി. അത്തരത്തിലുള്ള പല ആശയങ്ങളും പദാവലികളും ഖുർആൻ പരിഭാഷകളിലും കടന്നുകൂടിയിട്ടുണ്ട്.

ഇസ്ലാമിലെ സാങ്കേതിക ശബ്ദങ്ങൾ വിവർത്തനം ചെയ്യാതെ അതേ രൂപത്തിൽ ലിപ്യന്തരണം ചെയ്യുന്നതായിരിക്കും ഉചിതം. അല്ലാഹുവിൻ്റെ നാമങ്ങൾ പരിഭാഷപ്പെടുത്താവതല്ല. അവയിൽ ഉൾച്ചേർന്നിരിക്കുന്ന ആശയങ്ങൾ അറബിയിലോ മറ്റു ഭാഷകളിലോ വിശദീകരിക്കാം. അതേ പോലെ,  അവൻ്റെ ഗുണവിശേഷങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുമ്പോഴും അവയുടെ ആശയങ്ങൾ വിശദീകരിക്കാം. പക്ഷെ, അവനെ കുറിച്ച് വിശേഷിപ്പിക്കാൻ അവൻ ഉപയോഗിച്ച പദത്തിനു പകരമാവില്ല മറ്റൊന്നും. ഇത്തരം മേഖലകളിൽ ശർഇയ്യായ ശബ്ദാവലികൾ തന്നെ ഉപയോഗിക്കുകയാണു വേണ്ടത്.  അദൃശ്യമായ കാര്യങ്ങളെ കുറിച്ച് പരാർശിക്കുമ്പോഴും സൂക്ഷ്മത വേണം. ഇതു സംബന്ധിച്ച് കൂടുതൽ അറിയാൻ അല്ലാഹുവിൻ്റെ നാമ ഗുണവിശേഷങ്ങൾ എന്ന ലേഖനം കാണുക. മുകളിൽ പറഞ്ഞ കാര്യം മറ്റൊരു തരത്തിൽ വിശുദ്ധ ഖുർആൻ വിവരണത്തിൻ്റെ പരിഭാഷകരും രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരം വായിക്കാം:

” ‘റബ്ബ്, ഇലാഹ്, റസൂൽ, നബി, സകാത്ത്, ഈമാൻ, ശിർക്ക്’ എന്നിവ പോലെ സാധാരണ ഉപയോഗത്തിലിരിക്കുന്ന അറബി വാക്കുകൾക്കു മിക്കപ്പോഴും തർജ്ജമ കൊടുക്കാറില്ല. അതിന് പല കാരണങ്ങളുമുണ്ട്. ചില വാക്കുകളുടെ ഉദ്ദേശ്യം മനസ്സിലാക്കുവാൻ അവയുടെ തർജ്ജമയെക്കാൾ ഉപകരിക്കുക അതേ മൂലവാക്കുകൾ തന്നെയായിരിക്കും. ചില വാക്കുകളുടെ ഉദ്ദേശ്യം മുഴുവനും കാണിക്കത്തക്ക വാക്കുകൾ മലയാളത്തിൽ വിരളമായിരിക്കും.” (പരിഭാഷകന്മാർ, മഖുവുര, പുറം 93)


ഭാഗം 7

ഖുർആൻ പരിഭാഷകളും വിവരണങ്ങളും സാധാരണക്കാരെയാണ് അഭിസംബോധന ചെയ്യുന്നത്. മതപരമായ കാര്യങ്ങളിൽ വ്യക്തതയും അനുഷ്ഠാന വിഷയങ്ങളിൽ (المسائل) തീർപ്പും ലഭിക്കുന്ന വിധത്തിലായിരിക്കണം അവയുടെ പ്രതിപാദന രീതി. വിശുദ്ധ ഖുർആൻ വിവരണത്തിൽ പലപ്പോഴും ഈ ലക്ഷ്യം നിറവേറ്റപ്പെടുന്നില്ല. ഭിന്നാഭിപ്രായങ്ങൾ ഉദ്ധരിക്കുകയും, അവയിൽ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് തീർച്ചപ്പെടുത്താതെ പോവുകയും ചെയ്യുന്നു. അതു മുഖേന വായനക്കാർ കൂടുതൽ കൂടുതൽ ആശയക്കുഴപ്പത്തിൽ അകപ്പെടുന്നു. അഭിപ്രായങ്ങൾ ഉദ്ധരിക്കുമ്പോൾ അപ്രസക്തമായവ ഒഴിവാക്കേണ്ടതാണ്. വ്യത്യസ്തമായ അഭിപ്രായങ്ങൾ അനിവാര്യമായും ഉദ്ധരിക്കേണ്ടി വരുമ്പോൾ മുൻഗണനാക്രമം പാലിക്കേണ്ടതും ഏതാണ് ശരി, ഏതാണ് തെറ്റ് എന്നത് തെളിവുകളെയും വൈജ്ഞാനിക മാനദണ്ഡങ്ങളെയും അടിസ്ഥാനപ്പെടുത്തി തീർപ്പാക്കേണ്ടതുമാണ്. അല്ലാതെ, ഒരു വിഷയം പണ്ഡിതന്മാർക്കിടയിൽ ചർച്ചക്കു വേണ്ടി അവതരിപ്പിക്കുന്ന രീതിയിൽ അവ്യക്തമായും തീർപ്പ്  കൽപിക്കാതെയും വിട്ടേച്ചു പോകുന്നത് ഇത്തരം കൃതികളിൽ ഒട്ടും ആശാസ്യമല്ല.


ഭാഗം 8

വിശുദ്ധ ഖുർആൻ വിവരണത്തിൻ്റെ മുഖവുരയിൽ പ്രയോജനപ്രദമായ കുറേ അറിവുകളുണ്ട്. കൂടെ, ചില അവ്യക്തതകളും ആശയക്കുഴപ്പങ്ങളും പിഴവുകളും കേറിക്കൂടിയിട്ടുമുണ്ട്. അത്തരം സന്ദർഭങ്ങൾ ഉദ്ധരിക്കുകയും, ഒരു ശരാശരി വായനക്കാരനു പ്രമാണബദ്ധമായ അറിവും വ്യക്തമായ കാഴ്ചപ്പാടും നൽകാനുപകരിക്കുന്ന ഹ്രസ്വമായ അടിക്കുറിപ്പുകൾ നൽകുകയുമാണ് ചെയ്യുന്നത്. വിശദമായി പ്രതിപാദിക്കേണ്ട വിഷയങ്ങളാണെങ്കിൽ അവ ‘ലേഖനങ്ങൾ’ എന്ന വിഭാഗത്തിൽ പരിശോധിക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുക. ഈ രീതി വായനക്കാർക്ക് ഉപകരിക്കുമെന്ന് കരുതുന്നു. അല്ലാഹു തൗഫീഖ് ചെയ്യുമാറാവട്ടെ.

[8.1]  ”നബി ﷺ ക്ക് വിഷമം ഉണ്ടാകുമാറ് മലക്കു കൂട്ടിപ്പിടിച്ചതിൻ്റെ യഥാർത്ഥ രഹസ്യം എന്താണെന്ന് നമുക്കറിഞ്ഞുകൂടാ. എങ്കിലും ആത്മീയലോകവും ഭൗതികലോകവും തമ്മിലുള്ള ഒരു കൂട്ടിയിണക്കലായിരുന്നു അതെന്നു പറയാം.” (വിശുദ്ധ ഖുർആൻ വിവരണം, മുഖവുര, പുറം 19)

ഇത് സലഫുകളുടെ വ്യാഖ്യാനരീതിയല്ല. പ്രമാണരേഖകളിൽ സ്ഥിരപ്പെടുത്തിയതു മാത്രം സ്ഥിരീകരിക്കുകയും നിരാകരിച്ചതിനെ നിഷേധിക്കുകയും, പരാമർശിക്കാത്തതിനെ കുറിച്ച് മൗനം പാലിക്കുകയും ചെയ്യുക എന്നതാണ് അവരുടെ രീതി. പ്രമാണരേഖകളിൽ വിശദീകരണമില്ലാത്ത ഇക്കാര്യത്തിൽ മൗനംപാലിക്കുകയായിരുന്നു വേണ്ടത്.

[8.2] ”ഹിജ്ര വർഷത്തിന് 13 കൊല്ലം മുമ്പ് – ക്രിസ്താബ്ദം 610ൽ – റമസാൻ മാസത്തിലെ ഒരു പുണ്യദിനത്തിലാണ് ഖുർആൻ്റെ അവതരണമാരംഭിച്ചത്. ഈ ദിവസം ഏതായിരുന്നുവെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. അന്നു റമസാൻ 17 ആയിരുന്നുവെന്നാണ് ചില മഹാന്മാർ പറയുന്നത്.” (മുഖവുര, പുറം 19)

മേൽ പരാമർശത്തിൽ വസ്തുതാപരമായി ഒരു ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഖുർആനിൻ്റെ അവതരണത്തിനു തുടക്കം കുറിച്ചത് ഖദ്റിൻ്റെ രാവിലാണ്. ആ രാവ് റമളാനിലെ അവസാനത്തെ പത്തിലാണ്. ഇതാണ് പ്രമാണരേഖകളിൽ സ്ഥിരപ്പെട്ട കാര്യം. ഇക്കാര്യമല്ല ഇവിടെ പരിഭാഷകന്മാർ ഉദ്ദേശിച്ചതെന്ന് തോന്നുന്നു.

എന്നാൽ ഒന്നാം ആകാശത്തിലേക്ക് ഖുർആൻ ഇറക്കിയത് ലൈലതുൽ ഖദ്റിലും, ഭൂലോകത്തേക്ക് ആദ്യമായി നബി ﷺ ക്ക്  ഇറക്കിക്കൊടുത്തത് മറ്റൊരു സന്ദർഭത്തിലുമാണെന്ന് ഒരു വാദഗതിയുണ്ട്. അതാണോ ഇവിടെ ഉദ്ദേശിച്ചതെന്ന കാര്യവും വ്യക്തമല്ല. ഏതായിരുന്നാലും ഈ വാദഗതിക്ക് പ്രമാണരേഖകളുടെ മതിയായ പിന്തുണയില്ല.

[8.3] ”മറ്റൊരു ഹദീസിൽ, തിരുമേനി ചെയ്ത വിധിവിലക്കുകളെ ചൂണ്ടിക്കൊണ്ട് അവിടുന്ന് ഇങ്ങനെ പറയുന്നു: وإنها لمثل القرآن أو أكثر – أبو داود (അവ ഖുർആനോളമോ, അല്ലെങ്കിൽ അതിനെക്കാൾ അധികമോ ഉണ്ടായിരിക്കും.)” (മുഖവുര, പുറം 21)

”അറിയുക: എനിക്ക് ഖുർആനും അതോടൊപ്പം അത്രയും കൂടി നൽകപ്പെട്ടിരിക്കുന്നു.” (മുഖവുര, പുറം 63)

നബി ﷺ ക്ക് അല്ലാഹു നൽകിയ ഹിക്‌മത്ത് അതു തന്നെയാണ് സുന്നത്ത്. മലയാളത്തിൽ  നബിചര്യ എന്നാണു സാമാന്യമായി ഭാഷാന്താരം ചെയ്യാറുള്ളത്. അത് ഖുർആനിൻ്റെ പ്രായോഗികമായ വ്യാഖ്യാനം കൂടിയാണ്. ഖുർആനും സുന്നത്തും രണ്ടും വഹ് യു തന്നെ. അവയെ പരസ്പരം വേർപെടുത്താനാവില്ല. ഖുർആനും, അതിൻ്റെ കൂടെ അതിനു തുല്യമായ (مثله) മറ്റൊന്നും നബി ﷺ ക്കു നൽകപ്പെട്ടിരിക്കുന്നു എന്നു ഹദീസുകളിലുണ്ട്. അതിൻ്റെ വിവക്ഷ പ്രാമാണ്യത്തിൻ്റെ കാര്യത്തിൽ രണ്ടും തുല്യമാണ് എന്നതത്രെ. അളവിൻ്റെ കാര്യമല്ല ഇവിടെ പരാമർശിക്കുന്നത്. ഹിക് മത്ത് ‘ഖുർആനോളമോ അതിനെക്കാൾ അധികമോ ഉണ്ടായിരിക്കും’ എന്ന് സമർത്ഥിക്കാനായി കൊണ്ടുവന്ന അബൂദാവൂദ് ഉദ്ധരിച്ച ഹദീസ് തെളിവിനു കൊള്ളാത്തതും ദുർബ്ബലവുമാണ്. ഇവ്വിഷയകമായി കൂടുതൽ അറിയാൻ ഇസ്‌ലാമിൻ്റെ പ്രമാണങ്ങൾ എന്ന ലേഖനം കാണുക.

[8.4] ”അതേ സമയത്തു അവയുടെയെല്ലാം ഒരു മേലന്വേഷണം കൂടി ഖുർആൻ നടത്തുന്നുവെന്ന് ഇതിൽനിന്നു സ്പഷ്ടമാകുന്നു.” (മുഖവുര, പുറം 23)

മുഖവുരയിൽ മാഇദഃ 46-48 സൂക്തങ്ങളുടെ പരിഭാഷയും അതിനെ കുറിച്ച് നടത്തിയ വിവരണവും അവ്യക്തമാണ്. ആശയവ്യക്തത അഹ്‌ലുസ്സുന്നഃയുടെ മുഖമുദ്രയാണ്. ഇവ്വിഷയകമായി വ്യക്തമായ ധാരണ ലഭിക്കാൻ മുൻകാല ഗ്രന്ഥങ്ങൾ ഇസ്‌ലാമിൻ്റെ സ്രോതസ്സല്ല എന്ന ലേഖനം വായിക്കുന്നത് ഉപകാരപ്രദമായിരിക്കും.

[8.5] ”എന്നാൽ, ഇന്ന് മുസ്ഹഫുകളിൽ കണ്ടുവരുന്ന ക്രമമനുസരിച്ച് ഓരോ സൂറത്തും അതാതിൻ്റെ സ്ഥാനങ്ങളിലായി, ഇന്നതിന്നു ശേഷം ഇന്നതു എന്ന നിലക്ക്, തിരുമേനിയുടെ കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നോ എന്നതിനെ പറ്റി പണ്ഡിതന്മാർക്കിടയിൽ രണ്ടഭിപ്രായമുണ്ട്… അതുകൊണ്ട് സൂറത്തുകളുടെ ക്രമീകരണവും – ആയത്തുകളുടെ ക്രമീകരണം പോലെത്തന്നെ – നബി (സ) സഹാബികൾക്ക് കാട്ടിക്കൊടുത്തിരിക്കാമെന്നും, ആ ക്രമീകരണം തന്നെയാണ് സൈദു (റ) സ്വീകരിച്ചിരിക്കുന്നതെന്നുമാണ് മറ്റു ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്.” (മുഖവുര, പുറം 26)

റമളാൻ മാസങ്ങളിൽ ജിബ് രീൽ عليه السلام വന്ന് അതുവരെ അവതരിച്ച ഖുർആനിൻ്റെ ഭാഗങ്ങൾ ഒത്തുനോക്കുന്ന പതിവുണ്ടായിരുന്നു. നബി ﷺ യുടെ വിയോഗത്തിനു തൊട്ടുമുമ്പുള്ള റമളാനിൽ ജിബ് രീൽ عليه السلام രണ്ടു തവണ ഖുർആനിൻ്റെ പാഠം ഒത്തുനോക്കിയത് ഹദീസുകളിലുണ്ട്. ആ സന്ദർഭത്തിൽ അല്ലാഹുവിൻ്റെ കൽപന പ്രകാരം ജിബ് രീൽ عليه السلام അധ്യായങ്ങളുടെ ക്രമം നബി ﷺ യെ അറിയിച്ചു. അതേപോലെ ഓരോ അധ്യായത്തിലുമുള്ള സൂക്തങ്ങളുടെ ക്രമവും അറിയിച്ചു കൊടുത്തു. അധ്യായങ്ങളുടെയും, ഓരോ അധ്യായത്തിലുമുള്ള സൂക്തങ്ങളുടെയും ക്രമം വഹ് യിലൂടെ ലഭിച്ചതാണ്. ഇതാണ് യാഥാർത്ഥ്യം.

മുഖവുരയിൽ ഈ വസ്തുത കേവലം ഒരു ഒരു പണ്ഡിതാഭിപ്രായമായിട്ടാണ് അവതരിപ്പിച്ചത്. മാത്രമല്ല, അധ്യായങ്ങൾക്ക് ഇന്നു മുസ്ഹഫുകളിൽ കാണുന്ന ക്രമം നൽകിയത് സൈദു ബിൻ ഥാബിത് رضي الله عنه ആണെന്ന് വായനക്കാർക്ക് തോന്നിപ്പോവുകയും ചെയ്യും. വിശുദ്ധ ഖുർആൻ വിവരണത്തിൻ്റെ രചയിതാക്കൾ അങ്ങനെ വിശ്വസിക്കുന്നവരാണെന്നു കരുതാൻ തരമില്ല. അതു കൊണ്ടു തന്നെ വായനക്കാരും അത്തരം ഒരു തെറ്റിദ്ധാരണയിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഉണർത്തുന്നു.

നമസ്കാരത്തിലോ മറ്റു സമയങ്ങളിലോ ഖുർആൻ പാരായണം ചെയ്യുമ്പോൾ ഒരു അധ്യായത്തിലുള്ള സൂക്തങ്ങളുടെ ക്രമം തെറ്റിക്കാവതല്ല. എന്നാൽ അധ്യായങ്ങൾ ക്രമത്തിൽ തന്നെ പാരായണം ചെയ്യൽ നിർബ്ബന്ധവുമില്ല. ഇതാണ് സച്ചരിതരായ സലഫുകളുടെ രീതി. അതു തന്നെയാണ് നാം പിന്തുടരേണ്ടതും.

[8.6] ” ‘അഊദും ബിസ് മിയും’ (التعوذ والبسملة) കൊണ്ടായിരിക്കണം ഖുർആൻ പാരായണം ആരംഭിക്കുന്നത്.” (മുഖവുര, പുറം 31)

ശപിക്കപ്പെട്ട പിശാചിൽനിന്ന് അല്ലാഹുവിനോട് കാവൽ തേടുന്നതിന് അറബിയിൽ ഇസ്‌തിആദഃ (استعاذة) എന്നു പറയുന്നു. കാവൽ തേടാൻ വ്യത്യസ്തങ്ങളായ പദങ്ങൾ ഹദീസിൽ വന്നിട്ടുണ്ട്. അവയെല്ലാം ഇസ്‌തിആദഃക്ക് ഉപയോഗിക്കാവുന്നതാണ്. ഖുർആൻ പാരായണം ആരംഭിക്കുമ്പോൾ ഇസ്‌തിആദഃ നടത്തണമെന്ന് അല്ലാഹു കൽപിച്ചിട്ടുണ്ട്. അത് ഒരു പ്രാർത്ഥനയാണ്; ഖുർആൻ സൂക്തമല്ല. പ്രാർത്ഥനകൾ ഒന്നും തന്നെ ഖുർആൻ പാരായണം ചെയ്യുന്ന പോലെ ഈണത്തിൽ ചൊല്ലാൻ പാടില്ല. ഒരു അധ്യായം കഴിഞ്ഞ് മറ്റൊന്നു തുടങ്ങുമ്പോൾ ഇസ്‌തിആദഃ ആവർത്തിക്കേണ്ടതില്ല.

വിശുദ്ധ ഖുർആൻ വിവരണത്തിൽ പറഞ്ഞിരിക്കുന്നത് (പുറം 103), ഖുർആൻ പാരായണം ചെയ്യുമ്പോൾ ഇസ്തിആദഃ നിർബ്ബന്ധമെന്ന് പറഞ്ഞുകൂടാ, എങ്കിലും പ്രധാനപ്പെട്ട ഒരു ഐഛിക പുണ്യകർമ്മമാണത് എന്നാണ്. ഫുഖഹാക്കളുടെ സാങ്കേതികതകൾ ഖുർആൻ വിവരണത്തിൽ കൊണ്ടുവരുന്നത് വലിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമാകും. ഖുർആൻ പാരായണം ചെയ്യുമ്പോൾ ഇസ്തിആദഃ നടത്താൻ അല്ലാഹു കൽപിക്കുന്നു:

فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ (النحل: 98)

[നീ ഖുർആൻ പാരായണം ചെയ്യുമ്പോൾ അല്ലാഹുവിനോട് ശപിക്കപ്പെട്ട പിശാചിൽനിന്ന് കാവൽ തേടുക.] (നഹ്‌ൽ 98)

കൽപനകൾ അർത്ഥമാക്കുന്നത് നിർബ്ബന്ധം എന്നതു തന്നെയാണ്. മറിച്ചാണെന്നു പറയാൻ മതിയായ തെളിവു വേണം. അതില്ല താനും.

ബിസ്‌മി‘ എന്നത് തെറ്റായ ഒരു പ്രയോഗമാണ്. നാമത്തിൽ അല്ലെങ്കിൽ നാമം കൊണ്ട് എന്നു മാത്രമായിരിക്കും  അതിൻ്റെ അർത്ഥം. ആരുടെ നാമത്തിൽ എന്ന് അതിൽ സൂചനയില്ല. ഇത്തരം കാര്യങ്ങളിൽ അവ്യക്തത ഭൂഷണമല്ല താനും. ‘ബിസ്‌മില്ലാഹ്’ എന്നു പറയുമ്പോഴാണ് അല്ലാഹുവിൻ്റെ നാമത്തിൽ എന്ന അർത്ഥം ലഭിക്കുക. ഇതേ പോലെ തന്നെയാണ് ‘ലാ ഇലാഹ’ എന്ന പ്രയോഗവും. ഒരു ആരാധ്യനുമില്ല എന്ന് മാത്രമാണ് അതിൻ്റെ അർത്ഥം. അല്ലാഹുവിൻ്റെ മാത്രം ആരാധ്യത എന്ന ആശയത്തിനു പകരം ആരാധ്യനേയില്ല എന്ന നിരീശ്വരത്വമാണ് അത് ദ്യോതിപ്പിക്കുന്നത്. ഇന്ന് സാധാരണക്കാർക്കിടയിൽ അന്യത്ര പ്രചാരത്തിലുള്ള ഈ രണ്ടു തെറ്റായ പ്രയോഗങ്ങളും നിർബ്ബന്ധമായും തിരുത്തപ്പെടേണ്ടതാണ്.

بسم الله الرحمن الرحيم എന്നത് പൂർവ്വീക സമൂദായങ്ങളും ഉപയോഗിച്ചിരുന്ന വചനമാണ്. സുലൈമാൻ നബി عليه السلام സബഇലെ രാജ്ഞിക്ക് കത്തെഴുതിയപ്പോൾ ഈ വചനം കൊണ്ട് ആരംഭിച്ചത് ഖുർആനിലുണ്ട്. (നംല് 30) നൂഹ് നബി عليه السلام ൻ്റെ കപ്പൽ യാനം തുടങ്ങുന്നതും നങ്കൂരമിടുന്നതും അല്ലാഹുവിൻ്റെ പേരിലാണെന്നതും ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്. (ഹൂദ് 41)

ഈ വചനം ഖുർആനിലെ പ്രഥമ അധ്യായമായ ഫാതിഹഃയിലെ ആദ്യ സൂക്തമാണ്. കൂടാതെ, വേർതിരിക്കാൻ വേണ്ടി തൗബഃ ഒഴികെയുള്ള അധ്യായങ്ങളിലെല്ലാം അവയുടെ ആരംഭത്തിൽ അത് ആവർത്തിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷെ, അതതു അധ്യായങ്ങളിലെ ഒരു സൂക്തമായി അതിനെ ഗണിക്കാറില്ല. بسم الله الرحمن الرحيم എന്നത് അധ്യായം ആരംഭിക്കുമ്പോഴാണ് ചൊല്ലേണ്ടത്. പാരായണം ആരംഭിക്കുന്നത്  അധ്യായത്തിൻ്റെ തുടക്കത്തിൽനിന്നല്ലെങ്കിൽ ഇസ്‌തിആദഃ മാത്രം നടത്തിയാൽ മതി. ഒരേ അധ്യായം ആവർത്തിക്കുകയാണെങ്കിൽ ഓരോ തവണയും بسم الله الرحمن الرحيم എന്നത് ആവർത്തിക്കുകയും വേണം.

വിശുദ്ധ ഖുർആൻ വിവരണത്തിൽ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ എന്ന സൂക്തം നമസ്കാരത്തിൽ ഓതുന്നതിനെ കുറിച്ച് നൽകിയ വിശദീകരണത്തിൽനിന്നും വായനക്കാർക്ക് ഒരു തീരുമാനത്തിലും എത്താൻ കഴിയില്ല. അത് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതിൻ്റെ ആകത്തുക ഇപ്രകാരം സംഗ്രഹിക്കാം:

നമസ്കാരത്തിൽ അത് ഉറക്കെ ഓതണമോ പതുക്കെ ഓതണമോ? രണ്ടും തീർത്തു പറയത്തക്ക വണ്ണം ഹദീസുകളിൽ നിന്ന് തെളിവ് ലഭ്യമല്ല, രണ്ടിലൊന്ന് നിർബ്ബന്ധമാണെന്ന് ആർക്കും അഭിപ്രായമില്ല. തദ്വിഷയകമായി വന്ന ഹദീസുകൾ – ഇബ്‌നുൽ ഖയ്യിം رَحِمَهُ اللهُ പറഞ്ഞതു പോലെ – ഒന്നുകിൽ വിഷയം വ്യക്തമല്ലാത്തതോ, അല്ലെങ്കിൽ ദുർബ്ബലങ്ങളോ ആണ്. പതുക്കെയും ഉറക്കെയും ആവാമെങ്കിലും കൂടുതൽ നല്ലത് പതുക്കെയാകുന്നു. (വിശുദ്ധ ഖുർആൻ വിവരണം പുറം 103 കാണുക)

വിഷയത്തിൻ്റെ സത്യാവസ്ഥ ഇതാണ്: അനുഷ്ഠാനപരമായ കാര്യങ്ങളിൽ ഫുഖഹാക്കൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ടാകാം. അവയെല്ലാം ഒരേപോലെ സത്യമാവില്ല. അവയിൽ ഒന്നു മാത്രമായിരിക്കും സത്യം. മറ്റുള്ളവയെല്ലാം തെറ്റുമായിരിക്കും. തെളിവുകൾ പരിശോധിച്ച് ഏതാണ് സത്യമെന്ന് കണ്ടെത്തുക പണ്ഡിതന്മാരുടെ ധർമ്മമാണ്. തെളിവുകളുടെ ബലാബലം പരിശോധിച്ചും, അവക്കിടയിൽ മുൻഗണന കൽപിക്കാനുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയും തീരുമാനത്തിലെത്താവുന്നതാണ്.

നമസ്കാരത്തിൽ ഓരോ റക്അത്തിലും ഫാതിഹഃ ഓതേണ്ടതാണ്. بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ എന്നത് ഫാതിഹഃയിലെ പ്രഥമ സൂക്തമാണ്. ഇമാം ശാഫിഈ رَحِمَهُ اللهُ സൂചിപ്പിച്ചതു പോലെ, ഫാതിഹഃ ഓതി എന്നു പറയണമെങ്കിൽ മേൽ സൂക്തം ഓതിയേ മതിയാകൂ. ഉച്ചത്തിൽ ഓതുന്ന നമസ്കാരങ്ങളിൽ അത് മെല്ലെ ഓതുക എന്നതാണ് സുന്നത്തിൽ സ്ഥിരപ്പെട്ടിട്ടുള്ളത്. ഇവ്വിഷയകമായി വന്ന ഹദീസുകൾ വ്യക്തവും പ്രബലവുമാണ്. ഉദാഹരണത്തിന് രണ്ടു ഹദീസുകൾ മാത്രം ഉദ്ധരിക്കാം.

عَنْ أَنَسٍ رضي الله عنه قَالَ: كَانَ النَّبِيُّ ﷺ وَأَبُو بَكْرٍ وَعُمَرُ رَضِيَ اللَّهُ عَنْهُمَا يَسْتَفْتِحُونَ الْقِرَاءَةَ بـ ﴿ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴾ (الفاتحة: 2) [الترمذي في سننه وأحمد في مسنده وصححه الألباني]

[അനസ് رضي الله عنه നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ യും, അബൂബക്കർ, ഉമർ رضي الله عنهما എന്നിവരും പാരായണം ആരംഭിച്ചിരുന്നത് ﴾الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ﴿ എന്ന സൂക്തം കൊണ്ടായിരുന്നു.] (തിർമുദി സുനനിലും അഹ്‌മദ് മുസ്‌നദിലും ഉദ്ധരിച്ചത്)

عَنْ أَنَسٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ وَأَبَا بَكْرٍ وَعُمَرَ رَضِيَ اللهُ عَنْهُمَا كَانُوا يُسِرُّونَ بِـ ﴿ بِسْمِ اللهِ الرَّحْمَنِ الرَّحِيمِ ﴾ (الفاتحة: 1) [أبو جعفر الطحاوي في شرح معاني الآثار]

[അനസ് رضي الله عنه നിവേദനം. നബി ﷺ, അബൂബക്കർ, ഉമർ رضي الله عنهما എന്നിവർ ﴾بِسْمِ اللهِ الرَّحْمَنِ الرَّحِيمِ﴿ എന്ന വചനം പതുക്കെയായിരുന്നു ഓതിയിരുന്നത്.] (അബൂ ജഅ്ഫർ അത്വഹാവി ശർഹു മആനിൽ ആഥാറിൽ ഉദ്ധരിച്ചത്)

കൂടുതൽ വിശദാംശങ്ങൾ അറിയേണ്ടവർക്ക്. ശൈഖ് അൽബാനി رحمه الله യുടെ  أصل صفة صلاة النبي ﷺ എന്ന ഗ്രന്ഥം പരിശോധിക്കാവുന്നതാണ്.

ഗൗരവതരമായ ഏതൊരു കാര്യം بسم الله കൊണ്ട് ആരംഭിക്കുന്നില്ലയോ അത് നന്മയറ്റതായിരിക്കും എന്ന അർത്ഥത്തിൽ ഒരു വചനം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിൻ്റെ പ്രാമാണികതയെ കുറിച്ച് നിരൂപകന്മാർ ആക്ഷേപമുന്നയിച്ചിട്ടുണ്ട്. എങ്കിലും, ജീവിതത്തിലെ സുപ്രധാനമായ പല കാര്യങ്ങളും അല്ലാഹുവിൻ്റെ നാമത്തിൽ ആരംഭിക്കാനുള്ള കൽപനയുണ്ട്. ഹദീസുകളിൽ സ്ഥിരപ്പെട്ട രൂപത്തിൽ തന്നെ അത് നിർവ്വഹിക്കപ്പെടേണ്ടതാണ്. بسم الله എന്നു ചൊല്ലാൻ കൽപനയുള്ള സന്ദർഭങ്ങളിൽ അത്ര മാത്രമേ ചൊല്ലാവൂ. بسم الله الرحمن الرحيم എന്ന് പൂർത്തീകരിച്ച് ചൊല്ലരുത് എന്നു സാരം.

[8.7] ”വലിയ അശുദ്ധി (ജനാബത്ത്) ഉള്ളവർക്ക് ഖുർആൻ പാരായണവും, നമസ്കാരവും പാടില്ലെന്നു വിരോധിക്കപ്പെട്ടിരിക്കുന്നു. പക്ഷെ, ഖുർആനല്ലാത്ത ദിക്ർ (ദൈവ കീർത്തനം), ദുആ (പ്രാർത്ഥന) മുതലായവ നടത്താവുന്നതാണ്’.” (മുഖവുര, പുറം 33)

വലിയ അശുദ്ധി ഉള്ളവർ ഖുർആൻ പാരായണം ചെയ്യുന്നത് വിരോധിക്കുന്ന (ഹറാമാക്കുന്ന) ഹദീസുകൾ സ്ഥിരപ്പെട്ടവയല്ല. എന്നാൽ കറാഹത്താണെന്നു പറയാവുന്ന ചില സംഭവങ്ങൾ സ്ഥിരപ്പെട്ടിട്ടുണ്ട് താനും. ജനാബത്തുകാർ ദിക്റുകളും ദുആകളും ചൊല്ലുന്നതിന് വിലക്കില്ല. അവ ഖുർആനിൽപെട്ടതാണെങ്കിലും ചൊല്ലാം എന്ന കാര്യം ഇബ്‌നു അബ്ബാസ് رضي الله عنه വ്യക്തമാക്കിയിട്ടുണ്ട്. ഖുർആൻ പാരായണം എന്നതും ദിക്റിലും പ്രാർത്ഥനയിലും ഖുർആനിൽനിന്നുള്ള ചില വചനങ്ങൾ ഉൾപ്പെടുക എന്നതും രണ്ടു കാര്യമാണ്. വായനക്കാർ അത് വേർതിരിച്ചു മനസ്സിലാക്കണമെന്ന് ഉണർത്തുന്നു.

[8.8] ”ഒരു താർക്കികനു തർക്കശാസ്ത്രവിജ്ഞാനങ്ങളും മനസ്സിലാക്കുവാൻ കഴിയുന്നു… അങ്ങനെ ശാസ്ത്രവീക്ഷകന് ശാസ്ത്രീയ വിജ്ഞാനങ്ങളും… അത് പ്രാദാനം ചെയ്യുന്നു. അല്ലാഹു പറയുന്നു: ما فرطنا في الكتاب من شيء (ഈ ഗ്രന്ഥത്തിൽ നാം യാതൊന്നും വീഴ്ചവരുത്തിയിട്ടില്ല.)” (മുഖവുര, പുറം 38)

ഖുർആനിൻ്റെയോ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെയോ വ്യവഹാരമണ്ഡലത്തിൽ ഒരു നിലക്കും ഉൾപ്പെടാത്ത വിഷയമാണ് തർക്കശാസ്ത്രം. കൂടാതെ, ശാസ്ത്രവും ശാസ്ത്രീയതയും ആധുനിക കാലത്തിൻ്റെ സംജ്ഞകളിൽപെട്ടതാണ്.  അതിൻ്റെ നിർവ്വചനത്തിൽ അടുത്ത കാലത്തു തന്നെ കാതലായ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. ഭൗതിക വസ്തുക്കളെയും പ്രതിഭാസങ്ങളെയും സംബന്ധിച്ച് നടത്തുന്ന വ്യവസ്ഥാപിതമായ നിരീക്ഷണ പരീക്ഷണങ്ങളും കണ്ടെത്തലുകളുമാണ് ശാസ്ത്രം. വഹ് യിലൂടെ ലഭിക്കുന്ന ആത്യന്തിക യാഥാർത്ഥ്യങ്ങളെ ശാസ്ത്രവുമായി കൂട്ടിയിണക്കുന്നത് വലിയ അബദ്ധമാണ്. കൂടുതൽ മനസ്സിലാക്കാൻ ശാസ്ത്രം ഇസ്‌ലാമിൻ്റെ സ്രോതസ്സല്ല എന്ന ലേഖനം കാണുക.

[8.9] ”ഈ വിജ്ഞാന വിഭാഗത്തെപ്പറ്റി പ്രധാനമായും പ്രതിപാദിക്കപ്പെടുന്ന ശാസ്ത്രമാണ് ഇസ്‌ലാമിക വിശ്വാസ ശാസ്ത്രം. (علم الكلام – أو علم العقائد)” (മുഖുര, പുറം 39)

ശാസ്ത്രത്തിൻ്റെയും ശാസ്ത്രീയതയുടെയും അതിപ്രസരവും കടന്നുകേറ്റവുമാണിത്. ഇസ്‌ലാമിക വിശ്വാസം ഒരു ശാസ്ത്രമല്ല. علم الكلام എന്നത് പ്രമാണരേഖകളെക്കാൾ ബുദ്ധിക്കും യുക്തിക്കും മുൻഗണന നൽകിയിരുന്ന പിഴച്ചകക്ഷികൾ രംഗത്തു വന്നപ്പോൾ അവരെ അവരുടെ രീതിയിൽ ഖണ്ഡിക്കാൻ വേണ്ടി പുതുതായി ഉണ്ടാക്കിയ ഒരു അപനിർമ്മിതിയാണ്. അഹ്‌ലുസ്സുന്നഃ علم الكلام നെ വലിയ പിഴവും ബിദ്അത്തുമായിട്ടാണ് കാണുന്നത്. വിശദാംശങ്ങൾക്ക് യുക്തി ഇസ്‌ലാമിൻ്റെ സ്രോതസ്സല്ല എന്ന ലേഖനം കാണുക.

[8.10] ”അല്ലാഹുവിൻ്റെ നാമങ്ങൾ, ഗുണങ്ങൾ, അനുഗ്രങ്ങൾ, ദൃഷ്ടാന്തങ്ങൾ മുലായവ (أسماء الله وصفاته وآلاؤه وآياته)” (മുഖുര, പുറം 50)

അല്ലാഹുവിൻ്റെ നാമങ്ങളും ഗുണങ്ങളും തൗഹീദിൻ്റെ മൂന്നു വിഭാഗങ്ങളിൽ ഒന്നാണ്. രക്ഷാകർതൃത്വത്തിലുള്ള ഏകത്വം (توحيد الربوبية), ആരാധ്യതയിലുള്ള ഏകത്വം (توحيد الألوهية), നാമ ഗുണവിശേഷങ്ങളിലുള്ള ഏകത്വം  (توحيد الأسماء والصفات) ഇവയാണ് തൗഹീദിൻ്റെ മൂന്നു വിഭാഗങ്ങൾ.  തൗഹീദും തൗഹീദിൻ്റെ വിഭാഗങ്ങളും സംബന്ധിച്ച് പരാമർശിക്കാതെ അല്ലാഹുവിൻ്റെ നാമഗുണങ്ങളെ കുറിച്ചുള്ള ചർച്ച പൂർണ്ണമാവില്ല.

[8.11] ” – അഥവാ ഒരു ലോകഭരണഘടന – എന്ന നിലക്ക് ഖുർആൻ സ്വീകരിച്ചിട്ടുള്ള നയം സാമാന്യമായി ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്:- ” (മുഖുര, പുറം 53)

ഖുർആനിനെ ഒരു ലോക ഭരണഘടനയായി ചിത്രീകരിക്കുന്നത് ശരിയായ നിലപാടല്ല. ഖുർആനിനെ ഇകഴ്ത്താൻ മാത്രമേ അത് ഉപകരിക്കുകയുള്ളു. പൗരാണികാദർശത്തിലുള്ള ഖുർആൻ വ്യാഖ്യാനത്തിൽ അഖ്‌ലാനികളുടെയും ഇസ്‌ലാമിസ്റ്റുകളുടെയും പദാവലികൾക്ക് സ്ഥാനമില്ല. (ഇസ്‌ലാമിൻ്റെ പ്രമാണങ്ങൾ എന്ന ലേഖനം കാണുക)

[8.12] ”(3) ഖുർആനിൽ നിന്നോ നബിചര്യയിൽ നിന്നോ വ്യക്തമായി വിധി മനസ്സിലാക്കാൻ കഴിയാതെ വരുന്ന സന്ദർഭങ്ങളിൽ…” (മുഖവുര, പുറം 53-54, 64)

ഖിയാസിനെ കുറിച്ചും അതിൻ്റെ ആധാരങ്ങളെ കുറിച്ചുമാണ് ഇവിടെ വിവരിക്കുന്നത്. ഈ വിഷയത്തിൻ്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ ഇസ്‌ലാമിൻ്റെ പ്രമാണങ്ങൾ, ഖിയാസ്  പ്രമാണമല്ല എന്നീ രണ്ടു ലേഖനങ്ങളും വായിക്കുക.

[8.13] ” (*) സൂറത്തുൽ ഇസ്രാഇലെ പ്രസ്തുത വചനത്തിൻ്റെ താൽപര്യമനുസരിച്ച് നബി (സ) തിരുമേനിയുടെ പ്രവാചകത്വം സ്ഥാപിക്കുന്നതിന് തെളിവായി അസാധാരണ സംഭവങ്ങളെ അല്ലാഹു നിശ്ചയിച്ചിട്ടില്ല എന്ന് പ്രസ്താവിച്ച ശേഷം, മർഹൂം അല്ലാമാ സയ്യിദ് ഖുത്ത്ബ് ഇപ്രകാരം പറയുന്നു:” (മുഖവുര, പുറം 59, അടിക്കുറിപ്പ്)

മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു മുഅ്ജിസത്തായി ഖുർആൻ നൽകി. മറ്റു നബിമാർക്ക് നൽകിയതു പോലുള്ള അസാധാരണ സംഭവങ്ങളും നൽകി. അത്തരം സംഭവങ്ങളെ കുറിച്ച് ഖുർആനിലും ഹദീസിലും സംശയ രഹിതമായ ധാരാളം പരാമർശങ്ങളുണ്ട് താനും. ഖുർആനും അസാധാരണ സംഭവങ്ങളും, രണ്ടും മുഹമ്മദ് നബി ﷺ യുടെ രിസാലത്തിനെ സ്ഥാപിക്കുന്നതിനുള്ള തെളിവാണ്; നബി ﷺ ക്കുള്ള ആദരവുമാണ്. അസാധാരണ സംഭവങ്ങൾ രിസാലത്ത് സ്ഥാപിക്കാനുള്ള തെളിവല്ല എന്ന വാദമുഖത്തിനാണ് യാതൊരു തെളിവുമില്ലാത്തത്.

തെളിവായി അടിക്കുറിപ്പിൽ ഉദ്ധരിച്ചത് ഖുത്വ് ബിനെയാണ്. തെളിവിനു വേണ്ടി ഉദ്ധരിക്കാവുന്ന വ്യക്തിയല്ല അയാൾ. അയാളെ കുറിച്ച് മർഹൂം, അല്ലാമാ എന്നെല്ലാം വിശേഷിപ്പിച്ചതും തെറ്റാണ്. അയാളുടെ കൃതിയായ في ظلال القرآن അവിശ്വാസത്തിൻ്റെയും മതനിന്ദയുടെയും ദുർവ്യാഖ്യാനത്തിൻ്റെയും കൃത്യവിലോപത്തിൻ്റെയും മകുടോദാഹണമാണ്. രാഷ്ട്രീയ ഇസ്‌ലാമും രഹസ്യ സംഘടനയുമായിരുന്നു അയാളുടെ മുഖ്യ അജണ്ട. ആധൂനിക കാലത്തെ  ഖുറൂജിൻ്റെയും അഖ്‌ലാനിയ്യത്തിൻ്റെയും ബുദ്ധികേന്ദ്രങ്ങളിൽ ഒന്ന് അയാളായിരുന്നു. സമകാലികനായിരുന്ന ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله അയാളെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: لولا الورع لقلت بكفره (സൂക്ഷ്മത കൊണ്ടു മാത്രം, അല്ലായിരുന്നുവെങ്കിൽ അയാൾ അവിശ്വാസത്തിലാണെന്ന് ഞാൻ പ്രഖ്യാപിക്കുമായിരുന്നു).

അഖ്‌ലാനിയ്യത്തിൻ്റെ പ്രണേതാക്കളെയും അവരുടെ കൃതികളെയും വേണ്ടതു പോലെ തത്സമയം മനസ്സിലാക്കാൻ കഴിയാതെ പോയത് വിശുദ്ധ ഖുർആൻ വിവരണത്തിൻ്റെ രചയിതാക്കൾക്കു സംഭവിച്ച വലിയ പിഴവു തന്നെയാണ്. അല്ലാഹു നമുക്കും അവർക്കും മാപ്പു നൽകട്ടെ. പക്ഷെ, അവരുടെ പിന്തുടർച്ചക്കാർ അത് തിരുത്തുകയും ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യുന്നില്ലെങ്കിൽ അത് ഗുരുതരമായ കുറ്റമായിരിക്കും, തീർച്ച.

[8.14] ”ഖുർആൻ്റെ വ്യാഖ്യാനം ഖുർആനിൽനിന്നു തന്നെ അന്വേഷിക്കുക. ലഭിക്കാത്ത പക്ഷം സുന്നത്തിൽനിന്നും. ഇതാണിവിടെ പറയവാനുള്ളത്. ‘ (മുഖവുര, പുറം 63)

”ഖുർആനിലും സുന്നത്തിലും വ്യാഖ്യാനം കണ്ടെത്താത്തപ്പോൾ നാം സഹാബികളുടെ വചനങ്ങളിലേക്ക് മടങ്ങണം”. (മുഖവുര, പുറം 64)

ഖുർആൻ സൂക്തങ്ങളുടെ വ്യാഖ്യാനം ഒരേ സമയത്തു തന്നെ ഖുർആനിലും സുന്നത്തിലും അന്വേഷിക്കണം. അടിസ്ഥാനപരമായി, ഖുർആനിൻ്റെ വ്യാഖ്യാനം അല്ലാഹു തന്നെയാണ് നൽകുന്നത്. അത് ചിലപ്പോൾ ഖുർആനിലൂടെ തന്നെയാകാം. ചിലപ്പോൾ സുന്നത്തിലൂടെയുമാകാം. രണ്ടായാലും അല്ലാഹു നൽകിയ വ്യാഖ്യാനങ്ങൾ നബി ﷺ യിൽനിന്ന് കണ്ടും കേട്ടും പഠിച്ചത് സ്വഹാബിമാരാണ്. അതുകൊണ്ട് അവർ നൽകുന്ന വിവരണങ്ങളും ഒരേ സമയം തന്നെ പരിഗണിക്കണം. അല്ലാത്ത പക്ഷം ഭീമാബദ്ധത്തിൽപെട്ടുപോകും. ഉദാഹരണമായി, ജീവികളിൽനിന്നും നമുക്ക് ഭക്ഷിക്കാവുന്നവ ഏതെല്ലാം എന്ന് നാം പരതുക. ഖുർആനിലൂടെ അല്ലാഹു നിഷിദ്ധമാക്കിയ ജീവികളിൽ മത്സ്യങ്ങൾ ഉൾപ്പെടുന്നില്ല. അവ ഭക്ഷിക്കാം. ജീവികളെ ഭക്ഷിക്കുന്നതു സംബന്ധിച്ച് എന്തു വ്യാഖ്യാനമാണുള്ളത്? ആദ്യം ഖുർആനിൽ അന്വേഷിച്ചു. ഖുർആനിൽ വ്യാഖ്യാനം ഉണ്ട്. അവയെ അറവ് നടത്തണം. അപ്പോൾ നാം തീരുമാനിച്ചു. മത്സ്യത്തെ അറവ് നടത്തിയാൽ ഭക്ഷിക്കാം! ഇല്ലെങ്കിൽ പാടില്ല!! ഒരേ സമയം ഖുർആനിലും സുന്നത്തിലും സ്വഹാബത്തിൻ്റെ നടപടിക്രമങ്ങളിലും അന്വേഷിച്ചില്ലെങ്കിൽ സംഭവിക്കുന്നത് ഇങ്ങനെയായിരിക്കും.

‘ഖുർആനിൽനിന്നും ലഭിക്കാത്ത പക്ഷം സുന്നത്തിൽ അന്വേഷിക്കുക’ എന്നു പറയുന്നത് താത്വികമായും പ്രായോഗികമായും അബദ്ധമാണ്. ഖുർആനിൽ അന്വേഷിക്കുന്ന അതേ സമയത്തു തന്നെ സുന്നത്തിലും, സുന്നത്ത് നമുക്ക് കൈമാറിയ സ്വഹാബിമാരുടെ വിവരണങ്ങളിലും അന്വേഷിക്കുന്നുവെങ്കിൽ മാത്രമേ അബദ്ധം ഒഴിവാക്കാൻ സാധിക്കുകയുള്ളു.

ഖുർആനിൽ നിന്ന് ലഭിച്ചില്ലെങ്കിൽ സുന്നത്തിൽ, സുന്നത്തിൽനിന്ന് ലഭിച്ചില്ലെങ്കിൽ സഹാബികളുടെ വചനങ്ങളിൽ എന്നുള്ള ചിന്ത അവ പരസ്പരപൂരകങ്ങളല്ലെന്ന ധാരണയിൽനിന്ന് ഉടലെടുക്കുന്നതാണ്. അവ പരസ്പരപൂരകങ്ങളാണ്, ഒന്നിനെ മറ്റൊന്നിൽനിന്ന് വേർപ്പെടുത്താനാവില്ല. വിശദാംശങ്ങൾക്കു വേണ്ടി പ്രമാണവാക്യങ്ങളുടെ വ്യാഖ്യാനം എന്ന ലേഖനം വായിക്കുക.

[8.15] ”ഈ ഹദീസ് ഇബ്‌നു ഉമർ (റ) ഉദ്ധരിച്ചതാണ്. വേദക്കാരിൽനിന്ന് വാർത്തകൾ ഉദ്ധരിക്കാമെന്ന് അദ്ദേഹം ഈ ഹദീസിൽനിന്നു മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് യർമൂക് യുദ്ധത്തിൽ വെച്ച് വേദക്കാരുടെ ചില ഗ്രന്ഥക്കെട്ടുകൾ അദ്ദേഹത്തിനു കിട്ടിയശേഷം അവയിൽനിന്നു അദ്ദേഹം വർത്തമാനങ്ങൾ ഉദ്ധരിച്ചുവന്നിരുന്നത്. ” (മുഖവുര, പുറം 65)

മുൻകാല ഗ്രന്ഥങ്ങളിൽനിന്ന് ഉദ്ധരിക്കാമെന്ന് ഇബ്‌നു ഉമർ رضي الله عنه  മനസ്സിലാക്കിയിരിക്കുന്നു എന്ന പരാമർശം വസ്തുതകൾക്ക് നിരക്കാത്തതാണ്. ഇവ്വിഷയകമായി മുൻഗാമികളുടെ ഗ്രന്ഥങ്ങൾ ഇസ്‌ലാമിൻ്റെ സ്രോതസ്സല്ല എന്ന ലേഖനം വായിക്കുക.

[8.16] ”സ്വന്തം അഭിപ്രായത്തിനൊത്തു ഖുർആൻ വ്യാഖ്യാനിക്കുന്നതു ‘ഹറാമാ’കുന്നു.” (മുഖവുര, പുറം 66)

ഖുർആൻ അല്ലാഹുവിൻ്റെ വചനമാണ്. അത് വ്യാഖ്യാനിക്കേണ്ടത് അല്ലാഹു തന്നെയാണ്. അവൻ അതിൻ്റെ ആധികാരികമായ വ്യാഖ്യാനം മുഹമ്മദ് നബി ﷺ യെ അറിയിച്ചു. അവിടുന്ന് അത് സ്വഹാബിമാർക്കു കൈമാറി. അവർ താബിഉകൾക്കും അവർ അവരുടെ തൊട്ടടുത്ത തലമുറക്കും അത് കൈമാറ്റം ചെയ്തു. ബുദ്ധിയോ യുക്തിയോ അനുസരിച്ച് ഒരാൾക്കും ഖുർആൻ വ്യാഖ്യാനിക്കാൻ അധികാരമില്ല. മുഹമ്മദ് നബി ﷺ തന്നെ അഭീഷ്ടമനുസരിച്ചല്ല സംസാരിച്ചിരുന്നത്. തനിക്കു ലഭിച്ച വഹ് യ് മാത്രമായിരുന്നു അവിടുന്ന് അനുചരന്മാർക്ക് പറഞ്ഞുകൊടുത്തിരുന്നത്. സ്വന്തം അഭിപ്രായത്തിനനുസരിച്ചുള്ള വ്യാഖ്യാനങ്ങൾ ആധികാരികമല്ല. അവ ഹറാമാണ്. പക്ഷെ, അതിനു തെളിവായി ഉദ്ധരിച്ച ഹദീസുകൾ ദുർബ്ബവലവും, വിശദീകരണം അനുചിതവുമാണ്. വസ്തുതകൾ സ്ഥിരീകരിക്കേണ്ടതും തെളിയിക്കേണ്ടതും സ്വീകാര്യയോഗ്യമായ തെളിവുകളിലൂടെയാണ്.

[8.17] ”എന്നാൽ ഭാഷമുഖേനയും, മതവിജ്ഞാനം മുഖേേനയും ലഭിക്കുന്ന വ്യാഖ്യാനം പറയുന്നതിൽ വിരോധമില്ലതാനും.” (മുഖവുര, പുറം 67)

മേൽ വാക്യത്തിൻ്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാനില്ല. ഈ നിലപാട്, ഫലത്തിൽ എല്ലാവിധ ദുർവ്യാഖ്യാനങ്ങളെയും സാധൂകരിക്കുന്നു എന്നതാണ് സത്യം. ഒരു ഖുർആൻ സൂക്തത്തിന് അല്ലാഹുവോ റസൂലോ നൽകിയതല്ലാത്ത, റസൂലിൽനിന്ന് സ്വഹാബത്ത് മനസ്സിലാക്കിയതല്ലാത്ത ഒരു വ്യാഖ്യാനവും ആധികാരികമാവില്ല. ഭാഷയും മതവിജ്ഞാനവും നൽകുന്ന സാധ്യതകൾ വെച്ച് ഖുർആനിനെ വ്യാഖ്യാനിക്കാം എന്നു വന്നാൽ അല്ലാഹുവിൻ്റെയും റസൂലിൻ്റെയും ഉദ്ദേശ്യലക്ഷ്യങ്ങളും വിവക്ഷകളും മറികടക്കാൻ ഒരു പ്രയാസവുമില്ല. അതു തന്നെയാണ് പിഴച്ച കക്ഷികളിൽ പലരുടെയും അവലംബവും. തെറ്റായ ഈ നിലപാടാണ് വിശുദ്ധ ഖുർആൻ വിവരണം സച്ചരിതരായ മുൻഗാമികളുടെ രീതിയിലായിരിക്കണം എന്ന ആഗ്രഹത്തിനു തുരങ്കം വെച്ചത്. അതുകൊണ്ടു തന്നെയാണ് അഹ്‌ലുസ്സുന്നഃക്ക് അനഭിമതരായ റാസി, സമഖ് ശരി, ബൈളാവി, മുഹമ്മദ് അബ്ദു, ഫരീദ് വജ് ദി, സയ്യിദ് ഖുത്ബ് പോലുള്ളവരുടെ കൃതികൾ ഇതിൻ്റെ പ്രധാന അവലംബമായി മാറിയതും.

[8.18] ”ഖുർആൻ വ്യാഖ്യാനിക്കുമ്പോൾ ഓരോ വാക്കിനും, ഓരോ ആയത്തിനും മുൻഗാമികൾ നൽകിയിട്ടുള്ള വ്യാഖ്യാനം മാത്രമേ നൽകാവൂ എന്നോ, അവരിൽനിന്ന് ലഭിക്കാത്ത യാതൊന്നും പറഞ്ഞുകൂടാ എന്നോ മേൽ വിവരിച്ചതിൽനിന്നു ധരിക്കേണ്ടതില്ല…” (മുഖവുര, പുറം 68)

ഖുർആനിലെ ഓരോ വാക്കിനും സലഫുകൾ നൽകിയ വ്യാഖ്യാനം മാത്രമേ നൽകാവൂ.  സലഫുകളുടെ മാതൃകയനുസരിച്ചുള്ളതാകണമെങ്കിൽ അത് അനിവാര്യമാണ്. അല്ലാത്തവയെല്ലാം തന്നിഷ്ടക്കാരായ അഭീഷ്ടക്കാരുടെ ദുർവ്യാഖ്യാനങ്ങൾ മാത്രമാണ്. മുഖവുരയിൽ മുമ്പു പറഞ്ഞു വെച്ച പല സത്യങ്ങളുടെയും നിരാസം കൂടിയാണ് മുകളിൽ ഉദ്ധരിച്ച പരാമർശം. പ്രമാണവാക്യങ്ങളുടെ വ്യാഖ്യാനം എന്ന ലേഖനം കൂടി കാണുക.

[8.19]  ”അംഗീകൃത തത്വങ്ങൾക്ക് വിരുദ്ധമല്ലാത്തതും, ഖുർആൻ്റെ ഭാഷാശൈലികളിൽ നിന്ന് ഗ്രഹിക്കാവുന്നതുമായ വല്ല പുതിയ സാരങ്ങളും കണ്ടുപിടിക്കുന്നതുകൊണ്ടോ… ഒരാളുടെ വ്യാഖ്യാനം അയാളുടെ സ്വന്തം അഭിപ്രായമാണെന്ന് വരുന്നതല്ല.” (മുഖവുര, പുറം 68)

വളരെ നിരാശാജനകം എന്നേ പറയേണ്ടൂ. സലഫുകളുടെ മാതൃകയനുസരിച്ച് രചിക്കാൻ പോകുന്ന ഒരു ഖുർആൻ വ്യാഖ്യാനത്തിൽ അത്തരം പുതിയ സാരങ്ങൾക്ക് ഒരു സ്ഥാനവുമില്ല. ദീനിൽ ഉണ്ടായിട്ടുള്ള നൂതനമായ കാര്യങ്ങളെല്ലാം മുകളിൽ പറഞ്ഞതോ, സമാനമായ മറ്റു ന്യായീകരണങ്ങളോ അനുസരിച്ച് നിർമ്മിക്കപ്പെട്ടവയാണ്. ഈ വാദം ബിദ്അത്തുകളെ ന്യായീകരിക്കാനാണ് ഉപകരിക്കുക, ഖുർആൻ വ്യാഖ്യാനിക്കാനല്ല.

[8.20] ”എന്നാൽ, തങ്ങളുടെ ഹൃദയങ്ങളിൽ വക്രതയുളളവർ, കുഴപ്പത്തെ ആഗ്രഹിച്ചുകൊണ്ടും, വ്യാഖ്യാനം ചെയ് വാൻ -അഥവാ പൊരുളറിയുവാൻ-ആഗ്രഹിച്ചുകൊണ്ടും അതിൽനിന്നും ‘മുതശാബിഹാ’യതിനു പിന്നാലെ കൂടുന്നു.” (മുഖവുര, പുറം 70)

‘അഥവാ പൊരുളറിയുവാൻ’ എന്നത് അവ്യക്തമാണ്. ആശയവ്യക്തതക്കു വേണ്ടി ഇപ്രകാരം പറയുന്നതായിരിക്കും ഉചിതം: കുഴപ്പം ഉദ്ദേശിച്ചും അവരുടെ അഭീഷ്ടങ്ങൾക്കനുസരിച്ചുള്ള വ്യാഖ്യാനങ്ങൾ നൽകാൻ ആഗ്രഹിച്ചും അവർ മുതശാബിഹാതിനു പിന്നിൽ കൂടുന്നു.

[8.21] ”നസ്ഖ് (ദുർബ്ബലപ്പെടുത്തൽ – النسخ) ” (മുഖവുര, പുറം 74)

നസ്ഖിനെ കുറിച്ച് വലിയ ആശയക്കുഴപ്പം ഖുർആൻ പഠിതാക്കൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഈ ആശയക്കുഴപ്പങ്ങൾക്കെല്ലാം മുഖ്യകാരണം ആ പദത്തിനു നൽകുന്ന അർത്ഥകൽപനയാണ്. ദുർബ്ബലപ്പെടുത്തുക, റദ്ദ്ചെയ്യുക എന്നത് അതിൻ്റെ സാമാന്യമായ ഭാഷാർത്ഥമാണ്. നസ്ഖ് എന്നത് തികച്ചും സാങ്കേതികമായ ഒരു ശബ്ദമായിട്ടാണ് ഇസ്‌ലാമിക നിയമസംഹിതാ വ്യവഹാരത്തിൽ ഉപയോഗിക്കുന്നത്. നിയമഭേദഗതിയുടെ വ്യത്യസ്തതലങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്. ഇക്കാര്യം ചർച്ചയിൽ വരുന്നുണ്ടെങ്കിലും ശീർഷകത്തിനു ദുർബ്ബലപ്പെടുത്തൽ എന്നു തന്നെ പരിഭാഷ നൽകിയത് ഉചിതമായില്ല. അതുമൂലം നിലവിലുള്ള തെറ്റിദ്ധാരണ ബലപ്പെടുകയാണ് ചെയ്യുന്നത്.

[822] ”ഇതൊന്നും ആലോചിക്കാതെ, – നല്ലതും ചീത്തയും വിവേചിക്കുവാൻ ശ്രമിക്കാതെ – അവയെപ്പറ്റി ഒന്നടങ്കം ‘കുറ്റം പറഞ്ഞു കൂലികഴിക്കു’വാൻ ശ്രമിക്കുന്നതു തികച്ചും അക്രമവും ധാർഷ്ട്യവുമാകുന്നു.” (മുഖവുര, പുറം 82)

ദീൻകാര്യത്തിൽ പൊതുവിലും ഖുർആൻ വ്യാഖ്യാന കാര്യത്തിൽ പ്രത്യേകിച്ചും നല്ലതു മാത്രമേ സ്വീകരിക്കാവൂ. സത്യാസത്യങ്ങൾ കൂടിക്കുഴഞ്ഞു കിടക്കുന്നതോ സംശയം ഉളവാക്കുന്നതോ ആയ യാതൊന്നും ബുദ്ധിയിലേക്ക് പകർന്നുകൊടുക്കരുത്. ഈമാനിൻ്റെ ഭാഗമായിട്ടുള്ള ലജ്ജയുടെ താൽപര്യമാണത്. എല്ലാം കൂട്ടിക്കുഴച്ച് അതിൽനിന്ന് നല്ലതിനെ വിവേചിക്കാൻ ആവശ്യപ്പെടുന്നത് അഹ്‌ലുസ്സുന്നഃയുടെ അടിസ്ഥാന തത്വങ്ങൾക്കു തന്നെ വിരുദ്ധമാണ്. മതം പൂർണ്ണ വിശുദ്ധിയോടെ നിലനിർത്തുക എന്നതാണ് പ്രധാനം. മറ്റു താൽപര്യങ്ങൾക്കൊന്നും ഇവ്വിഷയത്തിൽ ഒരു സ്ഥാനവുമില്ല. സത്യവും അസത്യവും കൂടിക്കുഴഞ്ഞു കിടക്കുന്ന സ്രോതസ്സുകൾ അംഗീകരിക്കാനോ പ്രാത്സാഹിപ്പിക്കാനോ പാടില്ല.

[8.23] ”മൂലഗ്രന്ഥം ഖുർആനും കൂടിയാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായിരിക്കുകയും ചെയ്യും. ഇങ്ങിനെയുള്ള യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഖുർആൻ അന്യഭാഷയിലേക്ക് നേർക്ക് നേരെ തർജ്ജമ (വിവർത്തനം) ചെയ്തുകൂടാ എന്നും,  ഖുർആൻ്റെ തഫ്‌സീർ മാത്രമേ തർജ്ജമ ചെയ്തുകൂടൂ എന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.” (മുഖവുര, പുറം 85)

മുകളിൽ പറഞ്ഞത് അനിഷേധ്യമായ ഒരു യാഥാർത്ഥ്യമാണ്. അതിനെ ചില പണ്ഡിതന്മാരുടെ അഭിപ്രായമായി ചുരുക്കിക്കൂടാ. രണ്ടാം ഖലീഫഃ ഉമർ رضي الله عنه പറഞ്ഞത് കാണുക:

[وتفقهوا في العربية وأعربوا القرآن فإنه عربي] (ابن أبي شيبة في مصنفه)

[നിങ്ങൾ അറബിയിൽ അവഗാഹം നേടൂ. ഖുർആൻ അറബിയിൽ മനസ്സിലാക്കൂ. നിശ്ചയമായും അത് അറബിയാണ്.”] (ഇബ്‌നു അബീശൈബഃ മുസ്വന്നഫിൽ ഉദ്ധരിച്ചത്)

ഒരു മുസ്‌ലിം ഇബാദത്തുകൾ യഥാവിധം നിർവ്വഹിക്കുന്നതിനാവശ്യമായ അളവിൽ അറബി പഠിക്കൽ നിർബ്ബന്ധമാണ്. ഇസ്‌ലാമിക പ്രമാണങ്ങൾ നന്നായി മനസ്സിലാക്കാനും അവയുടെ സാഹിത്യപരവും സൗന്ദര്യാത്മകവുമായ മികവുകൾ ആസ്വദിക്കാനുമുള്ള ഭാഷാ നൈപുണ്യം നേടുന്നത് വളരെ അഭിലഷണീയവുമാണ്. പരിഭാഷകളിൽ മുട്ടി തൻ്റെ പുരോഗതി തടസ്സപ്പെടാതിരിക്കാൻ സൂക്ഷിക്കണം. കാരണം ഖുർആനിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ആശയങ്ങൾ മുഴുവനും പരിഭാഷക്ക് വഴങ്ങുകയില്ല. അന്യഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള പരിമിതി വളരെ വലുതാണെന്ന് മനസ്സിലാക്കുക. ഭാഷാന്തരീകരണത്തിൻ്റെ പ്രശ്നങ്ങളെ കുറിച്ചുള്ള ലേഖനം കൂടി പരിശോധിക്കുക.

[8.24] ”ഇംഗ്ലീഷ് പരിഭാഷകളിൽ അല്ലാമാ യൂസുഫലിയുടെ-വ്യാഖ്യാനത്തോടുകൂടിയ- ഗ്രന്ഥം വളരെ പ്രധാനപ്പെട്ടതാകുന്നു.” (മുഖവുര, പുറം 89)

ദീനിൽ ഒട്ടും പ്രാധാന്യമില്ലാത്ത, എന്നല്ല അഹ്‌ലുസ്സുന്നഃക്ക് അനഭിമതമായിട്ടുള്ള ഗ്രന്ഥമാണ് യൂസുഫ് അലിയുടെ ഖുർആൻ പരിഭാഷ. അബദ്ധങ്ങളും പിഴവുകളും നിറഞ്ഞ, അഹ്‌ലുസ്സുന്നഃയുടെ വിശ്വാസങ്ങൾക്കും നയനിലപാടുകൾക്കും വിരുദ്ധമായ നിരവധി ഉള്ളടക്കങ്ങളുള്ള ഒരു ഇംഗ്ലീഷ് സാഹിത്യ കൃതി മാത്രമാണത്. അദ്ദേഹത്തെ അല്ലാമഃ എന്ന് വിശേഷിപ്പിച്ചത് തീർത്തും അനുചിതമായിപ്പോയി.

[8.25] ”ഓരോ ആയത്തിൻ്റെയും പദാർത്ഥങ്ങൾ ശ്രദ്ധാപൂർവ്വം ആവർത്തിച്ചു വായിച്ചു വരുന്നതായാൽ, ഖുർആൻ്റെ അർത്ഥം ഏതാണ്ടൊരു വിധത്തിൽ സ്വയം തന്നെ ഗ്രഹിക്കുമാറാകുവാനും, അറബിയിൽ ഒരു ചുരുങ്ങിയ പരിചയം കൈവരുവാനും അതു സഹായിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ” (മുഖവുര, പുറം 92)

മേൽ വാചകത്തിൽ അപാകമില്ലെന്നാണ് പ്രത്യക്ഷത്തിൽ തോന്നുക. യഥാർത്ഥത്തിൽ അത് ഖുർആൻ പഠിക്കാനും ദീനിൽ അറിവ് നേടാനുമുള്ള അംഗീകൃത തത്വങ്ങൾക്ക് വിരുദ്ധമാണ്. ദീനും ഖുർആനും സ്വന്തമായി പഠിക്കാവുന്ന കാര്യങ്ങളല്ല. മുഹമ്മദ് നബി ﷺ ക്ക് പോലും ജിബ് രീൽ عليه السلام പഠിപ്പിക്കുകയാണ് ചെയ്തത്. മഹാന്മാരായ സ്വഹാബികൾക്ക് അവിടുന്ന് പഠിപ്പിച്ചു കൊടുക്കുകയാണ് ചെയ്തത്. യോഗ്യരായ ഗുരുനാഥന്മാരിലൂടെയല്ലാതെ സ്വന്തമായി പഠിക്കാവുന്നതല്ല ദീൻ. അറിവിൻ്റെ സ്വകീയമായ സമ്പാദന രീതി മതവിഷയങ്ങളിൽ അംഗീകരിക്കാവതല്ല; ഭൗതിക വിഷയങ്ങളിൽ അത് ആശാസ്യമോ, ചിലപ്പോൾ അനിവാര്യമോ ആയിരിക്കാമെങ്കിലും. അതേപോലെ, അറബി ഭാഷാ പരിജ്ഞാനം എന്ന ഒറ്റമൂലി പ്രയോഗത്തിലൂടെ ദീൻ പഠിക്കാമെന്നതും തെറ്റിദ്ധാരണയാണ്. അറബി ഭാഷക്ക് അപചയം സംഭവിക്കുകയും കളങ്കമേൽക്കുകയോ ചെയ്യുന്നതിനു മുമ്പ് ജീവിച്ചിരുന്നു, ഭാഷാസാഹിത്യത്തിൽ അനിതരമായ മികവ് പ്രകടിപ്പിച്ചിരുന്ന പുരാതന അറബികളിലാണ് ഖുർആൻ അവതരിച്ചത്. അവരുടെ ഭാഷാപരിജ്ഞാനം കൊണ്ടു മാത്രം അവരാരും സന്മാർഗ്ഗം പ്രാപിക്കുകയോ, ദീനിലും ഖുർആനിലും അവഗാഹമുള്ള പണ്ഡിതന്മാരായിത്തിരൂകയോ ചെയ്തിട്ടില്ല. ഇസ്‌ലാമിനെ കുറിച്ച് ഒന്നുമറിയാത്ത എത്രയെത്ര അറബി ഭാഷാ വിദഗ്ദ്ധന്മാരാണ് മുസ്‌ലിം ലോകത്ത് ജീവിക്കുന്നത്! പക്ഷെ, അറബിയിൽ ഒരു ചുരുങ്ങിയ പരിചയം കൈവരികയും ഖുർആൻ സ്വയം തന്നെ ഗ്രഹിക്കുകയും ചെയ്യുക എന്നത് ഒരു വലിയ പ്രതീക്ഷയായി പറയുന്നതിൽ ആശങ്ക തോോന്നുകയാണ്. ഖുർആൻ പരിഭാഷകൾ പൊതുവെ തെറ്റായ ഈ രീതിക്കുള്ള പ്രചോദനവും പ്രോത്സാഹനവുമാണ് നൽകുന്നത്.  ദീനീ വിജ്ഞാനം നേടാനുള്ള ശരിയായ മർഗ്ഗങ്ങളും മര്യാദകളും സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കാൻ ലേഖനങ്ങൾ എന്ന വിഭാഗം പരിശോധിക്കുക

[8.26] ”ഈ ഗ്രന്ഥത്തിൽ ഞങ്ങളുടെ അവലംബം” (മുഖവുര, പുറം 94)

ഖുർആനികാശയങ്ങളുടെ വിവർത്തനവും വിവരണവും ഇതര ഭാഷകളിലേക്ക് പരിമിതമായ തോതിൽ മാത്രമേ സാധ്യമാവുകയുള്ളു. മലയാളത്തിലേക്കുള്ള ഭാഷാന്തരണം കൂടുതൽ ദുഷ്കരവുമാണ്. അതുകൊണ്ട് കുറവുകളും വീഴ്ചകളും പരമാവധി കുറച്ചു കൊണ്ടുവരുന്നതിനായി കൂടിയ ശ്രദ്ധ ആവശ്യമാണ്. തെറ്റുകളിൽനിന്ന് പരമാവധി മുക്തവും, ബഹുജനങ്ങൾക്ക് ഉപകരിക്കുന്നതും ആകണമെങ്കിൽ അഹ്‌ലുസ്സുന്നഃയുടെ രീതികളും സ്രോതസ്സുകളും മാത്രം അവലംബിക്കുകയേ നിവൃത്തിയുള്ളു. ഖേദകരമെന്നു പറയുട്ടെ, ഇവിടെ സംഭവിച്ചത് മറിച്ചാണ്. അഹ്‌ലുസ്സുന്നഃ അംഗീകരിക്കുന്ന രീതികളും സ്രോതസ്സുകളും വളരെ വിരളമായും, പിഴച്ചകക്ഷികളുടേത് നിർലോഭമായും ഉപയോഗിച്ചു കൊണ്ടാണ് ഈ കൃതി തയ്യാറാക്കിയിട്ടുള്ളത്. അതിനു കാരണം, ആരാണ് യഥാർത്ഥ അഹ്‌ലുസ്സുന്നഃ, ആരെല്ലാമാണ് പിഴച്ചകക്ഷികൾ എന്നതു സംബന്ധിച്ചുള്ള കേരളീയരുടെ പിടിപ്പുകേട് മാത്രമാണ്.

ഉദാഹരണമായി വിശുദ്ധ ഖുർആൻ വിവരണത്തിൻ്റെ രചനക്ക് അവലംബമായി സ്വീകരിച്ച അറബി തഫ്‌സീറുകളുടെ പട്ടിക നോക്കാം. അഖ്‌ലാനിയ്യഃ, അശ്അരിയ്യഃ, സൂഫിയ്യഃ ചിന്താധാരകളിൽപെട്ട കൃതികളാണ് അധികവും . അഹ്‌ലുസ്സുന്നഃ അംഗീകരിക്കുന്ന തഫ്‌സീറുകൾ വളരെ വിരളമാണ്. ഹദീസ് ഗ്രന്ഥങ്ങളിൽ ബുഖാരി, മുസ്‌ലിം, മിശ് കാത്, രിയാളുസ്സാലിഹീൻ  എന്നിവ മാത്രമാണ് അവലംബമായി കൊടുത്തിട്ടുള്ളത്. അതേ സമയം ഇതര ഭാഷകളിലുള്ള പരിഭാഷകളും മറ്റും ധാരാളം ഉപയോഗിച്ചിട്ടുമുണ്ട്. കേരളത്തിലെ മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യം അശ്അരിയ്യത്തിലും അഖ്‌ലാനിയ്യത്തിലും മുട്ടിനിൽക്കുകയാണ്. സച്ചരിതരായ മുൻഗാമികളിലേക്ക് അതു നീളുന്നില്ല. അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതന്മാരും അവരുടെ കൃതികളും നമ്മുടെ മുൻതലമുറയിലോ വർത്തമാന കാലത്തോ വേണ്ടതു പോലെ വായിക്കപ്പെടുകയോ പഠിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണു സത്യം.

جامع البيان في تفسير القرآن للإمام أبي جعفر محمد بن جرير الطبري – അഹ്‌ലുസ്സുന്നഃ

تفسير الإمام عماد الدين ابن كثير – അഹ്‌ലുസ്സുന്നഃ

التفسير الكبير للإمام فخر الدين الرازي – അശ്അരി

الكشاف للإمام جار الله الزمخشري – മുഅ്തസിലി

أنوار التنزيل وأسرار التأويل للإمام عبد الله بن عمر البيضاوي – അശ്അരി

غرائب القرآن ورغائب الفرقان لنظام الدين النيسابوري – അശ്അരി

روح المعاني للآلوسي – നഖ് ശബന്ദി

فتح القدير للشوكاني – അഹ്‌ലുസ്സുന്നഃയോട് ആഭിമുഖ്യമുള്ളത്

تفسير المراغي للشيخ أحمد مصطفى المراغي – അഖ്‌ലാനി

تفسير المنار للسيد رشيد رضا – അഖ്‌ലാനി

صفوة العرفان للأستاذ فريد وجدي – അഖ്‌ലാനി

في ظلال القرآن للسيد محمد قطب – അഖ്‌ലാനി ‌

الجواهر للشيخ طنطاوي جوهري – അഖ്‌ലാനി

تفسير القرآن بكلام الرحمن لأبي الوفا ثناء الله – അഹ്‌ലുസ്സുന്നഃയോട് ആഭിമുഖ്യമുള്ളത്

[8.27] ”ഞങ്ങളുടെ രക്ഷിതാവേ!.. (5-തവണ), ”അല്ലാഹുവേ!..  (1-തവണ) (മുഖവുര, പുറം 97)

പ്രാർത്ഥനയോടെയാണ് മുഖവുരയുടെ പരിസമാപ്തി. അല്ലാഹുവേ, അവരിൽ നിന്നും ഞങ്ങളിൽ നിന്നും സ്വാലിഹായ കർമ്മങ്ങൾ നീ സ്വീകരിക്കണേ! റബ്ബേ, ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകുറ്റങ്ങൾ പൊറുത്തു തരേണമേ. അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയ തെറ്റുകളുടെ പേരിൽ ഞങ്ങളെ നീ പിടികൂടി ശിക്ഷിക്കരുതേ, റഹ്‌മാനേ.

അല്ലാഹുവിനെ അവന്നുള്ള ഏതു നാമത്തിലും വിളിച്ചു ദുആ ചെയ്യാം. പക്ഷെ, പരിഭാഷയിലാണെങ്കിൽ പോലും അവൻ്റെ പേരുകൾ പരിഭാഷപ്പെടുത്തേണ്ട അത്യാവശ്യമില്ലായിരുന്നു. പരിഭാഷകന്മാരാരും അവരുടെ പേരുകൾ പരിഭാഷപ്പെടുത്താറില്ലല്ലോ. ഈ വിഷയത്തെ കുറിച്ച് ആധികാരികമായി മനസ്സിലാക്കാൻ അല്ലാഹുവിൻ്റെ നാമ ഗുണവിശേഷങ്ങളെ സംബന്ധിച്ചുള്ള ലേഖനം പരിശോധിക്കുക.

പുതിയവ